പ്രണയം, ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കുകളിലൊന്ന്. പ്രണയത്തിന് ലിംഗ-വർണ-പ്രായ വിവേചനമില്ല എന്നത് അതിലേറെ മഹത്തരമായ ആശയവും. ഈ ആശയം മുൻനിർത്തി നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലിംഗഭേദമോ നിറമോ രണ്ട് പേർ തമ്മിലുള്ള പ്രണയത്തിനൊരു വിഷയമല്ലെന്ന് വ്യക്തമാക്കി മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഒരുക്കിയ ഈ ഫോട്ടോഷൂട്ടിൽ അണിനിരന്നത് മോഡലുകളായ ലേഖ നീലകണ്ഠനും ഗൗരി സിജി മാത്യൂസുമാണ്. അർധനഗ്നരായി ഇവർ നടത്തിയ ഈ ഫോട്ടോഷൂട്ട് വൈറലായി മാറിയതിനൊപ്പം തന്നെ വിമർശനങ്ങളും, സദാചാരവാദവും ഉയർന്നു വന്നു. ചർച്ചകൾ ചൂടുപിടിക്കുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ലേഖയും ഗൗരിയും.

എങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിന്റെ ഭാ​ഗമാകുന്നത് 

ഗൗരി : പ്രൊഫഷണലി ഞാനൊരു നഴ്സ് ആണ്. പക്ഷേ ആറ് വർഷമായി മോഡലിങ്ങ് രം​ഗത്ത് സജീവമായുണ്ട്. ഒപ്പം മലയാളത്തിലും തമിഴിലുമായി ഒൻപതോളം സിനിമകളും ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട്ടിന്റെ കാര്യം പറഞ്ഞ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ വർക്കുകളെല്ലാം സോഷ്യ മീഡിയയിൽ ഞാൻ കണ്ടിട്ടുണ്ട്. വളരെ വലിയ ആശയമാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിലുള്ളത്. പ്രണയത്തിന് വിവേചനങ്ങൾ ഇല്ല എന്ന വലിയ തീമാണ്. ലെസ്ബിയൻ പ്രണയത്തെ വളരെ മോശമായ രീതിയിലാണ് നമ്മുടെ സമൂഹം കാണുന്നത്. അതിനെ ആസ്പദമാക്കിയുള്ള ഷൂട്ടാണ്. ഇത് പുറത്ത് വന്നാൽ നെ​ഗറ്റീവായും  പോസിറ്റീവായും പ്രതികരണങ്ങൾ ഉണ്ടാകും, അത് നേരിടാൻ തയ്യാറാണെങ്കിൽ ഈ വർക്ക് ചെയ്യാം എന്നായിരുന്നു മഹാദേവൻ തമ്പി പറഞ്ഞത്. എന്റെ ജോലി മോഡലിങ്ങാണ്, എന്നെ ഒരു ജോലി ഏൽപിക്കുകമ്പോൾ അത്  ചെയ്യാതിരിക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. സമൂഹത്തിൽ എന്താണോ നടക്കുന്നത് അതിനെ തുറന്നു കാട്ടുകയാണ് നമ്മൾ ചെയ്തത്. ആളുകൾ പ്രതികരിക്കുന്നത് പല തരത്തിലാവും അവർ ഇന്നതേ പറയാവൂ എന്ന് നമുക്ക് വാശി പിടിക്കാനാവില്ലല്ലോ. പറയുന്നവർ അവിടിരുന്ന് പറയും. അത് ശ്രദ്ധിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.

ലേഖ : ഒരു മാസമേ ആയുള്ളൂ മോഡലിങ്ങിലേക്ക് വന്നിട്ട്. ഇതുവരെ ചെയ്തതെല്ലാം ഇത്തരം ബോൾഡ് ഫോട്ടോഷൂട്ടുകൾ തന്നെയായിരുന്നു. ഈ ഫോട്ടോസീരീസ് എടുത്ത മഹാദേവൻ തമ്പിയെ ഞാൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്നു. തമ്പി അണ്ണൻ എന്റെ മുമ്പത്തെ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ട്. അങ്ങനെയിരിക്കേയാണ് ഒരു ദിവസം തമ്പിയണ്ണൻ ചോദിക്കുന്നത് ലേഖ... എന്റെ മനസിൽ ഒരാശയമുണ്ട്, അതിനായി ഒരാളെ അന്വേഷിക്കുകയായിരുന്നു, ലേഖയ്ക്ക് ചെയ്യാനാവുമോ എന്ന്. തീമും കാര്യങ്ങളുമെല്ലാം പിന്നീടാണ് പറഞ്ഞ് തരുന്നത്. ഞാൻ നോക്കിയപ്പോൾ ഇങ്ങനെയൊരെണ്ണം ആരും ചെയ്ത് കണ്ടിട്ടുമില്ല. അതു മാത്രമല്ല എനിക്ക് സ്വവർഗാനുരാഗികളായ ഒരുപാട് ആൺ-പെൺ സുഹൃത്തുക്കളുണ്ട്. ട്രാൻസ്ജെന്റർ സുഹൃത്തുക്കളുമുണ്ട്. അവരോടൊപ്പം പുറത്ത് പോകുമ്പോൾ‌ ആളുകൾ അവരെ നോക്കുകയും പറയുകയും ചെയ്യുന്നതെല്ലാം വേറെ രീതിയിലാണ്. അത് ഞാനേറെ കണ്ടിട്ടുമുണ്ട്. അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടിട്ടുള്ളതു കൊണ്ട് തന്നെ ഈ ഫോട്ടോഷൂട്ട് ചെയ്യാൻ എനിക്ക് സമ്മതമാണെന്ന് പറയുകയായിരുന്നു.

സമ്മതം അറിയിച്ചപ്പോൾ എന്നോട് തമ്പിയണ്ണൻ ആദ്യം പറഞ്ഞ കാര്യം ഇതിന് ഒരു പോസിറ്റീവ് ആയ പ്രതികരണമൊന്നും പ്രതീക്ഷിക്കണ്ട, നെഗറ്റീവുകളേ കേൾക്കൂ എന്നാണ്. ഞാൻ പറഞ്ഞു അത് സാരമില്ല നെഗറ്റീവിലൂടെ ആളുകൾ പോസിറ്റീവിലെത്തിക്കോളുമെന്ന്. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ട് സാധ്യമാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Nothing matters in Love, Neither colour, Nor Gender a MAHADEVAN THAMPI concept 👆👆Making Video link in Bio👆👆 Click by - @mahadevan_thampi In frame - @lekha_the_model & @gowri_mathews Makeup - @prabinmakeupartist Costume & Styling - @swetha_chiku Retouch - @anujith_design This Love that's pure as Gold @mallu_today @malluscreen @mallu_girls_media_ @mallu_magazine @mallu_meow @keralaclicks @persfamous @santhoshpisharody @insta_mallu____ #entekeralam #keralagram #keralite #kochidiaries #kochi #trivandrum #trivandrumdiaries #mallupage #mallu #mallumedia #mallugram #kochigram #cochin #malluactor #mallumovies #tamilmovie #sonyalpha #picoftheday #photooftheday #instagood #instadaily #instafresh #goodvibes #godsowncountry #kerala #photographer #keralaclicks #almallu #malayali #beingmalayali

A post shared by Lekha Neelakandan (@lekha_neelakandan) on

ഫോട്ടോഷൂട്ട് വൈറലായി മാറിയ ശേഷം നേരിട്ട പ്രതികരണങ്ങൾ എന്തെല്ലാമാണ്?

ഗൗരി: ഈ ഫോട്ടോഷൂട്ട് വാർത്തയായതിന് ശേഷം പുറത്തു പോകേണ്ട സാഹചര്യം വന്നിട്ടില്ല.അതുകൊണ്ട് ആരുടെയും പ്രതികരണം നേരിട്ട് ലഭിച്ചിട്ടില്ല. എന്റെ കുടുംബത്തിന്റെ പിന്തുണ എനിക്കുണ്ട്. പക്ഷേ ഫോട്ടോഷൂട്ട് കഴിഞ്ഞ ശേഷം എന്റെ ചില സുഹൃത്തുക്കൾ ​ഗൗരി ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് വാട്സാപ്പിലും മറ്റും ബ്ലോക്ക് ചെയ്ത് പോയി. പിന്നെ പോസിറ്റീവും നെ​ഗറ്റീവുമായി ധാരാളം കമന്റുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. സമൂഹത്തിൽ നടക്കുന്നതെന്തോ അതാണ് ഞാൻ തുറന്നുകാണിച്ചത്. അല്ലാതെ എന്റെ ശരീരമല്ല. നമ്മുടെ സമൂഹത്തിൽ  മാറ്റിനിർത്തപ്പെടുന്ന വിഭാ​ഗത്തിന് പിന്തുണ നൽകുകയാണ് ഞാൻ ചെയ്തത് എന്നാണ് ഈ നെ​ഗറ്റീവ് കമന്റുകളോട് എനിക്ക് പ്രതികരിക്കാനുള്ളത്. 

ലേഖ: ഈ ഫോട്ടോഷൂട്ടിന് ലഭിച്ചിരിക്കുന്ന നെഗറ്റീവ് കമന്റുകളിലേറെയും ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ച് കൊണ്ടുള്ളതാണ്. മാർപ്പാപ്പ പോലും പറഞ്ഞു സ്വവർഗാനുരാഗികളും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന്. പക്ഷേ ബൈബിളിൽ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പലരും കമന്റുകളിലൂടെ അറിയിച്ചത്.

ഫോട്ടോഷൂട്ടിന് ശേഷം എനിക്കങ്ങനെ സമൂഹത്തിൽ നിന്ന് മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ ഞാൻ ഫെയ്സ്ബുക്കിലിട്ട ഈ ഫോട്ടോസീരിസിൽ നിന്നുള്ള ഒരു ചിത്രം ആരോ റിപ്പോർട്ടടിച്ചതിന്റെ ഫലമായി കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഫെയ്സ്ബുക്കിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നില്ല. അതല്ലാതെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല എനിക്ക് വേറെയും ഷൂട്ടുകൾ വന്നിട്ടുണ്ട്.

​ഗൗരി: ഞാൻ ലെസ്ബിയനാണോ എന്ന് ചോദിച്ച് നിരവധി പേർ വന്നിട്ടുണ്ട്. ലേഖയെ വിവാഹം ചെയ്തോ എന്ന ചോദ്യം ഒരുപാട് നേരിട്ടിട്ടുണ്ട്. ഇതെല്ലാം നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഷൂട്ടിന്റെ ഭാ​ഗമായത്.

ലേഖ: ഞാനും ഇതേ ചോദ്യം നേരിട്ടിട്ടുണ്ട്. എന്റെ പോസ്റ്റിന് താഴെയും പലരും ചോദിച്ചിരുന്നു ഇത് ലേഖയുടെ പങ്കാളിയാണോ എന്ന്. ഗൗരിയെ ആ സമയത്ത് എന്റെ പങ്കാളിയായി കണ്ടതുകൊണ്ട് ആ ഫോട്ടോഷൂട്ട് എനിക്ക് ഭംഗിയായി ചെയ്യാൻ പറ്റി, എന്നാണ് ഞാൻ അവരോടെല്ലാം മറുപടി പറഞ്ഞത്.

ന​ഗ്നതാ പ്രദർശമാണ് എന്ന ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

​ഗൗരി: ഇത് ന്യൂഡ് ഫോട്ടോഷൂട്ട് അല്ല. ഇതിലെവിടെയാണ് ന​ഗ്നത കാണിച്ചു എന്ന് പറയുന്നത്. ചെയ്യുന്ന ജോലിയെ ജോലി ആയാണ് ഞാൻ കാണുന്നത്. പുരുഷന്മാർക്ക് ശരീരം കാണിക്കാമെങ്കിൽ സ്ത്രീകൾക്കും ആയിക്കൂടെ എന്നെല്ലാം പറയാം. പക്ഷേ ഇവിടെ പുരുഷന്മാർ കുഞ്ഞുങ്ങളെ മുതൽ വയസായവരെ വരെ പീഡിപ്പിക്കുന്നു. അവരുടെ ഉള്ളിലെ കാമം തീർക്കുന്നു. എന്നു കരുതി സ്ത്രീകൾ അങ്ങനെ ചെയ്യണമെന്നുണ്ടോ? അതല്ല ഞാൻ പറയുന്നത്. അറപ്പോടെയും വെറുപ്പോടെയും നമ്മൾ കാണുന്ന സമൂഹത്തിലെ ഒരു വിഭാ​ഗത്തിന് ഞാൻ പിന്തുണ നൽകി എന്നേയുള്ളൂ. അതല്ലാതെ ഇത് ശരീര പ്രദർശനമല്ല.

gowri
​ഗൗരിയുടെ ഫോട്ടോഷൂട്ടുകളിൽ നിന്ന്
Photo | https://www.instagram.com/gowri_mathews/

ലേഖ:  ​ഗൗരി പറഞ്ഞ പോലെ ഇതിൽ എവിടെയാണ് നഗ്നത കാണിക്കുന്നത്. ഒരു പെൺകുട്ടി ഷോർട്സ് ഇട്ട് നടന്നാൽ അവളുടെ തുട കാണും. ഇതേ ഷോർട്സ് ഒരാണ് ഇട്ടാലും അവന്റെയും തുട കാണും. ഈ രണ്ട് പേർക്കുമുള്ളത് തുട തന്നെയല്ലേ. ആണിനില്ലാത്ത നഗ്നത പെണ്ണിനെവിടെയാണ്. മാറിടത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അതല്ലാതെ ഇതിൽ നഗ്നതാ പ്രദർശനമെവിടേ എന്ന് എനിക്ക് മനസിലാവുന്നില്ല

ലേഖ ചെയ്തതെല്ലാം ബോൾഡ് ഫോട്ടോഷൂട്ടുകളാണ്, ഈ തിരഞ്ഞെടുപ്പിന് പിന്നിലുള്ള കാരണമെന്താണ്?

ലേഖ:  ഞാൻ ഗാനമേളകളിൽ പാടുന്നുണ്ടായിരുന്നു. കോവിഡ് വന്നതോടെ ഗാനമേളകൾ നിലച്ചു. അങ്ങനെയാണ് മോഡലിങ്ങിലേക്ക് എത്തുന്നത്. ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ ഇവിടെ ആളുകൾ വളരെ കുറവാണ്. മാത്രമല്ല എന്റെ മുഖത്തിന്, ശരീരഭാഷയ്ക്ക്, ബോൾഡ് ഫോട്ടോഷൂട്ടുകളാവും ചേരുക എന്ന് തോന്നി. ഞാനൊരു കറുത്ത പെണ്ണല്ലേ, കാണാൻ ഭംഗിയുണ്ടാകുമോ, ഇത് ചെയ്യാനാകുമോ എന്നുള്ള ആശങ്കകളെല്ലാം ആദ്യം ഉണ്ടായിരുന്നു. പക്ഷേ ഒന്ന് രണ്ട് ചിത്രങ്ങൾ എടുത്തതോടെ ആത്മവിശ്വാസമായി. എന്റെ സുഹൃത്തുക്കളാണ് ആദ്യത്തെ ഫോട്ടോഷൂട്ടുകളെല്ലാം ചെയ്തത്. അവർ നല്ല അഭിപ്രായം പറഞ്ഞതോടെ ഇതിൽ തന്നെ മുന്നോട്ട് പോവുകയായിരുന്നു

Lekha
ലേഖയുടെ ഫോട്ടോഷൂട്ടുകളിൽ നിന്ന് Photo | https://www.instagram.com/lekha_neelakandan/?hl=en

കുടുംബവും പിന്തുണയും?

​ഗൗരി: പത്തനാപുരമാണ് എന്റെ സ്വദേശം. വീട്ടിൽ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം നല്ല പിന്തുണയാണ് നൽകുന്നത്. 

ലേഖ: എന്റെ സ്വദേശം കോട്ടയമാണ് പക്ഷേ ഇപ്പോൾ എറണാകുളത്താണ് സെറ്റിൽഡായിരിക്കുന്നത്. ഭർത്താവും രണ്ടു മക്കളുമാണ്.  കുടുംബത്തിൽ നിന്ന് പിന്തുണയുണ്ട്.

ഫാഷൻ വെഡിങ് മേക്കപ്പ് ആർടിസ്റ്റ് ആയ പ്രബിൻ ആണ് ഫോട്ടോഷൂട്ടിനായി  ഇരുവരെയും മെയ്ക്കപ്പ് ചെയ്തത്. സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് കേരളത്തിലെ ആദ്യ പ്ലസ് സൈസ് മോഡലും കോസ്റ്റ്യൂം ഡിസൈനറുമായ ശ്വേത ദിനേശ് ആണ്. ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും യൂട്യൂബിൽ വൈറലായിരുന്നു.

Content Highlights: Lesbian Theme Viral Photoshoot Mahadevan Thampi Lekha Neelakandan And Gowri Siji Mathews