കൊച്ചി: ഐ എ എസ് എന്ന സ്വപ്നത്തിലേക്ക് നല്ല ചൂട് ചായ വിറ്റ് നടന്ന് അടുക്കാൻ ശ്രമിക്കുകയാണ് സംഗീത ചിന്നമുത്തു എന്ന പെൺകുട്ടി. ദിവസവും രാവിലെ കലൂർ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യാൻ എത്തുന്നവർക്ക് സുപരിചിതമാണ് ഈ എംകോംകാരിയുടെ നല്ല ചൂടേറിയ ഹെർബൽ ടീയും സ്പെഷ്യൽ അടയും.

പോണോത്ത് റോഡിലെ വീട്ടിൽ പുലർച്ചെ അമ്മയോടൊപ്പം എഴുന്നേറ്റ് സ്പെഷ്യൽ അടയും ചായയും ഉണ്ടാക്കാൻ തുടങ്ങും. 6.30 ഓടെ കലൂർ സ്റ്റേഡിയത്തിന് പിറകിലുള്ള റോഡിൽ ചൂട് ചായയും സ്പെഷ്യൽ അടകളുമായി എത്തും. 9 വരെയാണ് കച്ചവടം ഉണ്ടാവുക. മാർച്ച് ആദ്യത്തോടെയാണ് സ്റ്റേഡിയത്തിന് പിറകിലുള്ള റോഡിൽ ചായ വില്പന തുടങ്ങിയത്. ആദ്യം തന്റെ സ്കൂട്ടറിലായിരുന്നു ചായ വില്പന നടത്തിയിരുന്നത്. പിന്നീട് കച്ചവടം ചെറിയൊരു ഉന്തുവണ്ടിയിലേക്ക് മാറ്റി. പാലും പഞ്ചസാര ഉപയോഗിക്കാതെ ജാഗിരിയും ചുക്കും മറ്റ് ഔഷധക്കൂട്ടുകളുമെല്ലാം ചേർത്ത ഹെർബൽ ടീയാണ് വില്പന നടത്തുന്നത്. ഇതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം സ്വന്തം ആവശ്യങ്ങൾക്കെടുക്കാം അതോടൊപ്പം വീട്ടിലും സഹായിക്കാം.

തമിഴ്നാട്ടിലെ കമ്പത്തുനിന്ന് വർഷങ്ങൾക്ക് മുൻപാണ് സംഗീതയുടെ അച്ഛൻ ചിന്നമുത്തു കൊച്ചിയിലെത്തിയത്. സംഗീത ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. ഇസ്തിരി പണിക്കാരനായ ചിന്നമുത്തുവിന്റെയും സിംഗലി അമ്മാളിന്റെയും രണ്ട് മക്കളിൽ ഇളയവളാണ് സംഗീത.

കുട്ടിക്കാലം മുതലുള്ളതാണ് സംഗീതയുടെ ഐ എ എസ് നേടുകയെന്ന സ്വപ്നം. ബി കോമിന് ശേഷം ഇ​ഗ്നോ വഴിയാണ് എം കോം ചെയ്തത്. പഠിക്കുന്ന സമയത്ത് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. ആ പണം കൊണ്ടാണ് വണ്ടി വാങ്ങിയത്. പിന്നീട് ഐ എ എസ് ലക്ഷ്യം വെച്ച് ജോലി നിർത്തി. പക്ഷേ അപ്പോഴേക്കും പഠനത്തിനും ബുക്ക് വാങ്ങുന്നതിനും മറ്റും പണം അച്ഛന്റെ പക്കൽ നിന്നും വാങ്ങണമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് ചായ കച്ചവടം തുടങ്ങിയാലോ എന്ന ആലോചന വന്നത്.- സംഗീത പറയുന്നു.

വീട്ടിൽ ആദ്യം അച്ഛൻ എതിർപ്പ് പറഞ്ഞിരുന്നെങ്കിലും അമ്മ എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുകയായിരുന്നു. അമ്മ സഹായിക്കാമെന്ന് പറഞ്ഞതോടെ അച്ഛനും സമ്മതം മൂളി. വലിയൊരു കട തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ആദ്യം വണ്ടിയിലും ഇപ്പോൾ ഉന്തുവണ്ടിയിലുമായി തുടങ്ങിയത്. കച്ചവടമായാലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഹെർബൽ ടീയും അടയും കച്ചവടം തുടങ്ങിയത്. ഇത് രണ്ടും ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ചെലവും കുറവാണ്. മഴയില്ലാത്ത ദിവസങ്ങളിൽ കച്ചവടമുണ്ടാകും.

എം കോം പഠനത്തിന് ശേഷം വീട്ടിൽ തന്നെയാണ് ഉള്ളത്. സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടിൽ സ്വന്തമായാണ് സംഗീതയുടെ പഠനം ഇപ്പോൾ മുന്നോട്ട് പോകുന്നത്.

Content Highlights:Mcom student and ias aspirant serves herbal tea at kochi kaloor stadium