ണ്ണിമായ സിംപിളാണ്, പവര്‍ഫുളും. ലക്ഷങ്ങള്‍ വാര്‍ഷികവരുമാനം, യൂട്യൂബില്‍ പിന്തുടരുന്നത് എട്ടുലക്ഷത്തിലേറെപ്പേര്‍. 23-വയസ്സില്‍ എത്തിപ്പിടിക്കാനായ നേട്ടങ്ങളുടെ സന്തോഷത്തിലാണ് ഉണ്ണിമായയെന്ന കോട്ടയംകാരി പെണ്‍കുട്ടി. സിംപ്‌ളി മൈ സ്‌റ്റൈല്‍ ഉണ്ണി, സിംപ്‌ളി ഉണ്ണി വ്‌ലോഗ്‌സ് എന്നീ രണ്ടു യൂട്യൂബ് ചാനലുകളിലൂടെയാണ് ഉണ്ണിമായയെ സോഷ്യല്‍ മീഡിയാ ലോകത്തിനു പരിചയം. ചുരുങ്ങിയ കാലത്തിനുള്ളില്‍ യൂട്യൂബ് പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയായി മാറി ഉണ്ണിമായ.

യൂട്യൂബിലേക്ക്

ബി.കോം. രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് പാര്‍ട് ടൈം ജോലി ചെയ്താല്‍ കൊള്ളാമെന്നൊരു തോന്നലുണ്ടാവുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കായി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചുപണം കണ്ടെത്തുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. കുറേ ജോലികളൊക്കെ ശ്രമിച്ചുനോക്കിയെങ്കിലും കോളേജിലെയും ജോലിയുടെയും സമയം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതോടെ അത്തരം ഐഡിയയൊക്കെ ഉപേക്ഷിച്ചു. ആ സമയത്താണ് എനിക്ക് സ്മാര്‍ട്ട് ഫോണ്‍ കിട്ടുന്നത്. സമയം കിട്ടുമ്പോള്‍ യൂട്യൂബില്‍ വീഡിയോസ് കാണാറുണ്ടായിരുന്നു. യൂട്യൂബിലെ വരുമാന സാധ്യതയെക്കുറിച്ച് മനസിലാകുന്നത് അപ്പോഴാണ്. പിന്നെ സ്വന്തമായി ഒരു ചാനല്‍ തുടങ്ങിയേക്കാമെന്നു തീരുമാനിച്ചു. ഒരു സെല്‍ഫി സ്റ്റിക്ക് കൂടി വാങ്ങി. സിംപ്‌ളി മൈ സ്‌റ്റൈല്‍ ചാനലുണ്ടായത് അങ്ങനെയാണ്.

ഫാഷനാണ് പാഷന്‍

സിംപ്‌ളി മൈ സ്‌റ്റൈല്‍ പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ചാനലാണ്. ബ്യൂട്ടി ടിപ്‌സ്, മേക്കപ്പ്, ഉത്പന്നങ്ങളുടെ റിവ്യൂ, ട്രെന്‍ഡ്‌സ് എന്നിവയാണ് ഉള്ളടക്കം. ചെറുപ്പം മുതലേ ഫാഷനും ബ്യൂട്ടി ടിപ്‌സുമൊക്കെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഞാന്‍. അമ്മ ബ്യൂട്ടീഷനാണ്. അങ്ങനെ കിട്ടിയതാവാം ഫാഷനോടുള്ള താത്പര്യം. നെയില്‍ ആര്‍ട്ടിനെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ആദ്യം ചെയ്തത്. വീഡിയോയില്‍ എന്റെ മുഖമോ ശബ്ദമോ ഒന്നും ഉണ്ടായിരുന്നില്ല. മുഖം കാണിക്കാനുള്ള ധൈര്യമില്ലായിരുന്നു ആദ്യം. തുടക്കത്തില്‍ കാര്യമായ കാഴ്ചക്കാരൊന്നും ഉണ്ടായില്ല. ആറുമാസമൊക്കെ കഴിഞ്ഞതിനുശേഷമാണ് ആയിരം സബ്‌സ്‌ക്രൈബേഴ്‌സുണ്ടായത്.

അത്ര എളുപ്പമായിരുന്നില്ല

ഇന്നത്തെ വിജയത്തിലേക്കുള്ള വഴി എത്ര എളുപ്പമാണെന്ന് കരുതേണ്ട. പ്രതിസന്ധികളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയൊക്കെ മറികടന്നാണ് ഇന്നത്തെ അവസ്ഥയിലേക്കെത്തിയത്. വെറും ഡിഗ്രിക്കാരിയായ ഒരു കുട്ടിയുടെ കൈയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പണമില്ലായിരുന്നു എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. പിന്നീട് നേരിടേണ്ടി വന്നത് കളിയാക്കലുകളാണ്. നല്ല രീതിയില്‍ സുഹൃത്തുക്കളൊക്കെ ആദ്യം കളിയാക്കി. കാരണം അവര്‍ക്കൊന്നും പരിചയമില്ലാത്ത ഒന്നായിരുന്നു യൂട്യൂബിലെ സാധ്യത. യൂട്യൂബില് വീഡിയോ ഇട്ടാല്‍ എന്താ ഗുണമെന്നൊന്നും അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ മുഖം കാണിച്ചിട്ട് ആദ്യം ഒരു വീഡിയോ ഇട്ടതോടെ അതു കൂടി. ക്ലാസില്‍പ്പോലും കയറാന്‍ പറ്റാത്തതരത്തില്‍ അത്രയും കളിയാക്കി, ഒടുവില്‍ ആ വീഡിയോ വരെ ഡിലീറ്റ് ചെയ്യേണ്ടിവന്നു.

ഇപ്പൊ അവരോടൊക്കെ ഒത്തിരി നന്ദിയുണ്ട്. ആ കളിയാക്കലുകള്‍ കാരണമാണ് എനിക്കിത്ര ധൈര്യം വന്നത്. പക്ഷേ വീട്ടില്‍നിന്ന് നല്ല സപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനായിരുന്നില്ല. ഏറ്റവും പിന്തുണ നമ്മുടെ സബ്‌സ്‌ക്രൈബേഴ്‌സാണ്. ആദ്യത്തെ പത്തു വീഡിയോ ആയപ്പോത്തന്നെ കമന്റ്‌സ് വരാന്‍ തുടങ്ങി. എല്ലാം പോസിറ്റീവായിരുന്നു. അതായിരുന്നു മുന്നോട്ടുപോകാനുള്ള പ്രചോദനം. സിംപ്‌ളി മൈ സ്‌റ്റൈല്‍ ക്ലിക്കായപ്പോള്‍ രണ്ടാമതൊരു ചാനല്‍ കൂടി തുടങ്ങി. സിംപ്‌ളി ഉണ്ണി വ്‌ലോഗ്‌സ്. യാത്രകളും ഫുഡ് എക്‌സിപിരിമെന്റ്‌സുമാണ് ഇതിലുള്ളത്. ആ ചാനല് 75,000-ത്തിലേപ്പേര്‍ പിന്തുടരുന്നുണ്ട്.

വരുമാനം

ബിരുദം മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഒരാള്‍ക്ക് കിട്ടാവുന്നതില്‍ എത്രയോ കൂടുതല്‍ വരുമാനം ഇന്ന് കിട്ടുന്നുണ്ട്. തുക ഏറ്റക്കുറച്ചിലുണ്ടാകും. എന്നാലും അതില്‍ തൃപ്തയാണ്.

സ്ത്രീകളോട് പറയാനുള്ളത്

ഒരിക്കലും പിന്നില്‍ നില്‍ക്കേണ്ട ആളുകളല്ല മുന്നിലേക്ക് വന്നുനില്‍ക്കേണ്ടവര്‍ തന്നെയാണ് സ്ത്രീകള്‍. എന്തിലാണോ നമുക്ക് കഴിവുള്ളത് അതില്‍ ആത്മവിശ്വാസമുള്ളവരായിക്കണം. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യണം. നമുക്കതിന് കഴിയില്ലെന്ന് ആളുകള്‍ പറഞ്ഞാല്‍ അതു ചെയ്തുനോക്കണം. നമുക്ക് കഴിയാത്തതായി ഒന്നുമില്ല. ഇഷ്ടത്തോടെ, സന്തോഷത്തോടെ, അര്‍പ്പണത്തോടെ ചെയ്യുന്നതെന്തായാലും വിജയിക്കാനാവും.

എന്നെക്കുറിച്ച്

കോട്ടയം ആണ് സ്വദേശം. ഇപ്പോള്‍ കൊച്ചിയില്‍. അച്ഛനും അമ്മയും അനിയനും അനിയത്തിയും അടങ്ങുന്നതാണ് കുടുംബം. ബി.കോം കഴിഞ്ഞിട്ട് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ ചെയ്യുന്നു.

Content Highlights: Social media Influencer Unnimaya's Success Story, Simply my style Unni