ജീവിതത്തിന്റെയും കരിയറിന്റെയും കാര്യത്തില്‍ മൈഥിലി ഹാപ്പിയാണോ? 

ലൈഫില്‍ ഹാപ്പിയാണ്. വേറെ വഴിയില്ല. എന്തുസംഭവിക്കുന്നോ അതിനെ നേരിട്ടേ മതിയാവൂ. അവസാനം വരെ പോയേ പറ്റൂ. കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ല. കുറച്ചു കൂടി നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. 

പലേരി മാണിക്യം പോലൊരു മികച്ച സിനിമയിലൂടെയായിരുന്നല്ലോ തുടക്കം ?

എന്റെ മരണം വരെ എന്നുമോര്‍ക്കുന്ന ഒരു കഥാപാത്രമാണ്. പാലേരി മാണിക്യത്തിലെ മാണിക്യം. പക്ഷേ പിന്നീട് ഞാന്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളായിരിക്കാം തെറ്റിപ്പോയത്. നമുക്ക് ഒരു പരിധിക്കപ്പുറം സെലക്ടീവാകാന്‍ പറ്റില്ല. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. കരിയറില്‍ എണ്ണം കൂട്ടാം എന്നല്ലാതെ പ്രയോജനമില്ലാത്തതാണ് പല സിനിമകളും. നല്ല സിനിമകള്‍ ചെയ്യുമ്പോഴാണ് എന്തെങ്കിലും ചെയ്യുണ്ടെന്ന് തോന്നുക. ഈ അടുത്തകാലത്ത് എന്ന സിനിമയില്‍ വളരെ ചെറിയൊരു കഥാപാത്രമാണ്. അഭിനയിക്കാനുള്ള സ്‌പേസുണ്ട്. നമുക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരമുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറും ആളുകള്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ്. 

മലയാള സിനിമാരംഗം ഇപ്പോള്‍ പ്രശ്‌നങ്ങളിലാണല്ലോ. സിനിമയിലെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വലിയ വിവാദം നടക്കുന്നു..

സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങരുത്. അതിനുവേണ്ടി മാത്രമുള്ള കാര്യങ്ങള്‍ ചെയ്യരുത്. അതിനുപുറത്തുള്ള ജീവിതത്തിലേക്ക് കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. പിന്നെ ഫെമിനിസം എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. നമ്മുടെ മനസ്സിലാണ് ഫെമിനസവും സ്വാതന്ത്യവുമൊക്കെയുണ്ടാകുന്നത്. നമ്മുടെ വീട്ടിലും പുരുഷന്മാരുണ്ട്. അവരുംകൂടി ചേര്‍ന്നതാണ് ജീവിതം. സിനിമ വേറൊരു തലമാണ്. അത് ജീവിതത്തിലേക്ക് എടുക്കുന്നവരുണ്ട്. ജീവിതത്തിലേക്ക് എടുക്കാത്തവരുണ്ട്. സിനിമ കാണാത്ത സുഹൃത്തുക്കളും എനിക്കുണ്ട്. പിന്നെ സ്ത്രീ- പുരുഷ തുല്യതയെ പറ്റി ചോദിച്ചാല്‍ അത് കോമഡിയാണ്. 

സിനിമയില്‍ പുരുഷമേധാവിത്വം അനുഭവപ്പെട്ടിട്ടില്ലെന്നാണോ പറയുന്നത്? 

എനിക്ക് പാലേരി മാണിക്യം മുതല്‍ നല്ല അനുഭവങ്ങളാണ് സിനിമയില്‍ ഉണ്ടായിട്ടുള്ളത്. ചൂഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ല. ഞാന്‍ എല്ലാവരുമായും സ്‌നേഹമായി പോകാന്‍ ആഗ്രഹിക്കുന്ന ആളാണ്. സിനിമക്ക് പുറത്താണ് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയിട്ടുള്ളത്. അത് എന്റെ തെറ്റുകൊണ്ട് പറ്റിയതാണ്. 

ആരോപണങ്ങളെ മറികടന്നത് എങ്ങനെ?
എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണ് അത്. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും. ചിലര്‍ നമ്മളെ കുടുക്കിക്കളയുമല്ലോ. നമ്മുടെ നിയമങ്ങള്‍ക്ക് പോലും പരിമിതിയുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ആളുണ്ടാകും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ഞാനങ്ങനെയാണ്. ശരിക്കും പണി കിട്ടക്കഴിഞ്ഞിട്ടേ തിരിച്ചറിയൂ. പക്ഷേ നമ്മള്‍ക്ക് മുന്നോട്ട് പോയേ മതിയാകൂ.

കൂടുതല്‍ വായിക്കാന്‍ ഗൃഹലക്ഷ്മി കാണുക. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Mythili, Paleri Manikyam