മൈലാഞ്ചിയിട്ട കൈകളെ കുട്ടികാലം മുതലേ വഫ ഒരുപാട് പ്രണയിച്ചു. വളര്‍ന്നപ്പോള്‍ ആ പ്രണയത്തെ പാഷനാക്കി കൂടെ കൂട്ടാനും ഈ മലപ്പുറകാരി മറന്നില്ല. മെഹന്ദി കോണുകള്‍ തയ്യാറാക്കിയും മെഹന്ദി ഇട്ടു കൊടുത്തും നല്ല വരുമാനം നേടുന്നുണ്ട് വഫ ഉസ്മാന്‍. കോഴിക്കോട് മിംസില്‍ കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്ക്‌നോളജി വിദ്യാര്‍ത്ഥിയായ ഈ മിടുക്കി സ്വയം പര്യാപ്തതയുടെ ഉത്തമ മാതൃകയാണ്

കുട്ടികാലത്ത് കൂടെ കൂടിയ ഇഷ്ടം

ചെറുപ്പം മുതലേ മൈലാഞ്ചി ഇടുന്നത് വലിയ ഹരമായിരുന്നു. വൈകാതെ മറ്റുള്ളവര്‍ക്കും ഇട്ട് കൊടുക്കാന്‍ തുടങ്ങി. കുറച്ച് പ്രായമായപ്പോള്‍ യുട്യൂബെല്ലാം നോക്കി മെഹന്ദി ഉണ്ടാക്കാലായി ഇഷ്ടം. അതേ പോലെ പുതിയ ഡിസൈനുകളും പഠിക്കാന്‍ തുടങ്ങി. അടുത്തുള്ള വീടുകളില്‍ ചടങ്ങുകള്‍ക്കെല്ലാം മെഹന്ദി ഇട്ട് കൊടുക്കാന്‍ പോവാറുണ്ട്. കോളേജില്‍ എത്തിയപ്പോള്‍ ഫ്രണ്ട്‌സാണ് ഇതിന്റെയൊരു ബിസിനസ്സ് സാധ്യതയെ കുറിച്ച് പറയാന്‍ തുടങ്ങുന്നത്. പിന്നീട് ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി. ആദ്യമെല്ലാം കൂട്ടുകാര്‍ വഴിയായിരുന്നു ഓര്‍ഡറുകള്‍ ലഭിച്ചത്. പിന്നീട് ഇന്‍സ്റ്റാഗ്രാം വഴിയും ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തോളമായി ഇതിന്റെ  ബിസിനസ്സ് സാധ്യത മനസിലാക്കി വരികയാണ്.

വീട്ടുകാര്‍ തന്ന ശക്തി

പേജ് തുടങ്ങുമ്പോള്‍ ഇത്രത്തോളം സാധ്യതകള്‍ അറിഞ്ഞിരുന്നില്ല. എനിക്ക് ഇതിന് കുറിച്ച് ഒന്നും അറിയില്ലെന്ന് വേണം പറയാന്‍. പിന്നെ വീട്ടുകാര്‍ നല്‍കിയ പിന്തുണയെ പറ്റി പറയാതെ വയ്യ. സഹോദരന്‍മാര്‍ എല്ലാത്തിനും കൂടെ നില്‍ക്കുന്നവരാണ്. ഞാന്‍ മെഹന്ദി ഇടുന്നത് ഉമ്മയ്ക്ക് നല്ല താത്പര്യമാണ്. 

പണ്ടുമുതലേ എന്റെ ഈ കഴിവിനെ ഉമ്മ സപ്പോര്‍ട്ട് ചെയ്യുമായിരുന്നു.സൗദിയില്‍ ഈ ആര്‍ട്ടിന് നല്ല ഡിമാന്റാണ്. ഞാന്‍ അവിടെയുള്ളപ്പോള്‍ ഓര്‍ഡറുകള്‍ വരും എനിക്ക് അപ്പോള്‍ ടെന്‍ഷനാണ്. പക്ഷേ ഉമ്മ ആത്മവിശ്വാസം നല്‍കും 

ഞാന്‍ ചെയ്യുന്ന മെഹന്ദി വര്‍ക്കുകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഉമ്മ പറയും. ആള്‍ക്ക് സോഷ്യല്‍ മീഡിയയെ കുറിച്ച് വലുതായൊന്നും അറിയില്ല. എന്നാലും എന്റെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കണമെന്ന് ഉമ്മയ്ക്ക് നല്ല താത്പര്യമാണ്.

കസിന്‍സ് എല്ലാം പൈസ തന്നാണ് എന്റെ കൈയ്യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്. എന്റെ ജോലിയെ അവര്‍ ബഹുമാനിക്കുന്നത് കൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്‌

ഉമ്മ, വാപ്പ, മൂന്ന് സഹോദരങ്ങള്‍ എല്ലാവരും സൗദിയില്‍ സ്ഥിരതാമസക്കാരാണ്. 8-ാം ക്ലാസിന് ശേഷം പഠനാവാശ്യത്തിനായി നാട്ടിലേക്ക് വന്നതാണ് ഞാന്‍. ഒതുങ്ങി കൂടാതെ ആത്മവിശ്വാസത്തോടെ ജീവിക്കാനാണ് വീട്ടുകാര്‍ പറയുന്നത്. അത് കൊണ്ട് തന്നെ എന്റെ പാഷനെ അവരും സ്‌നേഹിക്കുന്നു. 

മെഹന്ദി കോണുകള്‍ 

13 വയസ്സുള്ളപ്പോള്‍ മുതല്‍ കോണുകള്‍ സ്വയം ഉണ്ടാക്കുമായിരുന്നു. എനിക്ക് ഇടാന്‍ മാത്രമായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്. പിന്നീട് നാട്ടില്‍ വന്ന് തയ്യാറാക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുകയായിരുന്നു, പ്രതീക്ഷിച്ച നിറം അതിന് കിട്ടിയില്ല. പിന്നീട് ഒരു ഹെന്ന ആര്‍ട്ടിസ്റ്റിനെ സമീപിച്ച് വേണ്ട ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കിയപ്പോള്‍ ശരിയായി.

യാതൊരു രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ നിര്‍മ്മിക്കുന്നത് കൊണ്ട് തന്നെ വളരെ നാളുകളൊന്നും  സാധാരണ റൂം ടെംമ്പറേച്ചറില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല.ഫ്രീസറിലാണ് ഇത് സൂക്ഷിക്കേണ്ടത്‌.അതൊരു വലിയ വെല്ലുവിളി തന്നെയാണ്. ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രമാണ് കോണുകള്‍ തയ്യാറാക്കുക. കഴിഞ്ഞ വര്‍ഷം ചെറിയ പെരുന്നാളിനാണ് ആദ്യമായി കോണുകള്‍ ബിസിനസ്സ് ചെയ്യാന്‍ തുടങ്ങിയത്. അന്ന് കുഴപ്പമില്ലാതെ വില്‍പ്പന നടന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴിയും ആവശ്യക്കാര്‍ വരുന്നുണ്ട്.

സ്വന്തം ചെലവിനുള്ള പണം സമ്പാദിക്കുന്നു

കുഴപ്പമില്ലാത്ത വരുമാനം ഇപ്പോള്‍ എന്റെ ഈ പാഷനിലൂടെ ലഭിക്കുന്നുണ്ട്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിക്കാമല്ലോ. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ഇത് കൊണ്ട് ഇപ്പോള്‍ സാധിക്കുന്നുണ്ട്. അത് തന്നെ വലിയൊരു അനുഗ്രഹമാണ്. ചിലപ്പോള്‍ കോളേജില്‍ നില്‍ക്കുമ്പോഴായിരിക്കും ഓര്‍ഡറുകള്‍ ലഭിക്കുക. പരമാവധി ഓര്‍ഡറുകള്‍ സ്വകരിക്കാറുണ്ട്. സത്യത്തില്‍ ഈ രംഗം വലിയൊരു സാധ്യത തന്നെ തുറന്ന് തന്നിട്ടുണ്ട്. ക്രിയേറ്റിവിറ്റി, ക്ഷമ, കഠിനാധ്വാനം എന്നിവയുണ്ടെങ്കില്‍ നല്ല വരുമാനം നേടാന്‍ സാധിക്കും.
ഇത്രയൊന്നും വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഈദിന് ജഗതി ചേട്ടന്റെ മകള്‍ പാര്‍വതി ഷോണ്‍ മെഹന്ദി വാങ്ങിയിരുന്നു അത് വലിയൊരു സര്‍പ്രൈസ് തന്നെയായിരുന്നു. 

ഇതൊരു കലയാണ്

ചടങ്ങുകള്‍ക്ക് മെഹന്ദി ഇടാന്‍ പോവുമ്പോള്‍ മൈലാഞ്ചി ഇടാന്‍ വരുന്ന ''വെറും പെണ്ണ് '' എന്ന കണ്ണില്‍ ചിലര്‍ പെരുമാറുമ്പോള്‍ വളരെ വിഷമം വരാറുണ്ട്. ഞാന്‍ ഇതിനെ ഒരു ആര്‍ട്ടായിട്ടാണ് കാണുന്നത്. മണിക്കൂറുകളുടെ ശ്രദ്ധയും ക്ഷമയും ഇതിന് ആവശ്യമാണ്. മെഹന്ദി തയ്യാറാക്കി അത് ഇട്ട് കൊടുത്ത് അവസാന ലുക്ക് വരെ അത്രയും ആത്മാര്‍ത്ഥതയോടെയാണ് ചെയ്യുന്നത്. ചില അവസരങ്ങളില്‍ ചിലരുടെ രൂക്ഷമായ പെരുമാറ്റം സങ്കടപ്പെടുത്തിയിട്ടുണ്ട്. ഇത് ചിലരുടെ മാത്രം കാര്യമാണ്. 

നമ്മളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന കസ്റ്റമേഴ്‌സും ഉണ്ട്. പൈസയെക്കാളും നമ്മളുടെ കലയോട് അവര്‍ കാണിക്കുന്ന ബഹുമാനം എന്നെ സംബന്ധിച്ച് വളരെ വലുതാണ്‌

ഭാവിയില്‍ പ്രൊഫഷനോടൊപ്പം ഈ പാഷനും മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ആഗ്രഹം. പറ്റുമെങ്കില്‍ ഒരു മെഹന്ദി സ്റ്റുഡിയോ തുടങ്ങണം.

 

Content Highlights: Mehandhi artist wafa usman Interview