ണ്ടുസിനിമാകാലത്തിന്റെ കഥകള്‍ പറയാനുണ്ട് സംവൃതയ്ക്ക്; ഒപ്പം മനോഹരമായ ഒരു ജീവിതത്തിന്റെയും. ഇടവേള ഒന്നും മായ്ച്ചുകളഞ്ഞിട്ടില്ല.

വീണ്ടും വന്നപ്പോള്‍ സിനിമാരംഗത്ത് എന്തെങ്കിലും മാറ്റം തോന്നിയോ? 

സത്യത്തില്‍ എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. ഉണ്ടുതാനും പക്ഷേ അതൊന്നും പഴയ സിനിമയുടെ അന്തരീക്ഷത്തിന് വന്ന മാറ്റമല്ല. അതിപ്പോഴും പഴയപോലെ തന്നെ. ലൊക്കേഷന്‍ ഫുഡ്, ആളുകള്‍ തമ്മിലുള്ള സൗഹൃദം, പ്രൊഡക്ഷന്‍ മാനേജരുടെ രാവിലത്തെ കോള്‍ എല്ലാം പഴയപടി. മാറിയത് സിനിമയുടെ സ്വഭാവമാണ്. അത് കുറച്ചുകൂടി സൂക്ഷ്മമായി.

ഞാന്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടും മുമ്പേ തിരക്കഥാകൃത്ത് എന്നെ വിളിച്ച് ചോദിച്ചു, പുരികം ത്രെഡ് ചെയ്യാതെ വരാമോ? ഇതില്‍ എന്റെ കഥാപാത്രം ഒരു നാടന്‍ വീട്ടമ്മയാണ്. അവര്‍ പുരികവും ത്രെഡ് ചെയ്ത് നടക്കില്ലല്ലോ. അതുപോലെ വസ്ത്രാലങ്കാരം നടത്തുന്ന സമീറ ഒരു ദിവസം ഷൂട്ടിന് വേണ്ടി തന്നത് പച്ചസാരിയും പച്ച ബ്ലൗസുമായിരുന്നു. ക്യാമറാമാനും സംവിധായകനും ചേര്‍ന്ന് ആലോചിച്ച് അതുമാറ്റി. ബ്ലൗസ് കറുപ്പാക്കി. വീട്ടില്‍ നില്‍ക്കുമ്പോ സ്ത്രീകള്‍ മാച്ചിങ് ബ്ലൗസ് ഒക്കെ ഇടുമോ!

സത്യത്തില്‍ സിനിമ കുറേക്കൂടി റിയലിസ്റ്റിക്കായി. പണ്ട് ഞാന്‍ അഭിനയിച്ച കാലത്ത് രണ്ടുപേര്‍ പ്രേമിച്ചാല്‍ ആദ്യം ചെയ്യുന്നത് സ്വപ്‌നം കാണലാണ്. ഒപ്പം അമേരിക്കയില്‍ പോയി ഒരു ഡാന്‍സും. ഇപ്പോ അതൊന്നുമില്ല. സിനിമാറ്റിക്കല്ല ഇപ്പോ സിനിമ. 

അന്നത്തെ ഒരുവിധം എല്ലാ നായകന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്..

അതാണ് സിനിമയില്‍ കിട്ടിയ വലിയ ഭാഗ്യം. നമ്മള്‍ ഒരിക്കല്‍ ആരാധിച്ചിരുന്ന എല്ലാവരുടെയും കൂടെ സ്‌ക്രീനില്‍. നായകന്മാരുടെ കൂടെ മാത്രമല്ല, ജഗതിച്ചേട്ടന്‍, നെടുമുടിച്ചേട്ടന്‍, ലളിതചേച്ചി...ഇവരുടെയൊക്കെക്കൂടെ! ചന്ദ്രോത്സവം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 18 വയസ്സ്. ലാലേട്ടന്റെ അഭിനയം കണ്ട് അന്തംവിട്ട്  നോക്കി നിന്ന് എന്റെ ഡയലോഗ് മറന്നിട്ടുണ്ട്. അതിന് രജ്ഞിത്ത് അങ്കിളിന്റെ വഴക്കും കേട്ടിട്ടുണ്ട്. പോത്തന്‍വാവയില്‍ മമ്മൂക്കയോട് കയര്‍ത്ത് സംസാരിക്കുന്ന ഒരു സീനുണ്ട്. 'ഈശ്വരാ മമ്മൂക്കയെയാണല്ലോ ഞാനീ ചീത്ത പറയുന്നത്'  എന്ന വേവലാതിയാണ് അപ്പോ എന്റെ മനസ്സില്‍! 

ഫഹദാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു ആക്ടര്‍. ഡയമണ്ട് നെക്ലേസിലെ എന്റെ കഥാപാത്രം 'മായ' വ്യത്യസ്തയായിട്ടുണ്ടെങ്കില്‍ അത് നായകന്‍ ഫഹദ് ആയതുകൊണ്ട് മാത്രമാണ്. ഒരു സിനിമയിലെ എക്‌സ്പ്രഷന്‍ മറ്റൊരുസിനിമയിലേതുപോലെയല്ലാത്ത ഒരു നടന്‍. കൂടെ അഭിനയിച്ചപ്പോ എനിക്കൊന്നു മനസ്സിലായി. ഫഹദ് അഭിനയിക്കുന്നില്ല. നമ്മള്‍ ചെയ്യുന്നതിനോട് റിയാക്ട് ചെയ്യുന്നേയുള്ളൂ. എനിക്ക് ഫഹദിനോട് കടപ്പാടുണ്ട്. മായയെ മായയാക്കിയതിന്. 

സംവൃത ചിരിച്ചു. രണ്ടുകാലങ്ങളും കണ്ടൊരാള്‍ക്ക് സിനിമയെ എത്രമേല്‍ മനസ്സിലാവുന്നു. 

grihaസംവൃതയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി കാണുക. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content highlights: Samvrutha Sunil, Sathyam Paranjal Visawsikkuvo