sonu

സ്ത്രീധനത്തിലെ കുശുമ്പുകാരി വില്ലത്തി വേണിയെ അത്രപെട്ടെന്നൊന്നും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. മത്തി സുകുവിന്റെ പൊങ്ങച്ചക്കാരിയായ മകളായി അഭിനയത്തിലൂടെയും പിന്നീട് നൃത്തപരിപാടികളിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് സോനു സതീഷ്. സോനുവിന്റെ പ്രീ വെഡ്ഡിങ് വീഡിയോയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ചിങ്ങത്തിലാണ് സോനുവിന്റെ വിവാഹം, സോനുവിന്റെ വിവാഹ വിശേഷങ്ങളിലേക്ക്.. 

കല്യാണമിങ്ങെത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ആഗസ്ത് 31-നാണ് വിവാഹം. വരന്‍ അജയ്, ആന്ധ്ര സ്വദേശിയാണ്. ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറാണ്. 

അജയുടെ അമ്മയും ഞാനും ടെമ്പിള്‍ ഫ്രണ്ട്‌സ് 

അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ബാംഗ്ലൂരില്‍ ഞങ്ങളുടെ വീടിനടുത്ത് തന്നെയാണ് അവര്‍ താമസിക്കുന്നത്. ഞാനും ആന്റിയും ഒന്നിച്ച് അമ്പലത്തില്‍ എല്ലാം പോകുമായിരുന്നു. ഞങ്ങള്‍ ടെമ്പിള്‍ ഫ്രണ്ട്‌സാണ്. ആലോചനയ്ക്ക് ശേഷമാണ് ഞാന്‍ ഒരു സെലിബ്രിറ്റിയാണെന്നെല്ലാം അജയ് അറിയുന്നത്. പിന്നെ ഞങ്ങള്‍ സംസാരിച്ചു. എന്റെ ഇഷ്ടങ്ങളെല്ലാം തുറന്നുപറഞ്ഞു. നൃത്തത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും എല്ലാം. ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും അറിയിച്ചു. അവര്‍ക്കും അത് താല്പര്യമായിരുന്നു. ഏപ്രിലില്‍ അവരുടെ നാട്ടില്‍ വെച്ച് അവരുടെ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തി. 

പരീക്ഷാച്ചൂടില്‍ കല്യാണ ഒരുക്കം

ഒരുക്കങ്ങള്‍ തുടങ്ങിയോ എന്ന് ചോദിച്ചാല്‍ തുടങ്ങി. എനിക്കിപ്പോള്‍ പരീക്ഷയാണ്. ഞാന്‍ ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഡോ.വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എം.എ ചെയ്യുന്നുണ്ട്. ഞാന്‍ പരീക്ഷ തിരക്കിലാണെങ്കിലും വീട്ടുകാര്‍ പ്രിപ്പറേഷന്‍സ് എല്ലാം തുടങ്ങിക്കഴിഞ്ഞു. 

sonu

സിംപിള്‍ ട്രഡീഷണല്‍ വധുവായിരിക്കും

എനിക്കങ്ങനെ ഒരുപാട് ആഭരണങ്ങള്‍ വാരിവലിച്ചിടുന്നതൊന്നും ഇഷ്ടമല്ല. വളരെ സിംപിളായി എന്നാല്‍ ട്രഡീഷണല്‍ രീതിയിലുള്ള ഒരു വധുവാകാനാണ് ഇഷ്ടം. വിവാഹം അമ്പത്തില്‍ വെച്ചായതിനാല്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്തണം എന്ന ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് തന്നെ കല്യാണത്തിന് വേണ്ടി വലിയ ഷോപ്പിങ് ഒന്നുമില്ല. പഴയ ട്രഡീഷണല്‍ ആഭരണങ്ങള്‍ എന്റെ കൈയില്‍ ഉണ്ട്. 

വിവാഹം കേരളീയ രീതിയില്‍

കേരള ശൈലിയിലുള്ള ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. വിവാഹത്തിന് എന്റെയും അജയിന്റെയും അടുത്തബന്ധുക്കള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പിന്നെ തിരുവനന്തപുരത്ത് ഒരു റിസപ്ഷന്‍ വെക്കുന്നുണ്ട്. അമ്പലത്തില്‍ വരാന്‍ കഴിയാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി. അതുപോലെ ഇന്‍ഡസ്ട്രിയില്‍ എനിക്ക് അടുപ്പമുള്ളവരെയെല്ലാം ക്ഷണിക്കണം. പിന്നെ നൃത്തവുമായി ബന്ധപ്പെട്ടുള്ള എന്റെ ഗുരുക്കന്മാര്‍ എല്ലാവരും തിരുവനന്തപുരത്താണ്. അവര്‍ക്കെല്ലാം വേണ്ടിയാണ് ഒരു റിസപ്ഷന്‍ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്. 

പുതിയ സീരിയല്‍ മഹാലക്ഷ്മി

ഇപ്പോള്‍ സണ്‍ടിവിയില്‍ ഒരു സീരിയല്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മഹാലക്ഷ്മി എന്നാണ് പേര്. അതില്‍ നെഗറ്റീവ് കഥാപാത്രമാണ്. വിവാഹം കഴിഞ്ഞിട്ട് മലയാളത്തില്‍ നിന്ന് നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യണം. ഡാന്‍സും അഭിനയവും എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് അതെല്ലാം അവസാനിപ്പിച്ചിട്ട് ഒരു ജീവിതമില്ല. അതുകൊണ്ട് എന്തായാലും നൃത്തവും അഭിനയവും തുടരാനാണ് താല്പര്യം. 

Sonu

നൃത്തമാണെല്ലാം

നൃത്തം വളരെ സീരിയസ്സായി എടുത്തിട്ടുളളതുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിജി കഴിഞ്ഞതിന് ശേഷം ഞാന്‍ കുച്ചുപ്പുടിയില്‍ എംഎ ചെയ്യാന്‍ തീരുമാനിച്ചത്. പി.ജി കഴിഞ്ഞാല്‍ പിഎച്ച്ഡി ചെയ്യണമെന്നുണ്ട്. അതുകഴിഞ്ഞാല്‍ പതിയെ ഡാന്‍സ് സ്‌കൂള്‍ ആരംഭിക്കണം. 

മിനിസ്‌ക്രീനിലേക്കുള്ള എന്റെ എന്‍ട്രി നൃത്തത്തിലൂടെയായിരുന്നു. മൂന്ന് വയസ്സുമുതല്‍ ഞാന്‍ നൃത്തം പഠിച്ചുതുടങ്ങിയതാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ പോയിന്റ് ലഭിച്ച ഒരു വര്‍ഷം പത്രങ്ങളിലെല്ലാം ഒരുപാട് കവറേജ് കിട്ടി. അതുകണ്ടിട്ടാണ് ആങ്കറിങ്ങിന് വിളിക്കുന്നത്. അവിടെ നിന്ന് റിയാലിറ്റി ഷോയിലേക്കും പിന്നെ അഭിനയത്തിലേക്കും കടന്നു. 

ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഈ ഫീല്‍ഡിലോട്ട് എത്തി. ബിടെക്കിന് കിട്ടിയതാണ് പോയില്ല. പ്ലസ്ടുവിന് ബയോമാത്‌സ് ആയിരുന്നു. നൃത്തത്തോട് താല്പര്യമുണ്ടായിരുന്നതുകൊണ്ടാണ് പ്രൊഫഷണല്‍ കോഴ്‌സ് എടുക്കാതിരുന്നത്. 

മത്തിസുകുവിന്റെ മകള്‍ വേണി

കൂടുതല്‍ റീച്ച് എനിക്ക് കിട്ടയത് സ്ത്രീധനത്തിലെ വേണി എന്ന കഥാപാത്രത്തിലൂടെയാണ്. നാലുവര്‍ഷം ഞാനത് ചെയ്തു. 'മത്തി സുകുവിന്റെ മകള്‍' തുടങ്ങി പല ടൈറ്റിലുകളും കിട്ടി. 

റോഡിലൂടെ പോകുമ്പോള്‍ സ്‌കൂള്‍ബസിലെ ചെറിയകുട്ടികള്‍ വരെ എന്നെ നോക്കി പറഞ്ഞിട്ടുണ്ട് ദേ പോകുന്നു മത്തി സുകുവിന്റെ മകള്‍ എന്ന്. ആ ഒരു കഥാപാത്രത്തില്‍ എനിക്കെല്ലാം ചെയ്യാന്‍ പറ്റി. അസൂയയും കോമഡിയും നെഗറ്റീവായിരുന്ന കഥാപാത്രം പോസിറ്റീവ് ആകുന്നതും മീന്‍ വിറ്റുനടക്കേണ്ട അവസ്ഥവരെ വന്നിട്ടുണ്ട് ആ കഥാപാത്രത്തിന്. 

നെഗറ്റീവ് ആയിരുന്നെങ്കിലും ആള്‍ക്കാരില്‍ നിന്ന് ചീത്തവിളി പോലുള്ള മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. നെഗറ്റീവ് കഥാപാത്രമായിരുന്നുവെങ്കിലും അതിനകത്ത് ഒരു കോമഡി എലമെന്റ് ഉണ്ടായിരുന്നല്ലോ. പിന്നെ റിയാലിറ്റി ഷോയിലെല്ലാം വന്നിരുന്നതുകൊണ്ടാകാം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. കുറേ ഫ്രണ്ട്‌സ് പറഞ്ഞുകേട്ടിട്ടുണ്ട് അവരുടെ അമ്മൂമ്മമാരൊക്കെ ടിവി കാണുമ്പോള്‍ എന്നെ പ്രാകുന്നത് കണ്ടിട്ടുണ്ടെന്ന്. പക്ഷേ ഭാര്യ സീരിയലിലെ രോഹിണി ചെയ്തപ്പോള്‍ അതൊരളവുവരെ കുറഞ്ഞിട്ടുണ്ട്. 

നെഗറ്റീവായാലും പോസിറ്റീവായാലും രണ്ടുതരത്തിലുള്ള കഥാപാത്രങ്ങളും എനിക്കിഷ്ടമാണ്. പെര്‍പോമന്‍സ് ഒറിയന്റഡായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വെറുതെ കരഞ്ഞ് സൈഡില്‍ നില്‍ക്കുന്നതല്ലാതെ എന്തെങ്കിലും ചെയ്യാനുണ്ടാകണം. ഭാര്യയിലെ രോഹിണി അത്തരത്തില്‍ ബോള്‍ഡായ ഒരു കഥാപാത്രമായിരുന്നു.

sonuസ്റ്റൈല്‍ കോണ്‍ഷ്യസാണ് 

ഓരോ ക്യാരക്ടറിനും എന്താണ് അതിന് ആപ്റ്റായിട്ടുള്ളത് എന്ന് നോക്കി ചെയ്യാറുണ്ട്. ഇപ്പോള്‍ നൈറ്റ് സീനാണെങ്കില്‍ ഓവറായി മെയ്ക്കപ്പും ആഭരണങ്ങളും അണിയാതെ അത് നൈറ്റായി തന്നെ തോന്നുന്ന രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. സീരിയല്‍ എന്ന് പറഞ്ഞാല്‍ ഒരു ഗ്ലാമര്‍ ഫീല്‍ഡാണല്ലോ. എല്ലാവര്‍ക്കും അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കാണാനാണ് ആഗ്രഹം. 

വേണി എന്ന കഥാപാത്രത്തിന് വേണ്ടി എനിക്ക് ഒരുപാട് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ചുരിദാറിന്റെ സ്റ്റിച്ചിങ് പാറ്റേണിലൊക്കെ വളരെ ശ്രദ്ധ കൊടുത്തിരുന്നു. രോഹിണി സാരി ധരിക്കുന്ന കഥാപാത്രമായിരുന്നു. ആഭരണങ്ങളും അധികം വേണ്ടായിരുന്നു. വേണിയില്‍ നിന്ന് രോഹിണിയിലേക്കെത്തിയപ്പോള്‍ ഹെയര്‍സ്‌റ്റൈലില്‍ വരെ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നു. ഓരോ ക്യാരക്ടറിലായാലും ഓരോ സീനിലായാലും എന്റെ അപ്പിയറന്‍സിന് ഞാന്‍ നല്ല ശ്രദ്ധ നല്‍കിയിരുന്നു. 

എന്റെ കോസ്റ്റിയൂമെല്ലാം ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത് സ്റ്റിച്ച് ചെയ്യിക്കാറാണ് പതിവ്. കുഞ്ഞിലെ തൊട്ട് ഡ്രസ് സ്റ്റിച്ച് ചെയ്യുന്ന തിരുവനന്തപുരത്തെ യൂണിക്കിലാണ് എല്ലാം ചെയ്യിക്കുക. രോഹിണിയുടെ സാരി സീരിയല്‍ താരം രാജേഷ് ഹെബ്ബാറിന്റെ ഭാര്യ അനിത ചേച്ചിയുടെ ബൊട്ടീക്കില്‍ നിന്നാണ് എടുത്തിരുന്നത്. 

അവരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കള്‍

ഞാന്‍ റിയാലിറ്റി ഷോ ചെയ്യുന്ന സമയത്ത് ലളിതാന്റി എല്ലാം അതിന്റെ വിധികര്‍ത്താവായി എത്തിയിട്ടുണ്ട്. അവരെല്ലാം അഭിനയത്തെ കുറിച്ച് ഒത്തിരികാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. പിന്നെ ടിനി ടോം ചേട്ടന്‍. നേരിട്ട് അഭിനന്ദനം ലഭിച്ചിട്ടുണ്ട് അതൊക്കെ വലിയ പ്രചോദനമായിരുന്നു. 

റിയാലിറ്റി ഷോയില്‍ എന്റെ പെയര്‍ രാജേഷ് ഹെബ്ബാര്‍ ആയിരുന്നു. രാജേഷേട്ടനായിട്ട് ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം ഫീല്‍ഡില്‍ എനിക്ക് ഒത്തിരി പോസിറ്റീവായി നിന്നിട്ടുള്ള ഒരാളാണ്. ഞാന്‍ വളരെ ഇമോഷണല്‍ ആണ്. റിയാലിറ്റി ഷോയില്‍ അറിയാലോ പലഘട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ഇവിടെയൊക്കെ എനിക്ക് പിന്തുണ നല്‍കിയത് രാജേഷേട്ടനാണ്. രാജേഷട്ടന്റെ ഭാര്യ അനിത ചേച്ചിയുമായും എനിക്ക് അടുത്ത ബന്ധമാണ്. പിന്നെ ആര്യ..അങ്ങനെ കുറേ നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്. 

എല്ലാവരുടെയും ബര്‍ത്ത്‌ഡെ സെലിബ്രേറ്റ് ചെയ്യുക, ഔട്ടിങ് പോവുക, മൂവിക്ക് പോവുക ഞാന്‍ ചെയ്ത രണ്ട് സീരിയല്‍ സെറ്റും വളരെ രസകരമായിരുന്നു. ഡയറക്ടര്‍ തൊട്ട് ടെക്‌നീഷ്യന്‍സ് വരെ നല്ല ഹാപ്പിയായിട്ടാണ് പോയ്‌ക്കൊണ്ടിരുന്നത്. സീരിയലിനെ ക്രിട്ടിസൈസ് ചെയ്യുന്ന നിരവധി പേരുണ്ട്. ഇത് ഒരു ഡ്രാമയാണെന്ന് എല്ലാവര്‍ക്കും നന്നായറിയാം. അവിടെ സന്തോഷങ്ങളും നല്ല നല്ല മുഹൂര്‍ത്തങ്ങളും ഉണ്ടാകുന്നുണ്ട്. ഒരു ഓഫീസ് ജോലി പോലെത്തന്നെയാണ് ഈ ജോലിയും. സാധാരണ ഒരു വ്യക്തിക്ക് കിട്ടാത്ത ഒരു ഭാഗ്യമാണല്ലോ ആള്‍ക്കാര്‍ തിരിച്ചറിയുന്നതും മറ്റും. 

വീട്ടില്‍ ഞാനിന്നും കൊച്ചുകുട്ടി. 

വീട്ടിലെ ഇള്ളക്കുട്ടിയായിരിക്കാനാണ് എനിക്കിപ്പോഴും ഇഷ്ടം. എല്ലാവരും എന്നെ കൊഞ്ചിക്കുന്നതും സ്‌നേഹിക്കുന്നതും എനിക്ക് ഇഷ്ടമാണ്. അച്ഛന്‍ സതീഷ്‌കുമാര്‍ മര്‍ച്ചന്റ് നേവിയിലാണ്. അമ്മ ശ്രീകല. അനിയന്‍ സുയോഗ്‌ ബികോം വിദ്യാര്‍ത്ഥിയാണ് ബാംഗ്ലൂര്‍ തന്നെയാണ്. പിന്നെ എന്റെ ഇളയ അനിയനാണെങ്കിലും മൂത്ത ആളെപ്പോലെയാണ് എന്നോട് പെരുമാറുക. വളരെ റെസ്‌പോണ്‍സിളാണ് അവന്‍, വളരെ കെയറിങ് ഒക്കെയാണ്. ഞാന്‍ ചെയ്യുന്നതൊക്കെ വിലയിരുത്തി അഭിപ്രായം പറയും കക്ഷി. 

കൂട്ടുകാര്‍ക്കിടയിലും സെലിബ്രിറ്റിയാണെന്ന ഭാവമൊന്നുമില്ല. അവര്‍ ഉപദേശിക്കും നീയൊരു സെലിബ്രിറ്റിയല്ലേ ഇങ്ങനെയൊക്കെ നടക്കാമോ എന്ന്. എനിക്ക് പക്ഷേ എല്ലാവരുമായും ഇടപഴകി സന്തോഷമായി അടിച്ചുപൊളിച്ചുനടക്കാനാണ് താല്പര്യം..