Ronson
Photo: Shaheer.C.H

തെലുങ്കു സിനിമാലോകം കീഴടക്കിയ കോഴിക്കോടിന്റെ സ്വന്തം സുന്ദര വില്ലന്‍, വിന്‍സന്റ് കുടുംബത്തിലെ ഇളംമുറക്കാരന്‍, യാത്രകളെ ഇഷ്ടപ്പെടുന്ന ബുള്ളറ്റ് റൈഡര്‍, അതിലുപരി കോഴിക്കോടന്‍ രുചികളെ പെരുത്തിഷ്ടപ്പെടുന്ന ഒന്നാന്തരമൊരു ഭക്ഷണപ്രിയന്‍.. റോണ്‍സണ്‍ വിന്‍സെന്റ് ഇങ്ങനെയൊക്കെയാണ്.

പക്ഷേ റോണ്‍സണ്‍ വിന്‍സെന്റ് എന്ന പേര് മലയാളി വീട്ടമ്മമാര്‍ക്ക് അത്ര പരിചയം കാണില്ല. കാരണം അവര്‍ക്കെല്ലാം റോണ്‍സണ്‍ നന്ദനാണ്. വില്ലത്തരം ജന്മസ്വഭാവമായ ഭാര്യയുടെ കള്ളക്കളികള്‍ മനസ്സിലാക്കാത്ത ഒരു പാവം ഭര്‍ത്താവായി മിനിസ്‌ക്രീന്‍ കീഴടക്കിയ സീരിയിലിലെ നായകന്‍. നന്ദനെന്ന കഥാപാത്രത്തിലൂടെ റോണ്‍സണ്‍ അവരുടെ പ്രിയപ്പെട്ട മകനും മരുമകനുമെല്ലാം ആയിക്കഴിഞ്ഞിരിക്കുന്നു. 

അഭിനയവും സാഹസികതയും ഫാഷന്‍ ഡിസൈനിങ്ങും അങ്ങനെ ക്രിയാത്മകമായ എന്തും ഇഷ്ടപ്പെടുന്ന തനി മലബാറുകാരനായ റോണ്‍സണിന്റെ വിശേഷങ്ങളിലേക്ക്.. 

സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണല്ലോ റോണ്‍സണിന്റെ വരവ് സിനിമ തന്നെയായിരുന്നോ ലക്ഷ്യം 

സിനിമ പാരമ്പര്യം എന്ന് പറയുമ്പോള്‍ ഞാന്‍ ആണ് എന്റെ വീട്ടില്‍ വൈകി വന്ന വസന്തം. അച്ഛന്‍ റോണി വിന്‍സെന്റ് മലയാളം തമിഴ് തുടങ്ങിയ ഭാഷകളില്‍ നായകനായി ഒമ്പത് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

അച്ഛന്റെ ജ്യേഷ്ഠനാണ് സംവിധായകനും ക്യാമറമാനുമായ വിന്‍സന്റ് മാസ്റ്റര്‍. ഭാര്‍ഗവീനിലയം, നീലക്കുയില്‍ തുടങ്ങി ഒരുപാട് പടങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടുമക്കള്‍ ജയനന്‍ വിന്‍സെന്റും അജയന്‍ വിന്‍സെന്റും ക്യാമറാ ടെക്‌നീഷ്യന്‍സ് തന്നെയാണ്. അച്ഛന്റെ ചേച്ചിയുടെ മകനാണ് സാബു സിറില്‍. ആര്‍ട്ട് ഡയറക്ടര്‍. ഇന്നത്തെ കാലത്ത് ബാഹുബലി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. 

മറ്റൊരു ചേട്ടന്‍ ശേഖര്‍ വി ജോസഫ് പുള്ളിയും ക്യാമറാമാനാണ്. ഞങ്ങളുടെ ഫാമിലിയില്‍ എല്ലാവരും ബിഹൈന്‍ഡ് ദ ക്യാമറയാണ്. എന്റെ ഫാമിലിയില്‍ ഞാനും എന്റെ അച്ഛനുമാണ് ഇന്‍ഫ്രന്റ് ഓഫ് ദ ക്യാമറ ഉള്ളത്. എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു ഞാന്‍ ഈ ഫീല്‍ഡില്‍ വരണമെന്നുള്ളത്. എന്നെ സംബന്ധിച്ച് ഇങ്ങനെ ഒതുങ്ങിക്കൂടി ജീവിക്കുക എന്നുള്ളതായിരുന്നു ലൈന്‍. കുറേ യാത്രകള്‍ പോകുക, ഭക്ഷണം കഴിക്കുക, കറങ്ങി നടക്കുക ഇതൊക്കെയായിരുന്നു. അച്ഛന്‍ ഇങ്ങനെ പറയുമായിരുന്നു നമ്മുടെ ഫാമിലിയില്‍ എല്ലാവരും ഈ ഫീല്‍ഡിലാണ്. നീയും ശ്രമിക്കണം എന്നൊക്കെ..അങ്ങനെയാണ് ഞാന്‍ ഈ ഒരു ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. 

ആദ്യ എന്‍ട്രി മോഡലിങ്ങിലൂടെ

ഞാന്‍ ആദ്യമായി വരുന്നത് മോഡലിങ് രംഗത്തേക്കാണ്. എന്റെ ഒരു ഫിസിക്ക് ട്രാന്‍സ്‌ഫോര്‍മേഷന് വേണ്ടിയാണ് മോഡലിങ് രംഗത്തേക്ക് വരുന്നത്. ഒരു ഫാഷന്‍ ഷോക്കിടയില്‍ തെലുങ്കുപടത്തിന്റെ ഡയറക്ടര്‍ കണ്ടിട്ട് ഇങ്ങനെ ഒരു നെഗറ്റീവ് ക്യാരക്ടറുണ്ട് ചെയ്യാമോ എന്ന് ചോദിക്കുന്നത്. നല്ലൊരു ക്യാരകടറാണ്. ഒരു പിരയോഡിക്കല്‍ ചിത്രമാണ് ചെയ്തുനോക്കൂ എന്ന,് അതാണ് മാനസാര എന്ന എന്റെ ആദ്യ ചിത്രം. ഞാന്‍ ഒരു ലേസി ബഗാണ്. മാര്‍ഷല്‍ ആര്‍ട്‌സും പഠിച്ചിട്ടില്ല. ഈ പടമാണെങ്കില്‍ മുഴുവന്‍ മാര്‍ഷല്‍ ആര്‍ട്‌സിനെ അടിസ്ഥാനമാക്കിയും. മൊത്തം കളരി ബേസ് ചെയ്ത്. അപ്പോള്‍ ഇതൊരു ചാലഞ്ചായി എടുത്ത് ചെയ്യുകയായിരുന്നു. 

ആദ്യപടത്തില്‍ തന്നെ അവാര്‍ഡ് 

അവാര്‍ഡ് ഒക്കെ ഒരു ഭാഗ്യമാണ് അതിനെ പറ്റി ഒന്നും പറയാനില്ല. ആദ്യപടത്തില്‍ പെര്‍ഫോമന്‍സ് ചെയ്യാനുള്ള ഭാഗ്യം കിട്ടി. ആദ്യപടത്തില്‍ തന്നെ അവാര്‍ഡും കിട്ടി. പിന്നീട് ഒരു നാലുപടം ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് ഞാന്‍ മലയാളത്തില്‍ വരുന്നത്. 

Ronson
Photo:Shaheer.C.H

ആരാണ് പ്രചോദനം, അഭിനയത്തില്‍ അച്ഛന്‍ നല്‍കിയിട്ടുള്ള ഉപദേശങ്ങള്‍

ഒരുപാട് ആഗ്രഹമുള്ള ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ ചെയ്തയാള്‍ എന്നേ നിലയില്‍ കമല്‍ഹാസന്‍ സാര്‍ ഒരുപാട് ഇന്‍സ്പിരേഷന്‍ തന്നിട്ടുണ്ട്. ഫിസിക് വൈസ് ആണെങ്കിലും, ക്യാരക്ടര്‍ വൈസ് ആണെങ്കിലും ഒരുപാട് തരത്തിലുളള ക്യാരക്ടര്‍, ഫീമെയില്‍ ക്യാരക്ടര്‍ വരെ ചെയ്തിട്ടുണ്ട്. കൂടുതലും സംസാരഭാഷതന്നെയാണ് ഇന്നുപയോഗിക്കുന്നത്. ഭാഷ നമ്മള്‍ സംസാരിക്കുന്നത് തന്നെയാകുമ്പോള്‍ വളരെ കാഷ്വല്‍ ആകും. അച്ഛന്‍ പറയാറുള്ളത് എന്താണെന്ന് വച്ചാല്‍ കൂടതല്‍ കാഷ്വല്‍ ആയിട്ട് അഭിനയിക്കുക. വീട്ടില്‍ സംസാരിക്കുന്ന പോലത്തന്നെ കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ്. 

തെലുങ്കില്‍ വില്ലന്‍, മിനിസ്‌ക്രീനില്‍ നായകന്‍

എനിക്കെപ്പോഴും വില്ലനായി അഭിനയിക്കാനാണ് ഇഷ്ടം. കാരണം വില്ലനാണ് കൂടുതല്‍ എക്‌സ്പ്രസ് ചെയ്യാന്‍ കഴിയുന്നത്. മലയാള സിനിമയില്‍ നെഗറ്റീവ് റോള്‍ ചെയ്തിട്ടുണ്ടായിരുന്നു. സ്റ്റഡി ടൂര്‍ എന്ന ചിത്രത്തില്‍, ഒരു സൈക്കോ ആയിട്ടാണ്. ആ പടത്തില്‍ ഹീറോ ആയിട്ടാണ് എന്നെ കാസ്റ്റ് ചെയ്തിരുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ നെഗറ്റീവ് കഥാപാത്രത്തിനാണ് അഭിനയപ്രാധാന്യമുള്ളതെന്ന് കണ്ടപ്പോള്‍ വില്ലന്റെ വേഷം ചോദിച്ചുവാങ്ങിയതാണ്. ഇങ്ങനെ ഒരാളെ ആദ്യമായി കാണുകയാണെന്ന് അവരും പറഞ്ഞു. എനികക് കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആയിട്ട് ചെയ്യാന്‍ കഴിയുന്ന കഥാപാത്രം അതായിരിക്കാം. തനുവെഡ്‌സ് മനു എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ വില്ലനായിട്ട് ചെയ്തിരുന്നു. അതിന് ശേഷം ഒരുപടത്തില്‍ നായകനായിട്ട് ചെയ്തു. എനിക്കെന്തോ വില്ലനാകാനാണ് കൂടുതല്‍ താല്പര്യം. 

മലയാളസിനിമയിലേക്ക്.. 

മലയാള സിനിമയില്‍ ഇപ്പോള്‍ അവസരം വരുന്നുണ്ട്. പക്ഷേ ഹീറോ കാരക്ടര്‍ ഇപ്പോള്‍ വേണ്ട എന്ന നിലപാടിലാണ് ഞാന്‍. എനിക്ക് നെഗറ്റീവ് ക്യാരക്ടറിലൂടെ സ്റ്റാര്‍ട്ട് ചെയതാല്‍ മതി. കാരണം നമ്മുടെ ലാലേട്ടനൊക്കെ നെഗറ്റീവ് ക്യാരക്ടറില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്തിട്ടാണ് ഹീറോ ആയി വന്നിട്ടുള്ളത്. അതേപോലെ  രജനീകാന്ത് സാറും നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. അതുകൊണ്ട് ഒരു നെഗറ്റീവ് കഥാപാത്രത്തില്‍ നിന്ന് തുടങ്ങിയാല്‍ മതിയെന്നാണ് ആഗ്രഹം. നല്ലൊരു നെഗറ്റീവ് ക്യാരക്ടര്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. 

ആരാധകരുടെ പ്രതികരണം

മിനിസ്‌ക്രീനില്‍ ഉള്ള ആളുകള്‍ക്ക് ദ ബോയ് നെക്‌സ്റ്റ് ഡോര്‍ എന്ന രീതിയിലാണ്. ജനങ്ങളുടെ ഇടയില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ പയ്യന്‍ എന്ന രീതിയിലാണ് ആളുകള്‍ പെരുമാറുന്നതും സംസാരിക്കുന്നതും. എന്നാല്‍ വലിയ സെലിബ്രിറ്റികളോട് അവര്‍ക്ക് ഒരു റെസ്‌പെക്ട് കലര്ന്ന സ്‌നേഹമാണ്. അവര്‍ വേറെ ലവലിലാണ് നില്‍ക്കുന്നത്. പക്ഷേ നമ്മളോട് ഒരു ഫ്രണ്ട്‌ലി അപ്രോച്ചാണ്. 

രസകരമായ അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അഭിനയിക്കുന്ന സീരിയല്‍ അതില്‍ ഒരു നാനൂറ് എപ്പോസോഡ് കഴിഞ്ഞു. അതിന്റെ ചെറിയ സെലിബ്രേഷന്‍ എല്ലാം ഉണ്ടായിരുന്നു. യാത്രകള്‍ പോകുന്ന സമയത്ത് ആളുകള്‍ വളരെ ഫ്രണ്ട്‌ലി ആയിട്ട് വന്ന് സംസാരിക്കും. ക്യാരക്ടറിനെ ബേസ് ചെയ്തായിരിക്കും കൂടുതലും അവരുടെ സംസാരം. പലര്‍ക്കും എന്നോട് ഒരു സിംപതിയാണ്. 'മോനെ നിന്നെ ആ കുട്ടി, (ഭാര്യയായി അഭിനയിക്കുന്ന കുട്ടി) വല്ലാതെ പറ്റിക്കുകയാണ് നീ അത് മനസ്സിലാക്കണം. എന്നൊക്കെ പറയും. ആ സീരിയലില്‍ എന്റെ കഥാപാത്രത്തിന്റെ പേര് നന്ദന്‍ എന്നാണ്, ആളുകള്‍ പറയും നീ നന്ദനല്ല, മണ്ടനാണ് എന്നൊക്കെ. 

ഈ ഫിറ്റ്‌നസ്സിന്റെ രഹസ്യം എന്താണ്  ? 

ഞാന്‍ ഭയങ്കര മടിയനായ ഒരാളാണ്. മാത്രമല്ല  ആഹാരം കഴിക്കാന്‍ ഭയങ്കര താല്പര്യമുള്ള ഒരാളാണ്. ആഹാരം കഴിക്കാന്‍ വേണ്ടി മാത്രം ഒരുപാട് വാരിവലിച്ച് കഴിക്കാന്‍ വേണ്ടി മാത്രം ഫിറ്റ്‌നസ് മെയിന്റെയിന്‍ ചെയ്യുന്നു. ഒരുകാലത്ത് 116 കിലോ വരെ ഭാരമുണ്ടായിരുന്ന ആളാണ് ഞാന്‍. ബേസിക്കലി ഐടി ബേസ്ഡ് വര്‍ക്കായിരുന്നു ചെയ്തുകൊണ്ടിരുന്നത്. മെക്കാനിക്കല്‍ ലൈഫില്‍ വേറെ എന്റര്‍ടെയ്ന്‍മെന്റ് ഒന്നും ഉണ്ടാകില്ല. നമ്മളായി നമ്മുടെ ജോലിയായി. സിസ്റ്റത്തിന്റെ അടുത്ത് എന്തെങ്കിലും വെച്ച് ഇങ്ങനെ കഴിച്ചുകൊണ്ടിരിക്കും അങ്ങനെ 116 കിലോ എത്തി. ലൈഫില്‍ എന്തെങ്കിലും ടാര്‍ഗറ്റ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ട്രാന്‍സ്‌ഫോര്‍മേഷന് ഒരു മോട്ടീവ് ലഭിക്കുകയുള്ളൂ. എനിക്ക് തെലുങ്ക് സിനിമയിലേക്ക് ഒരു ഓഫര്‍ വരികയും 116 കിലോയില്‍ നിന്ന് 80 കിലോയിലേക്ക് ഞാനെത്തുന്നതും അങ്ങനെയാണ്.

സാഹസികതയും ഇഷ്ടമാണെന്ന് തോന്നുന്നു? 

സാഹസികത ഇഷ്ടമായതുകൊണ്ടാണ് ഇപ്പോള്‍ ടെലിവിഷനില്‍ ഒരു അഡ്വഞ്ചര്‍ പ്രോഗ്രാമില്‍ ഞാന്‍ പങ്കെടുത്തത്. പിന്നെ യാത്രകള്‍, ഭക്ഷണപ്രിയനായതുകൊണ്ടും, ഭക്ഷണത്തോട് താല്പര്യമുള്ളതുകൊണ്ടും ഞാന്‍ ഒരുപാട് യാത്രകള്‍ ചെയ്യും. ലോങ് ഡിസ്റ്റന്‍സ് റൈഡുകള്‍ താല്പര്യമുള്ളയാളാണ് ഞാന്‍. ഇനിയും യാത്രകള്‍ പോകണം. എന്തായാലും യാത്രകള്‍ ബൈക്കിലായിരിക്കും.

ഫാഷന്‍ ഡിസൈനിങ്ങിലും തിളങ്ങിയിരുന്നല്ലോ?

എന്റെ വീട്ടില്‍ എല്ലാവരും കലാകാരന്മാരാണ്. എന്റെ അച്ഛന്‍ നന്നായി വരയ്ക്കും. എനിക്കും താല്പര്യമുണ്ട്. ഫാഷന്‍ ഡിസൈനിങ് ഒന്നും പഠിച്ചിട്ടല്ല. എല്ലാം ക്രിയേറ്റിവിറ്റിയാണ്. ഇപ്പോള്‍ സാബു സിറിള്‍ ചേട്ടന്റെ കാര്യം നോക്കൂ. അവരൊക്കെ ജന്മനാ കലാവാസനയുള്ളവരാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് 
പുതുതായി ആലോചിക്കാന്‍ പറ്റുന്നതും ചെയ്യുന്നതും. 

കോഴിക്കോട് ഒരു ബോട്ടീക്ക് സ്റ്റാര്‍ട്ട് ചെയ്തിരുന്നു, അത് ഒരു അഞ്ച് വര്‍ഷത്തോളം റണ്‍ ചെയ്തു. അഭിനയത്തില്‍ തിരക്കായതോടെ അത് നിര്‍ത്തി. 
ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ബ്രൈഡല്‍ കളക്ഷന്‍ ചെയ്തിരുന്നത് ഞാനായിരുന്നു. ഒരുപാട് സെലിബ്രിറ്റീസിന് വേണ്ടിയിട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോടാണ് ഏറ്റവും ഫാഷനബിള്‍ ആയിട്ടുള്ള വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ഉള്ളതെന്ന് തോന്നുന്നു. അതുമാത്രമല്ല ചെലവഴിക്കാന്‍ ചെയ്യാന്‍ ഒട്ടും മടിയുമില്ല. അവര്‍ക്ക് യുണീക്കായിട്ടുള്ള വ്യത്യസ്തമായിട്ടുള്ള വസ്ത്രം വേണമെന്ന് ആഗ്രഹവുമുള്ളവരാണ്. ആദ്യമായി ബ്രൈഡല്‍ ഫോര്‍ ഇന്‍ വണ്‍ എന്ന ബ്രൈഡല്‍ ഡ്രസ് ഞാനാണ് ആദ്യമായി കൊണ്ടുവരുന്നത്. ഒരു ഡ്രസ് തന്നെ നാലു ഒക്കേഷനില്‍ നാലുതരത്തില്‍ അണിയാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സ്റ്റൈലിലായിരുന്നു അത് തയ്യാറാക്കിയത്. 

Ronson
Photo:Shaheer.C.H

ബിഹൈന്‍ഡ് ദ സ്‌ക്രീന്‍ താല്പര്യമില്ലേ? 

ആര്‍ട്ട് ഡയറക്ടഷന്‍ താലപര്യമുള്ള മേഖലയാണ്. ചെന്നൈയില്‍ ആയിരുന്ന സമയത്ത് സാബുവേട്ടന്റെ വീട്ടിലാണ് ഞാന്‍ കൂടുതല്‍ കാലം ഉണ്ടായിട്ടുള്ളത്. 
അന്നദ്ദേഹം കാലാപാനി പോലുള്ള പ്രൊജക്ടുകള്‍ ചെയ്യുന്ന സമയം. അവരുണ്ടാക്കു മിനിയേച്ചര്‍ മോഡല്‍സ് എല്ലാം കണ്ട് താല്പര്യം തോന്നിയിട്ടുണ്ട്. ബിഹൈന്‍ഡ് ദ ക്യാമറ വരണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ ഇന്‍ഫ്രന്റ് ഓഫ് ദ ക്യാമറ നല്ല സ്മൂത്തായി പോകുന്നുണ്ട്. തല്ക്കാലം അതങ്ങനെ തന്നെ പോകട്ടെ. 

പുതിയ പ്രൊജക്ട്

കവടിയാര്‍ ദാസ് എന്ന സംവിധായകന്റെ ആയിരത്തി എണ്ണൂറ്റിനാല് ഒരു നായര്‍ വിപ്ലവം എന്ന ഒരു സിനിമ ചെയ്യുന്നുണ്ട്. ഒരു പിരിയോഡിക്കല്‍ ഫിലിം ആണത്. കൊല്ലം കൃഷ്ണപ്പിള്ള എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യുന്നത്. മാനസാര കണ്ടിട്ടാണ് എന്നെ അതിലേക്ക് കാസ്റ്റ് ചെയ്തത്. മാനസാരയിലെ ആതേ ഗെറ്റപ്പാണ് ഇതിലും. പടത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇനി ഒരു ക്ലൈമാക്‌സ് ഫൈറ്റ് കൂടെ ഷൂട്ട് ചെയ്യാനുണ്ട്. 

മിനസ്‌ക്രീനിലെ റാണാ ദഗ്ഗുബാട്ടി​ എന്ന് പറഞ്ഞാല്‍ 

ഒരു അവാര്‍ഡ് ഷോയില്‍ റാണാ ദഗ്ഗുബട്ടിയായിട്ട് വരാന്‍ എനിക്ക് സാധിച്ചു. ബാഹുബലിയില്‍ നിന്ന് മാറി വളരെ കോമഡിയായിട്ടുള്ള ഒന്നായിരുന്നു അത്. 
ഞാന്‍ നന്നായി എന്‍ജോയ് ചെയ്ത ഒന്നാണ് അത്. അതുകണ്ട് ഞങ്ങള്‍ രണ്ടുപേരും ലുക്ക് വൈസ്  ഒരുപോലെയാണെന്ന് പലരും പറഞ്ഞു. പക്ഷേ പ്രേക്ഷകരോട് ഞാന്‍ പ്രത്യേകം പറയുകയാണ് ഞാനും അദ്ദേഹവും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. റാണാ ദഗ്ഗുബാട്ടി എന്ന് പറഞ്ഞാല്‍ വളരെ ഹ്യൂജായിട്ടുള്ള ഹള്‍ക്ക് പോലെയൊരു മനുഷ്യനാണ്. അദ്ദേഹം ഒരു ഭീകര മനുഷ്യനാണ്, ഞാന്‍ വളരെ ചെറിയൊരു മനുഷ്യനാണ്.