വൈശാഖി, കരുത്തിന്റെ പര്യായമായിമാറുകയാണ് ഈ പേര്. സ്വപ്നങ്ങള്‍ കണ്ടുതുടങ്ങേണ്ട ചെറുപ്രായത്തില്‍ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഒറ്റയ്ക്ക് പേറാനായിരുന്നു അവളുടെ നിയോഗം. മോഡലിങ്ങില്‍ തിളങ്ങാന്‍ ആഗ്രഹിച്ചവളുടെ മോഹങ്ങള്‍ക്ക് നിനച്ചിരിക്കാതെ മങ്ങലേറ്റു. കുടുംബത്തിന്റെ നെടുംതൂണായിരുന്ന അച്ഛന് തളര്‍ന്നുവീണതോടെ ഒരു ആയുസ്സിന്റെ വിഷമതകള്‍ മുഴുവന്‍ ഒരൊറ്റവര്ഷംകൊണ്ടു കണ്ടുതീര്‍ത്തു, ഈ പെണ്‍കുട്ടി. എന്നാല്‍, ജീവിതം അവള്‍ക്കായി ചിലതു കാത്തുവെച്ചിരുന്നു. ഒന്നുമില്ലായ്മയില്‍നിന്ന് സന്തോഷത്തിന്റെ കൊടുമുടിയില്‍ അവളെ കൊണ്ടെത്തിക്കാന്പോന്ന ചിലത്.
ഗൃഹലക്ഷ്മി നടത്തിയ ഫെയ്സ് ഓഫ് കേരള 2018-ന്റെ വിജയകിരീടം ചൂടിനില്‍ക്കുന്ന വൈശാഖി ഉള്‍ക്കരുത്തിന്റെ ഉദാത്തമാതൃകയാണ്.
ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന വൈശാഖി കണ്ട കിനാവുകള്‍ നിറയെ വെള്ളിവെളിച്ചം പരന്നുകിടന്നിരുന്നു. എന്നാല്‍, സ്വപ്നങ്ങളിലേക്ക് നടന്നുകയറാനുള്ള വഴികളൊന്നും പരിചയമുണ്ടായിരുന്നില്ല. തത്കാലത്തേക്ക് അവയെല്ലാം ഹൃദയത്തിന്റെ വടക്കേയറ്റത്ത് കുഴിച്ചുമൂടി എല്ലാവരെയുംപോലെ വൈശാഖിയും എന്ജിനീയറിങ്ങിനു പിറകെ പോയി. കാമ്പസ് പ്ലേസ്മെന്റിലൂടെ ബഹുരാഷ്ട്ര കമ്പനിയില്‍ ലഭിച്ച ജോലിക്കായി മുംബൈയിലേക്ക് പോകാനിരിക്കെ ഒരുദിവസംകൊണ്ട് എല്ലാം മാറിമറിഞ്ഞു. യാത്രയുടെ ഒരുക്കങ്ങള്‍ തീര്‍ത്ത് ഒരു വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയ വൈശാഖിയുടെ കൈകളിലേക്ക് അച്ഛന് തളര്‍ന്നുവീണു, ഒപ്പം ഒരു കുടുംബവും. അച്ഛന്റെയും അമ്മയുടെയും ആശ്രയം ഏകമകളായ വൈശാഖിയായിരുന്നു.
മസ്തിഷ്കാഘാതം തളര്‍ത്തിയ അച്ഛനെയുംകൊണ്ട് ആശുപത്രികളുടെ ഇടനാഴികള്‍തോറും ഓടിനടന്നു. അതിനിടയില്‍ മുംബൈയിലെ ജോലി വേണ്ടെന്നുവെച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ ഓഡിറ്റിങ് കമ്പനിയില്‍ ജോലിക്കുകയറി. അച്ഛന്റെ ആരോഗ്യം എങ്ങനെയെങ്കിലും വീണ്ടെടുക്കണമെന്നായിരുന്നു പിന്നീടുള്ള നാളുകളില്‍ വൈശാഖികണ്ട ഏകസ്വപ്നം. അതിനുള്ള ഓട്ടപ്പാച്ചിലില്‍ അവള് ബാക്കിയെല്ലാം മറന്നു. ചെറുപ്പത്തില്‍ തന്നെ കൈപിടിച്ചുനടത്തിയ അച്ഛനെ അവളൊരു കുഞ്ഞിനെപ്പോലെ പരിചരിച്ചു. രാപകല്‍ നോക്കാതെ അച്ഛനെയും വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു, പലവട്ടം. അപ്പോഴെല്ലാം മകളുടെ കരുത്തില്‍ ആ അച്ഛനും അമ്മയ്ക്കും അഭിമാനം തോന്നിയിരിക്കണം.
ഡല്‍ഹി മഹീന്ദ്രയിലെ ജീവനക്കാരനായിരുന്നു വൈശാഖിയുടെ അച്ഛന് രാധാകൃഷ്ണന് പിള്ള. അമ്മ അനിതാ രാധാകൃഷ്ണന് വീട്ടമ്മയും. പ്രമേഹം മൂര്‍ച്ഛിച്ച് കണ്ണിന്റെ കാഴ്ച കുറഞ്ഞുതുടങ്ങിയതിനെത്തുടര്ന്ന് അവധിയെടുത്ത് അച്ഛന് വിശ്രമത്തിലായിരുന്നു. പെട്ടെന്ന് ഓര്‍മകളുടെ കണക്കുകള്‍ പിഴയ്ക്കാന്‍ തുടങ്ങി. വീടു മറന്നുപോയി, ഭാര്യയെയും മകളെയും തിരിച്ചറിയാനാകാതെ കുഴങ്ങി. മസ്തിഷ്കാഘാതത്തിന്റെ ഈ ലക്ഷണങ്ങളൊന്നും തിരിച്ചറിയാനായിരുന്നില്ല. എങ്കിലും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടാതെ കാക്കാനായി. എന്നാല്‍, ഇതിനൊപ്പം വൃക്കയും പണിമുടക്കിത്തുടങ്ങിയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഡയാലിസിസിനു തൊട്ടുമുമ്പുള്ള നാലാം ഘട്ടമെത്തിയിരിക്കുന്നു. പക്ഷേ, ഒന്നൊന്നായി പിടിമുറുക്കിയ രോഗപീഡകള്‍ക്ക് വിട്ടുകൊടുക്കാതെ വൈശാഖി അച്ഛനെ ചേര്‍ത്തുപിടിച്ചു.
ഡല്‍ഹിയിലെ കൈലാഷ് ആശുപത്രിയിലായിരുന്നു ഒരു വര്‍ഷത്തോളമായി മൂന്നുപേരുടെയും ജീവിതം. ഇല്ലാത്ത കാശുണ്ടാക്കി ചികിത്സനടത്തി. ഒറ്റയാളുടെ ശമ്പളംകൊണ്ട് ചികിത്സയും വീട്ടുചെലവും നടത്താന്‍ നന്നേ ബുദ്ധിമുട്ടി. സുഹൃത്തുക്കളും ബന്ധുക്കളും പലപ്പോഴും സഹായവുമായെത്തി. ഇപ്പോള്‍ രാധാകൃഷ്ണന് പിള്ള വീട്ടില്‍ വിശ്രമത്തിലാണ്. ഓര്‍മകള്‍ തെളിഞ്ഞുതെളിഞ്ഞുവരുന്നു. സംസാരിക്കാനുള്ള ചെറിയ ബുദ്ധിമുട്ടൊഴിച്ചാല്‍ ബാക്കിയെല്ലാ ആരോഗ്യപ്രശ്നങ്ങളും സുല്ലുപറഞ്ഞൊഴിഞ്ഞുപോയി. എങ്കിലും എല്ലാ മാസവും മെഡിക്കല്‍ ചെക്കപ്പ് വേണം. ഇതിനു കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും വൈശാഖിതന്നെ.
അതിനിടയ്ക്കാണ് ഗൃഹലക്ഷ്മിയില്വന്ന പരസ്യംകണ്ട് അമ്മ ഫെയ്സ് ഓഫ് കേരളയെക്കുറിച്ച് വൈശാഖിയോട് പറയുന്നത്. ഫോട്ടോ അയച്ചുകൊടുക്കേണ്ട അവസാനദിനമായിരുന്നു അന്ന്. അന്നുതന്നെയെടുത്ത രണ്ടു ഫോട്ടോകള്‍ അയച്ചുകൊടുക്കുമ്പോള്‍ നേരിയ പ്രതീക്ഷമാത്രമാണുണ്ടായിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് ഓഡിഷനെത്തണമെന്ന് അറിയിച്ചു മെയില്‍ ലഭിച്ചു. അതുവരെ മോഡലിങ്ങോ ഫോട്ടോഷൂട്ടോ ഒന്നും ചെയ്തിട്ടില്ലാത്ത വൈശാഖിയുടെ മനസ്സാകെ ശൂന്യമായിരുന്നു. എങ്കിലും ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് ഉള്ളില്‍ ഉരുവിട്ടുകൊണ്ടിരുന്നു. തിരുവനന്തപുരംവരെ പോയിവരാനുള്ള ചെലവോര്ത്തപ്പോള് മനസ്സ് പിന്നെയും പിന്നിലേക്ക് വലിച്ചു. ആ കാശുകൊണ്ട് അച്ഛന് മരുന്നുവാങ്ങിക്കൂടേയെന്നുതോന്നി. പക്ഷേ, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുനില്‍ക്കുന്ന വൈശാഖിക്ക് ഒരു ഉയിര്‍പ്പ് അത്യാവശ്യമായിരുന്നു. മനസ്സ് അതിനായി വാശിപിടിച്ചുകൊണ്ടിരുന്നു.
സഹപ്രവര്‍ത്തക വിമാനടിക്കറ്റെടുക്കാനുള്ള പണം നല്കി. തിരുവനന്തപുരത്തെ കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ച് ഓഡിഷനില്‍ പങ്കെടുത്തു. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ഓഡിഷനുശേഷം അവസാനമായിരുന്നു തിരുവനന്തപുരത്തേത്. 150 പേരില്‍നിന്ന് ഫിനാലെയ്ക്ക് തിരഞ്ഞെടുത്ത 24 പേരില്‍ വൈശാഖിയും. നവംബര്‍ ആദ്യവാരം ബോള്‍ഗാട്ടി പാലസില്‍ നടന്ന ഗ്രൂമിങ് സെഷന് വൈശാഖിക്ക് ശരിക്കുമൊരു അഗ്നിപരീക്ഷയായിരുന്നു. ഫിനാലെയില്‍ പങ്കെടുക്കാന്‍ കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് കിട്ടിയതോടെ അവ വാങ്ങാനുള്ള പണത്തിനായുള്ള നെട്ടോട്ടമായിരുന്നു.
കോയമ്പത്തൂര്‍ എന്ജിനീയറിങ്ങിനു പഠിക്കുന്ന സമയത്ത് സിനിമയിലേക്കുള്ള ഓഡിഷനില്‍ പങ്കെടുത്ത പരിചയംമാത്രം കൈമുതലാക്കിയാണ് അവള് വണ്ടികയറിയത്. അവസാന റൗണ്ടുവരെ എത്തിയെങ്കിലും അന്നു തിരഞ്ഞെടുക്കപ്പെട്ടില്ല. ഫിനാലെയില്‍ പങ്കെടുക്കാന്‍ യാത്രയാക്കുമ്പോള്‍ അച്ഛന് പറഞ്ഞത് വൈശാഖിയുടെ മനസ്സില്‍ തറച്ചുനിന്നു ''നീ പോയി വരൂ. ഇതൊന്നും നമ്മളെപ്പോലെയുള്ളവര്‍ക്ക് സ്വപ്നംകാണാന്‍ പറ്റുന്നതല്ലെന്ന് മനസ്സിലാക്കാന്‍ ഇതു നല്ലതാണ്''.
മോഡലിങ്ങില്‍ പ്രൊഫഷണല്‍ പരിചയമുള്ളവരായിരുന്നു ഫെയ്സ് ഓഫ് കേരളയില്‍ കൂടെ മത്സരിക്കുന്നവരില്‍ പലരും. അവരോടൊന്നും മത്സരിക്കാന്‍ തനിക്കാവില്ലെന്ന ചിന്ത കയറിക്കൂടിയതോടെ ഇവിടംവരെയെത്തിച്ച ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതുപോലെ തോന്നി. ഉള്ളിലെ പകപ്പും സങ്കടവും ആരുംകാണാതെ വാഷ്റൂമില്‍ പോയി കരഞ്ഞുതീര്‍ത്തു. അച്ഛനെക്കുറിച്ചുള്ള ചിന്തകളും വൈശാഖിയെ ശ്വാസംമുട്ടിച്ചു. യോഗയും റാംപ് വാക്ക് പരിശീലനവും വ്യക്തിത്വവികസന സെഷനുകളുമായി രണ്ടുദിവസം. ഇതെല്ലാം വൈശാഖിയുടെ ആദ്യാനുഭവങ്ങളായിരുന്നു. ഷാംഖാന്, അംബികാ പിള്ള, നൂതന് മനോഹര്‍, സെനി പി. അറക്കാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗ്രൂമിങ്.
കൂടെയുള്ള ആരുമായും അധികം അടുക്കാന്‍ സാധിക്കാതെ ഉള്‍വലിഞ്ഞുനിന്ന ദിവസങ്ങളായിരുന്നു അവ. വൈശാഖിയുടെ ഉള്ളില്‍ ഒരു കനലെരിയുന്നത് ആരും അറിഞ്ഞില്ല. തന്റെ കഥയറിഞ്ഞാല്‍ ലഭിച്ചേക്കാവുന്ന സഹതാപവും അനുകമ്പയുമൊന്നും അവള് ആഗ്രഹിച്ചില്ലെന്നു മാത്രമല്ല മത്സരത്തിന്റെ വിധിനിര്‍ണയത്തെ അത് ഒരുതരത്തിലും ബാധിക്കരുതെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. ഫിനാലെ ദിവസം ഇതു തന്റെ സ്വപ്നങ്ങളിലേക്കുള്ള പിടിവള്ളിയാണ്, വിട്ടുകളയരുതെന്ന തോന്നലോടെയായിരുന്നു അവളുണര്‍ന്നത്. കൂടെയുള്ള മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി അച്ഛനമ്മമാരും സുഹൃത്തുക്കളുമെത്തിയപ്പോള് വൈശാഖി സ്വയം പ്രചോദനമായിമാറി. വിജയിച്ചേ മതിയാകൂ എന്നുറപ്പിച്ചാണ് റാംപില്‍ ചുവടുവെച്ചത്. അങ്ങനെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടന്ന എട്ടുപേരില്‍ ആദ്യപേര് വൈശാഖിയുടേതായി.
നിങ്ങളെ ഏറ്റവും സന്തോഷവതിയാക്കുന്നത് എന്താണ് എന്ന ചോദ്യമാണ് തന്റെ ജീവിതം മാറ്റിമറച്ചതെന്ന് വൈശാഖി പറയുന്നു. പ്രശസ്ത മോഡലായ ആര്‍ഷ്യ അഹൂജയാണ് അവസാന റൗണ്ടിലെ ചോദ്യം ചോദിച്ചത്. 'എന്റെ കംഫര്‍ട്ട് സോണില്‍നിന്നും മാറി എന്റെ സ്വപ്നത്തില്‍ ജീവിക്കുന്ന ഈ നിമിഷമാണ് ഏറ്റവും സന്തോഷം തരുന്നത്. അച്ഛനുമമ്മയും എവിടെയെങ്കിലുമിരുന്ന് ഇതു കാണുന്നുണ്ടാകും. അവര്ക്കെന്നെക്കുറിച്ച് അഭിമാനം തോന്നുന്ന ഈ നിമിഷമാണ് എനിക്ക് ഏറ്റവും സന്തോഷം' ഹൃദയത്തില്‍നിന്നുള്ള മറുപടിയിലൂടെ വിജയകിരീടം അവള് നെറുകയിലണിഞ്ഞു.
Content Highlights: Preservence Pays For Vaisakhi Radhakrishnan, Grihalakshmi Face of Kerala, Vaisakhi Radhakrishnan