അച്ഛന്റെ ആഗ്രഹപ്രകാരം 15-ാം വയസ്സിൽ  നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമി(ഐ.എൻ.എ.)യിൽ ചേർന്നയാളാണ്  പാതി മലയാളിയായ ലക്ഷ്മി കൃഷ്ണൻ. ഇപ്പോൾ ജീവിച്ചിരിക്കുന്ന അഞ്ച് ഐ.എൻ.എ. പ്രവർത്തകരിൽ ഒരാൾകൂടിയാണ് ഇവർ.  നേതാജിയുടെ 125-ാം ജന്മശതാബ്ദി ആഘോഷിക്കുന്നതിനായി രാജ്യം രൂപവത്‌കരിച്ച  കമ്മിറ്റിയിൽ ലക്ഷ്മി കൃഷ്ണനുമുണ്ട്. രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം അർപ്പിച്ച നേതാജിയുടെ ധീരകൃത്യങ്ങളുടെ നേരനുഭവച്ചൂടുള്ള ഓർമകളുമായി ഈ പഴയ​ പോരാളി ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്നു  

ചെറു പ്രായത്തിൽത്തന്നെ ഐ.എൻ.എ.യിൽ ചേരാനിടയായ സാഹചര്യം എന്തായിരുന്നു

 അച്ഛൻ നടരാജനും അമ്മ മീനാക്ഷിയമ്മാളിനോടുമൊപ്പം 1942-ൽ ഞങ്ങൾ കുട്ടികൾ ബർമ (ഇപ്പോൾ മ്യാൻമാർ)യിൽ താമസിക്കുകയായിരുന്നു. അച്ഛന് ബർമയിലെ ജിയോവാഡിലെ പഞ്ചസാര ഫാക്ടറിയിലായിരുന്നു ജോലി. അച്ഛൻ  നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ആരാധകനായിരുന്നു. നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാറുണ്ടായിരുന്ന അച്ഛൻ നേതാജിയുടെ ആദർശങ്ങളിൽ വിശ്വസിച്ചിരുന്നു. അക്കാലത്താണ് ഐ.എൻ.എ. ഝാൻസിറാണിയുടെ പേരിൽ വനിതാ റെജിമെന്റ് രൂപവത്‌കരിച്ചത്.  അച്ഛന്റെ സുഹൃത്തുക്കളുടെ പെൺമക്കളെയും റെജിമെന്റിൽ അംഗങ്ങളാക്കിയിരുന്നു. അച്ഛന്റെ നിർദേശപ്രകാരമാണ് ഇന്ത്യൻ നാഷണൽ ആർമിയിലും തുടർന്ന് ക്യാപ്റ്റൻ ലക്ഷ്മിയുടെ നേതൃത്വത്തിലുളള റെജിമെന്റിലും ഞാൻ ചേരുന്നത്. 15 അംഗ ടീമിലാണ് പ്രവർത്തിച്ചത്.  മടിയിൽ കുഞ്ഞുമായി കുതിരപ്പുറത്ത് ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട ഝാൻസിറാണി എന്നും എനിക്ക്‌ ആവേശമായിരുന്നു. അതിനാൽ ഐ.എൻ.എ.യിൽ ചേർന്നത് വളരെ ആവേശത്തോടെയായിരുന്നു.

 നേതാജിയെ ആദ്യമായി കണ്ടത് എപ്പോഴാണ്...

 ഒരുദിവസം വനിതാ സേനാംഗങ്ങൾക്ക് നൽകുന്ന പരിശീലനത്തിനിടയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ഗ്രൗണ്ടിലെത്തി. അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്. ബ്രിട്ടീഷ് സേനയ്ക്ക് എതിരേ മുൻനിരയിൽനിന്ന് പോരാടാൻ ആരൊക്കെ തയ്യാറാണെന്ന് നേതാജി ചോദിച്ചു. റെജിമെന്റിലെ പതിനഞ്ച് വനിതകൾ കൈപൊക്കി. അന്ന് അദ്ദേഹത്തോടൊപ്പം ഞങ്ങൾ പിറന്നാൾ ഊണും കഴിച്ചു. ജീവിതത്തിലെ അവിസ്മരണീയദിനമായി ഇന്നും അത് ഓർക്കുന്നു. ബ്രിട്ടീഷ് സേനയുടെ ആക്രമണം എപ്പോഴുമുണ്ടാകാമെന്നിരിക്കെ അന്ന്‌ ബർമയിലും സിങ്കപ്പൂരിലും ജർമനിയിലുമായിട്ടായിരുന്നു നേതാജി കഴിഞ്ഞിരുന്നത്.

 നേതാജിയുമായി സംസാരിച്ചിട്ടുണ്ടോ...

 ഉണ്ട്‌. യുദ്ധത്തിനുള്ള തീവ്രപരിശീലനം നടന്നുവരുകയായിരുന്നു. ബയണറ്റോടുകൂടിയ 303 നമ്പർ റൈഫിൾ ചുമലിൽ തൂക്കി നിശ്ചിത അകലത്തിലേക്ക് ചാടി ചാർജ് എന്നു പറയുമ്പോൾ വെടിവെക്കാൻ തയ്യാറായിനിൽക്കണം. ചാടാനുള്ള അകലം നിശ്ചയിക്കുന്നതിനായി ചാക്കുകൾ വെച്ചിരുന്നു.  നാല് കിലോയിലധികം തൂക്കമുള്ള റൈഫിളുമായി വളരെ കൃത്യതയോടെ ചാർജുചെയ്ത എന്നെ കണ്ടപ്പോൾ നേതാജി ഒന്നുനിന്നു. ‘വെൽഡൻ ഗേൾ’ എന്ന് പ്രതികരിച്ചു. ഇതുപോലെ പരിശീലനത്തിനെത്തിയ മറ്റുളളവരും ശ്രമിക്കണമെന്ന് പറഞ്ഞു. അടുത്തെത്തി പേരും വിവരങ്ങളും ചോദിച്ചു. നേതാജിയുടെ നേരിട്ടുള്ള അഭിനന്ദനം  ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ആ മുഖത്തെ ധീരതയും തേജസ്സും പ്രസംഗവും എല്ലായ്‌പ്പോഴും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കാൻ പ്രചോദനവും ആവേശവുമായിരുന്നു. ആ മുഖം ഇന്നും മനസ്സിൽനിന്നും മാഞ്ഞിട്ടില്ല.

 ഏത് വിധത്തിലായിരുന്നു നിങ്ങൾക്കുള്ള പരിശീലനം...

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നല്ലോ. പകൽ നേരത്തെ പരിശീലനം കഠിനമായിരുന്നെങ്കിലും ആ പ്രായത്തിൽ എല്ലാവരും നിശ്ചയദാർഢ്യത്തോടെയായിരുന്നു പൂർത്തീകരിച്ചത്. റെജിമെന്റിൽ ഇന്ത്യക്കാരെ കൂടാതെ ബർമയിൽ നിന്നുള്ളവരും സിങ്കപ്പൂരിൽ നിന്നുള്ളവരുമുണ്ടായിരുന്നു. ഗ്രൗണ്ടിലുള്ള വെടിവെപ്പ്‌ പരിശീലനം കഴിഞ്ഞാൽ പിന്നീട് റൈഫിളുമായി കുറെദൂരം നടക്കും. റൈഫിളുമെടുത്ത്  കിലോമീറ്ററുകൾ നടക്കാനുള്ള പരിശീലനം കൂടിയാണിത്. രാവിലെ ആറുമുതൽ എട്ടുമണിവരെയായിരുന്നു പരിശീലനം. പുരുഷൻമാർക്ക് കരസേനയിൽ നൽകുന്ന അതേരീതിയിലുള്ള പരിശീലനമാണ് നേതാജി ഞങ്ങൾക്കും നൽകിയിരുന്നത്.

 ബ്രിട്ടീഷുകാരുടെ സൈന്യവുമായുള്ള ഏറ്റുമുട്ടൽ ഓർമയുണ്ടോ...

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വത്തിൽ മ്യാൻമാറിൽ ആക്രമണം ശക്തമായിരുന്നു. ഒരുതവണ രാത്രിയിൽ ബ്രിട്ടീഷ് ആർമി ഞങ്ങൾ കഴിഞ്ഞിരുന്ന ക്യാമ്പിന് ബോംബിട്ടു. രാത്രി ഞാൻ ഉറങ്ങുകയായിരുന്നു. ലക്ഷ്മി സെഗാളാണ് എന്നെ രക്ഷിച്ചത്. ലക്ഷ്മി സെഗാൾ എന്നെ എടുത്ത് ട്രഞ്ചിലേക്ക് ഓടി. മ​റ്റൊരിക്കൽ ലോറിയിൽ വനിതാ സേനാംഗങ്ങൾ പോകുമ്പോൾ ബ്രിട്ടീഷ് ആർമി മെഷീൻഗണ്ണിൽനിന്ന് വെടിയുതിർത്തു. ലോറി നിർത്തിയയുടൻ സമീപത്തെ ട്രഞ്ചുകളിലേക്ക് ഞങ്ങളെല്ലാവരും ഓടി രക്ഷപ്പെട്ടു. ആക്രമണത്തെ നേരിടുന്നതിനായി അക്കാലത്ത് ട്രഞ്ചുകളിലായിരുന്നു ഒളിതാമസം. ഒരോദിവസവും താമസസ്ഥലം മാറിക്കൊണ്ടിരുന്നു.  യുദ്ധം മുറുകിക്കൊണ്ടിരിക്കേ 1945-ൽ  ജർമനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങടങ്ങിയ  സഖ്യത്തെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യം തോൽപ്പിച്ചു. അതോടെ ജർമനിയോടൊപ്പം ചേർന്ന് ബ്രിട്ടനെതിരേ യുദ്ധം നടത്തിയാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാൻ കഴിയുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ഐ.എൻ.എ. യുടെ വനിതാ റെജിമെന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പ് ലഭിച്ചു. പിന്നീട് ഞാൻ സ്വദേശമായ കോയമ്പത്തൂരിലേക്ക് മടങ്ങി. രണ്ടര വർഷത്തോളമായിരുന്നു ഐ.എൻ.എ.യിലുണ്ടായിരുന്നത്. ഇതിനിടയിൽ ഒരുവർഷം കഴിഞ്ഞപ്പോഴാണ് ആദ്യമായി വീട്ടിൽ വന്നത്. മകളെ രാജ്യത്തിന് സമർപ്പിച്ചപ്പോൾ അമ്മയ്ക്കുണ്ടായ മനോവിഷമം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.

Lakshmi Krishnan
ഝാൻസി റെജിമെന്റ് നേതാജിയുടെ മുന്നിൽ റിപ്പോർട്ട് ചെയ്യുന്നു. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

രണ്ടാം ലോകയുദ്ധത്തിനുശേഷം ബർമയിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള ലക്ഷ്മിയുടെയും കുടുംബത്തിന്റെയും തിരിച്ചുവരവ് ദുരിതപൂർണമായിരുന്നു.  ലക്ഷ്മിയും കുടുംബവും താമസിച്ചിരുന്ന ജിയോവാഡിയിൽനിന്ന് ഏഴു ദിവസത്തോളം നടന്നാണ് റംഗൂണിലെത്തിയത്. കൈയിൽ സൂക്ഷിച്ചിരുന്ന അരിയും നെയ്യും പരിപ്പും വഴിയിൽവെച്ച് വേവിച്ച് കഴിച്ചു കഴിഞ്ഞിരുന്നു. കാട്ടിലെ ഇടുങ്ങിയ വഴികളിലൂടെയായിരുന്നു നടത്തം. രാത്രി കാട്ടിൽത്തന്നെ ഉറങ്ങി. ബർമയിലെ ഭൂരിഭാഗം കെട്ടിടങ്ങളും ബ്രിട്ടീഷ് സൈന്യം തകർത്തിരുന്നു. റംഗൂണിൽ  ആറുമാസത്തോളം  കാത്തിരുന്നാണ് ഇന്ത്യയിലേക്ക് മടങ്ങി​യത്. ഒടുവിൽ കപ്പലിൽ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ആറ് ദിവസത്തോളം നീണ്ട ദുരിതയാത്ര. മൃഗങ്ങളെ കൊണ്ടുവരുന്നതുപോലെ കപ്പലിന്റെ ഡക്കിലായിരുന്നു മദ്രാസിലെത്തിയത്. വെല്ലുവിളികളും പ്രതിസന്ധികളും ഏറ്റെടുക്കാൻ  തയ്യാറായ കുടുംബമായതിനാൽ എങ്ങനെയും നാട്ടിലെത്തുമെന്ന പ്രതീക്ഷയോടെ നീങ്ങുകയായിരുന്നു. കോയമ്പത്തൂരിൽ തിരിച്ചെത്തിയപ്പോൾ  ബന്ധുക്കളൊക്കെയും ആധിയിലായിരുന്നു. വാർത്തകളൊന്നും അറിയാത്തിനാൽ എല്ലാവരും ഒരുപോലെ ദുഃഖിതരും. അക്കാലത്ത് 15 വയസ്സുള്ള പെൺകുട്ടി രാജ്യത്തിനായി പോരാടാനിറങ്ങുമെന്ന്‌ ആലോചിക്കാൻപോലും കഴിയില്ലാരുന്നു.

 നേതാജിയുടെ മരണത്തെക്കുറിച്ച്‌ ഇപ്പോഴും വിവാദം തുടരുകയാണല്ലോ...

 നേതാജി മരിച്ചുവെന്ന് എനിക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ടാം ലോകയുദ്ധം അവസാനിച്ചശേഷം നേതാജി ജീവിച്ചിരിക്കുന്നുവെന്നും ഇല്ലെന്നും വാർത്തകൾ പ്രചരിച്ചു. ഒടുവിൽ മരണം വിശ്വസിക്കേണ്ടിവന്നു.

 കുടുംബജീവിതം...

1952-ലായിരുന്നു വിവാഹം. വയനാട് പൈങ്ങാട്ടിരി പരേതനായ വാഞ്ചീശ്വരം കൃഷ്ണനാണ്‌ ഭർത്താവ്. കോയമ്പത്തൂരിൽ പ്രീമിയർ ടയേഴ്സ് ഇന്റർനാഷണിലായിരുന്നു ജോലിചെയ്തിരുന്നത്. കോയമ്പത്തൂരിൽവെച്ചായിരുന്നു വിവാഹം.  അതിനുശേഷം പാലക്കാട്ടായി താമസം. 1960-ൽ കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. 1977-ൽ സർവീസിലിരിക്കെ ഭർത്താവ് മരിച്ചു. പിന്നീട് മൂത്തമകൾ ​േപ്രമാവതിയോടൊപ്പം 1995 വരെ കൊച്ചിയിൽ താമസിച്ചു. തുടർന്ന് മകളോടൊപ്പം കോയമ്പത്തൂരിലേക്കും 2010-ൽ ചെന്നൈയിലേക്കും താമസം മാറ്റി. എല്ലായിടത്തും മകളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. സ്വന്തമായി വീടില്ല. ഇപ്പോൾ കൊളത്തൂരിലെ ജയറാം നഗർ ഒന്നാം മെയിൻ റോഡിലെ ഐശ്വര്യ ഫ്ളാറ്റിലാണ് താമസിക്കുന്നത്‌.