ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം ചെന്നൈയിലേക്ക് തീവണ്ടി കയറിപ്പോയ പെണ്‍കുട്ടിയുടെ പേര് ഡെയ്‌സി ജോര്‍ജ്. ആ സിനിമയും അവളും ചെന്നൈ മുഴുവന്‍ ചുറ്റിത്തിരിഞ്ഞു. പടം തീരുമ്പോള്‍ നായിക തിരികെ വീട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന നടി മഞ്ജിമ മോഹന്‍ അവിടെ നിന്ന് വന്നതേയില്ല. മഞ്ജിമ തമിഴില്‍ തിരക്കുള്ള നായികയായി മാറി. മഞ്ജിമയുടെ വിശേഷങ്ങളിലേക്ക്..

അച്ഛന്‍ വിപിന്‍മോഹന്‍ ക്യാമറയുമായി എത്രയോ സിനിമകളുടെ പിന്നാലെ യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പത്തില്‍ മഞ്ജിമയും ആ യാത്രകളില്‍ പങ്കാളികളായിരുന്നോ? 

സത്യന്‍ അന്തിക്കാടിന്റെ ഒരുവിധം സിനിമകളുടെ സെറ്റിലൊക്കെ ഞാനും പോയിട്ടുണ്ട്. പിന്നെ ഞങ്ങളെ അധികം കൊണ്ടുപോകാറുമില്ല. സെറ്റിലേക്ക് വരേണ്ടെന്ന് പറയും. വന്നാല്‍ അമ്മയായാലും ഞാനായാലും ക്യമാറയ്ക്ക് മുന്നിലൂടെ അറിയാതെയെങ്ങാന്‍ നടന്നുപോയാല്‍ പോലും അച്ഛന്‍ ചീത്ത വിളിക്കും. ആ പേടികൊണ്ട് പരമാവധി പോകാറില്ല.

പിന്നെങ്ങനെ അന്നത്തെ സിനിമകളില്‍ ബാലതാരമായി?

അച്ഛന്‍ എന്ത് പറയുന്നോ അതങ്ങ് ചെയ്യുക എന്നായിരുന്നു എന്റെ രീതി. അന്ന് ഒരുപാട് പേര്‍ വീട്ടില്‍ കഥ പറയാന്‍ വരും. അതൊക്കെ ഞാനും ഒളിച്ചിരുന്ന് കേള്‍ക്കും. സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമൊക്കെ ഇടയ്ക്കിടയ്ക്ക് വരും. അവരൊക്കെ ഒരു വട്ടമേശയ്ക്ക് ചുറ്റിലും ഇരുന്ന് സംസാരിച്ച് യഥാര്‍ത്ഥ ജീവിതസംഭവങ്ങളാണ് തിരക്കഥയിലേക്ക് കോര്‍ത്തെടുക്കുന്നത്. അവര്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് അമ്മ വന്ന് എന്തെങ്കിലും വിഡ്ഢിത്തം പറയും. അപ്പോ ശ്രീനിയങ്കിള്‍ പറയും, ഇത് നന്നായിട്ടുണ്ട്, നമുക്ക് ഇതിനകത്ത് ഇടാമെന്ന്.

ഒരിക്കല്‍ തലയണമന്ത്രത്തിന്റെ ചര്‍ച്ച നടക്കുകയാണ്. ഈ കഥയില്‍ എന്തോ മിസ്സിങ്ങാണല്ലോ എന്ന് പറഞ്ഞ് അച്ഛനും ശ്രീനിയങ്കിളും സത്യേട്ടനും തല പുകച്ചിരിക്കുമ്പോഴാണ് അമ്മയുടെ വരവ്. അമ്മ അച്ഛനോട് എനിക്ക് ഒരു കരിമണി മാല വേണമെന്ന് പറഞ്ഞതും ശ്രീനിയങ്കിള്‍ അത് ഏറ്റുപിടിച്ചു. ആ ഡയലോഗാണ് തലയണമന്ത്രത്തില്‍ ഉര്‍വശിയും പറയുന്നത്. പിന്നീട് അമ്മ ചോദിച്ചിട്ടുണ്ട്. ' ഞാന്‍ നിങ്ങള്‍ക്ക് കഞ്ഞിവെച്ച് വിളമ്പിയിട്ട് ഒടുവില്‍ എന്നോടുതന്നെ ഇങ്ങനെ ചെയ്തല്ലോ'-യെന്ന്.

പിന്നീട് അച്ഛനും സംവിധായകനായല്ലോ?

പണ്ടേ അച്ഛന്റെ അടുത്ത് ഒരുപാടാളുകള്‍ കഥ പറയാന്‍ വരുമായിരുന്നു. അവരൊക്കെ പറയും, നിങ്ങളാണ് ഈ സിനിമയില്‍ ക്യാമറ ചെയ്യുന്നതെന്ന്. അച്ഛനവരെ വിശ്വസിക്കും. അവര്‍ കഥയില്‍ കറക്ഷന്‍സ് എല്ലാം വാങ്ങിക്കും. അത് കഴിഞ്ഞ് വേറെ ക്യാമറാമാനെ വെച്ച് ഷൂട്ട്‌ചെയ്യും. അങ്ങനെ ഹിറ്റായ എത്രയോ സിനിമകളുണ്ട്. വലുതായ സംവിധായകരും. പക്ഷേ അച്ഛന്‍ ഇതിലൊന്നും പരാതി പറയാറില്ല. ഇതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് ഇപ്പോള്‍ ഒരാളോട് എന്ത് സംസാരിക്കണമെന്നും ആരെ വിശ്വസിക്കണമെന്നുമൊക്കെ ഞാന്‍ പഠിച്ചു. അച്ഛനെന്ന വലിയൊരു ഉദാഹരണം മുന്നിലുള്ളതുകൊണ്ടാണത്.

Coverനടി മഞ്ജിമ മോഹനുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍.
ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Highlights: Manjima Mohan, Celebrity Interview