''നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍ അതിനെപ്പറ്റി വിമര്‍ശനമോ  ചര്‍ച്ചയോ ഉണ്ടാവും. അത് സ്വാഭാവികമാണ്.'' 'അമ്മ' യുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് പാര്‍വതി


എന്താണ് 'അമ്മ'യോടു പ്രശ്‌നം?

അതൊരു പ്രശ്‌നമല്ല. 'അമ്മ'യിലെന്നല്ല, ഏതു സംഘടനയിലായാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍ അതിനെപ്പറ്റി വിമര്‍ശനമോ ചര്‍ച്ചയോ ഉണ്ടാവും. അത് സ്വാഭാവികമാണ്. ഇത് സിനിമാ ലോകമായതുകൊണ്ട് കൂടുതല്‍ പ്രാധാന്യം കിട്ടുന്നു എന്നു മാത്രം. പക്ഷേ അനീതി ഉണ്ടാവുമ്പോള്‍ അത് തിരുത്തുക എന്നുള്ളതാണ് കാര്യം. തെറ്റായ ഒരു തീരുമാനമുണ്ടായാല്‍ അതിനെ വിമര്‍ശിക്കും. ഒപ്പം നല്ല ചര്‍ച്ചകളിലൂടെ മുന്നോട്ടു പോവണം. അതിനുള്ള ഒരു ഇടത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

വിമന്‍ ഇന്‍ സിനിമ കലക്ടീവ് വന്നത് വേറൊരു സംഘടനയെയോ വ്യക്തിയെയോ വിമര്‍ശിച്ച് അവര്‍ക്ക് പോരുദോഷം വരുത്താനല്ല. ഈ രംഗത്ത് കുറച്ചു പ്രശ്‌നങ്ങളുണ്ട്, അതിനെ എങ്ങനെ ഒരുമിച്ച് നേരിടാം എന്ന് ആലോചിക്കാനാണ്. ഡബ്ലൂ.സി.സിയിലെ അംഗങ്ങളുടെ മാത്രമല്ല, ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ജോലി സ്ഥലം ആണ് സിനിമാ ഇന്‍ഡസ്ട്രി. അതിനു കൊടുക്കേണ്ട ബഹുമാനവും അച്ചടക്കവും ഉള്‍പ്പെടെ ചര്‍ച്ചയാവണം. ജനം ഇതിനെയൊക്കെ പല രീതിയില്‍ വ്യാഖ്യാനിച്ചേക്കാം. പക്ഷേ ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്ന ആഗ്രഹം മാത്രമാണ് ഇതിന്റയൊക്കെ ഉള്ളില്‍. 

മലയാളത്തില്‍ മാത്രമാണോ ഇത്രയും പ്രശ്‌നങ്ങള്‍?

സത്യത്തില്‍ മലയാളത്തിലാണ് ഏറ്റവും ആരോഗ്യകരമായ അന്തരീക്ഷമുള്ളത്. പല അന്യായങ്ങളും പ്രശ്‌നങ്ങളും ഉണ്ട്. എന്നാലും അതിനെക്കുറിച്ച് ഒരു ഭയവുമില്ലാതെ ബഹുമാനത്തോടെത്തന്നെ സംസാരിക്കാം. തീരുമാനത്തിലെത്താം. അങ്ങനെ നോക്കുമ്പോ മലയാള സിനിമാ ലോകം വളരുന്നുണ്ട്. പിന്നെ, ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ടു പോവാനുള്ള സാധ്യതയുണ്ടാവണം. എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവമാണ് ഒരു വര്‍ഷം മുമ്പ് നടന്നത്. ആ സംഭവത്തിന്റെ ഗൗരവം കുറയാതെത്തന്നെ വേണം ചര്‍ച്ച; പരസ്പരം ബഹുമാനിച്ചുകൊണ്ടുതന്നെ. എനിക്കുറപ്പാണ്, മലയാളം സിനിമാ ഇന്‍ഡസ്ട്രി മാറും. നല്ലതിനുവേണ്ടി മാറും. അതിലേക്കുള്ള യാത്രയാണ് ഇതെല്ലാം. 

സമൂഹത്തിന്റെ പതിവു രീതിയിലല്ല പാര്‍വതി സംസാരിക്കുന്നത്..

ഞാനങ്ങനെ സമൂഹത്തിന്റെ വിപരീതദിശയില്‍ പോവുന്ന ആളൊന്നുമല്ല . കൂടെത്തന്നെ പോവാനാണിഷ്ടം. പക്ഷേ പണ്ടേ ഉള്ളതാണ് എന്നതുകൊണ്ട് മാത്രം ആളുകള്‍ തുടരുന്ന ചില കാര്യങ്ങളില്ലേ? അതില്‍ മാറ്റം വേണമെന്നു തോന്നിയാല്‍ പറയാറുണ്ട്.  ഭൂരിപക്ഷത്തിനും അറിയാം അത് ശരിയല്ലെന്ന്. എന്നിട്ടും സഹിക്കുന്നു. എന്തിന്? ഒരു മാറ്റം വേണ്ടേ? എപ്പോഴും ഇങ്ങെന സാ..എന്നു പോയാല്‍ മതിയോ? ഒരു താളവ്യത്യാസമൊക്കെ വേണം. അങ്ങനെ തോന്നുമ്പോ പറയും. ഞാന്‍ മാത്രമല്ല പലരും പറയും. 
പിന്നെ, ഞാന്‍ പറയുന്നതു മാത്രമാണ് ശരി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്കെന്തുെകാണ്ട് ഒരു കാര്യം ഇഷ്ടമായില്ല എന്നു ഞാന്‍ പറയുന്നു. മറ്റേയാള്‍ക്ക് എന്തുകൊണ്ട് ഇഷ്ടമായി എന്ന് അയാള്‍ക്കും പറയാമല്ലോ. 

അങ്ങനെയാണെങ്കില്‍ സിനിമയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്നു പറഞ്ഞതിന് ഫേസ് ബുക്കില്‍ തെറി പറയാന്‍ വന്നവരോട് എന്തുകൊണ്ടാണ് OMKV (ഓടെടാ മലരേ കണ്ടം വഴി) എന്നു പറഞ്ഞത്?

ആരെയെങ്കിലും ഒരാളെ മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അത് എന്ന് ഞാന്‍ അന്നേ പറഞ്ഞു. ഇപ്പോഴും അതുതന്നെ പറയുന്നു. പറഞ്ഞകാര്യം മനസ്സിലാക്കാതെ അക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ല. അതൊരു ആള്‍ക്കൂട്ടമാണ്. അവരുടെ മനശാസ്ത്രം വേറെയാണ് . അവരോട് എങ്ങനെ സംസാരിക്കും? സംസാരിക്കാന്‍ പറ്റിയാല്‍ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാം. ഒരു പക്ഷേ ബഹുമാനത്തോടെ വിയോജിക്കാം, അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍ സംസാരിക്കാനേ തയ്യാറല്ലെങ്കിലോ? അങ്ങനെയുള്ളവരില്‍ ഫോക്കസ്ചെയ്യാന്‍ ഞാനില്ല. അവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂ. 

Parvathy
Image: Mathrubhumi

സമൂഹത്തിലെ സ്ത്രീവിരുദ്ധതയാണ് സിനിമകളില്‍ കാണിക്കുന്നത് എന്നാണ് ഒരു സംവിധായകന്‍ പറഞ്ഞത്...

സമൂഹത്തിലുള്ളത് സിനിമയിലുണ്ടാവും. സ്വാഭാവികം. സമൂഹത്തിലെ സ്ത്രീവിരുദ്ധ സിനിമയില്‍ പ്രതിഫലിക്കുകയും ചെയ്യാം. പ്രതിഫലിപ്പിച്ചോട്ടേ. ഇപ്പോ ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ് സിനിമയെങ്കില്‍ പീഡനം കാണിച്ചിരിക്കണം. പക്ഷേ ആ പീഡനം നല്ലതാണ് എന്ന രീതിയിലാണ് സിനിമയെടുത്തതെങ്കിലോ? അത് ശരിയല്ലല്ലോ. പ്രതിഫലിപ്പിക്കുന്നതും മഹത്വവത്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. 

എന്നെങ്കിലും തീരുമോ ഈ സ്ത്രീവിരുദ്ധത?

തീര്‍ച്ചയായും തീരും. പക്ഷേ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് തീരുമെന്ന് വിചാരിക്കരുത്. എന്നാലും അതിന്റെ രൂപം മാറും. വര്‍ഷങ്ങളായിട്ട് നമ്മള്‍ നോര്‍മല്‍ എന്നു കരുതുന്ന ചില കാര്യങ്ങളില്ലേ? അതിനെ ചോദ്യം ചെയ്യുേമ്പാ ആദ്യം വരുന്ന പ്രതികരണമെന്താ?  'എന്തിനാ ഇപ്പോ ഇതിനെപ്പറ്റി സംസാരിക്കുന്നത്' എന്നല്ലേ. പക്ഷേ ചോദ്യങ്ങള്‍ കൂടി കൂടി വരുമ്പോഴോ? സംഭവം മാറും. 'ശരിയാണല്ലോ അതിനെപ്പറ്റി ഒന്നു ചിന്തിച്ചു കളയാം' എന്നു സമൂഹത്തിനും തോന്നും. ആ തോന്നല്‍ മലയാള സിനിമക്കും വരുന്നുണ്ട്. വളരെ പോസിറ്റീവ് ആണത്. സിനിമയെക്കുറിച്ചുള്ള പഠനത്തില്‍നിന്നുള്ള വാക്കുകള്‍. പാര്‍വ്വതി എന്നും ഒരു വിദ്യാര്‍ത്ഥിയാണ്!

Content Highlights: Parvathy Thiruvothu, A.M.M.A, WCC



Coverകൂടുതല്‍ വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി കാണുക. ഓണ്‍ലൈന്‍ വഴി വാങ്ങിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക