കില്ലർ ഡോഗെന്നാണ് പൊതുവെ റോട്ട് വീലർ നായകൾ അറിയപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും പോലീസ് നായ്ക്കളായിരുന്ന യുദ്ധപോരാളികൾ. കടുത്ത പരിശീലനം നൽകി കാവലിനായി റോട്ട് വീലറിനെ നിയോഗിക്കാറുണ്ട്. ഉടമയോട് മാത്രം കൂറുപുലർത്തുന്ന അക്രമണകാരി. ചിലസമയങ്ങളിൽ ഉടമയെവരെ അക്രമിക്കാൻ തുനിയാറുണ്ട്.

കാര്യം റോട്ട് വീലർ ഭീകരനോ ഭീകരിയോ ഒക്കെയായിരിക്കും. പക്ഷേ ഇങ്ങ് തൃശ്ശൂർ മതിക്കുന്ന് ക്ഷേത്രത്തിന് സമീപത്ത് പൊന്നൂക്കര ചക്കാലപ്പറമ്പിൽവീട്ടിലെ 'ഡോറമോൾ' ഭീകരിയല്ല..ഇവരുടെ പൊന്നോമനയാണ്. ദിവസങ്ങൾക്ക് മുമ്പാണ് പൂമുഖപ്പടിയിലിരുന്ന് പാപ്പം തിന്നാൻ കൈകൊട്ടിയ്ക്കുന്ന വീട്ടമ്മയ്‌ക്കൊപ്പം നിലത്തുകിടന്ന് കൈകൊട്ടിയ ഡോറമോളുടെ വീഡിയോ വൈറലായത്. പാപ്പം തിന്നാനും മാമു തിന്നാനും കൈകൊട്ടിയ ഡോറയുടെ വീഡിയോ പതിനായിരങ്ങളാണ് ഷെയർ ചെയ്തത്. ഒപ്പം ഒരു ട്രോൾ വീഡിയോ കൂടിയിറങ്ങി. വിദേശത്ത് പരിശീലനം നൽകുന്ന ആക്രമണകാരിയായ റോട്ട് വീലറിനെയും പാപ്പം തിന്നാൻ കൈകൊട്ടുന്ന ഡോറയെയും താരതമ്യപ്പെടുത്തിയ ട്രോൾ..അല്ലാപിന്നെ മലയാളികളോടാ കളി..എന്നൊരു അടിക്കുറിപ്പും.

dora
ഡോറയും രജനിയും ഉച്ചമയക്കത്തിൽ

ഡോറയ്‌ക്കൊപ്പം വീഡിയോയിലുള്ള നായികയാണ് രജനി. ചെറുപ്പംതൊട്ടേ കുഞ്ഞുങ്ങളെപ്പോലെ കാലിൽ കിടത്തിയാണ് റാഗിപ്പൊടി കുറുക്ക് ഡോറയ്ക്ക് വാരിക്കൊടുക്കുക. എന്നാലേ ഡോറമോള് കഴിക്കൂവെന്ന് രജനി പറയുന്നു. രാവിലെ റാഗി കുറുക്ക്, ചിക്കൻ, കോഴിയുടെ കരൾ, കോഴിമുട്ട എന്നിവയെല്ലാം കൊടുക്കും. രാത്രി ചോറ്, ചിക്കനോ ബീഫോ പുഴുങ്ങിയ മുട്ടയോ എല്ലാമടങ്ങിയ ഡിന്നർ..ഡോറയുടെ ഫേവറിറ്റ് ചാളയാണ്. മീൻ വില്പനക്കാരന്റെ വിളി കേട്ടാൽ ഡോറ ചാടിയെണീക്കും. വാ നമുക്ക് മീമി വാങ്ങാൻ പോവാമെന്ന് രജനി ഡോറയോട് പറയും. രണ്ടാളുംകൂടി മീൻ പോയി വാങ്ങും. മീൻ വാങ്ങിവരുന്ന വഴി ഒരു ചാള ഡോറയ്ക്കുള്ളതാണ്. അത് ഡോറയുടെ അവകാശമാണ്. ചോറുണ്ണാൻ മടിപിടിച്ചാൽ ഡോറമോളേ മാമുണ്ണാൻ വാ എന്ന് രജനി നീട്ടിവിളിക്കും. പിന്നെയൊരു നോട്ടമുണ്ട്. അത് വാരിത്തരുന്നതിനാണ്. രജനി ഉരുളയുരുട്ടി കൊടുക്കും. അപ്പോൾ നിറയെ ഭക്ഷണം കഴിക്കും. ഡോറയുടെ ഡിന്നർ സമയം വൈകീട്ട് ആറുമണിയാണ്. ആ സമയത്ത് മാമുണ്ണാനുള്ള വിളി വന്നില്ലെങ്കിൽ ഡോറയുടെ പ്രത്യേകരീതിയുള്ള കുരയുണ്ട്. വിശക്കുന്നുവെന്നാണ് ഈ കുരയുടെ അർത്ഥം.'ഞാനാ ഡോറമോളെ വളർത്തിയത്. എന്റെ മോള് തന്നെയാ അവള്. മക്കളെല്ലാം കോളേജിൽ പോയിക്കഴിഞ്ഞാൽ ഞങ്ങളുടെ ലോകമാണ്. ഞാൻ കിടക്കുമ്പോൾ അടുത്ത് വന്ന് കിടന്ന് ഉറങ്ങും. ഉമ്പുള്ളാൻ പറഞ്ഞാൽ പോയി മൂത്രമൊഴിച്ചുവരും. മകൻ സുജിത്ത് ലാലിന്റെ വിവാഹത്തോടെയാണ് ഡോറയെ കെട്ടിയിടാൻ തുടങ്ങിയത്. കാരണം സുജിത്തിന്റെ ഭാര്യ ആര്യയ്ക്ക് നായ്ക്കളെ പേടിയാണ്. ആര്യ ഇപ്പോൾ ഇടയ്ക്ക് ഭക്ഷണം എടുത്തുകൊടുക്കാറുണ്ട്', രജനി പറയുന്നു. രാവിലെ അഴിച്ചിട്ടാൽ നേരെ അടുക്കളവശത്തേയ്ക്ക് ഓടിയെത്തും. പാപ്പം (രാവിലത്തെ ഭക്ഷണം) കൊടുത്തുകഴിഞ്ഞാൽ കൂട്ടിലേയ്ക്ക് വിടും. രജനി അടുത്തുണ്ടെങ്കിൽ ഡോറ കൂട്ടിൽ കയറില്ല. കാലിൻചുവട്ടിൽ വന്ന് കിടക്കും. പിന്നെ വടിയെടുക്കണം. എന്നാലേ കൂട്ടിൽ കയറൂ. അമ്മയും മകളുമെന്ന ബന്ധമാണ് ഇവർതമ്മിൽ. എന്റെ അമ്മയാണ് എന്ന് പറഞ്ഞ് മക്കളെങ്ങാനും അമ്മയെ പുന്നാരിക്കാൻ വന്നാൽ ഡോറ തനിസ്വഭാവം പുറത്തെടുക്കും. ഡോറയെ ദോഷ്യം പിടിപ്പിക്കാൻ മക്കൾ സ്ഥിരം ഇങ്ങനെ ചെയ്യുകയും ചെയ്യും. ദേഷ്യം വന്നാൽ ഡോറ വന്നൊരു കടിയാണ്..ആഞ്ഞുകടിയ്ക്കില്ലെങ്കിലും ചുവന്ന് തടിയ്ക്കും. മക്കളായ സുജിത്ത് ലാലും സച്ചിന്തും ദേവികയുമെല്ലാം ഡോറയുടെ പൊസസ്സീവ്‌നസ്സിന് പലപ്പോഴും ഇരകളായിട്ടുണ്ട്. 

dora
സുജിത്ത് ലാലിന്റെ ഭാര്യ ആര്യ, സഹോദരി ദേവിക, സഹോദരൻ സച്ചിന്ത്, സുജിത്ത് ലാൽ, രജനി, സുബ്രഹ്മണ്യൻ, അമ്മിണി.

ഒരിക്കൽ കിടക്കുകയായിരുന്നു രജനി. കട്ടിലിന് താഴെ ഡോറയുമുണ്ട്. ഭർത്താവ് സുബ്രഹ്മണ്യന്റെ കാൽ അറിയാതെ തട്ടിയപ്പോൾ അയ്യോന്ന് വിളിച്ചതേയുള്ളൂ രജനി. ഡോറ ചാടിയെണീറ്റ് സുബ്രഹ്മണ്യന് നേരെ അക്രമണത്തിനൊരുങ്ങി. ഒടുവിൽ പണിപ്പെട്ടാണ് ഡോറയെ രജനി ശാന്തയാക്കിയത്. രജനിയുടെ അടുത്ത് ആരെങ്കിലും ഇരിയ്ക്കുന്നതോ കൂടുതൽ സ്‌നേഹിക്കുന്നതോ ഒന്നും ഡോറയ്ക്കത്ര ഇഷ്ടമല്ല. കുത്തിവെപ്പെടുക്കാൻ മൃഗാശുപത്രിയിൽ കൊണ്ടുപോവുമ്പോൾ രജനിയുണ്ടെങ്കിൽ കുത്തിവെക്കൽ ഈസിയാണ്. അല്ലെങ്കിൽ രണ്ടും മൂന്നും പേർ കാലിലും കൈയ്യിലും പിടിച്ച് വെച്ചുവേണം കുത്തിവെപ്പ് എടുക്കുവാൻ. സിറ്റ് ഡൗൺ, സ്റ്റാൻഡ് എന്നൊന്നും ഡോറയോട് പറഞ്ഞിട്ട് കാര്യമില്ല. മൈൻഡ് ചെയ്യുകയേയില്ല. മാമുണ്ണ്, ഉമ്പുള്ള്, ചാച്ചിക്കോ തുടങ്ങി ഓമനിച്ച് പറഞ്ഞാലേ ഡോറ കേൾക്കൂ.

തൃശ്ശൂരിൽനിന്ന് നാലുകൊല്ലം മുമ്പാണ് ഗൾഫിൽ ക്രെയ്ൻ ഓപ്പറേറ്ററായ സുജിത്ത്‌ലാൽ തൃശ്ശൂരിൽനിന്ന് മൂന്നുമാസം പ്രായമുള്ള ഡോറയെ വാങ്ങുന്നത്. വീട്ടിൽ നേരത്തെ നാടൻ ഇനം നായ്ക്കളെ വളർത്തിയിരുന്നെങ്കിലും റോട്ട് വീലർ ഇതാദ്യമാണ്. 20,000 രൂപ വരുന്ന കുഞ്ഞിനെ വാങ്ങാൻ കഴുത്തിൽ കിടന്ന മാല ഊരിവിറ്റു. ഇത് വീട്ടിൽ വലിയ പ്രശ്‌നമാവുകതന്നെ ചെയ്തു. മൂന്നുമാസം വരെ പരിപാലിച്ചതെല്ലാം സുജിത്ത് ലാൽ തന്നെയാണ്. ജോലിയാവശ്യത്തിനായി ഗൾഫിൽ പോവേണ്ടിവന്നപ്പോൾ ഡോറയെ പൊന്നുപോലെ നോക്കാൻ അമ്മ രജനിയെ ഏൽപ്പിച്ചു. ഡോറയെന്ന പേരിട്ടതിന് പിന്നിലും തമാശയാണ്. ഒരുദിവസം അനിയത്തി ദേവികയും മറ്റൊരു കുട്ടിയും ചേർന്നിരുന്ന് ഡോറയുടെയും ബുജിയുടെയും കഥ പറയുകയാണ്. ഇത് കേട്ടപ്പോഴാണ് പേര് കത്തിയതെന്ന് സുജിത്ത് ലാൽ പറയുന്നു. രണ്ടുവർഷംമുമ്പ് എടുത്ത വീഡിയോ ആണിത്. കോവിഡ് മൂലം ഗൾഫിൽനിന്ന് നാട്ടിലെത്തിയപ്പോഴാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ഇത്ര വൈറലാവുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സുജിത്ത് പറയുന്നു. പരിചയമില്ലാത്ത ആരെങ്കിലും വീട്ടിൽവന്നാൽ ഓടിച്ചെന്ന് അവരുടെ മേൽകയറും. അതുഭയന്ന് ഡോറയെ കെട്ടിയിട്ടുണ്ടോയെന്ന് ചോദിച്ചാണ് വീട്ടിലേയ്ക്ക് ആളുകൾ വരിക. 

Content Highlights: rottweiler dog in kerala and abroad rajani about petdog doramol