ചങ്ങനാശ്ശേരി പുഴവാതിലെ അരവിന്ദത്തിൽ പുലർച്ചെ നാലുമണിക്ക് ചിലങ്കയുടെ ശബ്ദം കേട്ടു തുടങ്ങും. തൃപ്പൂണിത്തുറ അരവിന്ദക്ഷമേനോൻ എന്ന നർത്തകനിൽ നിന്ന് കൊച്ചുമകൾക്കു പകർന്നു കിട്ടിയ ശീലമാണത്. പ്രതിഭാശാലിയായ മുത്തച്ഛന്റെ പ്രതിഭാശാലിയായ പേരക്കുട്ടി എന്ന മേൽവിലാസത്തിൽ ശാലു വളർന്നു. യുവജനോത്സവ വേദിയിൽ സമ്മാനങ്ങൽ വാരിക്കൂട്ടിയ പെൺകുട്ടി ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും നല്ല കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. കലാരംഗത്ത് സജീവമായ കാലത്താണ് കേരളത്തെ ഉലച്ച സോളാർ വിവാദത്തിൽ ശാലുവിന്റെ പേരും ഇടം നേടിയത്. ആ കാലവും കടന്നു പോയി.

വിവാദങ്ങളിൽ നിന്ന് വിടപറഞ്ഞ് കലാരംഗത്ത് സജീവമായ ശാലു മേനോൻ മനസ്സു തുറക്കുന്നു

ഏകദേശം ഇരുപതുവർഷമായി ഞാൻ അഭിനയരംഗത്തുണ്ട്. സ്ത്രീയെന്ന നിലയിൽ നമ്മൾ കലാപരമായി എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും സമൂഹം നമ്മളെ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലാകും.
പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. ഞാൻ തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും എന്നെ ഇതിലേക്ക് വലിച്ചിഴച്ചു.

തുടക്കത്തിൽ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവർ പലരും ഞാൻ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. എന്തായാലും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങൾ എന്നെ മാറ്റിയെടുത്തു.

ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു. ആ സ്വഭാവം ഞാൻ മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു. ഇപ്പോൾ ഞാൻ ബോൾഡാണ്. ആ മോശം ദിവസങ്ങളൊക്കെ ഞാൻ മറന്നുകഴിഞ്ഞു. ഇപ്പോൾ ഡാൻസും ക്ലാസും യൂട്യൂബ് ചാനലുമൊക്കെയായി നല്ല തിരക്കാണ്. പണ്ടത്തെതിനെക്കാൾ നന്നായി ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുപോകുന്നു.

Shalu Menon openup about her life career and dreams
​ഗൃഹലക്ഷ്മി വാങ്ങാം

വ്യക്തി എന്നനിലയിൽ സ്വയം പുതുക്കിപ്പണിയാൻ ജയിലിലെ ദിവസങ്ങൾ പാകപ്പെടുത്തി. അന്നേവരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിട്ടുള്ളൂ. നാല്പത്തൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി. കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടവർ, നിസ്സഹായരായവർ. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിർത്തിയത്. ചെയ്തുപോയ തെറ്റോർത്തു പശ്ചാത്തപിക്കുന്നവർ, സാഹചര്യങ്ങൾകൊണ്ട് തെറ്റിലേക്കെത്തിയവർ, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവർ, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യർ. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോൾ എന്റേതൊന്നും ഒരു പ്രശ്നമേ അല്ല എന്നു തിരിച്ചറിഞ്ഞു.

ശാലു മേനോനുമായുള്ള അഭിമുഖം പൂർണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ

Content Highlights: Shalu Menon openup about her life, career and dreams