പ്രണയം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് നേരെയുളള അക്രമങ്ങള്‍, സാമൂഹ്യ മാധ്യമം..സന അല്‍ത്താഫിന് എല്ലാത്തിലും വ്യക്തതയുണ്ട്. 

മുതിര്‍ന്ന അഭിനേതാക്കളുടെ മുഖമുദ്ര ലാളിത്യം

ഒടിയന് മുമ്പും മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. വളരെ സ്വീറ്റായാണ് സംസാരിക്കുക. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍. അമിതാഭ് ബച്ചന്‍ സാറുമുണ്ട് കൂടെ. അദ്ദേഹം വരുമ്പോള്‍ സെറ്റില്‍ എല്ലാവരും ഭയങ്കര അച്ചടക്കത്തിലാണ് പെരുമാറുക. അദ്ദേഹം തിരിച്ച് മറ്റുള്ളവര്‍ക്ക് അതേ ബഹുമാനമാണ് കൊടുക്കുന്നത്. 

ഒടിയനിലെ ആദ്യ സീന്‍ തന്നെ ലാലേട്ടന്റെ കൂടെ തന്നെയായിരുന്നു. കണ്ണ് കാണാത്ത കുട്ടിയായിട്ട് അഭിനയിക്കണം. ഞാന്‍ കാരണം സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ സമയം പാഴാവരുത് എന്നായിരുന്നു ചിന്ത. അതുകൊണ്ട് റിലാക്‌സ് ചെയ്ത് ശ്രീകുമാര്‍ സാര്‍ പറഞ്ഞതുപോലെ ചെയ്തു. ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമ ഒളിമ്പ്യന്‍ അന്തോണി ആദം ആണ്. മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് എല്ലാവര്‍ക്കുമുള്ള സമാനത ലാളിത്യമാണ്. പ്രകാശ് രാജ് സാറും അതുപോലെ തന്നെ. കൂടെ അഭിനയിക്കുന്ന ആളെ ടെന്‍ഷനടിപ്പിക്കാതെ നോക്കും. അദ്ദേഹം പല സാമൂഹിക വിഷയങ്ങളിലും അഭിപ്രായം പറയുന്നത് കേള്‍ക്കാറുണ്ട്. 

സമൂഹത്തിലാണ് മാറ്റം വരേണ്ടത്​

ചുറ്റുമുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അത് പുറത്ത് പറഞ്ഞ് നിലപാട് സ്ഥാപിക്കണം എന്ന് തോന്നിയിട്ടില്ല. എനിക്കൊരു പ്ലാറ്റ്‌ഫോമുണ്ട്. അതിലൂടെ പറഞ്ഞാല്‍ എന്തെങ്കിലും വ്യത്യാസം വരും എന്നുതോന്നിയാലേ പറയൂ. സ്ത്രീയേയോ പുരുഷനേയോ ആക്രമിച്ചു പോലുളള വാര്‍ത്തകള്‍ ചെറുപ്പം തൊട്ട് കേള്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത കേട്ടപ്പോഴും അത് സിനിമ മേഖലയില്‍ മാത്രമുളള പ്രശ്‌നമായി കണ്ടിട്ടില്ല, സമൂഹത്തിലാണ് മാറ്റം വരേണ്ടത്. സ്ത്രീ എന്ന രീതിയില്‍ ഇത്തരം കാര്യങ്ങളില്‍ ഞാനും പേടിച്ചാണ് ജീവിക്കുന്നത്. നാലാം ക്ലാസ് മുതല്‍ കരാട്ടേ പഠിക്കുന്നുണ്ട്. ബ്ലാക്ക് ബെല്‍റ്റാണ്. അതിന്റെയൊരു ആത്മവിശ്വാസമുണ്ട്. 

സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല

ഇന്റര്‍നെറ്റില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് സിനിമകളും വെബ്‌സീരീസുമാണ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയൊക്കെ കാണും. അത്ര ഫാഷന്‍ കോണ്‍ഷ്യസ് ഒന്നുമല്ല ഞാന്‍. എന്നാലും ഇന്‍സ്റ്റഗ്രാമില്‍ കുറേ ബ്രാന്‍ഡിന്റെ പേജുകള്‍ ഫോളോ ചെയ്യാറുണ്ട്. പ്രിയങ്ക ചോപ്ര ഡ്രസ് ചെയ്യുന്ന രീതി വളരെ ഇഷ്ടമാണ്. അവരുടെ സ്ട്രീറ്റ് ഫാഷന്‍, ഡെയ്‌ലി വെയര്‍..ബോളിവുഡില്‍ മനീഷ്‌ മല്‍ഹോത്ര, സബ്യസാചി എന്നീ ഡിസൈനേഴ്‌സിനെ നോക്കാറുണ്ട്. 

ഞാന്‍ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല. പക്ഷേ വാട്‌സാപ്പ് വിട്ട് കളിയില്ല. എന്നാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തിട്ടേ, ഫോണ്‍ ഉപയോഗിക്കാവൂ. ഒരു സമയത്ത് ഏതുനേരവും ഇന്‍സ്റ്റഗ്രാമിലായിരുന്നു. പഠിക്കാന്‍ ഉള്ളപ്പോള്‍ ഇടക്കിടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഇല്ല. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്താല്‍ അതിനര്‍ഥം ഞാന്‍ പഠിക്കുകയാണെന്നാണ്.

ഇഷ്ടയിടം വീട് 

എന്നെ ഏറ്റവും കംഫര്‍ട്ടബിളാക്കുന്നത് വീടാണ്. എറണാകുളം കാക്കനാടാണ് വീട്. ഭയങ്കര ഫുഡിയാണ് ഞാന്‍. നാടന്‍, ഹോട്ടലിലെ ഭക്ഷണം, പീസ, ബര്‍ഗര്‍, പാസ്ത, ചൈനീസ് എല്ലാം കഴിക്കും. പക്ഷേ കുറച്ചേ കഴിക്കൂ. ഉമ്മ ഇടയ്ക്ക് ഇറ്റാലിയന്‍ റൈസ് ഉണ്ടാക്കും. ഉപ്പ ചില ഞായറാഴ്ചകളില്‍ പ്രോണ്‍ ബിരിയാണി ഉണ്ടാക്കാറുണ്ട്. തടിച്ചു എന്ന് തോന്നുന്നുമ്പോള്‍ ഡയറ്റ് ചെയ്യും. ഇതൊന്നും പക്ഷെ ഫിലിം ഫീല്‍ഡില്‍ വന്നതുകൊണ്ടല്ല. പൊതുവെ ഹെല്‍ത് കോണ്‍ഷ്യസാണ്. എനിക്കൊരു ചേച്ചിയുണ്ട് ഷമാന. 

കാക്കനാട് ഭവന്‍സ് സ്‌കൂളിലാണ് പഠിച്ചത്. ഇപ്പോള്‍ ബി.കോമും ഒപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയുടെ കോഴ്‌സും പഠിക്കുന്നു. വലിയ ആര്‍ട്ടിസ്റ്റാവണം പറ്റുന്ന അത്രയും കാലം ഫീല്‍ഡില്‍ നില്‍ക്കണം എന്നൊന്നും ചിന്തിച്ചിട്ടില്ല. നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യണം എന്നേയുള്ളൂ. ഞാന്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നത് പഠിത്തത്തില്‍ തന്നെയാണ്. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.