കോടമ്പാക്കം. 'ഷക്കീല' എന്നു കേള്‍ക്കുമ്പോഴേക്കും ആരെങ്കിലും വഴി കാട്ടും എന്ന പ്രതീക്ഷ തെറ്റി. ഫ്‌ളാറ്റ് തപ്പി നടക്കേണ്ടി വന്നു. ഒരു സി ക്ലാസ് ഫ്‌ളാറ്റ്‌. ആഡംബരങ്ങളൊന്നുമില്ല. ഇരുമ്പു പിടിയുള്ള ചെറിയൊരു സോഫ. രണ്ടു കസേരകള്‍. ചെറിയ ഇരിപ്പു മുറി. വലിപ്പമില്ലാത്ത രണ്ടു കിടപ്പു മുറികള്‍. കൊച്ചു അടുക്കള. കഴിഞ്ഞു.

ഒരു ദിവസം നാലു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന ഗ്ലാമര്‍ നടിയുടെ കൊട്ടാരമെവിടെ? കിട്ടിയ പണമൊക്കെ?

എല്ലാം പോയി. അമ്മ എല്ലാം ചേച്ചിയെ ഏല്‍പ്പിച്ചു. ഞാന്‍ തിരിച്ചുവന്നപ്പോ ഒന്നുമില്ല. ചേച്ചി ഒന്നും തിരിച്ചുതന്നില്ല.

ആ പഴയ ഇമേജ് മാറിക്കിട്ടിയെന്ന് തോന്നുന്നു?

ആ ഇമേജ് മാറില്ല. മാറരുത്. എന്തിന് മാറണം? എന്റെ ഇമേജാണ് എനിക്ക് ഭക്ഷണം തരുന്നത്. അതങ്ങനെത്തന്നെ നില്‍ക്കട്ടെ. 
പക്ഷേ സിനിമയില്‍ ആ ഇമേജ് പ്രശ്‌നമാണ്. മലയാളത്തില്‍ ഒരു സംവിധായകനും വിചാരിച്ചില്ല, ഷക്കീലയ്ക്ക് നല്ല റോള്‍ കൊടുത്താലോ എന്ന്. എനിക്കറിയാം അമ്മ വേഷം ചെയ്യുന്ന ചില നടിമാരെയൊക്കെ. ഞാന്‍ കണ്ടിട്ടുണ്ട് അവര്‍ സിനിമയിലല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍.

പക്ഷേ അവരെ സ്‌ക്രീനില്‍ കാണുേമ്പാള്‍ നടിയായ എനിക്കുപോലും തോന്നും, 'എനിക്കും ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുെന്നങ്കില്‍...' അതാണ് ഇമേജ്. യു കാണ്‍ട് ചെയ്ഞ്ച് ഇറ്റ്. പക്ഷേ ഇവിടെ എനിക്ക് കോമഡി റോള്‍സ് കിട്ടി. ഒരു സിനിമയില്‍ കോമഡിയുള്ള  അമ്മവേഷം ചെയ്തു. നല്ല റോളുകള്‍ കിട്ടുമായിരിക്കും. എനിക്ക് പ്രായം 39 ആയിട്ടേയുള്ളൂ...

അന്ന് അത്തരം വേഷങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടതാണോ?

അല്ല. എനിക്കു പണം വേണമായിരുന്നു. നഗ്നയായി ഒന്നുമല്ലല്ലോ അഭിനയിച്ചത്. അങ്ങനെ െചെയ്യാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. പറഞ്ഞാലും ഞാന്‍ ചെയ്യില്ലായിരുന്നു എന്നൊന്നും വീമ്പു പറയാന്‍ ഞാനില്ല.

അന്നത്തെ ഇമേജ് ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടോ?

എന്താ പറയേണ്ടത്. എന്റെ സഹോദരന്‍ സലീമിന്റെ ഭാര്യവീട്ടുകാരെ എനിക്കറിയില്ല. അവന്‍ ഇതുവരെ പരിചയപ്പെടുത്തി തന്നിട്ടുപോലുമില്ല. ഫ്രന്‍ഡ്‌സ് എന്നെ വീട്ടിലേക്ക് വിളിക്കും. ഷക്കീല ഞാന്‍ വിളിച്ചാല്‍ വരും എന്നു വീമ്പു പറയാന്‍. പക്ഷേ വീട്ടില്‍ ഒരു പാര്‍ട്ടിയുണ്ടായാല്‍ എന്നെ വിളിക്കില്ല. വരുന്നവര്‍ അറിഞ്ഞാല്‍ തെറ്റിദ്ധരിക്കുമത്രേ! എന്നിട്ടും അവരൊക്കെയാണ് എന്റെ സുഹൃത്തുക്കള്‍. ഞാനുമൊരു മനുഷ്യസ്ത്രീയല്ലേ.

എനിക്കും തോന്നില്ലേ ആരോടെങ്കിലുമൊക്കെ സംസാരിക്കണമെന്ന്. എന്നെ സഹോദരിയെ പോലെ കാണുന്ന ആളുകളുണ്ട്. പക്ഷേ എന്റെയടുത്ത് നില്‍ക്കുന്ന സമയത്ത് ഫോണ്‍ വരുമ്പോള്‍, മൗത് പീസ് പൊത്തിപ്പിടിച്ച്, 'വൈഫ്, വൈഫ്' എന്നു പറയും. അപ്പോ എനിക്ക് ഹര്‍ട്ട് ആവും. എന്നെ ആര്‍ക്കും എളുപ്പത്തില്‍ വേദനിപ്പിക്കാം. അതിന് ഒരു വാക്കുമതി. അടുത്തുള്ള ടേബിളില്‍ സലീമിന്റെ മകന്റെ ഫോട്ടോ. അതു നോക്കി ഷക്കീല ഒന്നും മിണ്ടാതിരുന്നു. എന്തിനോ സങ്കടം വന്നു.

Shakeela
ഷക്കീല ദത്തെടുത്ത കുട്ടി
തങ്കത്തോടൊപ്പം / ഫോട്ടോ: മധുരാജ്

സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തു. മലയാളത്തില്‍ സെക്‌സി റോള്‍സ് ചെയ്ത ഒരു നടി ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. അതൊക്കെ എന്തുകൊണ്ടായിരിക്കും? 

അവര്‍ക്കൊരു തരം ശൂന്യത അനുഭവപ്പെടുന്നുണ്ടാവും. ചില സമയങ്ങളില്‍ എനിക്കും തോന്നാറുണ്ട്. ഇപ്പോഴും തോന്നുന്നുണ്ട്. ഞാന്‍ പറയും, ഞാന്‍ ബ്രഹ്മകുമാരിയാവാന്‍ പോവുന്നൂന്ന്. കാരണം എന്താണെന്നറിയോ?

ജീവിതത്തില്‍ എല്ലാം കണ്ടിട്ടുണ്ട്. എന്നിട്ടും ഒടുക്കം നോക്കുമ്പോ ഒന്നും ബാക്കിയില്ല. ഞാന്‍ ഒരു വര്‍ഷംകൊണ്ട്‌ സൂപ്പര്‍ സ്റ്റാറായി. പിന്നെ ഒന്നും അല്ലാതായി. അതുപോലെ പണവും. ഇഷ്ടംപോലെ കിട്ടി. പിെന്ന എല്ലാം നഷ്ടപ്പെട്ടു. പൈസ ഒരുപാടുണ്ടെന്നു കരുതി അത് തിന്നാന്‍ പറ്റുമോ? ഒരു ലക്ഷം രൂപ കൈയിലുണ്ടെങ്കിലും 10 ബിരിയാണി തിന്നാന്‍ പറ്റില്ലല്ലോ. ഒരു ബിരിയാണിയല്ലേ കഴിക്കാന്‍ പറ്റൂ.

അതുപോലെ സ്‌നേഹം. നിങ്ങള്‍ സ്‌നേഹത്തില്‍ വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുകയാണെങ്കില്‍? ഞാന്‍ ഇപ്പോഴും യഥാര്‍ത്ഥ സ്‌നേഹത്തിനു വേണ്ടിയുള്ള തിരിച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്നു തോന്നില്ലേ?

പിന്നെ ഫാമിലി. അവരും എന്നെ വഞ്ചിച്ചു. ഷക്കീല എന്റെ സഹോദരിയാണെന്നു പറയാന്‍ പോലും അവര്‍ തയ്യാറല്ല. ആരുമില്ലാത്ത അവസ്ഥ. ഞാനെന്താണ് ഈ ലോകത്ത് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. മോശം കാര്യമായാലും വേണ്ടിയിരുന്നില്ല, എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍  മതിയായിരുന്നു. അതുമില്ല. ജോലി ചെയ്യുക, വെറുതേയിരിക്കുക, ഭക്ഷണം കഴിക്കുക...അല്ലാതെന്ത് സംഭവിക്കുന്നു? ഒന്നുമില്ല. ചിന്തിച്ചാല്‍ എന്തുണ്ട് ബാക്കി? 

ഞാന്‍ ശരിക്കും എംപ്റ്റി ആണെന്നു തോന്നുന്നു. അപ്പോഴാണ് സന്യസിക്കുന്നതിെനക്കുറിച്ചൊക്കെ ആലോചിച്ചു പോവുന്നത്. അല്ലാതെ, ഞങ്ങള്‍ തെറ്റു ചെയ്തു ദൈവമേ, ഞങ്ങളോട് ക്ഷമിച്ചാലും എന്നു പറയാനല്ല സന്യാസിയാവുന്നത്. 

ഞങ്ങള്‍, ഈ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത നടിമാര്‍ക്കൊരു തോന്നലുണ്ട്, എല്ലാം പ്രദര്‍ശിപ്പിച്ചു പോയില്ലേ, ഇനി ആരു വിവാഹം ചെയ്യും.,  ഏതെങ്കിലും പുരുഷന്‍ സ്‌നേഹിക്കുമോ എന്നൊക്കെ. പക്ഷേ അത് ശരിയല്ല. ഹൃദയത്തിലുള്ളത് കാണാനല്ലേ മറ്റേയാള്‍ക്ക് കഴിയേണ്ടത്? പക്ഷേ എന്തു ചെയ്യാം! അതിന് ആദ്യം നിങ്ങള്‍ എന്റെ അടുത്തു വരണ്ടേ? എന്നാലല്ലേ എന്റെ ഉള്ളു കാണാനാവൂ...ഇതുകൊണ്ടൊക്കെയാണ് ഞാന്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നത്. ഞാന്‍ ഒറ്റയ്ക്കല്ല. ദൈവത്തിന്റെ  കൂടെയാണ്‌ , ദൈവത്തിന്റെ കുട്ടിയാണ്. ദൈവമല്ലാതെ എനിക്ക് ആരുണ്ട്?