- ഭക്തരുടെ മനസ്സിനെ ഭ്രാന്തമാക്കാനേ സ്ത്രീപ്രവേശം ഉപകരിക്കൂ
- ഹാപ്പി ടു ബ്ലീഡ് യുക്തിയില്ലാത്ത മുന്നേറ്റം
- ഭരണഘടനാ വിരുദ്ധമായ മതംമാറ്റത്തെ പ്രതിരോധിക്കാന്‍ മതപാഠശാലയിലൂടെയാകും
- ഹൈന്ദവത ഉയര്‍ന്നു വരുന്നതില്‍ അഭിമാനം
ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ തുടങ്ങുമെന്ന താങ്കളുടെ ഏറ്റവും പുതിയ തീരുമാനത്തില്‍ നിന്ന് തുടങ്ങാം. പദ്ധതി വിശദീകരിക്കാമോ?
സത്യത്തില്‍ ഹിന്ദുമതം മതമായി അംഗീകരിക്കാന്‍ മാനസികമായി പരിമിതികളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മതത്തെ ഹിന്ദുധര്‍മ്മമായി കാണുന്നതിനാലാണത്. ഹിന്ദു എന്ന രീതിയില്‍ ആരും ആരെയും ഹിന്ദൂയിസം പഠിപ്പിക്കുന്നില്ല. മതപഠന കാര്യത്തില്‍ സുസ്ഥിരമായ സംവിധാനമോ കാഴ്ചപ്പാടോ ഇല്ല.
മതഗ്രന്ഥങ്ങള്‍ ആര് പഠിപ്പിക്കണമെന്നില്ല, ആര് പഠിതാവാകണമെന്നില്ല, സിലബസില്ല, ആരാധന തന്നെ ആധുനിക യുഗത്തില്‍ ഏതാണ്ട് അന്യം നില്‍ക്കുകയാണ്. അങ്ങനെ, പുണ്യം വിലയ്ക്കു വാങ്ങുന്ന സങ്കേതങ്ങളായി ക്ഷേത്രങ്ങള്‍ മാറി.
മാതാപിതാക്കളോടും പിതൃക്കളോടുമുള്ള ഉത്തരവാദിത്വം ആര്‍ജ്ജിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കാന്‍ വാവുബലിയുടെ കാര്യത്തില്‍ ബോര്‍ഡ് വലിയ താല്‍പര്യം കാണിക്കുന്നതു പോലെയാണ് മതപാഠശാലയുടെ കാര്യവും.
സത്യസന്ധമായി പറഞ്ഞാല്‍ മുസ്ലീമും ക്രിസ്ത്യാനിയും പ്രാര്‍ത്ഥനയോട് കാണിക്കുന്ന പ്രതിബദ്ധത ഹിന്ദുവിനില്ല. അത് ഹിന്ദുവിന്റെ മാനസികാവസ്ഥയുടെയും കൂട്ടുത്തരവാദിത്വത്തിന്റേയും സഹജീവിയോടുള്ള സഹിഷ്ണുതയുടേയും ഭാഗമാണ്. ഇതെല്ലാം കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു പാഠ്യപദ്ധതി ഇത്തരം മതപാഠശാലകളിലൂടെ ബോര്‍ഡ് ഉദ്ദേശിക്കുന്നു.
കുട്ടികളെ നിരത്തിയിരുത്തി മതം പഠിപ്പിക്കുന്നു എന്നല്ല. മതവും ആധുനികതയും സംയോജിപ്പിക്കുന്ന പദ്ധതിയാണ് എനിക്കുള്ളത്. തീരുമാനങ്ങളൊന്നുമായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് പരിണിതപ്രജ്ഞരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.
ഇത്തരം പാഠശാലകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഡി.ടി.പി പരിശീലനം നല്‍കാം. അമ്പലത്തില്‍ അതിന് അവസരമുണ്ടെന്ന് കണ്ടാല്‍ ആരും കുട്ടികളെ വിടും. എന്റെ കണ്‍സെപ്റ്റില്‍, അങ്ങനെ വരുന്ന കുട്ടികളെ ഗായത്രീമന്ത്രം ഡി.ടി.പി ചെയ്യാനാണ് പഠിപ്പിക്കേണ്ടത്. ഇത് 10 പ്രാവശ്യം ചെയ്യുന്നതോടെ ഡി.ടി.പിയുമാകും, ഗായത്രീമന്ത്രം ഹൃദിസ്ഥവുമാകും.
കുട്ടി ഇതറിയുന്നില്ല. പഠിച്ചശേഷമായിരിക്കും അവന്‍ ഇത് ഗായത്രീമന്ത്രമാണെന്നറിയുന്നത്. ഇത്തരത്തിലുള്ള ഒരു മതപാഠശാലയാണ് ഉദ്ദേശിക്കുന്നത്. സ്വന്തമായി പശുവുള്ളയാളിനേ അംഗത്വമുള്ളൂ എന്ന പദ്ധതി മില്‍മയില്‍ നടപ്പിലാക്കിയ പോലെ ക്ഷേത്രോപദേശക സമിതിയില്‍ അംഗമാകണമെങ്കില്‍ മക്കളെയോ കൊച്ചുമക്കളെയോ പാഠശാലയില്‍ അയച്ചിരിക്കണമെന്ന നിര്‍ബന്ധിത സംവിധാനമുണ്ടാകും.
അംഗങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ക്ഷേത്രത്തില്‍ തൊഴാന്‍ പോയിരിക്കണം. ചുരുക്കത്തില്‍ ക്ഷേത്രം ഭരിക്കുന്നത് ഭക്തന്‍ തന്നെയായിരിക്കണം.
പാഠശാലയിലേക്കുള്ള കുട്ടികളുടെ പ്രായം നിശ്ചയിച്ചിട്ടുണ്ടോ?
ചെറുപ്രായമല്ലേ പറ്റുള്ളൂ. ഇതുകൂടാതെ യൂണിറ്റ് തലം വരെ മത്സരങ്ങള്‍ നടത്തും. ഭഗവത്ഗീതയോ അര്‍ച്ചനാ മന്ത്രമോ നാരായണീയമോ വായിക്കാനുള്ള മത്സരം. 12 വയസ്സിന് മുമ്പ് ഭഗവത്ഗീത കാണാതെ പഠിക്കുന്ന കുഞ്ഞിന്റെ(സംക്ഷിപ്ത രൂപമെങ്കിലും) തുടര്‍ വിദ്യാഭ്യാസത്തില്‍ രക്ഷാകര്‍ത്താവിനെപ്പോലെ ബോര്‍ഡും പങ്കാളികളാകും. അത് മെഡിസിനോ എഞ്ചിനീയറിങ്ങോ എന്തായാലും. അത് ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ തന്നെയാവണമെന്നില്ല.
മറ്റൊന്തൊക്കെയാണ് പദ്ധതികള്‍?
ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക ഗ്രന്ഥ അലമാര എന്നെഴുതിയ അലമാരകള്‍ സൗജന്യമായി കൊടുക്കും. അതിലേക്ക് നേര്‍പകുതി വിലയ്ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. അമ്പലത്തില്‍ പ്രദര്‍ശിപ്പിച്ചശേഷം അവിടിരുന്ന് വായിക്കാന്‍ അവസരമുണ്ടാക്കും. ചെറുപ്പക്കാരുടെ ജീവിതത്തിന്റെ കുറേസമയം ക്ഷേത്രത്തില്‍ ഇരുത്തുക. ആ ഇരുത്തുന്നത് നാളെയൊരു മെഡിറ്റേഷന്റെ തുടക്കമാകാം.
ബോര്‍ഡിന്റെ കോളേജുകളില്‍ ചട്ടമ്പിസ്വാമി, നാരായണ ഗുരു, മഹാത്മാ അയ്യന്‍കാളി എന്നിവരുടെ പേരില്‍ ആദ്ധ്യാതമിക സെന്ററുകള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കാം. എന്തായാലും ഇത് കേള്‍ക്കാന്‍ കുറേപ്പേര് വരുമല്ലോ.
ഐ.ടി മേഖലയുമായി ബന്ധപ്പെട്ട ആത്മീയ പഠനമെന്ന പദ്ധതിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?
ഡി.ടി.പി കൂടാതെ യുവാക്കള്‍ക്ക് ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട് ബ്രൗസ് ചെയ്ത് പഠിക്കാന്‍ അവസരമുണ്ടാക്കും. പുരാണേതിഹാസങ്ങളുടെ സംക്ഷിപ്ത രൂപം മനസ്സിലാക്കാന്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങും.
ആശയരൂപീകരണം വരെയേ ആയിട്ടുള്ളൂ. എന്റെ ഇത്തരം കാടുകയറിയ ആലോചനകളെല്ലാം ഈശ്വരാനുഗ്രഹത്തോടെ സംഭവിച്ചിട്ടുണ്ട്.
മതംമാറ്റവുമായി ബന്ധപ്പെട്ട മതപാഠശാലകള്‍ സംശയനിഴലിലാകുന്ന കാലമാണ്. മതംമാറ്റം പ്രതിരോധിക്കാനുള്ള ശ്രമമായി ബോര്‍ഡിന്റെ പുതിയ തീരുമാനത്തെ കാണാമോ?
അങ്ങനെയല്ല. പക്ഷേ, ഭരണഘടനയില്‍ അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായി വരുന്നതിനെ പ്രതിരോധിക്കണം. അതില്‍ ഒന്നായി ഇത് വരും. ഒരു തര്‍ക്കവുമില്ലതില്‍. മതത്തെ സംബന്ധിച്ച ഒരു ബോധമുണ്ടായാല്‍ പ്രതിബദ്ധതയും വില്‍പവറുമുണ്ടാകും. അതീ മതപാഠയില്‍ കിട്ടും.
പ്രതിരോധത്തെക്കുറിച്ച് ചിന്തിച്ചിരുന്നോ?
അത് ചിന്തിച്ചിട്ടില്ല. പക്ഷേ അതും ഒരു ഘടകം തന്നെയാണ്. തുറന്നുപറഞ്ഞാല്‍ അതൊരു പുത്തന്‍ ആശയമാണ്. മതപരിവര്‍ത്തനത്തെയും മറ്റും പ്രതിരോധിക്കാന്‍ ഇതൊരു അടിസ്ഥാനകാര്യം തന്നെയാണ്. പക്ഷേ, അത് എളുപ്പമല്ല.
മതങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ ചരിത്രത്തിലുണ്ട്. ഹിന്ദുമതവുമായി ബന്ധപ്പെട്ട ആചാരങ്ങളും നിവേദ്യങ്ങളുമുള്‍പ്പെടെ മറ്റ് മതങ്ങളുടെ ഭാഗമായി വരുന്നത് കാണാനാകുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഐക്യപ്പെടല്‍ മതങ്ങള്‍ക്കിടയില്‍ നടക്കുന്നതിനെ എങ്ങനെ കാണുന്നു?
നടക്കുന്നുണ്ട്. നടക്കണം. മതാതീയ ആദ്ധ്യാത്മികതയുടെ ഒരുമ വേണം. ആദ്ധ്യാത്മികതയ്ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയുന്ന ഏക ദൈവവും ഏക വിശ്വാസവുമാണ് സ്വാമി അയ്യപ്പന്‍. മതമൗലികവാദം കൂടുതലുള്ള കാലത്ത് എല്ലാ മതവും ഒന്നാണെന്ന് പറയുന്ന ദര്‍ശനമുണ്ടല്ലോ അത് പാഠ്യവിഷയമാകേണ്ടതാണ്. ശബരിമല ദേശാടന തീര്‍ത്ഥാടന കേന്ദ്രമാകണം.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് എന്താണ് തോന്നുന്നത്?
സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍, ഭക്തിയുള്ളവര്‍ക്ക് അമ്പലത്തില്‍ പോകാം. ഹിന്ദുവാകണമെന്നില്ല, പക്ഷേ വ്രതമനുഷ്ഠിക്കണം. അവിടുത്തെ വിശ്വാസങ്ങളിലൊന്നാണ് അയ്യപ്പന്‍ നൈഷ്ഠിക് ബ്രഹ്മചാരിയാണെന്നുള്ളത്. അയ്യപ്പന്‍ അവിടെപ്പോയി തപസ്സിരുന്ന് ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിച്ചതാണ്. ദര്‍ശനം കൊണ്ടോ സ്പര്‍ശനം കൊണ്ടോ ഗന്ധം കൊണ്ടോ പോലും സ്ത്രീകള്‍ ചെല്ലരുതെന്നാണ്.
കഴിഞ്ഞവര്‍ഷം നാലുകോടി ഭക്തര്‍ വന്നതില്‍ അഞ്ചുലക്ഷവും സ്ത്രീകളാ. സ്ത്രീകള്‍ കയറേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. സ്ത്രീ നിഷേധമില്ല. പക്ഷേ, നിശ്ചിത പ്രായത്തിനിടയിലുള്ളവര്‍ ചെല്ലരുത്. കാരണം അവര്‍ക്ക് 41 ദിവസം വ്രതമനുഷ്ഠിക്കാനാവില്ല. ചുരുക്കി പറഞ്ഞാല്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ശരീരശുദ്ധിയില്ലാത്ത ദര്‍ശനം വേണ്ട.
പ്രസിഡന്റായി അധികാരമേറ്റ കഴിഞ്ഞ നവംബറില്‍ കൊല്ലം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശം ഇന്ത്യയിലെ മാധ്യമങ്ങളെയും കടന്ന് ബി.ബി.സി വരെയെത്തിയിരുന്നു. അന്നത്തെ കോലാഹലങ്ങളോട് എന്താണ് തോന്നിയത്?
ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന രീതിയില്‍ നിക്ഷിപ്തമായ കടമകള്‍ പോലെ ഞാനാഗ്രഹിച്ചത് നടന്നു എന്നാണ് എന്റെ വിശ്വാസം. സ്ത്രീകള്‍ കയറരുതെന്ന കാര്യത്തില്‍ ഞാനുറച്ചു നില്‍ക്കുന്നു. എന്റേതല്ല ആചാരാനുഷ്ഠാന നിഷ്ഠ. ഇതിനെതിരായ സംവിധാനമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ നിയമത്തെ നിയമം കൊണ്ട് നേരിടുന്നു. മറ്റുള്ളവയെ പ്രാര്‍ത്ഥന കൊണ്ട് നേരിടുന്നു.
ഈയടുത്ത കാലത്ത്, തുറന്നു പറഞ്ഞാല്‍ വളരെ അഭിമാനം എനിക്കുണ്ടായി. രാഷ്ട്രീയത്തിനതീതമായി, ജാതികള്‍ക്കതീതമായി ഒരു ഹൈന്ദവത ഇവിടെ ഉയര്‍ന്നു വരുന്നു. വലിയ ബി.ജെ.പി., ആര്‍.എസ്.എസ്.,മാര്‍ക്‌സിസ്റ്റുകാരുള്‍പ്പെടെ അയ്യപ്പന്റെ കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുന്നു. ഇതൊരു വലിയ മാറ്റമല്ലേ?
പരാമര്‍ശത്തിലെ വിവാദങ്ങളെക്കുറിച്ചായിരുന്നു ചോദ്യം?
വിവാദങ്ങളുണ്ടായപ്പോ നല്ല ആര്‍ജ്ജവത്തോടെയും സമചിത്തതയോടെയും നേരിടാനായി. ഒരുപാട് ചാനലുകള്‍ ചര്‍ച്ചക്കായി വിളിച്ചെങ്കിലും ഞാന്‍ ഒരിടത്തും പോയില്ല. എന്റെ ഒരു നിര്‍ബന്ധമാണിത്.
സോഷ്യല്‍ മീഡിയയില്‍ നിഖിത ആസാദ് എന്നൊരാളുടെ നേതൃത്വത്തില്‍ 'ഹാപ്പി ടു ബ്ലീഡ്' ക്യാമ്പയിനുണ്ടായി. ഞാനിതുവരെ ഒരിടത്തും അവരുടെ പേര് പറഞ്ഞിട്ടില്ല. ബോധപൂര്‍വ്വമാണ് പറയാത്തത്. ഒരു മുസ്ലീം വിശ്വാസി വന്ന് ഹിന്ദുവിശ്വാസികളുടെ അമ്പലത്തില്‍ കയറണമെന്ന് പറഞ്ഞാല്‍ അതിലെ യുക്തിയില്ലായ്മ വലിയ ഘടകമാണ്.
'ഹാപ്പി ടു ബ്ലീഡ്' യുക്തിയില്ലാത്ത മുന്നേറ്റമായിരുന്നെന്നാണോ പറയുന്നത്?
അതേ. അതിനെ നിശ്ശബ്ദമായി നേരിട്ടതാണ് എന്റെ വിജയവും അയ്യപ്പന്റെ അനുഗ്രഹവും.
സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തതും ഈ സംഘടനയുടെ പേരിലാണല്ലോ?
തൃപ്തി ദേശായി ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പോയെങ്കില്‍ അവിടെ അത് ചെയ്യാം. അത് താന്ത്രിമല്ല, മാന്ത്രികമാണ്. കാശി വിശ്വനാഥന്റെ തലയില്‍ പാലൊഴിക്കുന്നത് ഇവിടെ ചെയ്യാനാകുമോ?
ഇത് താന്ത്രികവിധി പ്രകാരമുള്ളതാണ്. അതിന് ചില ചിട്ടവട്ടങ്ങളുണ്ട്. ഒരു പ്രതിഷ്ഠ എവിടെയെങ്കിലും നടക്കുമ്പോള്‍ അത് കഴിഞ്ഞ് തന്ത്രി പുറത്തിറങ്ങും മുമ്പ് വൈദികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ ചിട്ടയെന്തെന്ന് തീരുമാനിക്കും. ആ ചിട്ടയാണ് ആ ക്ഷേത്രത്തിന്റെ നിയമം. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ പ്രവേശിക്കരുതെന്നുള്ളത് അവിടുത്തെ നിയമമാണ്.
ഭരണഘടന ഉണ്ടായിട്ട് 70 വര്‍ഷമേ ആയുള്ളൂ. 700 വര്‍ഷത്തിന് മുമ്പ് അയ്യപ്പന്‍ അവിടെ പോയിരുന്നു എന്നാണ് ചരിത്രത്തില്‍ വരെയുള്ളത്. ആ ചരിത്രത്തെയാണ് വിശ്വാസം എന്നു പറയുന്നത്. വിശ്വാസം സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ സ്വാതന്ത്ര്യത്തിന്റെ, പൗരാവകാശത്തിന്റെ ഭാഗമാണ്.
അതൊരു കീഴ്‌വഴക്കമല്ലേ? കീഴ്‌വഴക്കങ്ങള്‍ കാലാനുസൃതമായി മാറേണ്ടാകേണ്ടതാണെന്നാണ് വാദം?
അതെ കീഴവഴക്കമാണ്. പക്ഷേ ചിലതൊക്കെ മാറിയില്ലേ. നരബലിയും സതിയും അങ്ങനെയാണ്. അതൊക്കെ സാമൂഹ്യമായ ആചാരങ്ങളാണ്. അതുപോലെ ഇത്( സ്ത്രീ പ്രവേശന വിലക്ക്) നിര്‍ത്താന്‍ പറ്റില്ല.
പെണ്‍കുട്ടികള്‍ രജസ്വലകളാകുന്നത് അവരുടെ കുറ്റമാണോ? അത് പ്രപഞ്ചം നിലനില്‍ക്കുന്നതിന് വേണ്ടി ദൈവം എന്ന ശക്തിയൊരുക്കിയ പ്രാപഞ്ചിക സംരക്ഷണമാണ്. ഹിന്ദുക്കളുടെ വീട്ടില്‍ മരണം നടന്നാല്‍ പുലയുണ്ടാകും. ഇവരുടെ മാസമുറ എന്നു പറയുന്നത് ഇവരുടെ അണ്ഡത്തിന്റെ മരണമാണ്. അത് സംയോജിച്ചാലേ മരണം ഇല്ലാതെ വരൂ. ആ മരണവുമായി ബന്ധപ്പെട്ടവര്‍ അമ്പലത്തില്‍ കയറുമോ?
മാസമുറ വരുമ്പോള്‍ പണ്ട് വീട്ടില്‍ വേറെ മുറികളിലായിരുന്നു. ഞങ്ങളുടെയൊക്കെ നാട്ടില്‍ പറയുന്നത് അവള്‍ക്ക് തൊട്ടുകൂടെന്നാണ്. തീണ്ടാരിയെന്ന പദം പോലും അതിന്റെ പൗരാണികതയാണ്. അയ്യപ്പനെയല്ല, സ്വന്തം വീട്ടില്‍. ആ ഒരു സംസ്‌കാരത്തില്‍ നിന്നിങ്ങോട്ട് വന്നിട്ട് അമ്പലത്തില്‍ കയറണം എന്നൊന്നും പറയാനാകില്ല. അന്ധവിശ്വാസമെന്ന് തള്ളിക്കളഞ്ഞ് ആചാരങ്ങളെ ലളിതവത്കരിക്കരുത്. പുച്ഛിക്കരുത്.
സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാറിന്റെ നിലപാടും ആര്‍.എസ്.എസിന്റെ നിലപാടും ബോര്‍ഡിന് വിരുദ്ധമാണല്ലോ. ഇക്കാര്യത്തില്‍ സമവായമുണ്ടാകേണ്ടതല്ലേ?
സാമൂഹ്യനീതി ഒറ്റദിവസം കൊണ്ട് ഉരുത്തിരിയില്ല. നിയമസഭയില്‍ ഒരു ദിവസം കൊണ്ട് ആക്ട് നടപ്പാക്കാം. അല്ലാതുള്ളത് ഒരു ദിവസം കൊണ്ട് ചെയ്യാന്‍ പറ്റത്തില്ല. നിരന്തരമായ പരിശ്രമത്തിലൂടെയേ മാറ്റമുണ്ടാക്കാനാകൂ.
നിലപാടിന്റെ കാര്യത്തില്‍ ബോര്‍ഡ് സര്‍ക്കാറിനോ സര്‍ക്കാര്‍ ബോര്‍ഡിനോ വഴങ്ങേണ്ടി വരുന്ന സാഹചര്യമല്ലേ ഉള്ളത്?
അങ്ങനെയില്ല. ഉദാഹരണം പറയാം. സര്‍ക്കാര്‍ പറയുന്നു, എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന്. കേരളത്തിലെ കുലാംഗനകളായ, കുടുംബത്തില്‍ പിറന്ന, മുന്നോക്ക ജാതിയായാലും പിന്നാക്ക ജാതിയായാലും ശരി ഒറ്റ സ്ത്രീയും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കില്ല. നിയമമുണ്ടായതു കൊണ്ട് അമ്പലത്തില്‍ പോകണമെന്നില്ല.
പിന്നെ, അതിന്റെ ഒരു മറുവശത്തെപ്പറ്റിയാണ്. നിങ്ങളാരും ചിന്തിക്കാത്തത്. പെണ്ണൊരുമ്പെട്ടാല്‍ എന്ന് പണ്ടുമുതലേ പറയും. ഭയപ്പെടേണ്ട ഒന്നാണത്. സംസ്‌കാരവും സംശുദ്ധിയും കുലമഹിമയുമുള്ള ഒരാള് ഒരു പെണ്ണിനോട് വഴക്കുകൂടാന്‍ പോവില്ല. ഒഴിഞ്ഞു പോവുകയേ ഉള്ളൂ. കാരണമെന്താ? പെണ്ണൊരുമ്പെട്ടാല്‍ ചിലപ്പോ ബ്ലാക്‌മെയില്‍ ചെയ്യാന്‍ പറ്റും. ഈ ചിത്രവധം എന്നുപറയുമ്പോലെ ഇതിലൊരു മറുവശമില്ലേ?
ഇക്കാര്യത്തില്‍ ലോകമംഗീകരിക്കുന്ന ഡോക്ടര്‍മാരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ചിലര്‍ പറയുന്നത് കയറ്റം കയറി ഇങ്ങെത്തുമ്പോ ശാരീരിക വ്യായാമ സാഹചര്യം കൊണ്ടുമാത്രം മെന്‍സസ് ആകാമെന്നാണ്. തീണ്ടാരി ഇല്ല, തൊട്ടുകൂടായ്മയില്ല, നാലുദിവസം കഴിഞ്ഞു, കുളിച്ചിട്ടാണ് കേറുന്നത് എന്ന് പറഞ്ഞ് കേറിയങ്ങ് ചെല്ലുമ്പോ മെന്‍സസ് ആയാല്‍ എന്തുചെയ്യും?
പിന്നെ ഇതിന് ഭീകരമായ ഒരു മറുവശമുണ്ട്. ആര് ചിന്തിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഈ സ്ത്രീകള്‍ കയറിയാല്‍ ഈ സ്ഥലത്ത് എങ്ങനെയവരെ അക്കോമഡേറ്റ് ചെയ്യും? 14 മണിക്കൂര്‍ വരെ അടുക്കിയടുക്കി ക്യൂ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് ഒരു പെണ്ണ് നിന്നാല്‍ എന്താ സ്ഥിതി?
10 മണിക്കൂറും എട്ടുമണിക്കൂറും നില്‍ക്കുന്ന സ്ത്രീക്ക് ഒന്നു മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ എന്താ വഴി? ഇവര്‍ക്കൊന്നു കുളിക്കണമെങ്കില്‍ എന്താ സ്ഥിതി? ടോയ്‌ലറ്റുണ്ട്. സൗകര്യങ്ങളുണ്ട്. പക്ഷേ സ്വകാര്യതയില്ല.
അടിവസ്ത്രമൊക്കെയുണ്ടെങ്കിലും അയ്യപ്പന്മാര്‍ ശബരിമലയില്‍ കിടന്നുറങ്ങുന്നതു കണ്ടിട്ടില്ലേ? അടിവസ്ത്രം മാത്രമിട്ട് എല്ലാ ക്ഷീണവും മറന്നുറങ്ങുന്ന പുരുഷനെപ്പോലെയാണോ ഒരു സ്ത്രീ കിടന്നുറങ്ങിയാല്‍? എത്ര ഭക്തിയുള്ളവനും.. പുരാണമൊക്കെ വായിച്ചിട്ടുണ്ടല്ലോ? വേദവ്യാസന്റെ കഥയറിയാമല്ലോ, വിശ്വാമിത്രന്റെ കഥയറിയാമല്ലോ? ഋഷീവര്യന്മാരില്‍ പലരും സാഹചര്യങ്ങളില്‍ ദൗര്‍ബല്യം തേടിയെങ്കില്‍ ഇതൊന്നുമല്ലാത്ത പാവപ്പെട്ട അയ്യപ്പഭക്തരുടെ സ്ഥിതിയെന്താ? അവരുടെ മനസ്സിനെ ഭ്രാന്തമാക്കാനല്ലേ ഈ സ്ത്രീപ്രവേശം ഉപകരിക്കുള്ളൂ?
എന്റെ കണ്‍സെപ്റ്റ് അതിനുമപ്പുറമാണ്. ഇത്രേം സ്ത്രീകളങ്ങോട്ട് കേറുമ്പോള്‍ ശബരിമലയില്‍ എത്ര കേസുകളുണ്ടാകും, സ്ത്രീപീഡനം? എത്രയെത്രയെത്ര സ്ത്രീപീഡനക്കേസുണ്ടാകും? ഇതെങ്ങനെ നിയന്ത്രിക്കും?
സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് സ്ത്രീ പോലീസ് വേണ്ടേ? നൂറ് സ്ത്രീകള്‍ വന്നാല്‍ എത്ര വനിതാപോലീസ് അതിന്റെ മോളില്‍ വേണം? ഈ വനിതാപോലീസും സ്ത്രീകളല്ലേ? അവരെ സംരക്ഷിക്കാന്‍ ആരെ കൊണ്ടുവരും? പട്ടാളത്തെയോ? പിന്നെ അവരുടെ ദിനചര്യ എങ്ങനെ മാനേജ് ചെയ്യും? സ്ത്രീപ്രവേശനമെന്ന് പറഞ്ഞാല്‍ അതൊരു മഹാദുരന്തമായി ശബരിമലയില്‍ മാറുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
ഇതുകൂടാതെ, ചില വിഭാഗം സ്ത്രീകള്‍ക്ക് 45 ആയാലും 60 എന്നു തോന്നും, 60 ആയാല്‍ 45 എന്നു തോന്നും. അങ്ങനെയുള്ളവരും സര്‍ട്ടിഫിക്കറ്റ് കാട്ടി മല കയറുന്നുണ്ട്.
അത്തരത്തില്‍ കയറുന്ന ചില ഭക്തകള്‍ വന്നിട്ട് ശല്യമുണ്ടായതായി പരാതി പറഞ്ഞിട്ടുണ്ട്. 45 വയസ്സേ തോന്നൂ എന്നതിനാല്‍ അവരെ തൊടുകയോ പിടിക്കുകയോ തോണ്ടുകയോ ചെയ്‌തേക്കാം. ഞാന്‍ പറഞ്ഞു, നിങ്ങളെന്തിനാ ശബരിമലയില്‍ പോകുന്നത്? 50 വയസ്സു കഴിഞ്ഞാല്‍ പോകാമെന്നായിരുന്നു മറുപടി. സംഗതിയൊക്കെ ശരിതന്നെ. വലിയ തിരക്കില്‍ നിങ്ങളെയൊന്ന് തട്ടിയെന്നോ മുട്ടിയെന്നോ പറഞ്ഞ് പരാതി പറയാതെ സ്വയം സഹിക്കുകയും ഇനിയും പോവാന്‍ ശ്രമിക്കുകയും ചെയ്യാതിരിക്കുക എന്ന് പറഞ്ഞയച്ചു.
ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാനും കൂടിയാണോ വിവാദമായ മെഷീന്‍ സ്ഥാപിക്കുമെന്ന് പറഞ്ഞത്?
ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് അങ്ങനെ പറഞ്ഞത്. ശരീരത്തിലെ പ്രവര്‍ത്തനം കാണാനാകുന്നതു പോലെയൊരു യന്ത്രമുണ്ടെങ്കില്‍ സ്ത്രീ ശുദ്ധയാണെന്ന് വിധിയെഴുതരുതോ എന്നായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു, അങ്ങനെയൊരു മെഷീനുണ്ടെങ്കില്‍ വരട്ടെ, വരുമ്പോ നമുക്ക് നോക്കാം. ഞാനത് വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല.
അങ്ങനെയെങ്കില്‍ മല ചവിട്ടുന്ന പുരുഷ ഭക്തരുടെ വ്രതശുദ്ധി മനസ്സിലാക്കാനും യന്ത്രം സ്ഥാപിക്കേണ്ടതല്ലേ?
അതെങ്ങനെയാണ് പറ്റുക? കണ്ടുപിടിക്കാനൊക്കത്തില്ലല്ലോ? സ്ത്രീക്ക് മെന്‍സസ് പിരീഡ് ആണോന്ന് കണ്ടുപിടിക്കാം. ഇത് എക്‌സ്റ്റേണല്‍ ആയി വരുന്നതാ. പുരുഷനത് സംഭവിക്കുമോ? അവര്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ വൈകാരികത ഉണ്ടായാല്‍ ഇതൊക്കെ ഉണ്ടായേക്കും. അപ്പോ പുരുഷന്റെ കാര്യം പ്രശ്‌നമേയല്ല.
അയ്യപ്പഭക്തര്‍ക്ക് പ്രലോഭനമുണ്ടാകും എന്നൊക്കെ പറയുന്നത് അവരെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമല്ലേ? അയ്യപ്പന്മാരെല്ലാവരും വ്രതശുദ്ധിയോടെയാണോ എത്തുന്നത്?
അതുണ്ടാകരുത്. എല്ലാവരും വ്രതശുദ്ധിയോടെ വരുന്നവരാണെന്ന അഭിപ്രായം എനിക്കില്ല. രാവിലെ നാട്ടില്‍ നില്‍ക്കുന്നവര്‍ വൈകിട്ട് ശബരിമലയിലും പിറ്റേന്ന് തിരിച്ചും വരുന്നത് കാണാം. പുരുഷന്മാരുടെ വ്രതകാര്യത്തില്‍ ചില ഉദാരവത്കരണങ്ങളുണ്ടായിട്ടുണ്ട്. അത് ഉപേക്ഷിക്കപ്പെടണമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന രീതിയില്‍ എന്റെ അഭിപ്രായം.
അതെങ്ങനെ സാധ്യമാകും?
പറ്റുമെന്നാണ് എന്റെ അഭിപ്രായം. വ്രതം എന്നു പറയുന്നതു പോലും അവനവന് വേണ്ടിയാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ അയ്യപ്പന്മാര്‍ അന്യദേശക്കാരായ ഭക്തരെ കണ്ടുപഠിക്കണം.
കേരളത്തില്‍ ഹിന്ദുത്വവാദം ഏറ്റവും ശക്തമായി അവതരിപ്പിക്കുന്നവരില്‍ ഒരാള്‍ താങ്കളാണ്. അതൊരു ക്രെഡിറ്റായി കാണുന്നുണ്ടോ?
ക്രെഡിറ്റല്ല. പൊളിറ്റിക്കലി പ്രതികൂലമായ സാഹചര്യമാണെങ്കിലും എന്റെ വിശ്വാസത്തില്‍ പ്രതികൂലതയില്ല. ആര്‍.എസ്.എസിനേക്കാള്‍ തീവ്രവാദിയാണല്ലോ എന്നു ചോദിച്ച മന്ത്രിമാര്‍ ഈ മന്ത്രിസഭയിലുണ്ട്. ഇനിയും രാഷ്ട്രീയത്തിലേക്ക് വരേണ്ടേ, ഹിന്ദുവാദിയായല്ലോ എന്നു ചോദിച്ച വല്ല്യ കോണ്‍ഗ്രസുകാരുണ്ട്.
നാളെ ജീവിച്ചിരിക്കുമോ ഇല്ലയോ എന്നുപോലും അറിയില്ല. ജീവിച്ചിരുന്നാല്‍ മതിയല്ലോ എം.എല്‍.എയും മന്ത്രിയുമാകുന്നത്? ഞാന്‍ ശ്വസിക്കുന്ന വായുവിന് തുല്യമാണ് എന്റെ വിശ്വാസവും. ഭാവിയില്‍ എം.എല്‍.എയോ മന്ത്രിയോ ആയില്ലെങ്കില്‍ വേണ്ട്. ശബരിമല വിഷയത്തില്‍ കോടതി പറയുന്നത് അനുസരിക്കും ഞാന്‍. പക്ഷേ എന്റെ ജീവിതചര്യയില്‍ കോടതിക്കൊന്നും ഇടപെടാന്‍ പറ്റില്ല. എനിക്ക് നഷ്ടപ്പെടാനുള്ളത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്.
അത് നഷ്ടപ്പെട്ടാലും, മുന്‍ പ്രസിഡന്റിന്റെ പ്രിവിലേജില്ലാതെ ഒരു മണ്ഡലകാലത്ത് ശബരിമലയില്‍ തൊഴുതു കഴിയാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. സ്ഥാനം പോയാലും 'ഇയാളിങ്ങനെ ഹിന്ദുക്കള്‍ക്കു വേണ്ടി അയ്യപ്പനെപ്പറ്റി പറഞ്ഞോണ്ടാണല്ലോ സ്ഥാനം പോയത് എന്നുചിന്തിക്കുന്ന ചിലരുടെ സ്‌നേഹം എനിക്കുണ്ട്. ആര്‍.എസ്.എസുകാരില്‍ ചിലര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എനിക്കൊട്ടും ഭയമില്ല.
ഇനിയൊരു സജീവ രാഷ്ട്രീയ ജീവിതം ഉണ്ടാകില്ലെന്നാണോ?
ഉണ്ടായിക്കൂടെന്നുണ്ടോ? (ആവര്‍ത്തിക്കുന്നു). ഞാനൊന്നു കൂടി മത്സരിക്കുന്നതായി സങ്കല്‍പ്പിക്കൂ. എന്തൊക്കെയായാലും മനുഷ്യന്റെ മനസ്സില്‍ ജാതിയും മതവുമൊക്കയുണ്ട്. ഒന്നുമില്ലെന്ന് പറഞ്ഞാലും ഉണ്ട്. ദൈവവിശ്വാസമില്ലെന്ന് പുറത്തുപറയുന്ന രാഷ്ട്രീയക്കാരുടെ വീട്ടുകാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും എന്നോടു ശുപാര്‍ശ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളില്‍ അത്തരമൊരു സാഹചര്യമുണ്ട്.
ഈയൊരു ഭൗതികസാഹചര്യത്തില്‍, ഇവനൊരു കള്ളനല്ല, അയ്യപ്പന്റേതൊന്നും മോഷ്ടിച്ചവനല്ല, ഇക്കുറി വോട്ടിവന് കൊടുക്കാമെന്ന് വിചാരിച്ചാല്‍.. കുറച്ച് ആര്‍.എസ്.എസുകാരും കമ്മ്യൂണിസ്റ്റുകാരും വോട്ട് ചെയ്താല്‍ ഞാന്‍ എം.എല്‍.എയാ. നാളെ ഭൗതികസാഹചര്യമനുസരിച്ച് കോണ്‍ഗ്രസിന്റെ ഒരു ഗവണ്‍മെന്റ് ഉണ്ടാകുന്നുവെന്നിരിക്കട്ടേ, ഇവനെ ദേവസ്വം മന്ത്രിയാക്കാമെന്ന് ധരിച്ചാല്‍ ആരെങ്കിലും എതിര്‍ക്കുമോ? ആയിക്കൂടേ? പക്ഷേ ഞാനാഗ്രഹിക്കുന്നില്ല. ഇതൊക്കെ ദൈവനിശ്ചയമാണ്.
ഇനിയുള്ള രണ്ടര കൊല്ലത്തെ സേവനകാലയളവില്‍ ദേവസ്വം ബോര്‍ഡില്‍ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് പ്രതീക്ഷിക്കേണ്ടത്? സ്വപ്‌ന പദ്ധതികള്‍ എന്തെങ്കിലുമുണ്ടോ?
ശബരിമലയില്‍ നിന്ന് അരമണിക്കൂറില്‍ എത്താവുന്ന ദൂരത്തില്‍ ഒരു മെഡിക്കല്‍ കോളേജുണ്ടാക്കണം. ആ പ്രദേശത്ത് അപകടമെന്തെങ്കിലുമുണ്ടായാല്‍ മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് കോട്ടയത്തെത്തേണ്ട അവസ്ഥയാണ്. ഇതിനുള്ളില്‍ പരിക്കേറ്റയാള്‍ മരിക്കുന്ന സാഹചര്യമുണ്ട്. പമ്പയില്‍ നിന്ന് അരമണിക്കൂറില്‍ എത്താനാവുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ആസ്പത്രി ഉദ്ദേശിക്കുന്നത്.
കൊല്ലം കടല്‍പ്പുറത്തെ പാറപ്പുറത്ത് മഴുചുഴറ്റി നില്‍ക്കുന്ന പരശുരാമന്റെ പ്രതിമ സ്ഥാപിക്കാന്‍ ആലോചനയുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളുടേയും കവാടങ്ങളില്‍ അതിഥി ദേവോ ഭവ എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്ത്രീപ്രവേശനത്തിന്റെ കാര്യത്തില്‍ പൊതു അഭിപ്രായം രൂപീകരിക്കുന്നതിന് കേരളത്തിലാകമാനം ഒപ്പു ശേഖരണ ക്യാമ്പയിന്‍ വൈകാതെ തുടങ്ങും.
ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ആലോചിക്കുന്നു. ഭക്തരോടുള്ള ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പൂജാരിമാര്‍ മുതല്‍ തൂപ്പുകാര്‍ വരെ അതിന്റെ ഭാഗമാകും.
എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടു പോകും. അടുത്തകാലത്ത് ഞാനനുഭവിക്കുന്ന ഒരു മാനസിക സുഖമുണ്ട്. ചെല്ലുന്നിടത്തൊക്കെ കിട്ടുന്ന സ്‌നേഹം മറ്റെന്തു ചെയ്താല്‍ കിട്ടും? മന്ത്രിയായാല്‍ കിട്ടുമോ?
ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച മാതൃഭൂമി ന്യൂസില്‍ പ്രക്ഷേപണം ചെയ്ത അകംപുറം പരിപാടി