വിഷാദത്തിന്റെയും സമ്മര്‍ദ്ദത്തിന്റെ കാലവും അതില്‍നിന്ന് സ്‌നേഹത്തിലേക്ക് തുറന്ന വഴികളെയും കുറിച്ച്  പാര്‍വതി തുറന്നു പറയുന്നു. തനിക്ക് മുന്നില്‍ ചോദ്യങ്ങളുമായെത്തിയ കോളേജ് വിദ്യാര്‍ഥികളുമായി പാര്‍വതി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ 

ജീവിതം സമ്മര്‍ദ്ദത്തിലായിരുന്നോ 

ഞാന്‍ സ്ഥിരം ഒരു ഓവര്‍ തിങ്കറാണ്. ഓവറാണ് എന്റെ ഫീലിങ്‌സും. സത്യത്തില്‍ എല്ലാത്തിലും ഓവറാണ്. ഭയങ്കര ഓവര്‍. പണ്ടൊക്കെ എല്ലാവരും എന്നോട് പറയും, പാര്‍വതീ ഇറ്റ്‌സ് റ്റൂ മച്ച്. റ്റൂ മച്ച് ലൗ, റ്റൂ മച്ച് സാഡ്‌നെസ്സ്, റ്റൂ മച്ച് ആങ്കര്‍..' അതോടെ എന്റെ സുഹൃത്തുക്കള്‍ക്കിഷ്ടമുള്ള വിധം ഞാന്‍ മാറാന്‍ തുടങ്ങി. എന്നിലേക്ക് ചുരുങ്ങി. ചില സുഹൃത്തുക്കളുണ്ടായിരുന്നു.. അവര്‍ക്കറിയില്ല, ഞാന്‍ പ്രതിസന്ധിയില്‍ അല്ലാത്തപ്പോള്‍  എനിക്കുവേണ്ടി എന്തുചെയ്യണമെന്ന്. അതുകൊണ്ട് സന്തോഷിച്ചിരിക്കുമ്പോഴും അവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി ഞാന്‍ സങ്കടം നടിക്കും. ആ കാലത്തിന്റെ സമ്മര്‍ദ്ദവും വിഡ്ഢിത്തങ്ങളും ഓര്‍ത്തിട്ടെന്ന വണ്ണം പാര്‍വതി രണ്ടു കൈകളും പരസ്പരം മുറുക്കെ തിരുമ്മി നിലവിളിക്കുന്ന ആംഗ്യത്തില്‍ ചിരിച്ചു..'ഓ മൈ ഗോഡ്..' 

ആ കാലത്തില്‍ നിന്ന് പിന്നെ എങ്ങോട്ട് പോയി 

ആ കാലം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്, എനിക്ക് ഒറ്റയ്ക്കാവുന്നതില്‍ പ്രശ്‌നമില്ല എന്ന്. കരിയറിന്റെ ആദ്യത്തെ ഏഴ് വര്‍ഷങ്ങള്‍ ഞാന്‍ സന്തോഷത്തോടെ ഒറ്റയ്ക്ക് ജീവിച്ചു. നാലു നാലരയ്ക്ക് എഴുന്നേല്‍ക്കും. എന്തെങ്കിലും പുസ്തകം വായിക്കും. പിന്നെയും ഉറങ്ങും. എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കും. അന്ന് ഓഫറൊന്നും  അത്ര അധികമില്ല. വര്‍ഷത്തില്‍ ഒരു സിനിമ കിട്ടിയാല്‍ കിട്ടി എന്ന മട്ടിലാണ് പോയിക്കൊണ്ടിരുന്നത്. ഞാന്‍ എപ്പോഴും സിനിമ കാണും കുറച്ച് എഴുതും, പച്ചക്കറിയും പലചരക്കും തീരുമ്പോള്‍ മാത്രം പുറത്തിറങ്ങും. സെക്യൂരിറ്റിക്കാരന്‍ ചോദിക്കും, ആ ഇവിടുണ്ടായിരുന്നോ? 
അച്ഛന്‍ ഇടയ്ക്ക് വിളിച്ച് പറയും, അമ്മിണീ പുസ്തകത്തില്‍ വായിക്കുന്ന ലൈഫ് മാത്രമല്ല ലൈഫ്. സ്മാര്‍ട്ടാവണമെങ്കില്‍ ആളുകളെ മീറ്റ് ചെയ്യണം. പക്ഷേ എനിക്കൊരിക്കലും ഒറ്റക്കായ പോലെ തോന്നിയില്ല. എന്നില്‍ തന്നെ ഞാന്‍ വളരെ സന്തുഷ്ടയായിരുന്നു. 

ഈ ചെറുപ്പക്കാരുടെ എല്ലാം പ്രായത്തില്‍ പാര്‍വതി എന്തുചെയ്യുകയായിരുന്നു? 

പാര്‍വതി തലയൊന്ന് ചെരിച്ച് ചോദിച്ചു. എന്താ ഇവരുടെയൊക്കെ പ്രായം? ആദ്യത്തെയാള്‍ 23 എന്ന് പറഞ്ഞതും അവര്‍ തമാശ മട്ടില്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. ഓ ഐ ആം ആന്‍ ആന്റി..പിന്നെ ഓരോരുത്തരായി പ്രായം വെളിപ്പെടുത്തി. 25,27,28 പാര്‍വതി എണ്ണിയെണ്ണി മറുപടി പറയാന്‍ തുടങ്ങി. 

23 വയസ്സില്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു, നോക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നീ 25 ആണ്. ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അതോര്‍ത്ത് ഭയങ്കര പരിഭ്രാന്തി ആയിരുന്നു. പക്ഷേ 25ല്‍ സീന്‍ ആകെ മാറി. ജീവിതത്തെ ഏറ്റവും വിറകൊള്ളിച്ച ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍ അപ്പോള്‍. പക്ഷേ അതുതന്നെയായിരുന്നു ഏറ്റവും പവര്‍ഫുള്‍ വര്‍ഷവും. ചിലതൊന്നുമില്ലാതെ എനിക്ക് ശ്വസിക്കാനാവില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഞാന്‍ ശ്വസിച്ചു. മരിച്ചുപോവും എന്ന് കരുതി. പക്ഷേ അതും ഉണ്ടായില്ലല്ലോ!

27 മരിയാന്‍ കഴിഞ്ഞിട്ട് ഞാന്‍ തീരുമാനിച്ചു, ഇനി ആറേഴ് മാസത്തേക്ക് അഭിനയിക്കണ്ട. അങ്ങനെ പോയി മുടിവെട്ടി. പക്ഷേ ആ ലുക്കാണ് എനിക്ക് ബാംഗ്ലൂര്‍ ഡെയ്‌സിലേക്ക് വഴിതുറന്നത്. അതൊരു രസമുള്ള സമയമായിരുന്നു. 

ഇനി 28 എന്നെ വിഷാദരോഗം കൊണ്ടുപോയ പ്രായം. ആകെ ഡാര്‍ക്. ഒരു മാസം അക്ഷരാര്‍ഥത്തില്‍ ഞാന്‍ സൂര്യപ്രകാശം കണ്ടിട്ടില്ല. എങ്ങനെ ആ സമയം കടന്നുപോയി എന്നറിയില്ല. എന്നു നിന്റെ മൊയ്തീന്റെ സമയമാണത്. ചാര്‍ളിയുടെ റിലീസും ആ വര്‍ഷം തന്നെ. 75-ാം ദിവസത്തിന്റെ ആഘോഷത്തിനൊക്കെ വിളിക്കുമ്പോള്‍ ഞാന്‍ റൂമില്‍ അടച്ചിരിപ്പാണ്. പക്ഷേ ഡ്രസ് ഒക്കെ ചെയ്ത് പുറത്തിറങ്ങിയാല്‍ ഓക്കേ ആയി. ആ ഒന്നൊന്നര മണിക്കൂര്‍ ഞാന്‍ എന്തിലൂടെ കടന്നുപോകുന്നു എന്നൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. 


PARVATHYനടി പാര്‍വതി തിരുവോത്തുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍
ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Highlights: Parvathy thiruvoth Interview