വിവാഹത്തിന് മുന്‍പ് നഴ്‌സറി ടീച്ചറായിരുന്നു മിനി ഫിലിപ്പ്. വിവാഹശേഷം വീട്ടില്‍ ഒതുങ്ങി കൂടാതെ ചെറിയ അടുക്കള തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. നാട്ടില്‍ സ്ഥിരമാക്കിയപ്പോള്‍ കൃഷി വിപുലമാക്കിയ മിനി തന്റെ യുട്യൂബ് ചാനലിലൂടെ കൃഷി പാഠങ്ങള്‍ എല്ലാവരെയും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കൊല്ലം സ്വദേശിനി മിനി ഫിലിപ്പ് തന്റെ കൃഷി വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ്

ചെറുപ്പം മുതലേ കൃഷിയോട് താത്പര്യം

ജനിച്ചത് കര്‍ഷക കുടുംബത്തിലായത് കൊണ്ട് കൃഷിയോടുള്ള അടുപ്പം വളരെ പണ്ട് മുതല്‍ തന്നെ കൂടെയുണ്ട്. അച്ഛന്‍ അധ്യാപകനാണെങ്കിലും കൃഷിയും ഒപ്പമുണ്ടായിരുന്നു. ചെറുപ്പത്തിലെ കൃഷി അനുഭവങ്ങള്‍ എന്നിലെ കര്‍ഷകയെ വളര്‍ത്തി.

ക്വാർട്ടേഴ്സിലെ ചെറിയ സ്ഥലത്തും കൃഷി

ഭര്‍ത്താവ് എയര്‍ഫോഴ്‌സിലായിരുന്നു, അത് കൊണ്ട് തന്നെ നിരവധിയിടങ്ങളില്‍ പോവാനായി. എവിടെയാണെങ്കിലും ക്വാർട്ടേഴ്സിൽ കൃഷി ചെയ്യാന്‍ ഞാന്‍ മറന്നില്ല. വിഷമില്ലാത്ത പച്ചക്കറി സ്വയം തയ്യാറാക്കുന്നത് വലിയ കാര്യമാണല്ലോ. എന്റെ കൃഷിയോടുള്ള താല്‍പര്യത്തിന് ഭര്‍ത്താവും പൂര്‍ണ പിന്തുണയായിരുന്നു. 

വീട്ടിലെ കൃഷി

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്  നാട്ടില്‍ സ്ഥിരതാമസമാക്കുന്നത്. 75 സെന്റാണ് വീടും പരിസരവും പിന്നെ ഒന്നും നോക്കിയില്ല കൃഷിയില്‍ സജിവമായി. പരമാവധി സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതിന് പുറമേ ടെറസ്സിലും ചെടികളുണ്ട്. വെള്ളം ഇറങ്ങാത്ത രീതിയില്‍ ടെറസ്സ് ഒരുക്കിയാല്‍ യാതൊരു ഭയവുമില്ലാത്ത പച്ചകറികള്‍ സ്ഥാപിക്കാം. മനസ്സില്‍ ആഗ്രഹമുണ്ടങ്കില്‍ വളരെ ചെറിയ സ്ഥലത്താണെങ്കിലും നല്ല രീതിയില്‍ കൃഷി ചെയ്യാം

കപ്പ, കാച്ചില്‍, ചേന തുടങ്ങി ഒരുവിധം പച്ചക്കറികള്‍ വീട്ടില്‍ തന്നെയുണ്ട്. പരമാവധി സാധനങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കടയില്‍ നിന്ന് അധികം ഒന്നും വാങ്ങേണ്ടി വരാറില്ല. ജൈവരീതി തന്നെയാണ് അവലംബിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറികള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ വിലയേറിയ നിര്‍ദേശങ്ങളും ലഭിക്കാറുണ്ട്.

യുട്യൂബ് ചാനല്‍

എന്റെ കൃഷി താത്പര്യം കണ്ട മക്കളാണ് യുട്യൂബ് ചാനല്‍ ആരംഭിക്കാനുള്ള ആശയം തന്നത്. ഇപ്പോള്‍ അത് കുഴപ്പമില്ലാത്ത രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. ഞാന്‍ കാരണം നിരവധി പേര്‍ക്ക് കൃഷിയോട് താല്‍പര്യം വന്നു എന്ന കേള്‍ക്കുമ്പോള്‍ തന്നെ വലിയൊരു അവാര്‍ഡ് കിട്ടിയ പ്രതീതിയാണ്. യുട്യൂബിന്റെ ഷൂട്ടിങ്, എഡിറ്റിങ് തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നത് മകനാണ്. അവനൊരു സിനിമാറ്റോഗ്രാഫര്‍ കൂടിയാണ്. 

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പറയാന്‍ എന്നെ കൊണ്ട് പറ്റുമോ എന്നൊരു സംശയം ഭര്‍ത്താവിനുണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ ചെയ്യാന്‍ പറ്റുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് ഇപ്പോള്‍ എന്റെ ശക്തി. 

സ്വന്തമായി വിത്തുകള്‍ ഉണ്ടാക്കിയെടുക്കുകയാണ് പതിവ്. ഇതിന് പുറമേ നല്ല നഴ്‌സറികളേയും കൃഷിഭവനെയും സമിപിക്കാറുണ്ട്. എന്റെ യുട്യൂബ് കുടുബത്തില്‍ നിന്ന് ചിലര്‍ വിത്തുകള്‍ അയച്ച് തരാറുണ്ട്

യുട്യൂബിന് പുറമേ സ്വന്തമായൊരു വെബ്‌സൈറ്റും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് ഇത് വഴി വില്‍പ്പന നടത്തുന്നുണ്ട്. ഈ വൈബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയൊരു നഴ്‌സറി ആരംഭിക്കാനും പ്ലാനുണ്ട്.

യുട്യുബിലൂടെ പറഞ്ഞ് കൊടുക്കുന്ന ടിപ്‌സ് എല്ലാം തന്നെ സ്വന്തമായി പരീക്ഷിച്ച് വിജയം കണ്ടെത്തിയതാണ്. ടിപ്‌സ് എല്ലാം വിജയിച്ചുവെന്ന് യുട്യൂബ് കണ്ട് ആളുകള്‍ പറയുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. കീടശല്യം ഉണ്ടാവുമ്പോള്‍ പൂര്‍ണമായും ജൈവ രീതിയില്‍ നേരിടുകയാണ് പതിവ്.

ആര്‍ക്കും കൃഷി ചെയ്യാം

സത്യത്തില്‍ സ്വന്തം വീട്ടിലേക്കുള്ള പച്ചക്കറികള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ള. അല്‍പ്പം താത്പര്യവും ക്ഷമയും വേണമെന്ന് മാത്രം. എല്ലാ മേഖലയിലെയും പോലെ ജയപരാജയങ്ങള്‍ ഇതിലും ഉണ്ടാകും തളരാതെ മുന്നോട്ട് പോവണം വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കുക എന്നതാണല്ലോ കാര്യം

വീട് വിട്ട് ഒരുപാട് നില്‍ക്കാന്‍ പറ്റില്ലെന്നത് ഒരു പ്രശ്‌നമാണ്. പക്ഷേ കൃഷിയോടുള്ള ഇഷ്ടം കാരണം അതൊന്നും ബുദ്ധിമുട്ടായി തോന്നാറില്ല.

കല്യാണത്തിന് മുന്‍പ് നഴ്സറി സ്‌ക്കൂള്‍ ടീച്ചറായിരുന്നു. പിന്നീട് വിവാഹത്തിന് ശേഷം ജോലിക്കൊന്നും പോയിരുന്നില്ല. ഇന്ന് ഇത് പോലെ കൃഷിയില്‍ സജീവമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോള്‍ സത്യത്തില്‍ കൃഷി പഠിപ്പിക്കുന്ന ടീച്ചറായെന്ന് വേണം പറയാന്‍.

Content Highlights: Mini philp Agriculture Youtuber