Pearly

എന്താ പേളി ഇങ്ങനെ?

 ''കോപ്പിയടി ചീത്തയാണെന്ന് അറിയില്ലേ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നമ്മളത് മനസ്സിലാക്കുന്നുണ്ട്. പിന്നെ എന്തിനാ ജീവിതത്തില്‍ നമ്മള്‍ മറ്റുള്ളവരെ കോപ്പിയടിക്കുന്നത്. വേറെ ഒരാളുടെ ലൈഫ് അനുകരിക്കാന്‍ ഞാനില്ല. നമ്മുടേതായിട്ടുള്ള ഐഡിയ കൊണ്ട് ജീവിക്കണം. കോപ്പിയടിക്കാതെ പരീക്ഷ എഴുതുന്നതുപോലുള്ള ബുദ്ധിമുട്ട് ഇതിനുമുണ്ട്. ജീവിതം പഠിക്കണം, എക്‌സ്പിരിമെന്റ് ചെയ്യണം, ഫീല്‍ഡ് വര്‍ക്ക് ചെയ്യണം. അതൊക്കെയാണ് ഞാനീ ചെയ്തുകൊണ്ടിരിക്കുന്നത് ബ്രോ.''ഒട്ടും ആംഗ്രിയാവാതെ പേളി ചിരിച്ചു. പേളിയുടെ കേര്‍ളി മുടി കാറ്റില്‍ ഇളകി. 

പേളി(PEARLE) എന്താണ്?  

'' P ഫോര്‍ പോസിറ്റീവ്, E ഫോര്‍ എനര്‍ജി, A ഫോര്‍ അസെര്‍ട്ടീവ്, R ഫോര്‍ റീസെണിങ്, L ഫോര്‍ ലവിങ്, E ഫോര്‍ എന്‍ര്‍ടെയിനിങ്ങ്''
 സ്വന്തം പേരിന് ഇത്രേം വലിയൊരു അര്‍ത്ഥമുണ്ടാക്കിയ സന്തോഷം നായികയുടെ മുഖത്ത് കണ്ടു. നമ്മുടെ വിരുന്നുമുറിയിലെ ടിവിയിലിരുന്ന് വളാവളാ പറയുന്ന അതേ പേളി തന്നെയോ ഇത്?. അതൊക്കെ അങ്ങ് ടിവിയില്‍. ദാ നോക്കു,  ശരിക്കും പേളി വേറൊരാളാണ്. നമ്മളിതുവരെ കാണാത്ത, മനസ്സിലാക്കാന്‍ മറന്നുപോയ മറ്റൊരാള്‍. ദാ വരുന്നു.

Pearly'പഴയൊരു കാര്യംപറയാം, ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്നത് പെപ്‌സി ഉമ എന്നൊരു ആങ്കറെയാണ്. മക്കളേ എന്നുവിളിച്ചാണ് അവര്‍ സംസാരിച്ച് തുടങ്ങുന്നത്. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളൊരു ടോണ്‍. അവരങ്ങനെ സംസാരിക്കുമ്പോള്‍ എന്നെപ്പോലുള്ള കുട്ടികള്‍ കാതുകൂര്‍പ്പിച്ച് ഇരിക്കും. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ആ ഷോ കാണാന്‍ ഇരുന്നാല്‍ വീട്ടിലുള്ള എല്ലാവരും അത് കാണാന്‍ നിര്‍ബന്ധിതരാവും. ടിവിയില്‍ ആങ്കറായപ്പോള്‍ എന്റെ മനസ്സിലും വന്നത് പെപ്‌സി ഉമയുടെ ശൈലിയാണ്. ചെറുപ്പത്തിലെ ആ ഓര്‍മകളും.

ഞാനിപ്പോള്‍ ആണവക്കരാറിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ നിങ്ങളില്‍ എത്രപേര്‍ കേള്‍ക്കാന്‍ തയ്യാറാവും.  ടോം ആന്‍ഡ് ജെറിയെക്കുറിച്ച് മാത്രം സംസാരിച്ചാലോ? അമ്മമാരൊക്കെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോവും. ഡാഡിമാര്‍ നീ പോടീ എന്നുപറഞ്ഞ് അവരുടെ പാട്ടിന് പോവും. അങ്ങനെ പോരാ, ഒരു ആങ്കര്‍ എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യിക്കണം. ഓരോരുത്തര്‍ക്കും വേണ്ടി നമ്മുടെ ടോണ്‍ മാറണം, എക്‌സ്പ്രഷന്‍സ് മാറണം. നമ്മുടെ ഇംഗ്ലീഷാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് വിചാരിക്കും. അല്ലെങ്കില്‍ എന്റെ മലയാളമാണെന്ന്. വെരി സോറി. മലയാളവും ഇംഗ്ലീഷുമൊന്നും ആര്‍ക്കും വേണ്ട. കണ്ടന്റുള്ള സംസാരമേ ആളുകള്‍ കേട്ടിരിക്കൂ. 

കണ്ടാല്‍ പേളി പൊതുവെ ഹാപ്പിയാണ്...

സന്തോഷമായിട്ടിരിക്കുന്നത് ഒരു ഹാബിറ്റാണ്. ജോളിയായിട്ട് വളര്‍ന്ന ഫാമിലിയിലെ കുട്ടികള്‍ അങ്ങനെയാവും. അച്ഛനും അമ്മയും എപ്പോഴും പോസിറ്റീവാണെങ്കില്‍ ഏതുനേരവും ഹാപ്പിയായിട്ട് ഇരിക്കാനേ ആ കൊച്ചിന് അറിയൂ. എപ്പോഴും വഴക്കുണ്ടാക്കുന്നൊരു അച്ഛനും അമ്മയുമാണെങ്കില്‍ അവിടെ വളരുന്ന കൊച്ചിനും വഴക്കിടുന്ന ശീലമുണ്ടാവും. നമ്മളിപ്പോ ഹാപ്പിയാണോ സാഡാണോ എന്നറിയാന്‍  പഴയകാലം നോക്കിയാല്‍ മതി. ഞാനൊരു കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. അച്ഛനും അമ്മയും കല്യാണം കഴിച്ചു. അമ്മയുടെ അനിയത്തിയും അച്ഛന്റെ അനിയനും കല്യാണം കഴിച്ചു. 25 വര്‍ഷത്തിലധികമായി ഞങ്ങളെല്ലാം ഒരുമിച്ചാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു കുടുംബത്തില്‍ ജനിച്ചതുകൊണ്ടാവും ഇത്രേം പേരുടെ നല്ല സ്വഭാവത്തിലെ എല്ലാ അംശങ്ങളും ഞങ്ങളിലേക്കും വന്നു. എട്ടുകുട്ടികളുണ്ട് വീട്ടില്‍. എല്ലാവരും ഒരുമിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ എപ്പോഴും ഹാപ്പിയാണ്.

 

എല്ലാവര്‍ക്കും പ്രചോദനം (മോട്ടിവേഷന്‍) നല്‍കുന്ന ഒരാളെപ്പോലെ സംസാരിക്കുന്നല്ലോ?

അച്ഛന്‍ മോട്ടിവേഷനല്‍ സ്പീക്കറാണ്. ഡബ്ല്യു.എച്ച്. ഒ.,ഐ.എം.എ.,കേരള പോലീസിനുവേണ്ടിയൊക്കെ ക്ലാസെടുക്കാറുണ്ട്. എന്നെ അറിയുന്ന Pearlyഒരാളും അതെന്റെ അച്ഛനാണെന്ന് വിശ്വസിക്കില്ല. അങ്ങനെ പെരുമാറുന്നയാളാണ് അച്ഛന്‍. ഞാന്‍ കുഞ്ഞിലേ അച്ഛന്റെ ക്ലാസ് കേള്‍ക്കാന്‍ പോവുമായിരുന്നു. ആദ്യം ഇയാള്‍ എന്താണ് പഠിപ്പിക്കാന്‍ പോവുന്നതെന്ന പുച്ഛഭാവത്തിലാവും പലരും. പക്ഷേ ക്ലാസുകഴിഞ്ഞാല്‍ പലരും അച്ഛന്റെ കൈപിടിച്ച് കരയുന്നത് കണ്ടിട്ടുണ്ട്. 'നിങ്ങളെന്റെ ജീവിതം മാറ്റി, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചത് . പക്ഷേ ഇന്നുനിങ്ങള്‍ പറഞ്ഞുതന്നു എന്റെ ജീവിതത്തില്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ പറ്റുമെന്ന്'എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് അച്ഛന്‍ സംസാരിക്കുന്നതൊക്കെ ഇപ്പോള്‍ ഞാനും പ്രയോഗിക്കുന്നു. അത്രയേയുള്ളൂ.

എന്നാല്‍ പിന്നെ പേളി പഠിച്ചതുവെച്ച് ചോദിക്കട്ടെ. സന്തോഷം വരുന്ന വഴി ഏതാണ്?

പലരും സ്വയം സ്‌നേഹമില്ലാതെയാണ് ജീവിക്കുന്നത്. എന്നാലും പറയും നമ്മളെല്ലാവരെയും സ്‌നേഹിക്കണമെന്ന്. നിങ്ങള്‍ നിങ്ങളെ സ്‌നേഹിച്ചാല്‍ മാത്രമല്ലേ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പറ്റൂ. ഇപ്പോള്‍ എന്റെ കൈയിലൊരു ഗ്ലാസുണ്ടെന്ന് വെച്ചോ. അതില്‍ വെള്ളമില്ല, ഒന്നുമില്ല. എന്നിട്ടും ഞാന്‍ പറയുകയാണ്, ലോകത്തിന് മുഴുവന്‍ ഞാന്‍ വെള്ളം നല്‍കാമെന്ന്. എങ്ങനെ പറ്റും?. അതേപോലെയാണിതും. എന്റെ ഗ്ലാസില്‍ സ്‌നേഹമില്ലെങ്കില്‍ ഞാന്‍ അതെങ്ങനെ മറ്റൊരാള്‍ക്ക് പകര്‍ന്നുനല്‍കും. 'നിങ്ങളാരെങ്കിലും എന്നെയൊന്ന് സ്‌നേഹിക്ക്' എന്നുപറഞ്ഞാണ് പലരും കല്യാണമേ കഴിക്കുന്നത്.  അങ്ങനെയാവരുത്. 'ഞാന്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നു, അതുകൂടിപ്പോയി, ഇത് ആര്‍ക്കെങ്കിലുമൊക്കെ ഷെയര്‍ ചെയ്യണം. സ്‌നേഹിക്കാന്‍ അറിയാത്തവരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണം.' ഇങ്ങനെയൊരു ഉദ്ദേശത്തോടെ കല്യാണം കഴിച്ചാല്‍ ബ്യൂട്ടിഫുള്‍ റിലേഷന്‍ഷിപ്പായിരിക്കും. തീര്‍ച്ച.


ചിത്രങ്ങള്‍: സെനി പി.അറുകാട്ട്