ലയാളി അല്ലാത്ത എന്നാല്‍ മലയാളി പ്രണയിച്ച മുഖശ്രീ, ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട്, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ബോയ്ഫ്രണ്ട്, കീര്‍ത്തിചക്ര...സിനിമയില്‍ ഒരു നല്ല കാലം പിന്നിട്ടു ലക്ഷ്മി. ഇതിനൊപ്പം അവരുടെ നടനവൈഭവം കണ്ട എത്രയോ വേദികള്‍ വേറെയും. ഇന്നും കൊച്ചുകൊച്ചു സന്തോഷങ്ങളിലെ നര്‍ത്തകിയായ ആശാലക്ഷ്മിയാണ് മലയാളികള്‍ക്ക് ലക്ഷ്മി ഗോപാലസ്വാമി. ലക്ഷ്മി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

ഈയിടെ അമ്മയുടെ മീറ്റിങ്ങില്‍ ലിംഗവിവേചനത്തെ കുറിച്ച് ബോധവല്‍ക്കരണക്ലാസ് നടത്തണമെന്ന് സംസാരിച്ചെന്ന് വാര്‍ത്ത കണ്ടിരുന്നു. 

അമ്മയിലെ പുരുഷന്മാരുടെ ഉദ്ദേശം നല്ലതാണ്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണം, ഫ്രീഡം കൊടുക്കണം എന്നൊക്കെ അവര്‍ അംഗീകരിക്കുന്നുണ്ട്. സംഘടനയിലെ സ്ത്രീകളും ഇപ്പോള്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. ആവശ്യങ്ങള്‍ തുറന്നുപറയുന്നുണ്ട്. എന്നാല്‍പോലും പലപ്പോഴും അതിനുള്ളിലെ അസമത്വം അറിയാതെ പോകുന്നു. മലയാളസിനിമയില്‍ ആദ്യകാലത്ത് നായകന്മാര്‍ക്ക് മാത്രമായിരുന്നു കാരവാനുകള്‍ നല്‍കിയിരുന്നത്. സ്ത്രീകള്‍ ലൊക്കേഷന് അടുത്തുള്ള വീടുകളില്‍ പോയി വസ്ത്രം മാറേണ്ട അവസ്ഥയായിരുന്നു. ഇപ്പോള്‍ അത് മാറി. സ്ത്രീകള്‍ക്കും കാരവാന്‍ ലഭിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്. പക്ഷേ ഇത് മുമ്പേ നടപ്പാക്കണമായിരുന്നു. പുരുഷനും സ്ത്രീയും തുല്യരാണ്. ഇത്തരത്തില്‍ വിട്ടുകളയുന്ന ചെറിയ കാര്യങ്ങള്‍ പോലും വിവേചനമാണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതിനുളള വിദ്യാഭ്യാസം കൊടുക്കണമെന്നാണ് ഞാന്‍ പറയുന്നത്. അത് സംഘടനയില്‍ മാത്രമല്ല, സമൂഹത്തിലും ആവശ്യമാണ്.

കേരളത്തില്‍ മാത്രമാണോ ഇങ്ങനെ

ഇന്ത്യയൊട്ടാകെ ഉണ്ട്. മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്. എന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. എപ്പോഴും സ്ത്രീയുടെ വിവാഹത്തെ കുറിച്ച് മാത്രം ആളുകള്‍ വ്യാകുലപ്പെടുന്നത് എന്തിനാണ്. പാര്‍ട്ണര്‍ ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിനെന്താണ്.  അമേരിക്കയില്‍ പോയാല്‍ ആരും ഇങ്ങനെ ചോദിക്കില്ല. നിങ്ങള്‍ കല്യാണം കഴിച്ചതാണോ, കല്യാണം കഴിക്കാത്തതെന്താണെന്നോ ഒന്നും. പക്ഷേ മലയാളികള്‍ക്ക് ഭയങ്കര ആധിയാണ്. ആദ്യത്തെ കാര്യം ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. പിന്നെ അത് നടക്കുമ്പോള്‍ നടക്കട്ടെ. 

ശരിക്കും സ്വതന്ത്രയായ ഒരു സ്ത്രീക്ക് സമൂഹം വേണ്ട വിധത്തില്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടോ? 

സംശയമാണ്. വലിയ നഗരങ്ങളില്‍ താമസിക്കുമ്പോള്‍ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടാകുന്നില്ല. അവിടെയുള്ളവര്‍ തുറന്ന ചിന്താഗതിക്കാരാണ്. ഞാനൊരു ഫ്രീസ്പിരിറ്റ് ഗേളാണ്. എല്ലാ സ്ത്രീകളും അങ്ങനെയായാല്‍ നല്ലതല്ലേ? സമൂഹത്തിന്റെ പ്രതിബന്ധങ്ങള്‍ക്കിടയില്‍ നാം കുരുങ്ങിപ്പോകരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് തലവെച്ചുകൊടുക്കാതെ നമ്മുടെ ആത്മാവിനെ സ്വതന്ത്രമായി വിടണം. ഒരുപാട് അലയണം, കാര്യങ്ങള്‍ അനുഭവിച്ചറിയണം. അതാണ് ഫ്രീ സ്പിരിറ്റ്. എന്നെ ഇങ്ങനെ ജീവിക്കാന്‍ അനുവദിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. 

ഇന്നത്തെ നടിമാര്‍ ധൈര്യമുള്ളവരാണ്. പലരും ഒറ്റയ്ക്ക് വന്ന് അഭിനയിച്ചുപോകുന്നു. എവിടെയും ഒറ്റയ്ക്ക് താമസിക്കുന്നു. 

അത് പോസിറ്റീവാണ്. സിനിമയും മറ്റുജോലിയെ പോലെ, ഒരു ഉദ്യോഗമായി പെണ്‍കുട്ടികള്‍ കണ്ടുതുടങ്ങി. ഉദ്യോഗസ്ഥര്‍ ജോലിയുടെ ഭാഗമായി പുറംനാട്ടിലൊക്കെ പോകുന്നത് പോലെ. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ അമ്മയെയും കൂട്ടിയാണ് വരാറുള്ളത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായിട്ട് ഞാനും തനിച്ചാണ് യാത്ര. പക്ഷേ, മറ്റൊരു കാര്യമുണ്ട് സിനിമയില്‍ വരുന്നവര്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ടായിരിക്കണം. സിനിമയില്ലെങ്കില്‍ വേറൊന്നും ചെയ്യാന്‍ പറ്റുന്നില്ല എന്നവസ്ഥ മാനസിക പ്രശ്‌നത്തിന് ഇടയാക്കും. എന്റെ നിലനില്‍പ് എന്ന ചിന്ത എല്ലായ്‌പ്പോഴും ഉണ്ടാകുന്നത് നല്ലതാണ്. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

 

Content Highlights: Lakshmi Gopalaswami Interview