മ്മയാകുന്നതിന്റെ സന്തോഷവും സ്വപ്‌നങ്ങളും കാത്തിരിപ്പുമെല്ലാം പതിയെ പേടിയായി മാറുന്ന ഒരു സമയമുണ്ട് സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചും ജോലിക്കാരില്‍, പ്രസവാവധി കഴിഞ്ഞ് ഇനി കുഞ്ഞിനെ ആരുനോക്കുമെന്ന ചോദ്യം മുന്നിലെത്തുമ്പോള്‍ മുതല്‍. ബന്ധുക്കളെയും ആയമാരെയും ഏല്‍പിച്ചാലും മുലപ്പാല്‍ നല്‍കാനാവില്ലല്ലോ എന്നൊരു അമ്മയുടെ വേദന അവിടെ ഉണ്ടാകും. ആറ് മാസമെങ്കിലും പ്രസവാവധി ലഭിക്കുന്നവരുടെ സങ്കടം ഇത്രയുമാണെങ്കില്‍ മൂന്നു മാസം മാത്രം അവധി ലഭിച്ചിരുന്ന കരാര്‍ ജീവനക്കാരായ അമ്മമാരുടെ അവസ്ഥയോ.. സ്വന്തം കാലില്‍ നില്‍ക്കാനും കുടുംബം നോക്കാനും ഒരു ജോലി എന്ന് കരുതി കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രസവത്തോടെ ജോലി പോലും ഉപേക്ഷിക്കേണ്ടി വന്നിരുന്നത് ഇക്കാരണങ്ങളാലൊക്കെയാണ്. എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്കും ആറു മാസത്തെ പ്രസവാവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ പോരാട്ടം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് എറണാകുളം മൂത്തകുന്നം സ്വദേശി പി.വി. രാഖി.

മൂന്ന് മാസമെന്ന അനീതി

2017 ല്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപികയായി ജോലിചെയ്യുന്ന സമയമാണ്. ഞാന്‍ രണ്ടാമത് ഗര്‍ഭിണിയായിരുന്നു. കരാര്‍ ജീവനക്കാര്‍ക്ക് മൂന്നു മാസമായിരുന്നു അന്ന് പ്രസവാവധി. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്ന കേന്ദ്രഗവണ്‍മെന്റിന്റെ ഒരു പദ്ധതിക്കു കീഴില്‍ തൃശ്ശൂര്‍ നാട്ടിക സര്‍ക്കാര്‍ സ്‌കൂളിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. ലീവ് കുറവാണല്ലോ എന്നതൊക്കെ മനസ്സില്‍ ടെന്‍ഷനായി തോന്നിയിരുന്നു. കുഞ്ഞ് പിറന്നാല്‍ ആറ് മാസം കഴിഞ്ഞേ ജോലിക്ക് ജോയിന്‍ ചെയ്യൂ, എന്തായാലും വേണ്ടില്ല എന്ന് ഒരിക്കല്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. അന്ന് അവരൊക്കെ പറഞ്ഞ ഒരു കാര്യം, അങ്ങനെ ലീവെടുക്കുന്നതൊക്കെ കൊള്ളാം തിരിച്ചു വരുമ്പോള്‍ ജോലി ഉണ്ടാകുമോ എന്ന് പറയാന്‍ പറ്റില്ല എന്നാണ്. അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത് സ്ഥിരം ജോലിക്കാര്‍ക്ക് ആറ് മാസം ഗര്‍ഭാവധി, എന്നാല്‍ കരാര്‍ജോലിക്കാര്‍ക്ക് അത് മൂന്ന് മാസവും, അതു ശരിയല്ലല്ലോ എന്ന്. ഞങ്ങള്‍ക്കും അവര്‍ക്കും ഒരേപോലെ തന്നെയല്ലേ ഗര്‍ഭകാലവും കുഞ്ഞിനെ നോക്കേണ്ടതുമെല്ലാം എന്നാണ്  മനസ്സില്‍ വന്ന ചോദ്യം. 

ഈ സമയത്താണ് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പാസായായത്. ഏത് കരാര്‍ തൊഴിലാളിയാണെങ്കിലും, ഒരു സ്ഥാപനത്തില്‍ നിശ്ചിത മണിക്കൂര്‍ ജോലി ചെയ്യുന്ന സ്ത്രീ ആണെങ്കിലും ആറ് മാസം ഗര്‍ഭകാല അവധി നല്‍കണമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ഈ ആക്ട് അനുസരിച്ച് എനിക്ക് ആറ് മാസം മെറ്റേണിറ്റി ലീവ് നല്‍കണമെന്ന് പറഞ്ഞ് ഞാന്‍ അപേക്ഷ നല്‍കി. എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്ക് അവധിയില്ല എന്ന് പറഞ്ഞ് അത് തള്ളുക തന്നെ ചെയ്തു. ഈ സമയത്ത് തന്നെ ഞാന്‍ വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലുമെല്ലാം പരാതി നല്‍കിയിരുന്നു. അവരില്‍ നിന്നൊക്കെ ലഭിച്ച മറുപടികളാണ് വിചിത്രം. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവര്‍ക്കായി എപ്പോഴും നില്‍ക്കുമെന്ന് നമ്മള്‍ കരുതുന്ന മനുഷ്യാവകാശ കമ്മീഷനും സ്ത്രീകള്‍ക്കു വേണ്ടിയുള്ള സംഘടനയായ വനിതാ കമ്മീഷനും പ്രതികരിച്ചത് നിങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റുമായി കൂടി ആലോചിച്ച് വേണ്ട തീരുമാനം എടുത്തോളൂ എന്നായിരുന്നു. 

ഇനിയെന്ത് എന്ന ആലോചനയില്‍ നിന്നാണ് ബന്ധുവായ ഒരു അഭിഭാഷകന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് തന്നെ മനസ്സില്‍ കുറിച്ചിരുന്നു, സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഇതില്‍ നിന്ന് പിന്‍മാറില്ല. വിജയിക്കാന്‍ എളുപ്പമല്ലെന്ന് എന്റെ അഭിഭാഷകന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഒപ്പം ജോലി നഷ്ടപ്പെടാം, ശമ്പളം തടഞ്ഞുവയ്ക്കപ്പെടാം.. ഇങ്ങനെ ശിക്ഷാനടപടികളും വരാം.

ഞങ്ങളുടെ സംഘടനയായ കേരളാ റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷനെയും ഞാന്‍ ഇങ്ങനെ ഒരു കേസ് നല്‍കുന്നുണ്ട് എന്നറിയിച്ചിരുന്നു. അന്ന് ആ സംഘടനയിലെ അംഗങ്ങളായ പതിനാറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. എന്നാല്‍ ആറ് സ്ത്രീകള്‍ മാത്രമാണ് എനിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായത്. ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെങ്കിലും അവര്‍ ഒപ്പം നിന്നു. നമ്മുടെ മക്കള്‍ക്കു വേണ്ടിയല്ലേ.. ദൈവം കൈവിടില്ല എന്നതുമാത്രമായിരുന്നു ഒരേയൊരു വിശ്വാസം. 

rakhi
പി.വി.  രാഖി കുടുംബത്തിനൊപ്പം

കുഞ്ഞിനു വേണ്ടി

എന്റെ പ്രസവം കഴിഞ്ഞതിന്റെ പിറ്റേന്നാണ് ഞങ്ങള്‍ കേസ് ഫയല്‍ ചെയ്യുന്നത്. എന്നാല്‍  ഞങ്ങള്‍ക്ക് ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന രീതിയില്‍ ഭീക്ഷണി നേരിടേണ്ടി വന്നു. സര്‍ക്കാര്‍ തലത്തില്‍ പോലും കേസ് നീട്ടാനാണ് ശ്രമം നടന്നത്. പല അധ്യാപക സംഘടനകള്‍ പോലും ഞങ്ങള്‍ക്കെതിരായിരുന്നു. മൂന്നുമാസം പോരെ എന്നായിരുന്നു അവരുടെ ചോദ്യം. ആറ് മാസം കുഞ്ഞിന്റെ മുലപ്പാല്‍ നല്‍കാനുള്ള അമ്മയുടെ അവകാശത്തിന് വേണ്ടിയായിരുന്നു ആ പോരാട്ടം. 

ഹൈക്കോടതിയില്‍ സിംഗിള്‍ ബഞ്ചിന്റെ വിധി അനുകൂലമായി വന്നു. എന്നാല്‍ മൂന്ന് മാസമായപ്പോഴേ തിരിച്ചു ജോലിക്കു കയറണമെന്ന നിര്‍ദേശമാണ് കിട്ടിയത്. എനിക്കൊപ്പം നിന്ന ആറ് പേര്‍ക്കും പല തരത്തിലുള്ള ഭീക്ഷണികള്‍ നേരിടേണ്ടി വന്നിരുന്നു. അതിലൊരാള്‍ പിന്‍മാറിയിരുന്നെങ്കില്‍ കേസ് തോറ്റു പോയേനെ. എന്നാല്‍ സര്‍ക്കാര്‍ തന്നെ  ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതോടെ കേസ് മറ്റൊരു വഴിത്തിരിവിലായി. ആറുമാസം ശമ്പളത്തോടെ ലീവ് അനുവദിക്കാനാവില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഒടുവില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി എല്ലാ കരാര്‍ ജീവനക്കാര്‍ക്കും ബാധകമാക്കിക്കൊണ്ട് 2018-ലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി. പക്ഷേ, തടഞ്ഞുവെച്ച മൂന്നു മാസത്തെ ശമ്പളത്തിനു വേണ്ടി കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്യേണ്ടി വന്നു. ഏകദേശം ഒന്നര വര്‍ഷത്തോളം ഇതിനെല്ലാം പിന്നാലെ ഓടേണ്ടി വന്നു. പിന്നെയും സമയമെടുത്തു ഇതൊരു ഓര്‍ഡറായി ഇറങ്ങാന്‍. നമ്മുടെ കുഞ്ഞിന് വേണ്ടിയാണ് എന്ന തോന്നലായിരുന്നു എല്ലാത്തിനും ഊര്‍ജം. 

ഒപ്പം നിന്നത് കുടുംബം

എതിര്‍ത്തവരും ധാരാളമുണ്ട്. ഇതൊക്കെ എന്തിനാണ് എന്ന് ചോദിച്ചവരുണ്ട്. എന്നാല്‍ കുടുംബത്തില്‍ എല്ലാവരും രാഖിക്കൊപ്പം നിന്നു. എല്ലാ സഹായത്തിനും ഭര്‍ത്താവ് സാമായിരുന്നു മുന്നിലുണ്ടായിരുന്നത്. റിലയന്‍സ് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയാണ് അദ്ദേഹം. രണ്ട് മക്കള്‍,  ധര്‍മിത് കിഷനും ധരണേഷ് കിഷനും.

ചെറുപ്പം തൊട്ടേ ഇത്തരം അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തണമെന്ന പാഠം കേട്ടുവളര്‍ന്നയാളായിരുന്നു രാഖി. ഒറ്റമകളായതിനാല്‍ എല്ലാക്കാര്യങ്ങളിലും സ്വയംപര്യാപ്തത നേടണമെന്ന് അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അമ്മ ശിരസ്തദാര്‍ ആയിരുന്നതിനാല്‍ നിയമവും നിയമപോരാട്ടവും രാഖിയ്ക്ക് പുതുമയുള്ള കാര്യമായിരുന്നില്ല. 

നൃത്തമാണ് ജോലിയും കുടുംബവും എല്ലാം കഴിഞ്ഞാല്‍ രാഖിയുടെ ഇഷ്ടങ്ങളിലൊന്ന്. സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍ക്കൊക്കെ പോകാറുണ്ട്. മാത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയാണ് രാഖി. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് എസ്.എസ്.എം.എച്ച്.എസില്‍ അധ്യാപികയാണ്. 

അധ്യാപനത്തോടൊപ്പം പാര്‍ടൈം കൗണ്‍സിലിങും രാഖി നല്‍കിവരുന്നു. 'ഒരുപാട് ടെന്‍ഷനടിച്ചതുകൊണ്ട് ഒരു കാര്യങ്ങളും ശരിയാവണമെന്നില്ല. പുരുഷന്മാരേക്കാള്‍ മനോബലമുള്ളവരാണ് സ്ത്രീകള്‍. അങ്ങനെയുള്ള നമ്മള്‍ വിചാരിച്ചാല്‍ ഏത് ബുദ്ധിമുട്ടുകളെയും മറികടക്കാനാവും.' രാഖിക്ക് സ്ത്രീകളോട് പറയാനുള്ളത് ഇതാണ്. 

Content Highlights: Rakhi PV Teacher from Thrissur elated with govt order on maternity leave