ധുരമായി മൊഴിയുന്നവള്‍ അഥവാ കനിമൊഴി. വാക്കിലെ മധുരവും പെരുമാറ്റത്തിലെ ലാളിത്യവും കൊണ്ട് അത് അന്വര്‍ത്ഥമാക്കുകയാണ് കവിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഡി.എം.കെ നേതാവ് കനിമൊഴി. കവയിത്രിയായും പത്രപ്രവര്‍ത്തകയായും പേരെടുത്ത കനിമൊഴി 'ദ ഹിന്ദു'വില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തമിഴ് വാരിക കുങ്കുമത്തിലും സിംഗപ്പൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന തമിഴ് മുരസു എന്ന തമിഴ് പത്രത്തിലും എഡിറ്റര്‍ ഇന്‍ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു. 2019 ലെ തെരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട് തൂത്തുക്കുടി മണ്ഡലത്തിന്റെ ലോക്‌സഭ എം.പിയായി. 2007ലും 2013ലും ഡി.എം.കെയുടെ രാജ്യസഭ എം.പിയും.

കവി, രാഷ്ട്രീയ പ്രവര്‍ത്തക: ഇതിലേതാണ് യഥാര്‍ത്ഥ കനിമൊഴി?

ഇത് രണ്ടുമാണ്. രണ്ടു പ്രവൃത്തികളെയും ഞാന്‍ സത്യസന്ധമായാണ് സമീപിക്കുന്നത്. കവിയായത് ഒരു പക്ഷെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്

വൈകാരികമായി ശക്തയായ സ്ത്രീയാണോ കനിമൊഴി ? 

ജീവിതത്തില്‍ സംഭവിച്ച ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങള്‍ വൈകാരികമായി എന്നെ ശക്തയാക്കിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ടുള്ള സംഭവങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്. എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ചുറ്റിലുമുള്ളവരെല്ലാം അന്ന് ജയിലിലായി, എന്നും കാണുന്നവരെ പെട്ടെന്ന് കാണാതാകുന്നതും ആളുകള്‍ നമ്മളോട് സംസാരിക്കാന്‍ ഭയപ്പെടുന്നതുമെല്ലാം പ്രയാസമായിരുന്നു. കുട്ടിക്കാലം തൊട്ടേ അച്ഛന്‍ അധികാരത്തിലേറുന്നതും അറസ്റ്റുചെയ്യപ്പെടുന്നതും പരാജയം ഏറ്റുവാങ്ങുന്നതുമെല്ലാം കണ്ടിട്ടുണ്ട്. പക്ഷെ, ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന പ്രകൃതമായിരുന്നില്ല അച്ഛന്. ഫലം വന്ന അന്നു വൈകീട്ട് തന്നെ അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ പോകുമായിരുന്നു. ഒരുപക്ഷെ ഇത്തരം അനുഭവങ്ങളാകാം ഭാവിയിലെ രാഷ്ട്രീയ ജീവിതത്തിലേക്ക് എന്നെ പാകപ്പെടുത്തിയത്. അധികാരം എന്നെന്നും നിലനില്‍ക്കുന്നതല്ല എന്ന ബോധം എന്നും ഉണ്ട്.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

എന്നാല്‍ ജീവിതത്തില്‍ ഒരുഘട്ടമെത്തിയപ്പോള്‍ ഒരു തിരിച്ചറിവുണ്ടായി. ജീവിതത്തില്‍ മോശമായ അനുഭവങ്ങളും പരാജയങ്ങളും സംഭവിക്കുമ്പോഴും തിരിച്ചുവന്ന് ജീവിതം വീണ്ടും തുടങ്ങാവുന്നതേയുള്ളു. ഒരിക്കലും പ്രതീക്ഷ കൈവിടേണ്ടതില്ല. ആളുകളെ ശരിക്കും മനസ്സിലാക്കാന്‍ പറ്റുന്ന അവസരങ്ങളാണവ, അത്തരത്തില്‍ നോക്കിയാല്‍ ജീവിതത്തില്‍ മോശം കാലം എന്നൊന്നില്ല, മുന്നോട്ടുള്ള ജീവിതത്തിനായി നമ്മളെ പാകപ്പെടുത്തുന്ന സംഭവങ്ങളില്‍ ചിലതു മാത്രമാണവ. 

തമിഴ്‌നാട്ടിലെ ജയവും പരാജയവും കരുണാനിധിക്കും ജയയ്ക്കും ഇടയില്‍ മാത്രമായി വീതിക്കപ്പെട്ട അവസ്ഥയായിരുന്നു ഏറെക്കാലമുണ്ടായിരുന്നത്. കെട്ടടങ്ങാത്ത പകയായിരുന്നു അവര്‍ തമ്മില്‍. ജയയുമായുള്ള എന്തെങ്കിലും ഓര്‍മ്മകള്‍, അനുഭവങ്ങള്‍?

നിര്‍ഭാഗ്യവശാല്‍ ഞാന്‍ ജയലളിതയെ നേരില്‍ കണ്ടിട്ടില്ല. അവരുടെ രാഷ്ട്രീയരീതികളോടും എനിക്ക് യോജിപ്പില്ല. അവര്‍ ആഗ്രഹിക്കുന്ന വീരാരാധനയും ആളുകള്‍ അവരുടെ കാല്‍ക്കല്‍ വീഴുന്നതും ആര്‍ക്കും അവരോട് സംസാരിക്കാന്‍ അനുവാദമില്ലാത്ത അവസ്ഥയോടുമെല്ലാം എനിക്ക് വിയോജിപ്പാണ്. എന്നാല്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ അവരെ അത്യന്തം ബഹുമാനിക്കുന്നു. രാഷ്ട്രീയപാരമ്പര്യം ഒന്നുമില്ലാതെ സിനിമയില്‍ നിന്ന് വന്ന് അധികാരത്തിലെത്താനും അധികാരകേന്ദ്രമായി മാറാനും അതു നിലനിര്‍ത്താനും സാധിക്കുന്നത് നിസ്സാരമായ ഒന്നല്ല. 

കവിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഡി.എം.കെ നേതാവ് കനിമൊഴിയുടെ അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Kanimozhi Life and Politics