Manju

ഗ്രാമവും വീടും അച്ഛനും അമ്മയും ഓര്‍മകളും...തന്നെ സൃഷ്ടിച്ചത് അതെല്ലാമാണോ? മലയാളത്തിന്റെ ഒരേയൊരു മഞ്ജു വാര്യര്‍ അതീവ ഹൃദ്യമായൊരു സംഭാഷണത്തില്‍ മുഖം കാണിക്കുന്നു.

മഞ്ജു നേരത്തെ ഒരു നടിമാത്രമായിരുന്നു. പിന്നീട് പല സാമൂഹികകാര്യങ്ങളിലും ഇടപെടുന്നൊരാളായി. പലര്‍ക്കും വീട് വെച്ചുകൊടുക്കുന്നു. കുട്ടികളുടെ നൃത്തപഠനത്തിന്റെ ചെലവ് ഏറ്റെടുക്കുന്നു. എങ്ങനെയാണ് ഈയൊരു മാറ്റം സംഭവിക്കുന്നത്?

അതങ്ങനെ ഒരു പ്ലാനിന്റെ ഭാഗമായിട്ടൊന്നുമല്ല. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് വലിയ കാര്യങ്ങളാണെന്നുമില്ല. പക്ഷേ കുറച്ചെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്റെയൊരു സന്തോഷമുണ്ട്. യുവജനോത്സവ സമയത്താണ് മാതൃഭൂമിയുടെ നേതൃത്വത്തില്‍ അഞ്ച് കുട്ടികളുടെ നൃത്തപഠനം ഏറ്റെടുക്കാനുള്ളൊരു ആലോചന വന്നത്. കേട്ടപ്പോള്‍ എനിക്കുമത് സന്തോഷമുള്ള കാര്യമായിട്ട് തോന്നി. അത് അനൗണ്‍സ് ചെയ്തപ്പോള്‍ ഒരുപാട് അപേക്ഷകള്‍ വന്നു. പിന്നെയത് ചുരുക്കി 12 കുട്ടികളുടെ പട്ടികയാക്കി. ഇവരെയൊക്കെ എറണാകുളത്തൊരു ഹോട്ടലില്‍ വെച്ച് കണ്ട് സംസാരിച്ചു. നൃത്തപഠനത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ വേണ്ടിയായിരുന്നു അത്. അപ്പോഴാണ്് പലരുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലായത്. നൃത്തം പഠിക്കാന്‍ മാത്രമല്ല, ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുന്നവരുണ്ട്. 

കടത്തിണ്ണയില്‍ അല്ലെങ്കില്‍ കടമുറിയില്‍ കിടന്നുറങ്ങുന്നവരുണ്ട്, അച്ഛനോ അമ്മയ്‌ക്കോ അസുഖമായിട്ട് ചികിത്സിക്കാന്‍ പണമില്ലാത്തവരുണ്ട്, അതുകൊണ്ട് നൃത്തപഠനം തുടരാന്‍ സാധിക്കാതെ പോയവരുണ്ട്. അവരെ ഡാന്‍സ് പഠിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. മനസ്സിനൊരു സമാധാനം ഉണ്ടെങ്കില്‍ അല്ലേ നൃത്തം പഠിച്ചെടുക്കാനാവൂ. അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തുകൊടുക്കണമെന്ന് തോന്നി. അവിടെവെച്ച് തീരുമാനിച്ചതാണിത്. മൂന്ന് കുട്ടികള്‍ക്ക് പുതിയ വീട് പണിയാനും ഒരു കുട്ടിയുടെ വീട് പുതുക്കിപ്പണിയാനും. ബാക്കി നാലു പേരുടെ അച്ഛനമ്മമാര്‍ക്കുള്ള ചികിത്സ ഏറ്റെടുക്കാനും തീരുമാനിച്ചു. ഇതിന് ഈ നിമിഷം വരെ പുറത്തുനിന്നൊരാളുടെ അടുത്ത് നിന്ന് ഞാന്‍ പൈസ വാങ്ങിച്ചിട്ടില്ല. എനിക്ക് ഉള്ളതുവെച്ചിട്ട് കഴിയുന്നതുപോലെ ചെയ്യുന്നു. അതിന്റെയൊരു സന്തോഷം വേറെത്തന്നെയാണ്.

 

മഞ്ജുവിന്റെ നൃത്തപഠനകാലത്ത് ഇതുപോലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടോ?

ഈ കുട്ടികളൊക്കെ അനുഭവിക്കുന്നത് വെച്ച് നോക്കിയാല്‍ അത്രയ്‌ക്കൊന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഒരുപക്ഷേ അച്ഛനും അമ്മയും അതെന്നെ അറിയിക്കാഞ്ഞിട്ടാവും. അച്ഛന്‍ ചിട്ടിപിടിച്ചിട്ടും കടം വാങ്ങിച്ചിട്ടും ഒക്കെയാണ് എന്നെ പഠിപ്പിച്ചത്. അടുത്തവര്‍ഷത്തേക്കുള്ള പണം നേരത്തെ കൂട്ടിവെക്കാന്‍ തുടങ്ങും. കമ്പനി ട്രെയിന്‍യാത്രയ്ക്ക് പൈസ കൊടുക്കുമ്പോള്‍ അച്ഛനത് സേവ് ചെയ്തിട്ട് ബസ്സിന്  പോവും. അങ്ങനെ സേവ് ചെയ്തും കമ്പനിയില്‍നിന്ന് കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്. അന്ന് അമ്മയുടെ സ്വര്‍ണമൊക്കെ പണയത്തിലായിരുന്നു. കുറെക്കഴിഞ്ഞാണ് എനിക്കിതൊക്കെ മനസ്സിലായത്. ഈയടുത്ത കാലത്താണ് അമ്മയ്ക്കും അച്ഛനും കൈയിലിടാനൊരു മോതിരമെങ്കിലും ഉണ്ടായത്. പിന്നെ വാടകയ്ക്കാണെങ്കിലും അന്ന് ഞങ്ങള്‍ക്ക് കേറിക്കിടക്കാനൊരു വീടെങ്കിലും ഉണ്ടായിരുന്നു. 

Manju

സമ്മര്‍ദങ്ങള്‍ വരുമ്പോള്‍ വീട്ടിലേക്ക് ഓടിവരാന്‍ തോന്നുന്നൊരു അന്തരീക്ഷം ഉണ്ടെന്ന് പറയാം...

എല്ലാവര്‍ക്കും അവനവന്റെ വീടും അച്ഛനും അമ്മയും അങ്ങനെത്തന്നെയായിരിക്കും.  എനിക്ക് മാത്രമായിട്ട് അങ്ങനെ പ്രശംസിച്ച് പറയാന്‍ മാത്രം എന്താണ് ഉള്ളത്. എല്ലാവരുടെയും പോലെത്തന്നെ. അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തുമ്പോള്‍ ആര്‍ക്കായാലും ഭയങ്കരമായൊരു സമാധാനമുണ്ടാവില്ലേ. അതുതന്നെ.'

മഞ്ജുവിന്റെ അമ്മ ഗിരിജച്ചേച്ചി വീടിന്റെ സ്വീകരണമുറിയിലേക്ക് വന്നു. ഒരു കസേര വലിച്ചിട്ട് ഇരുന്ന് അവര്‍ കുശലങ്ങള്‍ ചോദിച്ചു.'അമ്മേ ഇത് ഇന്റര്‍വ്യൂ ആണ്. റെക്കോഡ് ചെയ്യുന്നത് കണ്ടില്ലേ.'മഞ്ജു ചിരിച്ചു. ഞാനില്ലേ എന്നുംപറഞ്ഞ് ഗിരിജച്ചേച്ചി അകത്തേക്ക് പോയി.

മഞ്ജു മനസ്സിന് സന്തോഷം കണ്ടെത്താന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഡാന്‍സ് ഉണ്ടെങ്കില്‍ അത് ചെയ്യും. സിനിമയുള്ളപ്പോള്‍ അഭിനയിക്കും. ഇതൊന്നുമില്ലാത്തപ്പോള്‍ ഞാന്‍ വെറുതെയിരിക്കും.

ഓണ്‍ലൈന്‍ മീഡിയകളിലൊക്കെ ധാരാളം വാര്‍ത്തകളുണ്ട്. ചിലര്‍ 2017ല്‍ മഞ്ജുവിന് കല്യാണം പോലും നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു...

പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടാണ് ഞാന്‍ അതിനെതിരെയൊന്നും മിണ്ടാത്തത്. അതൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.

Manju

മുന്നോട്ടുള്ള പ്ലാനിങ് എന്താണ്?

ഒരു പ്ലാനിങ്ങുമില്ല. ഞാന്‍ ഒരിക്കലും ഒന്നും പ്ലാന്‍ ചെയ്യാറില്ലല്ലോ. വരുന്ന പോലെ വരട്ടെ. നമ്മളൊക്കെ എന്തൊക്കെ പ്ലാന്‍ ചെയ്തിട്ട് എന്താ കാര്യം. പണ്ടുതൊട്ടേ ഞാനിങ്ങനെയാണ്.

ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത് എന്താണ്?

പ്ലാന്‍ ചെയ്ത് ഒന്നും ചെയ്യാറില്ല. ജീവിതത്തിലുള്ളൊരു വിശ്വാസവും ആളുകളുടെ സ്‌നേഹവും വളരെ വലിയൊരു ഫാക്ടറാണ്. ഇത്രയും വര്‍ഷത്തിന് ശേഷം സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഇതുവരെ ആര്‍ക്കും കിട്ടാത്ത സ്‌നേഹമാണ് എനിക്ക് കിട്ടിയത്. നമ്മളെവിടെയെങ്കിലും ചെല്ലുമ്പോള്‍ ആളുകള്‍ വരുന്നതും ഓടിവന്ന് സെല്‍ഫിയെടുക്കുന്നതുമൊക്കെ ഭയങ്കര സന്തോഷമാണ്. അതിന് ഞാനാണ് അവരുടെ അടുത്ത് താങ്ക്‌സ് പറയുന്നത്. എന്നെ സംബന്ധിച്ച് ഒരാള്‍ എന്റെ അടുത്ത് സനേഹത്തോടെ ചിരിക്കുന്നതുപോലും എനിക്കൊരു എനര്‍ജി തരാറുണ്ട്. ഇതിനെല്ലാം കാരണം ദൈവമാണ്. മുന്നോട്ട് കൊണ്ടുപോവുന്നതും ദൈവംതന്നെ.

Grihalekshmi coverമഞ്ജു വാര്യരുമായുള്ള അഭിമുഖം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ പൂര്‍ണമായി വായിക്കാം.
ഓണ്‍ലൈന്‍ വഴി ഗൃഹലക്ഷ്മി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.