ഛോട്ടാ മുംബൈ, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ഹണി ബീ, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി നിരവധി സിനിമകളുടെ ലൊക്കേഷനായിരുന്നു ഫോര്‍ട്ട് കൊച്ചി. ഇവിടെ ചിത്രീകരിച്ച സിനിമകള്‍ വന്‍വിജയമായതോടെ സിനിമക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനായി ഫോര്‍ട്ട്‌കൊച്ചി മാറി. വൈകാതെ ഒന്നിനുപിറകേ ഒന്നായി ഷൂട്ടിംഗ് സംഘങ്ങള്‍ ഇവിടെ തമ്പടിച്ചു. പക്ഷേ ദുരിതത്തിലായത് തീപ്പെട്ടിക്കൂടുകള്‍ അടുക്കി വച്ച പോലുള്ള വീടുകളും ചെറിയ ചെറിയ വഴികളുമുള്ള ഫോര്‍ട്ടുകൊച്ചിയിലെ ജനങ്ങളാണ്. അവരുടെ സ്വകാര്യതയിലേക്കായിരുന്നു വെളളിവെളിച്ചവും താരപകിട്ടുമായി സിനിമാക്കാര്‍ ചെന്നെത്തിയത്. 

ഇത്തരത്തില്‍ ഷൂട്ടിംഗ് മൂലം സഹികെട്ട ഒരു വീട്ടമ്മയുടെ ചങ്കൂറ്റത്തിന് മുമ്പില്‍ ബി-ടൗണ്‍ താരം സെയ്ഫ്‌ അലിഖാനും സിനിമാ പ്രവര്‍ത്തകരും അടിയറവ് പറയേണ്ടിവന്നത് കഴിഞ്ഞ ദിവസമാണ്‌. സ്വകാര്യതകള്‍ എല്ലാം തകര്‍ത്തെറിഞ്ഞ് ജീവിതമാര്‍ഗം പോലും മുടക്കി വീടിനുമുന്നില്‍ സ്ഥിരം അരങ്ങേറുന്ന ഷൂട്ടിംഗ് തടയാന്‍ ഓറിയ എന്ന വീട്ടമ്മ കണ്ടെത്തിയ മാര്‍ഗം ഉച്ചത്തില്‍ പാട്ടുവെക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം ഷൂട്ടിംഗിന് തടസ്സമായതോടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഷൂട്ടിംഗ് നിര്‍ത്തി വക്കേണ്ടി വന്നു. സംഭവം രമ്യതയിലെത്തിക്കാന്‍ പോലീസടക്കം ഇടപെട്ടെങ്കിലും ഓറിയ തയ്യാറായില്ല. സംഭവിച്ചത് എന്താണെന്ന് ഫോര്‍ട്ടുകൊച്ചിക്കാരി ഓറിയ കിം മാതൃഭൂമി ഡോട് കോമുമായി പങ്കുവെച്ചപ്പോള്‍. 

ഫോര്‍ട്ടുകൊച്ചിയെ അറിയില്ലേ

ഫോര്‍ട്ടുകൊച്ചി എന്നു പറഞ്ഞാല്‍ പഴയ നഗരമാണ്. അവിടെയുള്ള വീടുകളും അതിന്റെ കണ്‍സ്ട്രക്ഷനുമെല്ലാം വ്യത്യസ്തമാണ്. റോ ഹൗസസാണ് എല്ലാം. അടുപ്പിച്ചടുപ്പിച്ചുള്ള വീടുകളുടെ ഇടയില്‍ കോംപൗണ്ട് വാളുകളൊന്നുമില്ല. മുറ്റവും കുറവാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കുഞ്ഞു കുഞ്ഞു റോഡുകളാണ് ഇവിടെയുള്ളത്. സിനിമാ പ്രവര്‍ത്തകരുടെ സ്ഥിരം ലൊക്കേഷന്‍. ഓരോ ഷൂട്ടിംഗും ഫോര്‍ട്ടുകൊച്ചിക്ക് ഒരുപാട് ഡാമേജ് ഉണ്ടാക്കുന്നുണ്ട്.

സിനിമാക്കാരുടെ വലിയ വലിയ വണ്ടികളും ജനറേറ്ററും എല്ലാം ഈ ചെറിയ വഴികളിലൂടെയാണ് പോകുന്നത്. ടൂറിസത്തെ മുന്നില്‍ കണ്ട് നടത്തുന്ന ബിസിനസ്സ് കൊണ്ടാണ് ഇവിടെയുള്ള ജനത സര്‍വൈവ് ചെയ്യുന്നത്. ഞങ്ങളുടെ ലൈവ്‌ലി ഹുഡിനെയാണ് അച്ചടക്കമില്ലാത്ത ഈ ഷൂട്ടിംഗ് ബാധിക്കുന്നത്. സിനിമയും ആള്‍ക്കാരും വലിയ വണ്ടികളും ഇവരുടെ എക്യുപ്‌മെന്റ്‌സും എല്ലാം കൂടി വരുമ്പോള്‍ നമുക്ക് ഇവിടെ സമാധാനമായി ബിസിനസ് ചെയ്യാനോ ജീവിക്കാനോ സാധിക്കണ്ടേ.

തര്‍ക്കം ആദ്യമായല്ല

ഇതിനുമുമ്പും ഇവിടെ ഷൂട്ടിംഗിനെ ചൊല്ലി ഞാനും സിനിമാപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കുമുണ്ടായിട്ടുണ്ട്. കമ്മത്ത് ആന്‍ഡ് കമ്മത്ത്  സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വലിയൊരു വഴക്കിനും കേസിനും വരെ പോകേണ്ടി വന്നിട്ടുണ്ട്. അന്ന് വര്‍ണചിത്ര ഫിലിംസിനെതിരെ സുപ്രീംകോടതി വരെ പോയാണ് ഞാന്‍ അനുകൂലമായ വിധി നേടിയെടുത്തത്. രണ്ടുരണ്ടരമാസമായിരുന്നു ഷൂട്ടിംഗ്. നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ, ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലേ? 

പുറത്തുള്ളവര്‍ക്ക് രസമാണ്. ഷൂട്ടിംഗ് കാണാം, താരങ്ങളെ കാണാം. പക്ഷേ അതിനകത്തുള്ള ഞങ്ങള്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. ഞങ്ങളുടെ ജീവിതമാണ് ബ്ലോക്ക് ചെയ്യപ്പെടുന്നത്. നമുക്ക് നമ്മുടെ ബിസിനസ്സ് നടക്കുന്നില്ല, കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റുന്നില്ല, സമാധാനമായി ജീവിക്കാന്‍ പറ്റുന്നില്ല, അവരെ പേടിച്ച് വേണം അകത്തേക്ക് പോകാനും പുറത്തേക്ക് ഇറങ്ങാനും എല്ലാം. സിനിമാപ്രവര്‍ത്തകര്‍ക്ക് മറ്റു ലൊക്കേഷനിലേക്ക് പോയി ഷൂട്ടിംഗ് നടത്താം. ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിസിനസ്സ് മറ്റെവിടേക്കെങ്കിലും മാറ്റാന്‍ സാധിക്കുമോ?

വര്‍ഷം അറുപത് മുതല്‍ നൂറ് സിനിമകള്‍ വരെ

എന്റെ വീട് സാന്റാക്രൂസ് റോഡിലാണ്. അവിടെയുള്ള ഏക റെസിഡെന്റ് എന്റെയാണ്. അതിന് തൊട്ടുമുമ്പിലുള്ള ഒരു സെന്റ്  സ്ഥലമാണ് സ്ഥിരം ലൊക്കേഷന്‍. സിനിമയും സീരിയലും പരസ്യവുമായി ഓരോ വര്‍ഷവും അറുപത് മുതല്‍ നൂറുവരെ ചിത്രങ്ങളുടെ ഷൂട്ടിംഗുകളുണ്ടാകും. കുറെയൊക്കെ നമ്മള്‍ കണ്ണടച്ചു. പക്ഷേ നിത്യവും ഇതു തുടര്‍ന്നാലോ. 

വെറും അഞ്ചടി വച്ചുകഴിഞ്ഞാല്‍ അപ്പുറത്ത് ഒരു മൈതാനമുണ്ട്, അവിടെ ആയിക്കൂടെ അവരുടെ ഷൂട്ടിംഗ്. എന്ത് സെറ്റ് വേണമെങ്കിലും അവര്‍ക്കവിടെ ഇടാമല്ലോ. മൂന്ന് റോഡ് വന്നുചേരുന്ന ഒരു കോര്‍ണര്‍ ആയതുകൊണ്ടായിരിക്കാം ഈ അട്രാക്ഷന്‍. ലോകത്ത് എത്ര അട്രാക്ഷന്‍ വേറെയുണ്ട്. താജ്മഹലില്ലേ, അവിടെയൊക്കെ ഇവരുടെ ഈ കളി നടക്കുമോ? 

സെയ്ഫ് അലിഖാന്‍ രോഷാകുലനായി

ഇത്തവണ വന്നത് വലിയ സിനിമ സെറ്റായിരുന്നു. സെയ്ഫ് അലിഖാന്റെ സിനിമ. വലിയ താരം വരുന്തോറും നമ്മുടെ ബുദ്ധിമുട്ടും കൂടുതലാണ്. എന്റെ അടുത്ത് വന്ന് കാര്യം പറഞ്ഞപ്പോള്‍ തന്നെ എന്റെ ബുദ്ധിമുട്ട് അവരോട് പറഞ്ഞതാണ്. പക്ഷേ ആരും ചെവികൊണ്ടില്ല. കളക്ടര്‍ തൊട്ട്  ഇങ്ങോട്ടേക്ക് താഴെയുള്ള എല്ലാ ഓഫീസേഴ്‌സിനും പരാതി കൊടുത്തു. ആരും അനങ്ങിയില്ല. ഞങ്ങളുടെ ടെലഫോണ്‍ അടിക്കാന്‍ പാടില്ല, സ്റ്റാഫിന് അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പാടില്ല. അവര്‍ എല്ലാവരും ഊണുകഴിക്കാന്‍ പോകുമ്പോള്‍ വാതില്‍ അടക്കാന്‍ പാടില്ല. എങ്ങനെയുണ്ട്?  

ഞാന്‍ പുറത്തുപോയി വരുമ്പോള്‍ എനിക്ക് വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. ഒടുവില്‍ പാര്‍ക്ക് ചെയ്തത് ഷൂട്ടിംഗ് സംഘത്തിന്റെ ഒരു വണ്ടിയുടെ മുന്നിലാണ്. അപ്പോള്‍ തുടങ്ങിയതാണ് ബഹളം. അവര്‍ക്കൊരു ചെറിയ അസൗകര്യം വന്നപ്പോള്‍ വിളിക്കാന്‍ എത്രപേരാണ്. വണ്ടിമാറ്റിക്കൊടുക്കണമെന്ന് പലരും പ്രഷറൈസ് ചെയ്തു, ഞാന്‍ അനങ്ങിയില്ല. രാത്രി ഒരുമണി വരെയാണ് എനിക്ക് കോളുകള്‍ വന്നത്. 

ഇടയ്ക്ക് പരസ്പരം വാക്കേറ്റമുണ്ടായി. ഞാന്‍ നോക്കിയപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റിയ മാര്‍ഗം ഇതാണെന്ന് തോന്നി. ഞാന്‍ പോയി വാടകക്ക് ഒരു സെറ്റ് എടുത്തുകൊണ്ടുവന്നു ഉച്ചത്തില്‍ പാട്ടുവെച്ചു. ഒരു ഒമ്പതുമണിക്കൂര്‍ പത്തുമണിക്കൂര്‍ നേരത്തേക്ക് ഞാന്‍ പാട്ടുവെച്ചുകൊടുത്തു. അതോടെ അവര്‍ക്ക് ഷൂട്ടിംഗ് നടത്താന്‍ കഴിയാതായി. സെയ്ഫ് അലിഖാന്‍ രോഷാകുലനായി പലരേയും വഴക്കുപറയുന്നുണ്ടായിരുന്നു. എന്താണ് ശല്യപ്പെടുത്തലെന്ന് അവരും അറിയണ്ടേ. സാധാരണക്കാര്‍ക്കുണ്ടാകുന്ന ശല്യം അവര്‍ അറിയുന്നുണ്ടോ. 

എന്റെ കാറിന്റെ ടയറില്‍ അവര്‍ ആണികള്‍ കുത്തിക്കയറ്റി. ബോഡിയില്‍ ആണി കൊണ്ട് പോറല്‍ വീഴ്ത്തി. എന്നിട്ടാണ് മടങ്ങിയത്. അതിനെതിരെ ഞാന്‍ പോലീസില്‍ കേസുകൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ അക്കാര്യത്തില്‍ നടപടിയൊന്നുമായില്ല. 

കുറ്റക്കാര്‍ സിനിമാ പ്രവര്‍ത്തകരല്ല

ഞാന്‍ അധികൃതരെയെ കുറ്റപ്പെടുത്തൂ കാരണം ഇതിന് വഴിയൊരുക്കി കൊടുക്കുന്നത് അവരാണ്. സാങ്ഷന്‍ നല്‍കുമ്പോള്‍ അത് പോസിബിളാണോ എന്ന് അവരല്ലേ അന്വേഷിക്കേണ്ടത്. പ്രത്യേകിച്ച് ഇതിനുമുമ്പും ഇവിടെ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളതാണ്. അപ്പോള്‍ വന്നു നോക്കി ഷൂട്ടിംഗിന് അനുമതി നല്‍കാന്‍ സാധിക്കുന്ന ഇടമാണോ എന്ന് പരിശോധിക്കുകയെങ്കിലും വേണ്ടേ? കളക്ടറിനറിയാം മേയറിനറിയാം എല്ലാവര്‍ക്കും അറിയാം വര്‍ണചിത്ര ഫിലിംസിനെതിരെയുണ്ടായ കേസിന്റെ കാര്യം എന്നിട്ട് ഇപ്പോള്‍ വീണ്ടും സാങ്ഷന്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്.

സാങ്ഷന്‍ കൊടുക്കുമ്പോള്‍ കമ്മ്യൂണല്‍ ഹാര്‍മണി മെയിന്റെയ്ന്‍ ചെയ്യണം, ഒന്നും ഡിസ്‌ട്രോയ്  ചെയ്യാന്‍ പാടില്ല, വേസ്റ്റ് എല്ലാം കൃത്യമായി മാനേജ് ചെയ്യണം, വഴിമുടക്കാന്‍ പാടില്ല എന്നൊക്കെയുണ്ട്. പക്ഷേ ഇവിടെ അതൊന്നും നടക്കുന്നില്ല. ഇതൊന്ന് സൂപ്പര്‍വിഷന്‍ ചെയ്യാനായി ആരും വരുന്നുപോലുമില്ല.

എല്ലാം ഫോര്‍ട്ട്‌കൊച്ചിക്കാര്‍ക്ക് വേണ്ടി

ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെയാണ് ആയുര്‍വേദസെന്റര്‍ നടത്തുന്നത്. അവിടെനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതുമുഴുവന്‍ ബ്ലോക്ക് ചെയ്ത് ഇവര്‍ സിനിമ പിടിച്ചു പോയാല്‍ ഞാനെന്തുചെയ്യും. മറ്റുള്ളവരുടെ കഞ്ഞിയില്‍ പാറ്റയിട്ടിട്ടല്ലല്ലോ നമ്മള്‍ വരുമാനമുണ്ടാക്കേണ്ടത്. ആരെങ്കിലും അത് സമ്മതിക്കുമോ? ആകെപ്പാടെ മൂന്നര- നാലുമാസമാണ് ബിസിനസ്സ് ഉള്ളത്. ആ സീസണില്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നുവേണം ബില്‍ഡിംഗ് റെന്റും സ്റ്റാഫിന് സാലറിയും കൊടുക്കാന്‍. ഈ ഒരു ബുദ്ധിമുട്ട് എനിക്ക് മാത്രമല്ല എല്ലാ ഫോര്‍ട്ടുകൊച്ചിക്കാരും അനുഭവിക്കുന്നുണ്ട്. 

ഞങ്ങള്‍ ഫോര്‍ട്ടുകൊച്ചിക്കാര്‍ വളരെ മര്യാദയുള്ളവരാണ്. വഴക്കിനും വയ്യാവേലിക്കൊന്നും അവര്‍ പോകില്ല. എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് പേടിയാണ്. സിനിമാക്കാരുടെ കൂടെ നില്‍ക്കുന്നത് വലിയ ഗുണ്ടകളാണ്. അവര്‍ മക്കളെ എന്തെങ്കിലും ചെയ്യുമോ, നമ്മളെ ഉപദ്രവിക്കുമോ എന്നൊക്കെ പേടിയാണ് അവര്‍ക്ക്. ഒരു ജീവിതമല്ലേ ഉള്ളൂ ആവശ്യമില്ലാത്ത ബുദ്ധിമുട്ടിന് പോകുന്നത് എന്തിനാണെന്ന് ആലോചിച്ച് അവര്‍ എല്ലാം കണ്ണുമടച്ച് സഹിക്കുകയാണ്. ഞാന്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല അവര്‍ക്ക് വേണ്ടി കൂടിയാണ്. 

ഇത്തരമൊരു ടൂറിസം മേഖലയില്‍ വളരെ കഷ്ടപ്പെട്ടു ജീവിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കാര്‍ക്കും ഞങ്ങളുടെ ബിസിനസ്സ് തകര്‍ത്തുകൊണ്ടുള്ള ഒരു പരിപാടിയും വേണ്ട. അത് തകര്‍ക്കാന്‍ കളക്ടരും മേയറും ശ്രമിക്കുകയാണെങ്കില്‍ അത് വളരെ സങ്കടകരമാണ്. സിനിമാക്കാര്‍ക്ക് ലൊക്കേഷനുകള്‍ വേറെയും കിട്ടും. ഞങ്ങള്‍ക്ക് ജീവിക്കാന്‍ വേറെ സ്ഥലമില്ല.