ഡാര്‍ ലൗവിലെ ചുരുണ്ട മുടിക്കാരി ഗാഥയ്ക്ക് വന്ദനത്തിലെ ഗാഥയോടും പെരുത്തിഷ്ടമാണ്. പ്രിയനടി ശോഭനയാണെങ്കിലും വന്ദനം കാണുമ്പോള്‍ അതിലെ ഗാഥയുടെ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയെങ്കില്‍ എന്ന് തോന്നും.. ഒരു അഡാര്‍ എന്‍ട്രിയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നൂറിന്റെ സിനിമാ പ്രതീക്ഷകള്‍..  

എന്നെ സ്വാധീനിച്ച മൂന്നുസ്ത്രീകള്‍ 

ഒന്ന് എന്റെ ഉമ്മയാണ്. ഉമ്മ തന്ന സപ്പോര്‍ട്ടാണ് എന്നെ ഇപ്പോള്‍ ഇവിടെ എത്തിച്ചിരിക്കുന്നത്. അവരുടെ കാലത്തൊന്നും ഇങ്ങനെ ഒപ്പം നില്‍ക്കാനോ കൊണ്ടു നടക്കാനോ ആളുണ്ടായിരുന്നില്ലല്ലോ. ഉമ്മയ്ക്ക് എന്റെ ഷൂട്ടിന്റെ സമയത്ത് ഒരു ആക്‌സിഡന്റ് ഉണ്ടായി. എന്നിട്ടുപോലും ലൊക്കേഷനിലൊക്കെ എന്റെ കൂടെ വന്നു. എന്റെ ആദ്യത്തെ കൊറിയോഗ്രാഫര്‍ സജ്‌നയാണ് മറ്റൊരാള്‍. ബാക്ക്ഗ്രൗണ്ട് ഡാന്‍സുകളില്‍ ഏറ്റവും പിറകിലായിരുന്നു എന്റെ സ്ഥാനം. എന്നെ ട്രെയിന്‍ ചെയ്ത് മുന്നോട്ട് കൊണ്ടുവന്നത് സജ്‌ന മാം ആണ്. അടുത്തത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാജിയാണ്. ജീവിതത്തില്‍ ഒന്നുമല്ലാതെ നില്‍ക്കുമ്പോഴും നമ്മുടെ സ്വപ്‌നം വിട്ടുകളയാതെ അതിലേക്കെത്താനുള്ള ഒരു പ്രചോദനം ഉണ്ടല്ലോ. 

ആളുകളുടെ മുന്നില്‍ സംസാരിക്കാന്‍ ചമ്മല്‍ അതുകൊണ്ടാണ് 

എന്റെ ശബ്ദം ഹൈപ്പര്‍ നേസല്‍ ആണ്. അണ്ണാക്കിന് ജന്മനാ വന്ന പ്രശ്‌നം ആണ്. എപ്പോഴും ശബ്ദം നിയന്ത്രിച്ച് സംസാരിക്കേണ്ടി വരും. ഒന്നുകില്‍ വലിയ ശബ്ദത്തില്‍ പറയണം. അല്ലെങ്കില്‍ മൂക്കിന്റെ സഹായം വേണം. സൗണ്ട് തോമയിലെ പോലെ എനിക്ക് വലിയ സങ്കടമായിരുന്നു അത്. ആരെങ്കിലും കളിയാക്കിയാല്‍ പിന്നെ എനിക്ക് ഒന്നും ചെയ്യാനാകില്ല. അതുകൊണ്ട് ആളുകളുടെ മുന്നിലൊക്കെ സംസാരിക്കാന്‍ വലിയ ചമ്മലാണ്. അഡാര്‍ ലവ്വില്‍ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിക്കണ്ട എന്ന് എല്ലാവരും പറഞ്ഞു. കാസ്റ്റിങ് ഡയറക്ടര്‍ വൈശാഖേട്ടനാണ് വെറുതെ ഒന്ന് ചെയ്ത് നോക്കാന്‍ ധൈര്യം തന്നത്. 

എടീ ഗാഥേ, വന്ദനത്തിലെ ഗാഥയാകാന്‍ അവസരം കിട്ടിയെങ്കില്‍ 

മണിച്ചിത്രത്താഴില്‍ ശോഭനചേച്ചി ചെയ്ത പോലൊരു കഥാപാത്രം വലിയ ഇഷ്ടമാണ്. അതുപോലെ ശോഭനയുടെ സിനിമകളുടെ ആരാധികയുമാണ്. വന്ദനം കാണുമ്പോള്‍ അതിലെ ഗാഥയുടെ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നും. മലയാളത്തില്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യണം. മറ്റുഭാഷകളില്‍ അവസരം വന്നാല്‍ അവിടെയും ഒരു കൈ നോക്കും.

തുടക്കം റിയാലിറ്റി ഷോയിലൂടെ 

ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണ് അഭിനയം. ഞാനൊരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. ഒന്‍പത് വയസ്സുള്ളപ്പോഴാണേ. അന്ന് ആ പരിപാടിയുടെ ജഡ്ജസ് എന്റെ സ്വപ്‌നം ചോദിച്ചു. സിനിമ എന്ന ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പത്തുവര്‍ഷമായപ്പോള്‍ എന്റെ സിനിമ ഇറങ്ങി. ശരിക്കും ഡാന്‍സിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. മോഡലിങ് ഒരിക്കലും വിചാരിച്ച കാര്യമല്ല. മിസ് കേരളയായപ്പോള്‍ നല്ല ഓഫറുകള്‍ കിട്ടി. അങ്ങനെ ചെയ്ത് തുടങ്ങിയതാണ്.


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

Content highlights: Oru Adar Love, Noorin Shereef