ജീവിതത്തില്‍ പാട്ടിന് പോലും സാന്ത്വനിപ്പിക്കാന്‍ കഴിയാതിരുന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ട്. എങ്കിലും എല്ലാ പ്രയാസങ്ങളില്‍ നിന്നും പുറത്തുവരാന്‍ സഹായിക്കുന്നത് സംഗീതം തന്നെ.- പാട്ടിന്റെ വഴികളിലൂടെ സിതാര 

നൃത്തം, സംഗീതം രണ്ടുകലകളുമറിയാവുന്ന ഒരാള്‍. കലയിലുള്ള അറിവും താല്പര്യവുമൊക്കെ ഒരു സ്ത്രീയെ സ്വതന്ത്രയാക്കുന്നുണ്ടോ? 

നൃത്തം തരുന്ന ശാരീരികമായ സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അനങ്ങാതെ നില്‍ക്കുന്ന ഒരു സ്ഥലത്ത് നിന്ന്, നമ്മള്‍ കൈകളും കാലുകളും നീട്ടുന്നു. അത് നമ്മുടെ മനസ്സിനെ കൂടി സ്വാധീനിക്കുന്നുണ്ട്. കുറേ വര്‍ഷം നൃത്തം ചെയ്യാതിരുന്നപ്പോള്‍ ഞാന്‍ ഭയങ്കരമായി ഉള്‍വലിഞ്ഞു പോയിരുന്നു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു വീഡിയോയ്ക്കായി വീണ്ടും നൃത്തം ചെയ്തപ്പോഴാണ് ആ വിലക്ക് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിച്ചതായി മനസ്സിലായത്. സംഗീതത്തിന്റെ കാര്യത്തില്‍ സാധകത്തിനും മറ്റും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ അധ്വാനം വേണ്ടി വരുന്നെന്ന് തോന്നിയട്ടുണ്ട്. കാരണം കുടുംബത്തിന് വേണ്ടിയുള്ള സമയത്തിനിടയില്‍ സംഗീതത്തിന് കൂടിയുള്ള സമയം കണ്ടെത്തണം. 

ഭര്‍ത്താവ് സജീഷ് ഡോക്ടറാണെങ്കിലും കലാപരമായ അന്തരീക്ഷത്തില്‍ വളര്‍ന്നയാളാണ്. അതുകൊണ്ട് ഒരു സ്ത്രീ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് അറിയില്ലെങ്കില്‍ പോലും ഒരു ആര്‍ട്ടിസ്‌ററിന് എന്താണ് തോന്നുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിക്കും. എങ്കില്‍ കൂടി മൂഡ് സ്വിങ്‌സ് ഉണ്ടാകാമല്ലോ. ചിലരൊക്കെ അടുപ്പിച്ച് എട്ടുമണിക്കൂര്‍ വരെ വാതിലടച്ചിരുന്ന് പ്രാക്ടീസ് ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, 'എനിക്കിപ്പോള്‍ സാധകം ചെയ്യാനാണ് തോന്നുന്നത് ഞാന്‍ പോയി പാടട്ടേ' എന്ന് പറയാന്‍ പുരുഷന്മാരുടെ അത്രയും എളുപ്പമായിരിക്കില്ല സ്ത്രീകള്‍ക്ക്. എന്നാല്‍ ആ വെല്ലുവിളികളെ അതിജീവിച്ച പ്രതിഭയുള്ള ഗായികമാരുണ്ട്. അവരാണ് എന്റെ പ്രചോദനം. അവര്‍ സാധകം ചെയ്യാന്‍ സമയം എടുക്കുക മാത്രമല്ല, ആ സമയത്തിന്റെ സത്യത്തെ കുറിച്ച് ചുറ്റുപാടിനെ ബോധിപ്പിക്കുക കൂടി ചെയ്തവരാണ്. രണ്ടുവെല്ലുവിളികളുണ്ടിവിടെ. 

വ്യത്യസ്തമായ ശബ്ദവും ശൈലിയുമുള്ള ആളാണ്. ഇത് എപ്പോഴെങ്കിലും പരിമിതിയായി തോന്നിയോ

ഇല്ല, കൃത്യമായ ഒരു വഴിയുണ്ടാക്കുക എന്നത് പ്രധാനമാണ് എന്ന് വിചാരിക്കുന്നു. റിയാലിറ്റി ഷോകളിലൂടെ വന്നയാളാണ് ഞാന്‍. അവിടെ അവതരിപ്പിക്കാന്‍ കിട്ടുന്നത്, മുമ്പുള്ള ആളുകള്‍ പാടിവെച്ച പാട്ടുകളാണ്. ജഡ്ജസാണെങ്കില്‍ നേരത്തെയുണ്ടായിരുന്നത് പോലെ പാടി എന്നാണ് നല്ല അഭിപ്രായമായി പറയുന്നത്. അതുപോലെ സ്വാഭാവികമായും നേരത്തെ പാടി വെച്ചതുപോലെ പാടാനുള്ള പ്രവണതയുണ്ടാകും. മത്സരങ്ങളില്‍ മോശം വശങ്ങളെ മറച്ചുവെക്കാനാണ് നോക്കുക. കുറച്ച് മുതിര്‍ന്ന് കഴിയുമ്പോഴാണ് നമ്മുടെ ശൈലിയെ കണ്ടെത്തുന്നതില്‍ നിന്ന് അത് നമ്മളെ എവിടെയോ വിലക്കുന്നുണ്ട് എന്ന് മനസ്സിലാവുക. 

പിന്നീട് സുഹൃത്തുക്കളുടെ ഇടയിലും മറ്റും പാടി നോക്കി. പാടി പാടി ഒരു പ്രത്യേക സമയത്ത് നമ്മെ തന്നെ മനസ്സിലായി തുടങ്ങും.അവിടം മുതലാണ് ശരിക്കും രണ്ടാമത്തെ ജോലി തുടങ്ങുന്നത്. ഞാന്‍ പഠിക്കുന്നത് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്കാണെങ്കിലും സിനിമയില്‍ എനിക്ക് കിട്ടുന്നത് പലതരത്തിലുളള പാട്ടുകളാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്. എന്നാല്‍ വേദികളിലും സ്വതന്ത്രമായി സംഗീതം ചെയ്യുമ്പോഴും എന്റെ ശൈലി ശക്തിപ്പെടുത്താനേ നോക്കൂ. അത് എത്ര ചെറുതാണെങ്കിലും ശരി. 

സംഗീത സംവിധാനരംഗത്തേക്ക് കടന്നല്ലോ. ഒരു സ്ത്രീയുടെ ഈണം എത്രത്തോളം സ്വീകരിക്കപ്പെടുന്നുണ്ട്. 

അവിടെ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. കുറേ കാര്യങ്ങള്‍ നിയന്ത്രിക്കണം. റെക്കോര്‍ഡിങ് ചിലപ്പോള്‍ രാത്രിയിലായിരിക്കും. ആ സിനിമയില്‍ ഉള്ളവരുടെയൊക്കെ ആശയങ്ങളെ ബഹുമാനിക്കണം. അത് ചെറിയൊരു ഉത്തരവാദിത്വമല്ല. എങ്കിലും ഇതെല്ലാം ചെയ്യാനുള്ള ശേഷി സ്ത്രീകള്‍ക്കുണ്ട്. എന്നാലത് സ്ത്രീകളെ ഏല്‍പ്പിക്കാനുള്ള തോന്നലിലേക്ക് ചുറ്റുപാടെത്തണം. 

സിനിമാ സംഗീതത്തിന്റെ ഗംഭീരമായ പാരമ്പര്യം തന്നെ നമുക്കുണ്ട്. അതില്‍ 99.99 ശതമാനവും പുരുഷന്മാരുടെ കാഴ്ചപ്പാടിലുളള ഈണങ്ങളാണ് കേട്ടിട്ടുള്ളത്. പക്ഷേ ഇവിടെ ഉണ്ടായിട്ടുള്ള ഈണങ്ങളൊന്നും മോശമല്ല. നായിക, അമ്മ, അനിയത്തി തുടങ്ങി ആരുപാടുന്ന തരത്തിലുമുള്ള പാട്ടുകളുമുണ്ട്. അതവരുടെ അപാരമായ ഭാവനയുടെ ഭാഗമാണ്. 

പക്ഷേ ഇതിന്റെയൊരു മറുപുറവുമുണ്ട്. സ്ത്രീകളുടെ  ആലോചനയിലൂടെ ഈ ഈണങ്ങള്‍ എങ്ങനെ വരും എന്നറിയാനുള്ള ഒരു കൗതുകമുണ്ട്. ഞങ്ങളെ പോലുള്ള ഒന്നോ രണ്ടോ പേര്‍ കുറച്ച് പാട്ടുചെയ്തത് കൊണ്ട് ഒന്നും ആവുന്നില്ല. ഞങ്ങള്‍ ചെയ്യുന്ന പാട്ടിലെ കുറവുകള്‍, സ്ത്രീകളുടെ സംഗീത സംവിധാനത്തിന്റെ പൊതുവിലുളള കുറവുകളായി ആളുകള്‍ പറയാന്‍ പാടില്ലല്ലോ. അതുകൊണ്ട് കുറേപേര്‍ ചെയ്താലേ ആ ഒരു വ്യത്യാസം നമുക്ക് മനസ്സിലാകൂ. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്. പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Singer Sithara Krishnakumar, Female Musicians