''അധികനേരം  എന്റെ മുഖം സ്‌ക്രീനില്‍ കാണിക്കാന്‍ താല്‍പര്യമില്ല. എങ്ങനേം പെട്ടെന്ന്  ഡയലോഗ്  പറഞ്ഞു തീര്‍ക്കണം'' -  സൗബിന്റെ ഉള്ളിലൂടെ

എന്തിനാ പേടി
പേടിയല്ല, ടെന്‍ഷനാണ്. അധികനേരം എന്റെ മുഖം സ്‌ക്രീനിന്റെ മുന്നില്‍ കാണിക്കുന്നതില്‍ താല്‍പര്യമില്ല. എങ്ങനേം പെട്ടെന്ന് ഡയലോഗ് പറഞ്ഞു തീര്‍ക്കണം. അത്രേയുള്ളൂ.

പക്ഷേ ആളുകള്‍ക്ക് ഈ മുഖം കാണാന്‍ താല്പര്യമാണ്
'സൗബിന്‍ സ്‌റ്റൈലില്‍' ചിരിയോടെ മറുപടി വന്നു, ''മുഖം അത്രയ്ക്ക് വൃത്തികേടായതുകൊണ്ടായിരിക്കും.'' അതു കഴിഞ്ഞ് ആള്‍ സീരിയസായി.
പേടിയല്ല ഞാന്‍ പറയുന്നത്. നാണവുമല്ല. താല്‍പര്യക്കുറവാണ്. എനിക്ക് സംവിധാനമാണ് താല്‍പര്യം. അഭിനയിക്കുന്നതിലും കൂടുതല്‍ ഇഷ്ടമാണ് അഭിനയിപ്പിക്കാന്‍. പിന്നെ, പല സംവിധായകര്‍ക്കും അവരുേടതായ പൊളിറ്റിക്‌സ് ഉണ്ട്. നമ്മള്‍ടേതായ പൊളിറ്റിക്‌സ് തുറന്നു പറയാന്‍ നമ്മള്‍ തന്നെ സിനിമ ചെയ്‌തേ പറ്റൂ.

ഒരിക്കലും സംവിധായകരാവാത്ത അസിസ്റ്റന്റുമാരില്ലേ?
അങ്ങനെയും ഉണ്ടാവാം. പക്ഷേ അതൊന്നും കഴിവില്ലാത്തവരല്ല. എനിക്കറിയാവുന്ന ഒരാളുണ്ട്. ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. പുള്ളിക്ക് കീഴെ അസോസിയേറ്റ്‌സ്, പിന്നെ അസിസ്റ്റന്റ്‌സ് ...അവസാനം ആണ് ഞാനൊക്കെ. പണ്ടത്തെ രീതി വെച്ച് ഇദ്ദേഹം ഏതെങ്കിലും പടം ചെയ്ത് ഡയറക്ടര്‍ ആവണം. അപ്പോഴേ താഴെയുളള അസോസിയേറ്റിന് ചീഫ് അസോസിയേറ്റാവാനാവൂ. 

ഈ ചേട്ടനാെണങ്കില്‍ കുറേ വര്‍ഷമായിട്ട് ചീഫ് അസോസിയേറ്റാ. നല്ല ഗംഭീര ചീഫ്. അയാളോട് ഒരു അസോസിയേറ്റ്  ചോദിച്ചു, ''ചേട്ടാ, ചേട്ടന് ഒരു പടം ചെയ്തൂടേ? എന്നാലല്ലേ ഞങ്ങള്‍ക്കൊക്കെ ചീഫാവാന്‍ പറ്റു.'' ചേട്ടന്‍ പറഞ്ഞു, ''ഞാനെന്തിനാണ്‌ പോവുന്നത്? രണ്ടു മാസം കൂടുേമ്പാ ഓരോരോ പടം ഞാന്‍ യ്യുന്നുണ്ട്. നല്ല ശമ്പളം മേടിക്കുന്നുണ്ട്. ഞാെനാരു പടം ഡയറക്ട് ചെയ്ത്, അതിന് എന്തെങ്കിലും സംഭവിച്ചാ പിന്നെ ഇതുചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് ഡയറക്ട് ചെയ്യണ്ട.'' പുള്ളി ഇപ്പോഴും ചീഫ് അസോസിയേറ്റ് ആയിട്ടാ നില്‍ക്കുന്നത്. ഒരു മാറ്റവുമില്ല.
 
സൗബിന് മാറ്റം വന്നോ നടനായപ്പോള്‍? 

ഭയങ്കര വ്യത്യാസം തോന്നി. അസിസ്റ്റന്റ് ഡയറക്ടറാവുമ്പോ നമ്മള് ഫിലിമിലാണ് എന്ന് ആര്‍ക്കറിയാം? ചാന്‍സ് വേണ്ടവര്‍ക്കറിയാം. അവര് വിളിക്കും. കുറച്ചു പേര് കാണുമ്പോ ചോദിക്കും, ''ചേട്ടാ ചാന്‍സ്..'' അത്രേയുള്ളൂ. അഭിനയിച്ചുകഴിഞ്ഞപ്പോ ആള്‍ക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങി. പക്ഷേ അത് പ്രയാസമാണ്. എനിക്ക് പുറത്ത് കറങ്ങിയടിച്ച് നടക്കണം, തട്ടുകടയില്‍ പോയി തിന്നണം, കൂട്ടുകാരന്മാരുടെ ഒപ്പം ബൈക്കിന് കറങ്ങണം. അല്ലാതെ... 
സൗബിന്റെ കണ്ണില്‍ ആ പഴയ ഫോര്‍ട്ട് കൊച്ചിക്കാരന്‍. ഒരു നാടന്‍ മനുഷ്യന്‍

സെറ്റില്‍ കൊമേഡിയന്മാര്‍, നായകന്മാര്‍ എന്ന വ്യത്യാസമൊക്കെയുണ്ടോ? 
സെറ്റില്‍ എല്ലാവരും ഒരുപോലെയാണ്. അതിപ്പോ മമ്മൂക്കയാെണങ്കിലും. മമ്മൂക്ക ചെറുതായി ബലം പിടിച്ച് നില്‍ക്കുന്നതുപോലെ തോന്നുന്നതാ. തമാശയ്ക്ക് ഒരു കുറവുമില്ല. പക്ഷേ മമ്മൂക്ക കൈവിട്ടൊന്ന് ചിരിച്ചാല്‍, 'എന്തൊക്കെയുണ്ട്?  സുഖമാണോന്ന്' ചോദിച്ചാല്‍ പിന്നെ എല്ലാവരും കൂടി കയറി മേഞ്ഞുകളയും. ഉറപ്പാണ്. അപ്പോ, നിക്കേണ്ട സ്ഥലത്ത് നില്‍ക്കണം. അതിനെ ദേഷ്യപ്പെടുന്നതായി തോന്നുന്നതില്‍ കാര്യമില്ല. 

ദുല്‍ഖറിന്റെ കൂടെ ഇടയ്ക്ക് മമ്മൂക്കാടെ വീട്ടില്‍ പോവും. ഒരിക്കല്‍ ചെന്നപ്പോ മമ്മൂക്ക പറഞ്ഞു, ''അവന് കുമ്മട്ടിക്ക ജ്യൂസ് കൊടുക്ക്.'' എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ പറഞ്ഞു, ''വേണ്ടപ്പാ, ഞാനിപ്പ കുടിച്ചതേയുള്ളൂ..'' മമ്മൂക്ക വിട്ടില്ല.''അല്ല, നീ കുടിക്ക്. എന്റെ മുന്നില്‍നിന്ന് നീ കുടിക്കണം.'' അദ്ദേഹം പറഞ്ഞു, ''നീ പാട്യേടാ ആ പാട്ട്. '' ഞാന്‍ പാടി. ''ജ്യുസ്  ജ്യുസ് ജ്യൂസ്. കുമ്മട്ടിക്ക ജ്യൂസ്, മമ്മൂട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്...''നല്ല ഉച്ചത്തില്‍ത്തന്നെ പാടി. അദ്ദേഹം പറഞ്ഞു, ''കൊള്ളാം നന്നായിട്ടുണ്ട്. ഞാനില്ലാത്ത പടത്തില്‍ നീയെന്റെ പേര് പറഞ്ഞ് കൈയടി വാങ്ങിച്ചില്ലേ, കൊള്ളാം.'' അത്ര കമ്പനിയാണ് മമ്മൂക്ക. നമ്മള്‍ അങ്ങോട്ട് പോയി എടുത്തു ചാടി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. 

മമ്മൂട്ടിയോടുള്ള സ്‌നേഹം സൗബിന്റെ വാക്കിലും കണ്ണിലും. അടുത്തറിഞ്ഞ്, അകമറിഞ്ഞ് പറയുംപോലെ.