പതിനഞ്ച് വര്‍ഷം കഴിഞ്ഞു മംമ്ത മോഹന്‍ദാസ് സിനിമയില്‍ എത്തിയിട്ട്. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാളത്തിലെ പ്രമുഖതാരങ്ങളുടെയെല്ലാം നായികവേഷമണിഞ്ഞ നിരവധി ചിത്രങ്ങള്‍. ഇതിനിടെ വിവാഹം, വിവാഹമോചനം, അര്‍ബുദരോഗം, അതിനോടുള്ള അതിജീവനശ്രമം. പോയ പതിനഞ്ച് വര്‍ഷവും മംമ്തയുടെ ജീവിതം പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റേതുമായിരുന്നു. എല്ലാത്തിനുംമുന്നില്‍ തളരാതെ പൊരുതിനിന്നു അവര്‍. അര്‍ബുദ ചികിത്സയുടെ ഭാഗമായി വര്‍ഷങ്ങളായി അമേരിക്കയിലാണ് മംമ്ത താമസിക്കുന്നത്. പോയകാലം മംമ്തയെ എങ്ങനെയൊക്കെ മാറ്റിയിട്ടുണ്ടാവും. അവരുടെ മനസ്സിന്റെയും ജീവിതത്തിന്റെയും ഉള്‍ത്തുടിപ്പുകളുണ്ട് ഈ സംഭാഷണത്തില്‍.
ഇന്നലെകളിലേക്ക് നോക്കുമ്പോള്‍ മംമ്ത സംതൃപ്തയാണോ
തീര്‍ച്ചയായും. ഞാനെപ്പോഴും സംതൃപ്തിയോടെ ജീവിക്കുന്നയാളാണ്.
സിനിമയ്ക്ക് പുറത്തെ മംമ്ത ആരാണ്
ചികിത്സയുടെ ഭാഗമായി കുറച്ച് വര്‍ഷങ്ങളായി ലോസ് ആഞ്ജലീസിലാണ്. അവിടെ ആര്‍ക്കുമെന്നെ അറിയില്ല. ആരും ശ്രദ്ധിക്കില്ല. ഒരു അപരിചിത ജീവിതം എന്നുപറയാം. അവിടെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. ഷോപ്പിങ്ങിനോ സൂപ്പര്‍മാര്‍ക്കറ്റിലോ കൂട്ടുവരും. ഇടയ്ക്ക് ഡ്രൈവിന് പോവും. റേസ് ട്രാക്കില്‍ കാര്‍ ഓടിച്ച് ഞാന്‍ ഡ്രൈവിങ് ആസ്വദിക്കാറുണ്ട്. വണ്ടി ഓടിക്കുമ്പോഴുള്ള നമ്മുടെ കണ്‍ട്രോളും സ്റ്റെബിലിറ്റിയുമെല്ലാം പരീക്ഷിച്ച് അറിയാം. ഞാന്‍ അവിടെ അധികം ഫോണ്‍ പോലും ഉപയോഗിക്കാറില്ല. മിക്കപ്പോഴും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊക്കെ മറന്നുപോവും. ഇവിടെ നിന്നൊന്നും ആരുമെന്നെ കോണ്‍ടാക്ട് ചെയ്യാനില്ല. വിളിച്ചാലും കിട്ടണമെന്നില്ല. സമയ വ്യത്യാസമുണ്ടല്ലോ. ഞാനവിടെ ഉറങ്ങാന്‍ പോവുമ്പോഴാണ് ഇവിടെ എല്ലാവരും എഴുന്നേല്‍ക്കുന്നത്.ഡാഡിയോടും മമ്മിയോടും സംസാരിക്കും. നാട്ടില്‍ മൂന്നുനാല് അടുത്ത സുഹൃത്തുക്കളുണ്ട്. സിംഗപ്പൂരില്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഇവര്‍ക്കൊക്കെയേ എന്റെ ദിനചര്യ അറിയുള്ളൂ.
ഇപ്പോള്‍ വായിക്കുന്ന പുസ്തകം
അറ്റാച്ച്ഡ്
എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന രണ്ട് കാര്യങ്ങള്‍
യോഗ മാറ്റും ഫോണും.
ഏറ്റവും ഒടുവില്‍ പരീക്ഷിച്ച റെസിപ്പി
ഏറ്റവും നല്ല സ്മൂത്തീസ് എങ്ങനെ ഉണ്ടാക്കുമെന്ന്.
ഒരു ദിവസം തുടങ്ങുന്നത്
ഉണര്‍ന്നെണീറ്റാല്‍ ഉടനെ ബ്രഷിങ്. പിന്നെ എക്‌സര്‍സൈസും.
ദിവസം അവസാനിക്കുന്നത്
അച്ഛനും അമ്മയ്ക്കും ഒരു ഉമ്മ കൊടുത്തിട്ട്
എന്നും പ്രാര്‍ഥിക്കുന്നത്
ഞാനിവിടെ ഇന്നും ജീവിച്ചിരിക്കുന്നതിന് ദൈവത്തിന് നന്ദി പറയാറുണ്ട്.
ഇതുവരെയുള്ള അഭിമുഖങ്ങളില്‍ ഏറ്റവുമധികം നേരിട്ട ചോദ്യം
രണ്ടെണ്ണമുണ്ട്. ആദ്യത്തേത് നിങ്ങളുടെ ആദ്യത്തെ സിനിമയുടെ അനുഭവം ഒന്ന് പറയാമോ, മയൂഖത്തില്‍ എങ്ങനെയാണ് വന്നതെന്ന്. ആ ചോദ്യം എനിക്കിഷ്ടമില്ല. ഞാന്‍ സിനിമയിലെത്തി 15 വര്‍ഷംകഴിഞ്ഞിട്ടും അത് അവസാനിച്ചിട്ടുമില്ല. രണ്ടാമത്തെ ചോദ്യം കാന്‍സറിനെക്കുറിച്ച് തന്നെ. അതും ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു.
മംമ്തയുടെ ഒരു പോസിറ്റീവും നെഗറ്റീവും
പോസീറ്റീവ് എന്നത് ഞാന്‍ വളരെ സ്‌ട്രോങ്ങാണെന്നതാണ്. നെഗറ്റീവും അതുതന്നെയാണ്.അവള്‍ വളരെ സ്‌ട്രോങ്ങാണ്, ഇന്‍ഡിപെൻഡന്റാണ്. അതുകൊണ്ട് അവള്‍ക്ക് നമ്മളെയൊന്നും ആവശ്യമില്ല എന്നുപറയുന്നവരുണ്ട്. ഇത് പറയുന്നവരോട് ആവശ്യമുള്ള സമയത്ത് നിങ്ങളാരും കൂടെ ഉണ്ടായിരുന്നില്ല, അതുകൊണ്ടാണ് ഞാനിങ്ങനെ സ്‌ട്രോങ്ങായതെന്ന് ഞാന്‍ തിരിച്ചടിക്കും.
ജീവിതത്തില്‍ തിരിച്ചുകിട്ടണമെന്ന് ആഗ്രഹിച്ച ഒരു മുഹൂര്‍ത്തം
എനിക്ക് ഒന്നിലും ഖേദമില്ല. ഇന്നത്തെ ജീവിതം എന്താണോ അത് മനസ്സിലുള്ളതുതന്നെയാണ്. അച്ഛനും അമ്മയ്ക്കും വിഷമം വരുന്ന ഒന്നും ജീവിതത്തില്‍ ചെയ്തിട്ടില്ല എന്നതാണ് എന്നെ സന്തോഷിപ്പിക്കുന്നത്.
അസൂയ തോന്നിയ ഒരു കാര്യം
മമ്മിയുടെ ചിരിയോട്. എന്റെ മമ്മിക്കാണ് എപ്പോഴും ചിരിക്ക് അഭിനന്ദനം കിട്ടുക.
കൂടെ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാള്‍
അമിതാബ് ബച്ചന്‍.
ദ ബെസ്റ്റ് തിങ്ക്‌സ് ഹാപ്പന്‍ ടു മീ എന്നുചോദിച്ചാല്‍
മികച്ച അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടുക. അതൊരു വിദൂര സ്വപ്നമാണെങ്കില്‍ പോലും.
മംമ്ത മോഹന്‍ദാസുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Interview with Mamtha Mohandas