ലോകസുന്ദരിയായി കിരീടമണിഞ്ഞതിന്റെ പിറ്റേന്നാള്‍ സിനിമാക്യാമറയ്ക്കു മുന്നില്‍നില്‍ക്കുന്ന പതിവ് തെറ്റിച്ചു ഈ പെണ്‍കുട്ടി. അവസരങ്ങളുമായി ബോളിവുഡ് പലതവണ വിളിച്ചിട്ടും തന്റെ മുന്‍ഗണനകള്‍ വ്യത്യസ്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു മാനുഷി ഛില്ലാര്‍ എന്ന ലോകസുന്ദരി.

ലോകത്തില്‍ ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന ചോദ്യത്തിന്, 'മാതൃത്വം' എന്നു മറുപടി നല്‍കിയിട്ടുണ്ട് മാനുഷി. ''പണമായല്ല, സ്‌നേഹമായാണ് ആ ജോലിയുടെ പ്രതിഫലം ലഭിക്കുക ' എന്നും ലോകസുന്ദരിപ്പട്ടത്തിന്റെ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ ഭാരതത്തിന്റെ പ്രതിനിധിയായി മാനുഷി ഛില്ലാര്‍ വിശദീകരിച്ചു. 2017-ല്‍ ലോകസുന്ദരിപ്പട്ടം അണിഞ്ഞ മാനുഷി സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

സ്വപ്നസമാനം ഈ സാന്നിധ്യം. സ്വപ്നങ്ങളാണ് തന്നെ താനാക്കിയതെന്ന് എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ ഈ ഹരിയാണക്കാരി പറയുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 'ഗോള്‍ഡന്‍ ഗേള്‍സ്', 'ഗോള്‍ഡന്‍ ഹാര്‍ട്ട്' എന്നീ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയപ്പോള്‍ മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മാനുഷി ഛില്ലാര്‍ മനസ്സുതുറന്നു. വന്ന വഴികളെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്...

മാനുഷി. എന്താണ് ആ വാക്കിന്റെ അര്‍ഥം?

അച്ഛനമ്മമാര്‍ വളരെ ആലോചിച്ച് നിശ്ചയിച്ച പേരാണത്. മനുഷ്യര്‍ക്ക് ഉണ്ടാകേണ്ട ഗുണം, മനുഷ്യത്വം എന്നൊക്കെ അര്‍ഥം പറയാം. മനുഷ്യരുടെ മഹിതഗുണങ്ങള്‍ എന്നില്‍ ഉണ്ടായിക്കാണണമെന്ന് അച്ഛനമ്മമാര്‍ ആഗ്രഹിച്ചതിന്റെ ഫലമാണ് ഈ പേര്.

പഠനത്തിനിടയ്ക്കായിരുന്നുവല്ലോ ലോക സുന്ദരിപ്പട്ടം നേടിയത്. ഡോക്ടറാകാനുള്ള പഠിപ്പ് ഏതുവരെയായി?

ഹരിയാണയിലെ കോളേജില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് മത്സരങ്ങള്‍ക്കായി ഒരുങ്ങിയത്. രണ്ടര മാസത്തെ അവധിയെടുത്ത്, മത്സരം കഴിഞ്ഞ് തിരിച്ചെത്താം എന്നാണ് കൂട്ടുകാര്‍ക്ക് വാക്കു കൊടുത്തത്. നവംബര്‍ 18-ന് ശേഷം വരുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് ക്ലാസിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല.

ലോകസുന്ദരിയാകുകയെന്നാല്‍ എത്ര വലിയ ഉത്തരവാദിത്വമാണ് എന്ന് കിരീടമണിഞ്ഞ ശേഷമാണ് ശരിയായി മനസ്സിലായത്. വെറുമൊരു മത്സരത്തിലെ വിജയം മാത്രമല്ല അത്. ലോകം മുഴുവന്‍ എന്നില്‍നിന്ന് ചിലത് പ്രതീക്ഷിക്കുന്നു. അതിനനുസരിച്ച് ഉയരേണ്ടതുണ്ട്, പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിന്റെ തിരക്കുകള്‍ക്കിടയില്‍ പഠനം വേണ്ടരീതിയില്‍ തുടരാനായില്ല.

ലോകസുന്ദരിയായ ശേഷം മിക്കവാറും സമയം ഞാന്‍ മുംബൈയിലാണ്. അല്ലാത്തപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനി കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുംബൈയിലേക്ക് മൈഗ്രേഷന് അപേക്ഷിച്ചിട്ടുണ്ട്.

Manushi Chchillar

ഡോക്ടറാവുകയാണോ ലോകസുന്ദരിയാവുകയാണോ പ്രധാനം?

എന്റെ അച്ഛനമ്മമാര്‍ ഡോക്ടര്‍മാരാണ്. അതുകൊണ്ട് ചെറുപ്പംമുതലേ ആ ലോകം എനിക്ക് പരിചിതമാണ്. മറ്റു മനുഷ്യര്‍ക്ക് ആശ്വാസം നല്‍കുക എന്നത് എത്ര വലിയ കാര്യമാണെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. തീര്‍ച്ചയായും ഞാന്‍ ഡോക്ടറാവും. എന്നാല്‍ എന്റെ സ്വപ്നങ്ങള്‍ പിന്തുടരുക എന്നതും അതുപോലെതന്നെ പ്രധാനമാണ്. ലോകസുന്ദരിപ്പട്ടമെന്നത് ചെറിയ കാര്യമല്ല. ചെറുപ്പം മുതലേ എന്റെ വലിയ സ്വപ്നമാണത്.

സൗന്ദര്യമത്സരങ്ങളിലേക്കും സിനിമകളിലേക്കും ഉള്ള  സ്വപ്നങ്ങള്‍ക്ക് അമ്മ എപ്പോഴും കൂട്ടായിരുന്നു. ആ സ്വപ്നം ഈ പ്രായത്തിലേ സാക്ഷാത്കരിക്കാനാവൂ. എം.ബി.ബി.എസ്. പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ട്. നോട്ടംകൊണ്ടും പെരുമാറ്റംകൊണ്ടും രോഗിക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞാല്‍ പകുതി ഡോക്ടറായി എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ആ പകുതി ഞാന്‍ നേടിക്കഴിഞ്ഞു എന്നാണ് വിശ്വാസം. ബാക്കി പകുതി  പഠനം പൂര്‍ത്തിയാക്കുന്നതിലൂടെ നേടാനാണ് ശ്രമിക്കുന്നത്.

മെഡിസിന്‍ പഠനവും ലോകസുന്ദരിപ്പട്ടം നേടാനുള്ള ഒരുക്കങ്ങളും ഒരേസമയത്ത് എങ്ങനെ കൈകാര്യം ചെയ്തു?

ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്ന വിധത്തിലുള്ള ഒരാളല്ല ഞാന്‍. പഠനത്തോടൊപ്പം സൗന്ദര്യമത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ പ്രയാസമുണ്ടെന്ന് കണ്ടപ്പോഴാണ് മെഡിസിന്‍ പഠനത്തില്‍നിന്ന് അവധി എടുത്തത്. ചെറുപ്പംമുതല്‍ കുച്ചിപ്പുഡി പഠിച്ചിരുന്നു . ഏറെ ഇഷ്ടമായിരുന്ന നൃത്തം പതിനൊന്നാം ക്ലാസ് എത്തിയപ്പോള്‍ ഉപേക്ഷിക്കേണ്ടിവന്നു. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവന്നപ്പോഴാണ് അന്ന് അങ്ങനെ ചെയ്തത്. മുന്‍ഗണനകള്‍ തീരുമാനിക്കുകയെന്നതായിരുന്നു പ്രധാനം. ഒന്നാമത് ചെയ്യേണ്ടത് ഒന്നാമതും പിന്നെ ചെയ്യേണ്ടത് പിന്നീടും എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞു. അതനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഏതായിരുന്നു ഏറ്റവും വലിയ പിന്‍ബലം?

കുടുംബത്തിന്റെ പിന്തുണ തന്നെയായിരുന്നു ഏറ്റവും വലിയ കാര്യം. അമ്മ ഐന്റ കാവല്‍മാലാഖയാണ്. എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം എക്കാലത്തും നിന്നയാള്‍. ഒരിക്കലും ഞാന്‍ എന്ത് ആഗ്രഹിക്കുന്നു എന്ന് അമ്മയോട് പറയേണ്ടി വരാറില്ല. പറയാതെതന്നെ കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്. അമ്മ ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ഇത് സാധ്യമായത്. സകല പിന്തുണയുമായി അച്ഛനും കൂടെ ഉണ്ടായിരുന്നു.

സൗന്ദര്യമത്സരങ്ങള്‍ തുടങ്ങിയതോടെ, ഇത് ഒരിക്കലും അവസാനിക്കില്ല എന്ന് തോന്നുന്നമട്ടില്‍ എല്ലാദിവസവും അതു നടന്നുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ എനിക്ക് ബലം കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. സൗന്ദര്യമത്സരങ്ങള്‍ ടി.വി.യില്‍ കണ്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അഭിനയത്തിലും മോഡലിങ്ങിലും ഒക്കെ വലിയ പരിചയസമ്പത്തുള്ള പലരും മത്സരിക്കാന്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ മുന്‍പരിചയമൊന്നുമില്ലാത്ത ആളായിരുന്നു ഞാന്‍.എങ്കിലും, മത്സരങ്ങളിലേക്ക് കടന്നതോടെ അച്ഛനമ്മമാരും ബന്ധുക്കളുമൊക്കെ അകമഴിഞ്ഞ പ്രോത്സാഹനവും പ്രചോദനവും നല്‍കി. ഞാന്‍ ഉറക്കമുണരുന്നതുതന്നെ 'നീയാണ് ഏറ്റവും മികച്ചവള്‍', 'ഞങ്ങളുടെ കൊച്ചു രാജകുമാരി' എന്നിങ്ങനെയുള്ള അവരുടെ വാക്കുകള്‍ കേട്ടുകൊണ്ടാണ്. ആ പ്രോത്സാഹനം ഏത് പര്‍വതവും കീഴടക്കാന്‍ പര്യാപ്തമായിരുന്നു.

സമ്മര്‍ദം സഹിക്കവയ്യാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഒരു ഘട്ടത്തില്‍ എന്റെ പ്രകടനം വേണ്ടപോലെയാകുന്നില്ല എന്ന് എനിക്ക് നിരാശ തോന്നി. ക്ലാസുകള്‍ ഉപേക്ഷിച്ച് സൗന്ദര്യമത്സരങ്ങള്‍ക്കുവേണ്ടി നടക്കുന്നത് വിഫലമാണെന്ന തോന്നലുണ്ടായി. ''ഞാന്‍ ഇതില്‍നിന്ന് പിന്മാറുകയാണ് ' എന്ന് അമ്മയോട് പറഞ്ഞു. അപ്പോള്‍ അമ്മ എന്നോട് ചോദിച്ചു: 'ആര് ഇതില്‍ വിജയിയാകുമെന്നാണ് നീ കരുതുന്നത് ?' 'ഏറ്റവും അര്‍ഹതയുള്ളതാരോ, അവള്‍ വിജയിക്കു'മെന്ന് ഞാന്‍ മറുപടി നല്‍കി. 'ഏറ്റവും അര്‍ഹതയുള്ളത് ആര്‍ക്കാണ് ' എന്ന് അമ്മ തിരിച്ചുചോദിച്ചു. ആ ചോദ്യം എന്റെ കണ്ണുതുറപ്പിച്ചു. എനിക്ക് ഏറ്റവും അര്‍ഹതയുണ്ട് എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു. മറ്റാര്‍ക്കും അര്‍ഹതയില്ലെന്നല്ല, എനിക്ക് അര്‍ഹതയുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു.

ലോകസുന്ദരിയായശേഷം അതുവരെയുള്ള ലോകം മാറിയോ?

ഞാന്‍ ആരാണ്, എനിക്ക് എന്തൊക്കെ ചെയ്യാനാവും എന്ന് സ്വയം തിരിച്ചറിഞ്ഞത് ഈ പദവിയിലെത്തിയ ശേഷമാണ്. എന്റെ ജോലിയെക്കുറിച്ച് കൂടുതല്‍ ധാരണ വന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കാന്‍ കഴിഞ്ഞു. പലതരം മനുഷ്യരോട് ഇടപഴകാനും ആശയവിനിമയം നടത്താനും കഴിഞ്ഞു.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിട്ടുകാണാന്‍ അവസരമുണ്ടായി. അങ്ങനെ പലതരം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനപരമായി എന്നിലെ ഞാന്‍ പഴയ ഞാന്‍ തന്നെയാണ്. രാവിലെ ഉണരുമ്പോള്‍ കേള്‍ക്കുന്ന പാട്ടുപോലും പഴയതുതന്നെ. ഏറ്റവും അടുപ്പമുള്ള കൂട്ടുകാര്‍ പഴയവര്‍തന്നെ. ഇപ്പോഴും സ്റ്റേജില്‍ കയറുമ്പോള്‍ വിറയലുള്ള കുട്ടി തന്നെയാണ് ഞാന്‍.

വിജയം നേടാന്‍ സൂത്രവാക്യം ഉണ്ടോ?

നാലേ നാലു വാക്കുകള്‍. I can do it അതുകൊണ്ട് എന്തും സാധിക്കും. ലക്ഷ്യത്തിലേക്ക് എത്താന്‍ എനിക്ക് ആവുമോ എന്നല്ല അതിലേക്കുള്ള വഴികള്‍ ഏതൊക്കെ എന്നാണ് ആലോചിക്കേണ്ടത്. അങ്ങനെ ശ്രമിച്ചാല്‍ എല്ലാ സ്വപ്നങ്ങളിലേക്കും നമുക്ക് എത്താം.

ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ?

'ശക്തി' എന്ന പേരില്‍ തുടങ്ങിയ ആ പ്രസ്ഥാനം എന്റെ കുഞ്ഞാണ്. ഇന്ന് അതൊരു ആഗോളപ്രസ്ഥാനമാണ്. ആര്‍ത്തവ ശുചിത്വത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്കുതന്നെ മനസ്സിലായത് ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയപ്പോഴാണ്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില്‍പോലും ഇതേക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടായിരുന്നില്ല.

പ്രകൃതിയോടിണങ്ങുന്ന വസ്തുക്കളുപയോഗിച്ച് പാഡുകള്‍ നിര്‍മിക്കുകയും സാധാരണക്കാര്‍ക്കിടയില്‍ അത് എത്തിക്കുകയും ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ചില പദ്ധതികളുമായും സഹകരിക്കുന്നുണ്ട്. ഈ ലോകത്ത് എല്ലാം മാറ്റിമറിക്കാന്‍ നമുക്കാവില്ല. എന്നാല്‍ ഒരാളുടെയെങ്കിലും ജീവിതത്തില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണെന്നാണ് എന്റെ  മാതാപിതാക്കള്‍ പറഞ്ഞിട്ടുള്ളത്. അതിനാണ് ഞാന്‍ ശ്രമിക്കുന്നതും.

ആഫ്രിക്കയിലും ശ്രീലങ്കയിലും നേപ്പാളിലും ഉള്‍പ്പെടെ ലോകമെങ്ങും യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ നമ്മുടെ നാടിനെക്കുറിച്ച് എന്തു തോന്നി?

ലോകത്തെവിടെപ്പോയാലും ഏറ്റവും ഇഷ്ടം ഇന്ത്യതന്നെ. ലോകമെങ്ങും യാത്ര ചെയ്യുന്തോറും നമ്മുടെ രാജ്യത്തെ കൂടുതല്‍ക്കൂടുതല്‍ ഇഷ്ടമായിക്കൊണ്ടിരിക്കുന്നു. മുംബൈയില്‍നിന്ന് മൂന്നുമണിക്കൂര്‍മതി കൊല്‍ക്കത്തയില്‍ എത്താന്‍. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ എത്താനും അതേസമയം മതി. നമ്മുടെ നാടിന്റെ മനോഹാരിതയും വൈവിധ്യങ്ങളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധത്തിലുള്ളതാണ്. നമ്മുടെ നാട്ടിലെ ഏറ്റവും നല്ലത് ഏതെന്ന് ചോദിച്ചാല്‍ ഭക്ഷണം എന്നാണ് എന്റെ മറുപടി.

കേരളത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?

കേരളത്തിലേക്കുള്ള എന്റെ മൂന്നാമത്തെ വരവാണിത്. സഹായ മനസ്ഥിതിയുള്ള നല്ല ജനങ്ങള്‍. സുന്ദരമായ പ്രകൃതി. രുചികരമായ ഭക്ഷണം. ഇതാദ്യമായാണ് കോഴിക്കോട്ട് വരുന്നത്. മലബാര്‍ ഗോള്‍ഡാണ് ആദ്യമായി എന്നെ മോഡലാക്കിയത് .ഇക്കുറി കോഴിക്കോടന്‍ ബിരിയാണിയുടെ രുചി ആസ്വദിച്ചു.

ലോകസുന്ദരിയായ ഉടനെ സിനിമാഭിനയം തുടങ്ങിയവരാണ് മിക്കവരും. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് പല വാര്‍ത്തകള്‍ ഇതിനകം വന്നു. എന്താണ് വാസ്തവസ്ഥിതി?

പലതവണ ക്ഷണം ഉണ്ടായി എന്നത് ശരിയാണ്. ഇതുവരെ ഒരു പ്രോജക്ടിന്റെയും ഭാഗമായിട്ടില്ല. ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ കാര്യമാണ് എന്ന ബോധ്യമുണ്ട്. കരാര്‍ ഒപ്പിട്ടാല്‍ നിശ്ചയമായും അത് എല്ലാവരും അറിഞ്ഞിരിക്കും. മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഒട്ടേറെപ്പേര്‍ ഇന്നാട്ടിലുണ്ട്...എന്നെക്കുറിച്ചുള്ള ആ പരിഗണനയ്ക്കും സ്‌നേഹത്തിനും വലിയ നന്ദി. സന്തോഷം.

ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീകളുടെ സാമൂഹികപദവിയെക്കുറിച്ചും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ലോകത്ത് ഓരോരുത്തര്‍ക്കും ചെയ്തുതീര്‍ക്കാന്‍ പ്രത്യേകം കാര്യങ്ങളുണ്ട്. തുല്യമായി അവയെല്ലാം നിര്‍വഹിക്കാനുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുക എന്നുള്ളതാണ് പ്രധാനം. പുരുഷനായതുകൊണ്ടോ സ്ത്രീയായതുകൊണ്ടോ പ്രത്യേക പരിഗണനയോ അവഗണനയോ ഉണ്ടാവാന്‍ പാടില്ല. സ്ത്രീകള്‍ അവരുടെ ശക്തി തിരിച്ചറിയണം. നാളെ മാത്രമല്ല സ്ത്രീയുടേത്. ഇന്നലെയും ഇന്നും നാളെയും ഒക്കെ അവളുടേതാണ്.

വിജയം നേടിക്കഴിഞ്ഞു എന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്?

വിജയിച്ചുകഴിഞ്ഞു എന്നു ഞാന്‍ ഒരിക്കലും സ്വയം നിശ്ചയിച്ചിട്ടില്ല. അങ്ങനെ തീരുമാനിക്കുന്ന നിമിഷം എന്റെ വളര്‍ച്ച അവസാനിക്കുന്നു. എനിക്ക് ഇനിയും കൂടുതല്‍ അറിയണം, മനസ്സിലാക്കണം, പ്രവര്‍ത്തിക്കണം, വളരണം. എന്റെ വളര്‍ച്ച മുരടിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല.

Content Highlights: Manushi Chchillar