ഇപ്പോ വല്യ ധൈര്യമൊക്കെയുളള ആള്‍, കുട്ടിയായിരുന്നപ്പോ പ്രേതകഥകൾ കേട്ടാൽ രാത്രി ഉറങ്ങില്യാന്ന്  കേട്ടു. ഈ ഇരട്ടച്ചങ്കുള്ള ആളേ...
എല്ലാവരും പെട്ടെന്ന് പിണറായിയുടെ മുഖത്തു നോക്കി. ആ വിളി. ഇരട്ടച്ചങ്കന്‍. ദേഷ്യം വരുമോ? ഇല്ല,  നന്നേ രസിച്ചുകൊണ്ടാണ് മറുപടി.

പിണറായി: ഞാന്‍ വളരുന്നത് അമ്മയുടെ കഥ കേട്ടുകൊണ്ടാണ്. അമ്മയുടെ കഥയില് ഭൂതമുണ്ട്, പ്രേതമുണ്ട്, പിശാചുണ്ട്. അതെല്ലാം ഈ കുട്ടിയുടെ മനസ്സിലുണ്ടാവുമല്ലോ. രാത്രിയൊക്കെയായാല്‍ ഭയങ്കരമായ ഭയമാണ്. ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് പോവൂല. അമ്മ അടുക്കളേന്ന് അരയ്ക്കുന്നുണ്ടെങ്കില്‍ ആ പടീമ്മല് വിളക്കുെവച്ചിട്ടാണ് പഠിക്കുക. അത്ര പോലും ഒറ്റയ്ക്ക് നില്‍ക്കില്ല. പിന്നെ കുറച്ച് മുതിര്‍ന്നപ്പോഴാണ് ആ പേടി മാറിയത്. സ്വയമേ തന്നെ ചില ശ്രമങ്ങള്‍ നടത്തി അങ്ങൊഴിവാക്കി.

ഇതിന്റെ ഭാഗായിട്ട് മറ്റൊരു കഥ ഞാന്‍ പറയാം. എന്റെ അമ്മ മരിച്ച ദിവസം. മോള് അന്ന് ചെറിയ കുട്ടിയാണ്. വൈകുേന്നരം ബോഡി എടുത്തു. രാത്രിയായപ്പോ അവള് പറയ്യാണ്, ''അച്ഛാ..ഞാന്‍ ഇന്ന് അച്ഛമ്മേന്റെ കട്ടിലിലാ കെടക്കുന്നത്.'' ഞങ്ങള്‍ പരസ്പരം നോക്കി. ഞാന്‍ പറഞ്ഞു, ''ആയിക്കോട്ടെ''. കാരണം ആ കുട്ടി വളര്‍ന്ന സാഹചര്യം അതാണ്. അവള് ഇങ്ങനത്തെ ഒരു കഥയും കേള്‍ക്കുന്നില്ലാലോ. 

എന്റപ്പന്‍ കമ്യൂണിസ്റ്റായിരുന്നു. പക്ഷേ വിശ്വാസിയാണ്. സാറ് ദൈവവിശ്വാസിയായിരുന്നോ? 
ഞങ്ങളുടെ നാട്ടിലൊക്കെ ഈ തെയ്യങ്ങളുണ്ടാവും. ഈ ആള്‍ക്കൂട്ടവും അതിന്റെയൊരു ബഹളവുമൊക്കെ ആസ്വദിക്കാനാണ് അവിെട പോവുന്നത്. അല്ലാതെ തെയ്യത്തിന് എന്തെങ്കിലും പ്രത്യേക കഴിവുണ്ട് എന്ന് തോന്നിയിട്ടല്ല. എന്റെതന്നെ അനുഭവത്തില്‍നിന്ന് അതു മനസ്സിലായിട്ടുണ്ട്. ഞാന്‍ യു.പി സ്‌കൂളില്‍ പഠിക്കുമ്പോ ഉള്ള സംഭവമാണ്. ഞങ്ങളൊരു തെയ്യസ്ഥലത്ത് പോയി. ഞങ്ങള് കൊറേ കുട്ടികളുണ്ട്. അപ്പോ തെയ്യം നീട്ടി വിളിക്കും, ''ബാലകന്മാരേ....''കുട്ടികള്‍ എല്ലാരുംകൂടി അടുത്തുചെന്നു.

നമ്മളെ കൂട്ടത്തില് ബാലന്‍ എന്നൊരു കുട്ടിയുണ്ട്. തെയ്യം, കിട്ടിയ നാണയങ്ങളില് കുറച്ചു പൈസ അവന് കൊടുത്തു. അതുകിട്ട്യതും അവനോടി.  കുറച്ചു കഴിഞ്ഞപ്പോ തെയ്യത്തിന് ഒരു സംശയം. പൈസ ആര്‍ക്കാണ് കൊടുത്തത്? അദ്ദേഹം ലേശം അടിച്ചിട്ടുണ്ടാവും.'' (വിരല്‍ മടക്കി ആംഗ്യം കാണിക്കുന്നു.) അപ്പോ വീണ്ടും വിളിച്ചു, ''ബാലകന്മാരേ....'' എല്ലാരും ഓടിച്ചെന്നു. തെയ്യം ചോദിച്ചു, ''നേത്തേ ആരാണ് പൈസ വാങ്ങിയത്?'' ഞങ്ങള്‍ പറഞ്ഞു, ''അത് ഒണക്കാട്ടന്റെ മകന്‍ ബാലനല്ലേ.'' തെയ്യം പറഞ്ഞു, 'എന്നാല്‍ വിളിച്ചോണ്ടു വാ...'' അപ്പോഴത്തേക്കും അവന്‍ കുറച്ച് പുട്ടും കാപ്പിയും ഒക്കെ കഴിച്ചിരിക്കുന്നു. ബാക്കി തിരിച്ചു വാങ്ങി. സ്വന്തം മകനാണെന്നുള്ള ധാരണയില്‍ കൊടുത്തതായിരിക്കും. 

ഇങ്ങനെയുളള അനുഭവം നമുക്കുണ്ട്.  കുട്ടിയാണെങ്കിലും തെയ്യത്തിന് അങ്ങനെ പറ്റിപ്പോയതാണെന്ന് മനസ്സിലായി. അതൊക്കെക്കൊണ്ട് അത്തരം കാര്യങ്ങളില്‍ വലിയ വിശ്വാസമൊന്നും ഉണ്ടായിട്ടില്ല. 

പിണറായി

ആ തെയ്യം ലേശം അടിച്ചിട്ടുണ്ടായിരുന്നൂന്ന് പറഞ്ഞല്ലോ. സാറ് കുടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? 
ഇല്ലയില്ലയില്ല. 

ഇതുവരെ?
ഇല്ല.

''നല്ലതാട്ടോ...''ഇന്നസെന്റ് തല ചെറുതായൊന്നു ആട്ടിെക്കാണ്ടു പറഞ്ഞു. ആ പറച്ചിലും ആക്ഷനും! ആരും ചിരിച്ചു പോവും. പിണറായി പോലും. ഉടനെ അടുത്ത ചോദ്യം വന്നു.

ബീഡി വലിച്ചിട്ടുണ്ടോ?
പിണറായി: സിഗരറ്റ് ഞാന്‍ നല്ലോണം വലിക്കുമായിരുന്നു. ചാര്‍മിനാര്‍. ശരിക്കും െചയിന്‍ സ്‌മോക്കര്‍. അന്ന്  ചിലര് എന്നോടു പറഞ്ഞു, 'നീയിത് ചെയ്യാന്‍ പാടില്ല.' എനക്കും തോന്നി, ഇതൊന്ന് നിര്‍ത്തണമല്ലോ. അന്നൊന്നും വീട്ടിലെത്തിയാല്‍ പിന്നെ വലിക്കില്ല. പുറത്തെറങ്ങിയാലേ വലിക്കൂ. ആ സമയത്ത് ഒരു ചെറിയ പനി വന്നിട്ട് ഞാന്‍ വീട്ടിലായി. ആ രണ്ടുമൂന്നു ദിവസം പുകവലിച്ചില്ല. അപ്പോ തോന്നി, ഇപ്പഴങ്ങ് നിര്‍ത്തിക്കളയാം. അവിടെ നിര്‍ത്തി. 

പിന്നെ കുറേ കാലം കഴിഞ്ഞ് എം.എല്‍.എ ഒക്കെയായി ഞങ്ങളൊരു ടൂര്‍ നടത്തി. എല്ലാരും സിഗരറ്റ് വലിക്കുന്നവരാണ്. ഞാന്‍ മാത്രമേ വലിക്കാതുളളൂ. മരിച്ചു പോയ എ.വി. അബ്ദുള്‍ റഹ്മാന്‍ ഹാജിയുണ്ട്. അദ്ദേഹം വലിക്കും. അദ്ദേഹം നിര്‍ബന്ധിക്കാന്‍ തുടങ്ങി, ''ഒന്നു വലിക്കൂ, എന്തായിത്?'' ഞാന്‍ വലിച്ചു. ട്രെയിനിലാണ് യാത്ര. അദ്ദേഹം എറങ്ങുമ്പോ പറഞ്ഞു, ''ഏതായാലും ഈ യാത്രകൊണ്ട് ഒരു ഗുണമുണ്ടായി. വിജയനെ ഒരു  സിഗരറ്റ് വലിക്കാരനാക്കി.'' അപ്പോ ഞാന്‍ പറഞ്ഞു, ''ഒരു സിഗരറ്റ് കാണട്ടെ..'' അത് വാങ്ങിക്കത്തിച്ച്, അതങ്ങു കളഞ്ഞു ഞാന്‍. എന്നിട്ട് പറഞ്ഞു, ''ഇനി കാണുേമ്പാ വലിക്കുന്നുേണ്ടാന്ന് നോക്കിക്കോ''. അന്ന് വിട്ടതാണ്. പിന്നെ വലിച്ചിട്ടില്ല.  
സിഗരറ്റ് കളഞ്ഞ് ഇന്നസെന്റ് ഒരു കഥയിലേക്ക് കടന്നു. 

പത്തു പതിമൂന്നു വയസ്സുള്ളപ്പോ എന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്റെ ഭക്തി കണ്ടിട്ടല്ല. വേെറാന്നിനും കൊള്ളില്ല്യാന്ന് കണ്ടിട്ടാ. ചേട്ടന്‍ എന്നെ പച്ചാളത്തുളള ഡോണ്‍ബോസ്‌കോയിലേക്ക് കൊണ്ടുപോയി പോവുമ്പോ ചേട്ടന്‍  പറഞ്ഞു, ''നീ ഒരു പാവംപോലെ മുഖം പിടിക്കണം. ഒരു അഹങ്കാരം തോന്നരുത്. തോന്നിയാല്‍ അവര് വേണ്ടാന്ന് പറയും.'' ഞാന്‍ പറഞ്ഞു, ''അങ്ങനെ പിടിക്കാം.''

കഥ ഇടയ്ക്ക് മുറിച്ച് ഇന്നെസന്റ് ചോദിച്ചു, ഞങ്ങള്‍ എട്ടുപേരാ. നിങ്ങള് പതിനാലു പേരാ, ല്ലേ? 
പതിനാലു പേരില്‍ ബാല്യം കഴിഞ്ഞപ്പോള്‍ മൂന്നു പേര്‍ മാത്രം ശേഷിച്ച കഥയോര്‍ത്തുകൊണ്ടാവാം പിണറായി തലകുലുക്കി. അതെ, അതെ...
ഇന്നസെന്റ് പതിവു ശൈലി വിട്ടില്ല, ''എന്റപ്പേനക്കാള്‍ വലിയ മിടുക്കനാ.14 പേരുണ്ട്. ഞാന്‍ തലകുനിക്കുന്നു ആ കാര്യത്തില്‍.''
തമാശ വിടാതെ ഇന്നസെന്റ്  കഥ തുടര്‍ന്നു. 

അവിടെയെത്തിയപ്പോ അച്ചന്‍ എന്റെ മുഖേത്തക്കൊന്നു നോക്കി. ഞാന്‍ ഒരു പാവം പോലെ ഇങ്ങനെ നിന്നു.( മുഖം ശുദ്ധനെ പോലെ വെയ്ക്കുന്നു) ആദ്യമായിട്ട് അഭിനയം തുടങ്ങിയത് അന്നാ. അച്ചന്‍ ഞങ്ങള് കൊടുത്ത കടലാസ് മറച്ചു നോക്കി. ആ സമയത്ത് ഞാന്‍ താഴേക്കു േനാക്കി. പിന്നെ, അച്ചന്‍ എന്നെയാണോ േനാക്ക്ണത് എന്ന് അറിയാന്‍ വേണ്ടി ദാ..ഇങ്ങനെ ഒരു നോട്ടം നോക്കി. ( അതാ വരുന്നു, 'കിലുക്ക'ത്തിലെ കിട്ടുണ്ണി, 'ഡോക്ടര്‍ പശുപതി'യിലെ തട്ടിപ്പുകാരന്‍, ഗോഡ്ഫാദറിലെ സ്വാമിയേട്ടന്‍...മുഖം അല്‍പം ചെരിച്ച് കണ്ണുയര്‍ത്തിയുള്ള നോട്ടം) ആ നോട്ടം കഴിഞ്ഞ വഴിക്ക് പറഞ്ഞു, കൊണ്ടോക്കോളാന്‍. അത് ഒരു കള്ളനോട്ടമായിരുന്നു എന്നാണ് പറയുന്നത്. ആ കള്ളനോട്ടമാണ് ഞാന്‍ ഇന്നും സിനിമയില് ചെയ്യുന്നത്. ടീച്ചറ് കണ്ടിട്ടില്ലേ? അങ്ങനെയാണ് ചില്ലറ കിട്ടുന്നത്. 

പള്ളീലച്ചനാക്കാന്‍ നോക്കിയെങ്കിലും എനിക്ക് സിനിമാ നടനാവണം എന്നായിരുന്നു ആഗ്രഹം. സാറിനോ?
പിണറായി: ഓരോ സ്ഥലത്ത് പഠിക്കുേമ്പാഴും അടുത്ത പഠനം എവിടെ എന്നുള്ള ചിന്തയായിരുന്നു എനിക്ക്. എന്താകണം എന്നുളളത് പഠിത്തത്തിന്റെ ഒരു ഘട്ടത്തില്‍ തീരുമാനിക്കാം എന്നു കരുതി. നാട്ടില് ബസില്‍ പോവുമ്പോ ബ്രണ്ണന്‍ കോളേജിന്റെ കെട്ടിടം കാണും. അപ്പോ അവിെട പഠിക്കണം എന്നൊരു തോന്നല്‍. കോളേജിൽ എത്തിക്കഴിഞ്ഞ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ശരിക്ക് തിരിയുന്നത്. അപ്പോ പിന്നെ ആ വഴി തന്നെ. പിെന്ന ഒരു തിരിഞ്ഞ് നോട്ടമുണ്ടായിട്ടില്ല. 

ചിലര്‍ പ്രസംഗിക്കുമ്പോ തോന്നിയിട്ടുണ്ട്; അതുപോലെ സംസാരിക്കാന്‍ പറ്റണം. പക്ഷേ വേറെ എന്തെങ്കിലും ആകാന്‍ മോഹിച്ച് അത് വേണ്ടാന്ന് െവച്ചിട്ടില്ല. പിന്നെ, ആരെങ്കിലും അനാവശ്യമായിട്ട് കീഴടക്കാന്‍ വന്നാല്‍ അതിന് വഴിപ്പെടാന്‍ പാടില്ല എന്ന തോന്നല്‍. അത് ചെറുപ്പത്തിലേ എനക്കുണ്ട്. 
ഇന്നസെന്റ് പിണറായിയെ അടിമുടി നോക്കി. എന്നിട്ടു ഇഷ്ടേത്താടെ പറഞ്ഞു, ''എന്നില്‍നിന്ന് സാറിന് ഒരുപാട് വ്യത്യാസണ്ട്‌ട്ടോ..ഞാന്‍ സംഭവം കുഴപ്പാണ്ന്ന് കണ്ടാല്‍ അപ്പോ ഓടും. നേരിടണം എന്നുള്ള ഉശിരൊന്നും എല്ലാവര്‍ക്കും ഉണ്ടായീന്നു വരില്ല. അത് ചിലരുടെയൊെക്ക രക്തത്തിലുള്ള ഒരു സംഭവമാണ്.''
 
എല്ലാം പറയുന്ന സൃഹൃത്തുക്കള്‍ ഉണ്ടോ?
പിണറായി: സുഹൃത്തുക്കള്‍ എനിക്ക് എല്ലാ കാലത്തും ഉണ്ട്. എന്നോട് താല്‍പര്യമുള്ളവര്‍. താല്‍പര്യം വന്നാല്‍ അവര്‍ക്ക് അതിര്‍ കവിഞ്ഞ താല്‍പര്യമായിരിക്കും. ആദ്യം മുതലേ ഞാനുമായി ബന്ധമുള്ളവര്‍ അത് ഇപ്പോഴും തുടരുന്നുണ്ട്. അവരുടെ പദവിയെന്ത്, സ്ഥാനമെന്ത് എന്നതൊന്നും അതിന് തടസ്സമല്ല. അവര്‍ക്ക് ഏതു സമയത്തും എന്റടുത്ത് വരാം. ഞാനിപ്പോ ഇരിക്കുന്ന സ്ഥാനം അതിന് തടസ്സമല്ല.

എപ്പോഴെങ്കിലും എന്തെങ്കിലും ഉപദേശിച്ചുെകാടുക്കണം എന്നു തോന്നിയിട്ടുണ്ടോ ടീച്ചര്‍ക്ക് ? 
കമല: ഇദ്ദേഹം ആരോടും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. കേള്‍ക്കുന്നോര്‍ക്ക് അത് ചിലപ്പോ ഇഷ്ടപ്പെട്ടില്ലാന്ന് വരും. അവര്‍ക്ക് മനഃപ്രയാസം വരുന്നുണ്ടോ എന്ന ഒരു ശങ്ക എനിക്കുണ്ട്. അത് ഞാന്‍ പങ്കുവെക്കാറുണ്ട്. പക്ഷേ കാര്യമൊന്നുമില്ല. പറയാനുള്ളത് മുഖത്തുനോക്കി പറയും.

സാറ് പൊതുവെ ഗൗരവക്കാരനാണ്, ചിരിക്കില്ല എന്നാണല്ലോ ചിലരൊക്കെ പറയുന്നത്? 
ചിരിക്കാറില്ലാന്നോ? അതൊക്കെ വെറുതെ പറയുന്നതാ. അങ്ങനെ ഒരു മനുഷ്യന് ചിരിക്കാതിരിക്കാന്‍ പറ്റുമോ? നല്ല ഹ്യൂമര്‍ സെന്‍സുള്ള, നന്നായി ചിരിക്കാനും എല്ലാം ആസ്വദിക്കാനും ഒക്കെ കഴിയുന്ന ആളാ. കുറച്ചു പത്രങ്ങളും ചാനലുകളും  വെച്ചു ചാര്‍ത്തിെക്കാടുത്തിട്ടുണ്ട്, ദേ, വലിയ ഗൗരവക്കാരന്‍ എന്ന പേര്. ഒരു പാടു കാര്യങ്ങള്‍ ചാര്‍ത്തിക്കൊടുത്ത കൂട്ടത്തില്‍ ഇതും. ചിരിക്കൂല, ഭയങ്കര കട്ടിയാണ്, ദേഷ്യാണ്. അതവിടെ കിടന്നോെട്ട.

വിഷയം മാധ്യമ പ്രവര്‍ത്തകരിലെത്തിയപ്പോള്‍ ഇന്നസെന്റ് 'കടക്കൂ..പുറത്ത്' ഓര്‍ത്തുകാണും. 
മാധ്യമ പ്രവര്‍ത്തകരോട് എന്തെങ്കിലും വിരോധമുണ്ടോ?
പിണറായി: മാധ്യമപ്രവര്‍ത്തകരോട് വിരോധം തോന്നണ്ട കാര്യമില്ലല്ലോ. അവര് അവരുെട ജോലി നിര്‍വ്വഹിക്കുന്നതാണ്. പിന്നെ ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ അവരുെട ജോലിഭാരം കൂടി. ഏതു സമയത്തും എവിടെയും ഇടിച്ചു കയറിച്ചെല്ലുന്ന രീതിയാണ് അവരുടേത്. എനിക്ക് എന്റേതായ രീതികളുണ്ട്. ഞാന്‍ പറയേണ്ട കാര്യങ്ങളേ ഞാന്‍ പറയൂ. പറയേണ്ട കാര്യങ്ങളെല്ലാം പറയുകയുംചെയ്യും. എനക്ക് ഒന്നും പറയാനില്ലാത്ത ഘട്ടത്തില്‍ ഇടിച്ചുവന്ന് പറയിപ്പിക്കാന്‍ നോക്കിയാല്‍ ഞാന്‍ പറയില്ല. ഞാനങ്ങ് പോവും. നേരത്തേ അങ്ങനെയാണ്, ഇപ്പോഴും അങ്ങെനയാണ്.