Meghna
Image: Meghna

ന്ദനമഴയിലെ അമൃതയായി വന്ന് മിനിസ്‌ക്രീന്‍ ആരാധകരുടെ മനംകവര്‍ന്ന താരമാണ് മേഘ്‌ന. വിവാഹത്തിനായി ഒരു കുട്ടി ബ്രേക്കെടുത്ത് ഇപ്പോള്‍ അഭിനയരംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇത്തവണ കാര്‍ത്തികയായാണ് പ്രേക്ഷകരെ മേഘ്‌ന കൈയിലെടുത്തിരിക്കുന്നത്. മികച്ച നടിക്കുള്ള തിക്കുറിശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍ പുരസ്‌കാരം സ്വന്തമാക്കിയ മേഘ്‌നയുടെ വിശേഷങ്ങളിലേക്ക്..

മികച്ച നടിക്കുള്ള തിക്കുറിശ്ശി ഫൗണ്ടേഷന്‍ ടെലിവിഷന്‍ പുരസ്‌കാരം

ഒരുപാട് സന്തോഷമുണ്ട്. ഇത് ഒരു അംഗീകാരം തന്നെയാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് നമ്മള്‍ എടുക്കുന്ന കഠിനാധ്വാനത്തിനും ലഭിക്കുന്ന വലിയ അംഗീകാരമാണ് അവാര്‍ഡ് എന്ന് പറയുന്നത്. എന്റെ കൂടെ ഉള്ളവര്‍ക്കും എന്നെ പിന്തുണക്കുന്നവര്‍ക്കുമെല്ലാം സന്തോഷമുണ്ടാകുന്ന ഒന്നുതന്നെയാണ് ഈ അവാര്‍ഡ്. 

ഇനി മാമാങ്കത്തിലെ കാര്‍ത്തിക

കൃഷ്ണമൂര്‍ത്തി സാര്‍ സംവിധാനം ചെയ്യുന്ന ഫ്‌ലവേഴ്‌സ് ചാനലിലെ മാമാങ്കം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിക എന്ന കേന്ദ്രകഥാപാത്രത്തെയാണ് മാമാങ്കത്തില്‍ അവതരിപ്പിക്കുന്നത്. ഫാമിലി അറ്റാച്ച്ഡ് ആയിട്ടുള്ള, ഒത്തിരി സഹോദരങ്ങള്‍ ഉള്ള ഒരു സാധാരണ കേളേജ് പെണ്‍കുട്ടി. അത്യാവശ്യം ഒരു പ്രണയമൊക്കെയുള്ള കുട്ടി.  

അമൃതയില്‍ നിന്ന് കാര്‍ത്തികയിലേക്ക് 

ചന്ദനമഴയില്‍ ഒരു കുഞ്ഞിന്റെ അമ്മയായി വരെ അഭിനയിച്ചതാണ്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇത്. അമൃത എന്നാല്‍ മുതിര്‍ന്ന ഒരു കഥാപാത്രമായിരുന്നു. എന്നുകരുതി നമുക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അമ്മയാണോ, വലിയ ആളാണോ, ചെറിയ കുട്ടിയാണോ എന്നൊക്കെ നോക്കാറില്ല. നമുക്ക് തരുന്ന കഥാപാത്രത്തെ പറ്റാവുന്നതിന്റെ മാക്‌സിമം, ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. 

അമൃതയോളം ശ്രദ്ധിക്കപ്പെട്ടതാണ് അമൃതയുടെ വേഷവിധാനങ്ങളും

ചന്ദനമഴയിലെ എന്റെ കോസ്റ്റിയൂം സെലക്ട് ചെയ്തത് എന്റെ അമ്മയാണ്. എന്റെ ഡ്രസ് ആയാലും ഓര്‍ണമെന്റ്‌സ് ആയാലും അമ്മ തന്നെയാണ് എല്ലാം സെലക്ട് ചെയ്തിരുന്നത്. ഇപ്പോള്‍ വിവാഹ ശേഷം എന്റെ ഫാമിലി എല്ലാവരും ചേര്‍ന്നാണ് കോസ്റ്റിയൂംസ് തിരഞ്ഞെടുക്കാറുള്ളത്. 

അമൃതയെപ്പോലെ പാവമല്ല

അയ്യോ അതെങ്ങനെയാണ് ഞാന്‍ പറയുക. മറ്റുള്ളവരല്ലേ പറയേണ്ടത്. എന്തായാലും അമൃതയുടെ അത്ര പാവമൊന്നുമല്ല ഞാന്‍. അത്ര ക്ഷമയൊന്നും എനിക്കില്ല. എന്നാല്‍ വര്‍ഷയെപ്പോലെ ഭയങ്കരിയുമല്ല. ഫാമിലിയെ ഡിപെന്‍ഡ് ചെയ്യുന്ന ഫാമിലിയോട് ഒത്തിരി അറ്റാച്ച്ഡ് ആയ ഒരു സാധാരണ പെണ്‍കുട്ടി. 

Meghna
Image: Meghna

അഭിനയത്തിനൊപ്പമുണ്ട് നൃത്തവും

അഭിനയത്തോടൊപ്പം ഞാന്‍ നൃത്തവും കൊണ്ടുപോകുന്നുണ്ട്. നാലാമത്തെ വയസ്സിലാണ് ഞാന്‍ നൃത്തം പഠിക്കാന്‍ ആരംഭിക്കുന്നത്. ആറുവയസ്സില്‍ അരങ്ങേറ്റം നടത്തി. ഭരതനാട്യമായിരുന്നു ആദ്യം പഠിച്ചത്. പിന്നീട് മോഹിനിയാട്ടം, ഫോക്ക്, സിനിമാറ്റിക് അങ്ങനെയെല്ലാം പഠിച്ചു. ക്ലാസിക്കല്‍ ഷോകളും, അവാര്‍ഡ് നൈറ്റുകളും ഇപ്പോഴും ചെയ്യാറുണ്ട്. 

നൃത്തത്തിലൂടെ അഭിനയരംത്തേക്ക് 

നൃത്തത്തിലൂടെ തന്നെയാണ് എത്തിയത് എന്ന് പറയാം. കുട്ടിക്കാലത്ത് ഞാന്‍ കൃഷ്ണപക്ഷക്കിളികള്‍ എന്ന സിനിമ ചെയ്തിരുന്നു. പിന്നെ പ്ലസ്ടുവിന് ശേഷമാണ് സീരിയലില്‍ വന്നത്. ഒരു സ്റ്റേജില്‍ ഷോയില്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് ടി.എ.സജി സാര്‍ അത് കാണാന്‍ ഇടയാവുകയും എന്റെ അമ്മയോട് ഒരു സീരിയല്‍ ഉണ്ട് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയുമായിരുന്നു. അങ്ങനെയാണ് സ്വാമിയേ ശരണമയ്യപ്പാ എന്ന സീരിയലില്‍ ഞാന്‍ അഭിനയിക്കുന്നത്. 

പിന്നീട് ഓട്ടോഗ്രാഫ്, ഇന്ദിര, പരിണയം തുടങ്ങിയ സീരിയലുകള്‍. ഇടക്ക് കയല്‍ എന്ന ഒരു തമിഴ് സിനിമ ചെയ്തിരുന്നു. പിന്നെ ചില റിയാലിറ്റി ഷോകള്‍ ചെയ്തു. തമിഴില്‍ ദൈവം തന്ത വീട് എന്ന സീരിയല്‍ 100 എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ചന്ദനമഴയില്‍ ഞാന്‍ അഭിനയിക്കുന്നത്. അത് കരിയര്‍ ബ്രേക്കായി. 

ലെജന്‍ഡ്‌സിനൊപ്പം അഭിനയിച്ചു

ഞാന്‍ മധുസാറിന്റെ ഒപ്പം അഭിനയിച്ചു. സുധാ ചന്ദ്രന്‍, സുലക്ഷണ, ടി.ആര്‍ ഓമന തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമെല്ലാം. എന്നെ സംബന്ധിച്ച് അവാര്‍ഡിനേക്കാള്‍ വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ് അതെല്ലാം. വളെര നല്ല അനുഭവങ്ങളാണ് അതെല്ലാം. അവര്‍ പലരും എനിക്ക് ഒത്തിരി ഉപദേശങ്ങള്‍ എല്ലാം തന്നിട്ടുണ്ട്. 

ആരാധകര്‍ക്ക് വീട്ടിലെ കുട്ടി

എല്ലാവരും കാണുമ്പോള്‍ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് സ്വീകരിക്കാറുള്ളതും സംസാരിക്കാറുള്ളതും സ്‌നേഹം പങ്കിടാറുള്ളതും. അതുകാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട് കാരണം ഇതെല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. സ്‌നേഹം നമുക്ക് ഒരിക്കലും പിടിച്ച് വാങ്ങാന്‍ സാധിക്കില്ല. ഒരുപാട് ഇഷ്ടമാണ്, സ്‌നേഹമാണ്, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും വളരെ സന്തോഷം തോന്നാറുണ്ട്. 

വിവാഹത്തിന് ശേഷമുള്ള അഭിനയജീവിതം

എനിക്ക് പ്രത്യേകിച്ച് അങ്ങനെ വ്യത്യാസം ഒന്നും തോന്നുന്നില്ല. അത്രയും നല്ല ഫാമിലിയിലേക്കാണ് പോയിരിക്കുന്നത്. ഉത്തരവാദിത്തങ്ങള്‍ കൂടി അല്ലെങ്കില്‍ തിരക്കുകള്‍ കൂടി അങ്ങനെ വ്യത്യാസമൊന്നും തോന്നാത്തത് അതുകൊണ്ടാകും. ഡോണ്‍ ചേട്ടനും ഫാമിലിയും വളരെ സപ്പോര്‍ട്ടീവാണ്. ചിലപ്പോള്‍ ഈ രംഗത്തെകുറിച്ച് അറിയുന്നവരായതുകൊണ്ടാകും. അവരാണ് പല കാര്യങ്ങളിലും കറക്ഷന്‍ പറഞ്ഞുതരാറുളളത്. നന്നായിരുന്നു, അല്ലെങ്കില്‍ ആ സീന്‍ കുറച്ചൂടെ നന്നാക്കാമായിരുന്നു. ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു എന്നൊക്കെ പറയും.

വീട്ടിലുള്ളപ്പോള്‍ പാചക പരീക്ഷണങ്ങള്‍ 

വീട്ടില്‍ ഇരിക്കുമ്പോള്‍ ഞാനും മമ്മിയും ചേര്‍ന്ന് കുക്കിങ് എല്ലാം ചെയ്യും. പാചക വിദഗ്ധ ഒന്നുമല്ല. പക്ഷേ അത്യാവശ്യം ജീവിച്ചുപോകാനുള്ള കുക്കിങ് ഒക്കെ വശമുണ്ട്. 

meghna
Image : Meghna 

ഞാനും ഡിംപിളും വീട്ടിലെ സ്വീറ്റ് ഹാര്‍ട്ട്‌സ്

ഡിംപിളിനെ കുറിച്ച് ചോദിച്ചാല്‍ എന്താ പറയാ. ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാന്‍ കുരുതുന്നത് ആ പെണ്‍കുട്ടിക്ക് ലഭിക്കുന്ന ഭര്‍ത്താവ്, ഫാമിലി അതൊക്കെയാണ്. ഒരു സുഹൃത്തെന്ന നിലയില്‍ ഡിംപിള്‍ എനിക്ക് തന്നത് അതാണ്. ഡിംപിള്‍ എനിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യമായിരുന്നു അത്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാട് എനിക്ക് ഡിംപിളിനോട് ഉണ്ട്. 

ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിരുന്നു. ഡോണ്‍ ചേട്ടന്‍ ഫോണില്‍ ഡിംപിളിനെ വിളിക്കുന്നത് എല്ലാം ഞാന്‍ കേട്ടിട്ടുണ്ട്, വളരെ കെയറിംഗ് ആയി സംസാരിക്കുന്നതെല്ലാം കേള്‍ക്കാം. പിന്നെ എന്തുചോദിച്ചാലും അതെന്റെ ചേട്ടന്‍ വാങ്ങിതന്നതാണെന്ന് ഡിംപിള്‍ പറയും. അതും വളരെ സ്വീറ്റായിട്ട്. അപ്പോള്‍ ഞാന്‍ പറയും നീ വളരെ ലക്കിയാണ് ഇത്രയും നല്ല ബ്രദറിനെ കിട്ടിയല്ലോ എന്ന്. ഇപ്പോള്‍ അവള്‍ തിരിച്ച് പറഞ്ഞുതുടങ്ങി. ഇത്ര നല്ല ഭര്‍ത്താവിനെ പിങ്കിക്ക് കിട്ടിയല്ലോ എന്ന്. (മേഘ്‌നയുടെ യഥാര്‍ഥ പേര് പിങ്കിയെന്നാണ്.)

നമ്മുടെ ഏറ്റവും അടുത്ത് നില്‍ക്കാവുന്ന ഫ്രണ്ടിന്റെ അടുത്താണ് നമുക്ക് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ സാധിക്കുക. ഡിംപിള്‍ എനിക്ക് അങ്ങനെയാണ്. അവള്‍ക്ക് ഞാനും. നല്ല ഫ്രണ്ട്‌സായ നാത്തൂന്മാര്‍, ഞങ്ങളുടെ വീട്ടിലെ സ്വീറ്റ് ഹാര്‍ട്ട്‌സ്

എനിക്ക് ദൈവം തന്ന നിധി

ഡോണ്‍ ചേട്ടന്‍ ഒത്തിരി കെയറിങ് ആണ് ഒത്തിരി സര്‍പ്രൈസസ് ഒക്കെ തരും. ഭര്‍ത്താവിനേക്കാള്‍ എന്റെ നല്ല ഫ്രണ്ടാണ് പുള്ളി. ചിലപ്പോള്‍ ചെറിയ കുഞ്ഞിനെ പോലെ നമ്മളെ നോക്കും. എനിക്ക് ദൈവം തന്ന നിധിയാണ് ഡോണ്‍ ചേട്ടന്‍.