ഫാഫ് ജർമൻ സാമ്പത്തികവിദഗ്ധയാണ്. അനിതയ്ക്ക് ഇപ്പോൾ 78 വയസ്സായി. അച്ഛനെക്കണ്ട ഓർമകൾ ഈ മകളിലില്ല. പക്ഷേ, അച്ഛൻ ചാരമാവാതെ ഇപ്പോഴും അനിതയുടെ മനസ്സിലുണ്ട്. മരിച്ചു എന്ന് വിശ്വസിക്കുമ്പോഴും അച്ഛനെക്കുറിച്ചുള്ള ചിന്തകൾ മകളുടെ മനസ്സിൽനിന്ന് തോരുന്നില്ല
അച്ഛനെക്കുറിച്ചുള്ള താങ്കളുടെ ഓർമകളെന്താണ്? ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലെന്താണ്? അച്ഛനെക്കുറിച്ച് അമ്മ താങ്കളോട് എന്താണ് പറഞ്ഞിട്ടുള്ളത്
= അച്ഛനെക്കുറിച്ച് എനിക്കൊന്നും ഓർക്കാനാവുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയെന്ന ദൗത്യത്തിനുവേണ്ടി ആത്മാർപ്പണംചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. അച്ഛനെക്കുറിച്ച് തീർച്ചയായും അമ്മ എന്നോട് ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരു കാര്യത്തിനായി നിലകൊണ്ടതിനാൽ തന്നിൽനിന്നകറ്റപ്പെട്ട ഒരാളോടൊപ്പമുള്ള തന്റെ ജീവിതം അമ്മ മറ്റൊരാളോട് പങ്കുവെക്കാൻ തയ്യാറാകുന്നതുതന്നെ അദ്‌ഭുതമായി തോന്നാം. അച്ഛനെക്കുറിച്ച് നല്ലതു മാത്രമാണ് അമ്മ പറഞ്ഞിരുന്നത്. ഭർത്താവെന്ന നിലയിൽ അച്ഛനൊരു പരാജയമായിരുന്നിരുന്നിട്ടും അമ്മ അച്ഛനെ വിമർശിച്ചിരുന്നില്ല. മുതിർന്നപ്പോൾ അതൊക്കെ എനിക്ക് കൂടുതൽ അദ്‌ഭുതമായി തോന്നി. കുടുംബത്തിലെ മറ്റുള്ളവരുമായി എന്നെക്കാൾ നല്ല ബന്ധം അമ്മയ്ക്കുണ്ടായിരുന്നു.
അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ വ്യത്യസ്തമാവുമായിരുന്നുവെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ
= അച്ഛൻ ജീവിച്ചിരുന്നെങ്കിൽ സമകാലികരാഷ്ട്രീയത്തിൽ ഇടപെടുമായിരുന്നു. അത് കുറെയേറെ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്നു. നെഹ്രുവിന് ശക്തനായൊരു പകരക്കാരനുണ്ടാവുമായിരുന്നു. ചില വിഷയങ്ങളിൽ അവർ സമാന ചിന്താഗതിക്കാരായിരുന്നുവെന്നത് നമ്മൾ കാണണം. അടിസ്ഥാനപരമായി, വർഗീയവിവാദങ്ങൾക്ക് മേൽക്കൈയില്ലാത്ത രാഷ്ട്രീയത്തിന് അനുകൂലമായിരുന്നു ഇരുവരും. വ്യവസായവത്കരണം ആഗ്രഹിച്ചിരുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ അവർ ആധുനികരായിരുന്നു. തീർച്ചയായും അവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ സ്ഥാനവും പാകിസ്താനും വ്യത്യസ്തമാവുമായിരുന്നു. വിഭജനത്തിനുശേഷം സംഭവിച്ചത് ആരും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല. കൂട്ടക്കൊലകൾ ഇരുഭാഗത്തും അവശേഷിപ്പിച്ച മുറിവുകൾ മറികടക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ, എനിക്കുതോന്നുന്നത്, അദ്ദേഹത്തിന് പാകിസ്താനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നാണ്. വിഭജനം ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെങ്കിൽ പാകിസ്താനുമായി കൂടുതൽ നല്ല ബന്ധത്തിന് അദ്ദേഹം ശ്രമിക്കുമായിരുന്നു.അതിൽ അദ്ദേഹം വിജയിക്കുകയുംചെയ്യുമായിരുന്നു. വിഭജനം ഒഴിവാക്കാൻ അദ്ദേഹവും ഗാന്ധിജിയും ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള വിവാദങ്ങളിൽ ഇന്ത്യ അനുഭവിക്കുന്നത് വളരെ കുറവാണ്. പ്രശ്നങ്ങളുണ്ടെങ്കിലും ഇന്ത്യ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, പാകിസ്താന്റെ സ്ഥിതി വളരെ ദയനീയമാണ്.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ച നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെക്കുറിച്ച് താങ്കൾ പറഞ്ഞിരുന്നു
= അതെ. ഇന്ത്യയിലെയും ജപ്പാനിലെയും സർക്കാരുകൾ ഇടപെടുകയും സമ്മതിക്കുകയും വേണം. അതില്ലാതെ ആ ക്ഷേത്രത്തിലെ പൂജാരി ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ തയ്യാറാവില്ല. അവയിൽ എല്ലുകളുണ്ട്. പക്ഷേ, അവയ്ക്ക് കൂടുതൽ കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ ഡി.എൻ.എ. പരിശോധന നടക്കില്ല. ആ എല്ലുകളുടെ ചിത്രം കണ്ട, ഈ മേഖലയിലെ ചില വിദഗ്ധർ പറഞ്ഞത് ഡി.എൻ.എ. പരിശോധന സാധ്യമാണെന്നാണ്. താടിയെല്ലിന്റെ വലിയ ഭാഗമൊക്കെ അക്കൂട്ടത്തിലുണ്ട്. പരിശോധിച്ചുനോക്കാവുന്നതാണെന്നാണ് എനിക്കുതോന്നുന്നത്. ജപ്പാൻകാർക്ക് അവരെ അവഹേളിക്കുന്നതായി തോന്നുമോ എന്നുവിചാരിച്ച് എനിക്ക് യഥാർഥത്തിൽ ഒരു മടിയുണ്ട്. പക്ഷേ, പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ നടക്കുന്ന അനാവശ്യചർച്ചകൾ അവസാനിപ്പിക്കാൻ ഇതും മതിയാവുമെന്നുതോന്നുന്നില്ല. കാരണം, ഡി. എൻ.എ. പരിശോധനാഫലമൊന്നും പലരും തെളിവായി സ്വീകരിക്കില്ല. പക്ഷേ, യുക്തിപൂർവം ചിന്തിക്കുന്നവർ ഇത് അംഗീകരിക്കുമെന്ന് തോന്നുന്നു. പക്ഷേ, ഇത് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടമല്ലെങ്കിൽ ജപ്പാനിലെ സർക്കാരിന് ഏറെ വിഷമമുണ്ടാകും. അതുകൊണ്ടാണ് അവർ ഇക്കാര്യത്തിലൊരു ചാഞ്ചല്യം പ്രകടിപ്പിക്കുന്നത്.

താങ്കളുടെ പിതാവ് വിമാനാപകടത്തിൽ മരിച്ചതായി താങ്കൾ വിശ്വസിക്കുന്നുണ്ടോ
= അതിനായിരിക്കും കൂടുതൽ സാധ്യത. മറ്റെന്തെങ്കിലും സംഭവിച്ചതായി തെളിവുണ്ടെങ്കിൽ നോക്കാമായിരുന്നു. പക്ഷേ, ഇതുവരെ അങ്ങനെയൊന്നില്ല. അദ്ദേഹം വിമാനാപകടത്തിലാണോ മരിച്ചതെന്ന് തുടക്കത്തിൽ ഞങ്ങൾ സംശയിച്ചിരുന്നു. പക്ഷേ, ആ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ചിലരുടെ അഭിമുഖങ്ങൾ പിന്നീട് പുറത്തുവന്നു. ആ അഭിമുഖ സമയത്ത് ഞാനും അവിടെയുണ്ടായിരുന്നു. അവ വളരെ വിശ്വസനീയമായി തോന്നി.
ആ അപകടത്തിന് ഏറെ തെളിവുകളുള്ളതിനാലും രക്ഷപ്പെട്ടവരുടെ മൊഴികളുള്ളതിനാലും വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള സമയമായെന്ന് താങ്കൾക്കുതോന്നുന്നില്ലേ
= അങ്ങനെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതുൾപ്പെടെയുള്ള ബുദ്ധിശൂന്യമായ വാദങ്ങൾ നിഷ്ഫലമാണ്. അദ്ദേഹം ജീവിച്ചിരിക്കുന്നെങ്കിൽത്തന്നെ എവിടെയാണോ ആവോ? അദ്ദേഹം ‘ഗുംനാമി ബാബ’യായി മലമുകളിൽ താമസിച്ചിരുന്നതായാണ് ചിലർ പറയുന്നത്. അത് അദ്ദേഹത്തെ അപമാനിക്കലാണ്. കാരണം, രാജ്യത്തിനോട് ഇത്രയധികം പ്രതിബദ്ധതയുണ്ടായിരുന്ന ഒരാൾക്ക് മലമുകളിൽ പോയി താമസിക്കാനോ രാജ്യകാര്യങ്ങളിൽ ഇടപെടാതിരിക്കാനോ എങ്ങനെ കഴിയും? കുടുംബാംഗങ്ങളിൽ ഒരാളുമായിപ്പോലും ബന്ധപ്പെടാതിരിക്കാൻ എങ്ങനെ കഴിയും?
പരിഭാഷ: സന്തോഷ് വാസുദേവ്
(കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്)
Content Highlights: Nethaji Subash Chandra Bose Daughter Anitha Bose Pfuff