ചെന്നൈ സാലിഗ്രാമത്തിലെ കെ.എസ് ചിത്രയുടെ വീടിന്റെ സ്വീകരണമുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ പുരസ്‌കാരങ്ങളുടെ വലിയൊരു നിര നമ്മെ വരവേല്‍ക്കും. ആറ് ദേശീയ പുരസ്‌കാരങ്ങളും പതിനാറ് കേരളചലച്ചിത്ര അവാര്‍ഡുകളും പദ്മശ്രീ ബഹുമതിയും കൂട്ടത്തില്‍ തലയെടുപ്പോടെയുണ്ട്. 

സംഗീതയാത്രയില്‍ വന്നുചേര്‍ന്ന കൗതുക വസ്തുക്കളും പ്രിയപ്പെട്ടവര്‍ നല്‍കിയ സമ്മാനങ്ങളും സ്വീകരണമുറിയെ അലങ്കരിക്കുന്നു. ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരെല്ലാം കൈയൊപ്പുചാര്‍ത്തിയ തംബുരുവും അവിടെയുണ്ട്. ചുമരിലെ ചിത്രങ്ങളില്‍ ആദ്യം കണ്ണുടക്കുക മകള്‍ നന്ദനയുടെ ചിരിക്കുന്ന മുഖത്താണ്.

ഇഷ്ടത്തോടെ ചേര്‍ന്നു നില്‍ക്കുന്ന ഗാനങ്ങള്‍ പോലെ പിണങ്ങി മാറി നിന്ന പാട്ടുകളുണ്ടോ

ജീവിതത്തോട് ചേര്‍ന്നു നില്‍ക്കാനും പിണങ്ങി മാറാനും പാട്ടുകള്‍ക്ക് പ്രത്യേക കഴിവുള്ളതായി തോന്നിയിട്ടുണ്ട്. എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ... എന്ന പാട്ട് കുറേനാള്‍ കേള്‍ക്കുകയോ പാടുകയോ ചെയ്തില്ല. മകള്‍ നന്ദനയുടെ പാട്ടായിരുന്നു അത്. പാട്ടിലെ വാവെയെന്ന വരി അവളെ വിളിക്കുന്നതായാണ് അവള്‍ കരുതിയിരുന്നത്. രാത്രിയേറെ വൈകിയുള്ള സ്റ്റേജ്പരിപാടിയിലും നന്ദന ഈ പാട്ടുവരുന്നതുവരെ ഉണര്‍ന്നിരിക്കുമായിരുന്നു. പാട്ടിനുവേണ്ടി കണ്ണുമിഴിച്ചിരിക്കും. ആ പാട്ടുകഴിയുന്നതോടെ ഉറക്കത്തിലേക്കു ചായും. അവള്‍ പോയപ്പോള്‍ ആ പാട്ടിനെ ജീവിതത്തില്‍ നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തി. 

grihalkashmi
ഗൃഹലക്ഷ്മി വാങ്ങാം

സിനിമാരംഗത്ത് ഈ കാലത്തിനിടെ സംഭവിച്ച മാറ്റങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്

പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. പാടി പാട്ടുകളുടെ സി.ഡി റിലീസിങ് വിവരം മറ്റാരെങ്കിലും പറഞ്ഞു വേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടെയും സി.ഡികളുടെയും കോപ്പി എത്തിച്ചു നല്‍കുന്ന പതിവുണ്ടായിരുന്നു. ആ രീതികളും മാറിപ്പോയി. 

റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്കു ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആരാണ് പാടിയതെന്നറിയാന്‍ പ്രയാസമാണ്.

ഒരുപാടുപേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെകനോളജിയുടെ വളര്‍ച്ച റെക്കോര്‍ഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരു സമയം റെക്കോര്‍ഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്. 

പ്രിയഗായിക കെ.എസ് ചിത്രയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍

Content Highlights: singer K S Chithra  speaks on her undying love for music and the changing trends in the industry