എണ്‍പതുകളില്‍ വടക്കേ ഇന്ത്യയിലെ ഒരു സ്വകാര്യ ആശുപത്രി. സി.എസ്. പന്ത് എന്ന വനിതാ ഡോക്ടറുടെ ക്ലിനിക്കിന് മുന്നില്‍ ഗര്‍ഭിണിയായ സ്ത്രീകളുടെ വലിയ നിരതന്നെയുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ച അറിയാനുള്ള രീതി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത് ഈ ക്ലിനിക്കിലാണ്. ആ ടെസ്റ്റ് ചെയ്യുമ്പോള്‍ കൂട്ടത്തില്‍ കുട്ടിയുടെ ലിംഗനിര്‍ണയവും നടത്താം. അതിനാണ് ഈ വലിയ നിര ഇവിടെ കൂടിയിട്ടുള്ളത്. പതിയെ ഡോക്ടര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. പെണ്‍കുട്ടി ആണെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നീട് ആ കുട്ടി ഭൂമി കാണുന്നില്ലെന്ന തിരിച്ചറിവ് ഡോക്ടറില്‍ ഞെട്ടലുളവാക്കി. അവരെ പിന്തുടര്‍ന്ന് പണത്തിനുവേണ്ടി ചില ഡോക്ടര്‍മാര്‍ ഇത് വ്യവസായമാക്കിയതോടെ അവര്‍ നിരാശയിലായി. ഇന്ത്യയിലെ ഭ്രൂണഹത്യയുടെ ഈ യഥാര്‍ഥചിത്രം തന്റെ നടനത്തിലൂടെ പദ്മഭൂഷണ്‍ മല്ലികാ സാരാഭായ് വരച്ചുകാണിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ കനത്ത നിശ്ശബ്ദതയായായിരുന്നു. പിന്നീടങ്ങോട്ട് ആ വേദിയില്‍ അവരിലൂടെ ജീവന്‍വെച്ച ഓരോ സ്ത്രീകഥാപാത്രങ്ങളും ഹൃദയം നടുക്കുന്ന ഓരോ കാഴ്ചകളായി. 30 വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം വേദികളില്‍ മല്ലിക അവതരിപ്പിക്കുന്നതുമുഴുവന്‍ ലോകത്തിന്റെ നേര്‍ക്കാഴ്ചകള്‍തന്നെ. പുരുഷാധിപത്യത്തിന്റെ കണ്ണാടിക്കൂട്ടില്‍നിന്ന് പുറത്തുവന്ന്, സ്ത്രീകളുടെ വീക്ഷണകോണില്‍നിന്ന് ലോകത്തോട് കാര്യങ്ങള്‍ വിളിച്ചുപറയുന്ന മല്ലികയെ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. 'സീതയുടെ മകള്‍' എന്ന അവരുടെ മാസ്റ്റര്‍പീസ് എന്നുവിശേഷിപ്പിക്കാവുന്ന നടനത്തില്‍ അവര്‍ പറഞ്ഞുവെക്കുന്നതും സമൂഹത്തിലെ ഇനിയും മാറ്റേണ്ട ചിന്താധാരണകളെത്തന്നെ. തന്റെ നിലപാടുകള്‍ക്കായുള്ള പോരാട്ടമാണ് മല്ലികയുടെ ജീവിതം.

ആരും കാണാത്ത സീത

രാമായണവും മഹാഭാരതവും അതിലെ സര്‍വംസഹയായ സ്ത്രീകളുമെല്ലാം നൃത്തരൂപങ്ങള്‍ ഉണ്ടായ കാലംതൊട്ടേ ഉള്ള അവതരണങ്ങളാണ്. രാമനും ലക്ഷ്മണനും പിന്നില്‍ തലകുനിച്ച് വനവാസത്തിനിറങ്ങുന്ന സീത മുതല്‍ രാമന്റെ ആശയക്കുഴപ്പത്തിനുമുന്നില്‍ ഭൂമി പിളര്‍ന്ന് ഇല്ലാതായ സീതവരെ എല്ലാം വരച്ചുവെച്ചത് സീതയിലെ ബലഹീനതയാണ്. എന്നാല്‍, ചരിത്രം അതിലും ഭയാനകമാണ് എന്നതാണ് തന്റെ നടനങ്ങളിലൂടെ മല്ലിക വരച്ചിടുന്നത്. നൃത്തരൂപങ്ങളില്‍ കാണുന്ന സ്ഥിരം സീതയില്‍നിന്നും മീരയില്‍നിന്നുമെല്ലാം മാറി ഇന്ത്യയിലെ സ്ത്രീകളുടെ യഥാര്‍ഥ പരിച്ഛേദം ജനങ്ങള്‍ക്കുമുമ്പില്‍ കൊണ്ടുവരുന്നതില്‍ അവര്‍ വിജയിച്ചു. ഇന്ത്യയുടെ ഉള്ളിലേക്ക് കടന്നുചെന്ന് സ്ത്രീകള്‍ നേരിടുന്ന ഓരോ പ്രശ്‌നത്തെയും അവര്‍ തന്റെ കലയിലൂടെ വരച്ചുകാട്ടി. ബാലപീഡനവും ഗര്‍ഭച്ഛിദ്രവും ഭര്‍ത്തൃപീഡനവും അരുംകൊലകളും അനീതിയും അവഗണനയും ലിംഗസമത്വമില്ലായ്മയും സ്വവര്‍ഗരതിയുമെല്ലാം അവരുടെ നടനത്തിലൂടെ പറഞ്ഞുവെച്ചു. സ്ഥിരം കാണുന്ന നൃത്തരീതിയില്‍നിന്നു മാറി കാണികളോട് കഥപറഞ്ഞ് നൃത്തവും പാട്ടും എല്ലാംചേര്‍ത്ത് അതിമനോഹരമായി കാലത്തെ അടയാളപ്പെടുത്താന്‍ മല്ലികയ്ക്കിന്ന് സാധിക്കുന്നു: '

പീറ്റര്‍ ബ്രുക്കില്‍നിന്ന് തുടക്കം

1989-ലാണ് പീറ്റര്‍ ബ്രുക്ക് മഹാഭാരതത്തിന് ചലച്ചിത്ര ഭാഷ നല്‍കുന്നത്. അതിനും നാലുവര്‍ഷംമുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാഭാരതം നാടകമായി അരങ്ങേറി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അഭിനേതാക്കള്‍ ഭാഗമായിരുന്ന ഈ നാടകത്തില്‍ ഇന്ത്യയില്‍നിന്നും മല്ലികാ സാരാഭായിക്ക് മാത്രമായിരുന്നു അവസരം. ഇന്ത്യയില്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് അരങ്ങേറാതിരുന്ന ഈ നാടകത്തിന്റെ ഭാഗമായ ശേഷമാണ് ഇത്തരം വേദികള്‍ ജനഹൃദയങ്ങളിലേക്ക് എങ്ങനെ ഒരു കലയെ കൊണ്ടുചെന്ന് എത്തിക്കുന്നു എന്നതില്‍ മല്ലികയ്ക്ക് തിരിച്ചറിവുണ്ടാകുന്നത്. ഇതാണ് കാര്യങ്ങള്‍ പറയാന്‍ ഏറ്റവും എളുപ്പമുള്ള മാധ്യമമെന്നും അവര്‍ മനസ്സിലാക്കി. ''എന്റെ അമ്മ മൃണാളിനി സാരാഭായ് നൃത്തത്തിലൂടെയാണ് ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, നൃത്തത്തിന് പുറമേ സംഗീതം, അഭിനയം ഒക്കെ ഞാന്‍ സ്വായത്തമാക്കിയിരുന്നു. മഹാഭാരതകാലം കഴിഞ്ഞ് 1990-ല്‍ തിരിച്ചെത്തിയപ്പോള്‍ത്തന്നെ ഇനി ഭരതനാട്യത്തിലൂടെ സ്ഥിരംവിഷയങ്ങളായ ശിവനും കൃഷ്ണനും ദേവിയുമൊന്നുമായി വേദിയില്‍ എത്തേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എനിക്ക് കലയുടെ ഇത്രയും നല്ല ഭാഷ പരിചയമുള്ളപ്പോള്‍ മാറിചിന്തിക്കണം എന്നുതന്നെ എനിക്ക് തോന്നി''

ക്രിയാത്മകതയുടെ ലോകം

മറ്റുള്ളവരുടെ വരികളില്‍ നൃത്തംവെക്കുകയായിരുന്നു മല്ലിക അതുവരെ. തന്റെ ഉള്ളില്‍ ക്രിയാത്മകതയുണ്ടെന്ന് തിരിച്ചറിയാന്‍ സമൂഹത്തിലേക്കുള്ള ഇറങ്ങിപ്പോക്കാണ് വഴിവെച്ചത്. ''മനസ്സിലുള്ളത് ഞാന്‍തന്നെ പറഞ്ഞാലേ കൃത്യമായി സംവദിക്കാനാവൂ എന്ന് എനിക്കു തോന്നിത്തുടങ്ങി. മറ്റൊരാളോട് പറഞ്ഞ് എഴുതിപ്പിക്കുന്നതിന് പരിധിയുണ്ട്. എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഈയൊരു മാര്‍ഗത്തിലേക്ക് ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. അങ്ങനെയാണ് 'ശക്തി, ദ പവര്‍ ഓഫ് വിമണ്‍' എന്ന എന്റെ ആദ്യ സംരംഭത്തിന് തുടക്കമാവുന്നത്. അത് എന്റെ ഉള്ളില്‍ ഞാന്‍ ഉണ്ടാക്കിവെച്ച മതില്‍ക്കെട്ടുകളെപ്പോലും തകര്‍ത്തുകളഞ്ഞു. വേദിയില്‍ പാടാന്‍ എനിക്ക് വളരെ ലജ്ജയായിരുന്നു. എന്നാല്‍, ഞാന്‍ ഒരിടത്ത് മാറിയിരുന്ന് ചിന്തിച്ചു. നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രം പാടണം എന്നിരിക്കെ നിങ്ങളുടെ ആത്മബോധമാണോ വലുത്, അതോ അത് ജനങ്ങളിലേക്ക് നല്‍കുന്ന സന്ദേശമോ. ഞാനൊരു വലിയ പാട്ടുകാരിയല്ലെന്ന് അവര്‍ പറഞ്ഞേക്കാം, പക്ഷേ, ഞാനത് ചെവിക്കൊള്ളേണ്ട ആവശ്യമേ യില്ല. ഞാന്‍ പാട്ടുകാരിയാണ് എന്ന് പറിയിപ്പിക്കലല്ല ലക്ഷ്യം. അതിനുമുപരി ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ജനങ്ങളില്‍ എത്തുക എന്നതാണ്.'' നമ്മുടെ രാജ്യത്ത് രണ്ടായിരം വര്‍ഷം പഴക്കമുള്ള ടോട്ടല്‍ തിയേറ്റര്‍ സങ്കല്പത്തിലേക്ക് തിരിച്ചുപോവുകയായിരുന്നു മല്ലിക പിന്നീട്. കലകള്‍ വഴിപിരിയുന്നതിനുംമുമ്പ് പാട്ടും നൃത്തവും അഭിനയവും ചേര്‍ത്ത് കഥ പറഞ്ഞിരുന്ന പഴയകാലത്തിലേക്കെത്തി മല്ലിക ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു.

അഭിനയമെന്ന ഭാഷ

ഇംഗ്ലീഷായിരുന്നു മല്ലികയുടെ പ്രധാന ഭാഷ. അതുമാറ്റണമെന്ന ആവശ്യവുമായി എന്‍.ജി.ഒ.കളും വിവിധ സ്ത്രീ മുന്നേറ്റ സംഘടനകളും മല്ലികയുടെ അടുത്തെത്തി. എന്നാല്‍, അഭിനയവും നൃത്തവും സംസാരവും ചേരുന്നിടത്ത് ഭാഷ വിഷയമേ അല്ലായിരുന്നു. അക്കാലത്താണ് ഇന്ത്യയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം എന്ന ആശയം വരുന്നത്. ''നമ്മുടെ നാട്ടില്‍ അത് വളരെ തെറ്റായ രീതിയിലാണത് എടുക്കുന്നത് എന്നുതോന്നി. അതേക്കുറിച്ച് ഞാന്‍ ഇതു ചെയ്യുന്ന നാല്പതിലധികം ഡോക്ടര്‍മാരുമായി സംസാരിച്ചു. അവരില്‍ ഒരാള്‍ മാത്രമാണ് അതിന്റെ ശരിയായ ആവശ്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ചത്. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന കുഞ്ഞിന് വൈകല്യമോ മറ്റ് കുറവുകളോ ഉണ്ടോ എന്നറിയാന്‍ കണ്ടുപിടിച്ച ഉപകരണം ഇവിടെ ലിംഗം അറിയാന്‍ മാത്രമുള്ള ടെസ്റ്റായി മാറി. പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ഉടന്‍ നശിപ്പിക്കുകയെന്നത് ഇവിടെ പതിവായി. ഇന്ത്യയെന്ന മാര്‍ക്കറ്റ് മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം അമ്പതിലധികം ബലാത്സംഗക്കേസുകള്‍ പഠിച്ച ശേഷമായിരുന്നു ആ വിഷയത്തില്‍ എഴുതാന്‍ തുടങ്ങിയത്. ആര്‍ക്കും അനുഭവങ്ങളെ ബന്ധിപ്പിച്ച് ചിന്തിക്കാവുന്ന തരത്തിലായിരുന്നു ഈ വിഷയാവതരണം.'' മല്ലികയുടെ അവതരണത്തിലെ ഒരു ഭാഗമുണ്ട്. പോലീസ് സ്റ്റേഷനില്‍ ചെല്ലുന്ന പീഡനം നേരിട്ട സ്ത്രീയോട് അവിടത്തെ സ്ത്രീയായ പോലീസ് ചോദിക്കുന്ന ഭാഗം. ''ഒന്നല്ലേ ഉള്ളൂ. എട്ടുപേരൊക്കെ ഒന്നിച്ച് ചെയ്തത് വരുന്നതിനിടയ്ക്കാ ഇത്. അല്ലെങ്കില്‍ മരിക്കണം. പോയി അത്രയുമാവുമ്പോള്‍ പരാതിയും കൊണ്ടുവാ'' എന്ന്. കേരളത്തില്‍ ഉള്ളവര്‍ക്ക് ഇതു പുതുമയായി തോന്നാം ചിലപ്പോള്‍. എന്നാല്‍, ഉത്തരേന്ത്യയില്‍ പലയിടത്തും ഇന്നും ഇത്തരം സമീപനങ്ങള്‍ അനുഭവിച്ചവരെ നേരിട്ടുകണ്ടാണ് മല്ലിക ഇതുതയ്യാറാക്കിയത്.'

Mallika Sarabhai

താരാട്ടിലൂടെ പറഞ്ഞ കഥ

മല്ലിക അവതരണത്തിനിടെ പാടുന്ന ഒരു താരാട്ടുപാട്ടുണ്ട്. അത് സത്യത്തില്‍ അവരുടെ മകള്‍ അനാഹിതയ്ക്കായി സ്വയം ഉണ്ടാക്കി പാടിയ പാട്ടാണ്. പെണ്‍കുഞ്ഞായ അനാഹിതയെ അവളുടെ സ്വാതന്ത്ര്യത്തില്‍ വളര്‍ത്തുമെന്ന് അന്നേ ഉറപ്പിച്ച ഒരു അമ്മയുടെ വരികള്‍. ''ബാധ്യത, മറ്റൊരു വീട്ടിലേക്ക് പോവേണ്ട സ്വത്ത്... പുരുഷാധിപത്യസമൂഹം സ്ത്രീകള്‍ക്ക് സങ്കല്പിച്ച് നല്‍കിയിരിക്കുന്ന പേരുകള്‍ നമ്മള്‍ ജനിക്കുമ്പോള്‍ത്തൊട്ട് നമുക്കൊപ്പമുള്ളതാണ്. ഇത് നമ്മുടെ അഭിലാഷങ്ങള്‍ക്കുമേല്‍ വിലങ്ങുവീഴ്ത്തുന്നു. ആഗ്രഹിക്കുന്നിടത്ത് എത്താന്‍ സാധിക്കുമെന്ന് പെണ്‍കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ത്തന്നെ ആത്മവിശ്വാസം നല്‍കാന്‍ കഴിയണം. ഈ ആഗ്രഹത്തില്‍നിന്നാണ് അനാഹിതയുടെ താരാട്ടിന്റെ പിറവി.''

ഈ താരാട്ട് ഇതിനകം പത്ത് ഭാഷകളിലേക്ക് അത് തര്‍ജ്ജമ ചെയ്യപ്പെട്ടു. 14 പെണ്‍വിദ്യാലയങ്ങളില്‍ സ്‌കൂള്‍ ഗീതമായി ഇത് പാടിവരുന്നു. ഇംഗ്ലീഷിലാണ് താരാട്ട് പിറവിയെടുത്തത്. ഗുജറാത്തിയായ അച്ഛന്‍ വിക്രം സാരാഭായിയുടെയും മലയാളിയായ അമ്മ മൃണാളിനി സാരാഭായുടെയും പൊതുഭാഷ ഇംഗ്ലീഷ് ആയതിനാല്‍ മല്ലികയ്ക്കും ചിന്തിക്കാന്‍ എളുപ്പമുള്ള ഭാഷ ഇംഗ്ലീഷ് തന്നെ.

ഗവേഷണം പകര്‍ന്ന ശക്തി

ഓരോ ആശയവും മല്ലികയ്ക്ക് ഓരോ ഗവേഷണ വിഷയങ്ങളായിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്ത് പലയിടങ്ങളിലും അവര്‍ സഞ്ചരിച്ചു. ഓരോ ആശയവും മൂലകഥയില്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങളോടെയുമാണ് ഇത് അരങ്ങേറിയത്. അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ അവിടത്തെ കഥയാണ് പറയുക. രാജ്യങ്ങള്‍ക്കനുസരിച്ച് വിഷയവും ചുറ്റുപാടുകളും മാറും. ഇത്തരം സംഭവങ്ങള്‍ക്ക് ഇരയായവരുടെ ഇടയില്‍പ്പോയി പരിപാടി അവതരിപ്പിച്ച അനുഭവങ്ങളും മല്ലികയ്ക്ക് പറയാനുണ്ട്. ''ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീകളെ നിര്‍ബന്ധിച്ച് ഒന്നിച്ച് ഇട്ടിരിക്കുന്ന ഒരു ഗ്രാമമുണ്ട്. റേപ്പ് വില്ലേജ് എന്നാണത് പൊതുവില്‍ അറിയപ്പെടുന്നത്. അവിടെപ്പോയി സ്ത്രീകളോട് സംസാരിച്ചു. ആദ്യമൊന്നും ആരും മുഖം തന്നില്ല. എന്നാല്‍, പരിപാടി കണ്ടതോടെ പലരും വന്ന് അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. അവര്‍ക്കുവേണ്ടി ഒരാള്‍ സംസാരിക്കുന്നതിന്റെ സന്തോഷം ഞാനവരില്‍ കണ്ടു. അവരെന്നെ ചേര്‍ത്തുപിടിച്ചു. ആനന്ദിലെ എണ്ണായിരത്തില്‍ അധികം വരുന്ന ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ ഞാന്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ശരദ് പവാര്‍ അധികാരത്തിലിരുന്നപ്പോള്‍ പുതുതായി നിയമിതരാവുന്ന ജഡ്ജിമാരെല്ലാം എന്റെ ഈ പരിപാടി കാണണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു. 400-ഓളം മജിസ്ട്രേറ്റുകള്‍ക്കുമുമ്പിലും ഞാനിത് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ എനിക്ക് കത്തുകള്‍ അയച്ചിരുന്നു. അന്നത്തോളം പങ്കെടുത്ത ലിംഗസംബന്ധിയായ ഏത് സെമിനാറിനെക്കാളും കൂടുതല്‍ എന്റെയൊരു അവതരണം സ്വാധീനിച്ചെന്ന അവരുടെ വാക്കുകള്‍ തരുന്ന ആത്മവിശ്വാസം ചെറുതല്ല'' ഇന്ത്യയിലെ സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ടുവന്ന വിശാഖ നിര്‍ദേശങ്ങള്‍ക്ക് കാരണക്കാരിയായ ഭാവ്രി ദേവിയെ കണ്ട കാര്യവും മല്ലിക പറയുന്നു. ''അവിശ്വസിനീയമാണ് ആ സ്ത്രീയുടെ ജീവിതം. സീതയുടെ മകള്‍ എന്ന ആവിഷ്‌കാരത്തിന്റെ പിറവിക്കുതന്നെ അവരൊരു കാരണമാണ്. രാജസ്ഥാനിലെ ഉള്‍ഗ്രാമത്തില്‍ മുഖം മറച്ചുമാത്രം സ്ത്രീകള്‍ പുറത്തിറങ്ങുന്നിടത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു സാധാരണ ഗ്രാമീണ യുവതിയുടെ അപ്രതീക്ഷിത പോരാട്ടത്തിന്റെ കഥ. അവരെപ്പോലുള്ളവരാണ് സമൂഹത്തെ ഇന്നും മുന്നോട്ടുനയിക്കുന്നത്.''

സ്‌നേഹത്തിന്റെ പരിഭാഷകള്‍

''നമ്മുടെ സമൂഹത്തില്‍ സ്‌നേഹമെന്നത് ചട്ടക്കൂടുകളിലായതിന്റെ പരിണത ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്. സമൂഹത്തില്‍ ചട്ടക്കൂടുകളിലാണ് സ്‌നേഹം. അമ്മ-മകളെ സ്‌നേഹിച്ചാല്‍ മകന്‍ അമ്മയെ സ്‌നേഹിച്ചാല്‍ സഹോദരന്‍മാര്‍ തമ്മിലുള്ള സ്നേഹം ഇതൊക്കെ സമൂഹം അംഗീകരിക്കുന്നു. എന്നാല്‍, നിങ്ങള്‍ പ്രണയത്തിലായാല്‍ ആ സ്‌നേഹത്തിലേക്ക് ജാതിയും മതവും ലിംഗവും കടന്നുവരും. സ്‌നേഹം എല്ലായിടത്തും ഒരുപോലെയല്ലേ. ഒരു സ്ത്രീ വേറൊരു സ്ത്രീയെ സ്‌നേഹിക്കുമ്പോള്‍, പ്രായത്തില്‍ കുറഞ്ഞ പുരുഷനെ സ്‌നേഹിക്കുമ്പോള്‍ ആ സ്‌നേഹം എങ്ങനെ പൊതുസമൂഹത്തില്‍ പ്രശ്‌നമാവുന്നു. ഈ വിഷയം ഭരതനാട്യത്തിലൂടെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ മകള്‍ മറ്റൊരു സ്ത്രീയെ സ്‌നേഹിക്കുമ്പോള്‍ സന്തോഷിക്കുന്ന അമ്മയാണ് ഞാന്‍.''