''ഞാന്‍ വളര്‍ന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. പക്ഷെ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നു.'' കല്‍പ്പന മരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മകള്‍ ശ്രീസംങ്ഖ്യ അമ്മയെ കുറിച്ച് ഇതുവരെ പറയാത്ത ഓര്‍മകളുമായി എത്തുകയാണ്. 

ശ്രീസംങ്ഖ്യക്ക് മലയാളികളുടെ പ്രിയപ്പെട്ട കല്പന അമ്മയായിരുന്നില്ല, അവളുടെ കളിക്കൂട്ടുകാരി മിനുവായിരുന്നു.' മിനുവുമായിട്ട് എനിക്കുള്ളത് ഫ്രണ്ട്ഷിപ്പ് ബോണ്ടാണ്. മിനു ഉണ്ടായിരുന്ന സമയത്ത് ഞാന്‍ വളരെ അപക്വമായി ആണ് പെരുമാറിയിരുന്നത്. സീരിയസ് ആയിരുന്നില്ല, സ്‌ട്രോങ് ആയിരുന്നില്ല. അങ്ങനെ കുട്ടിക്കളി മാറാത്ത സമയമായിരുന്നു. 

പക്ഷേ മിനു പോയ ശേഷം എനിക്ക് ഉത്തരവാദിത്തം വന്നു. കാരണം മിനുവിന്റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കണം. അമ്മയെ ഞാന്‍ നോക്കണം. ഞാന്‍ സ്ട്രോങ്ങായി. മിനുവിന്റെ വേര്‍പാടില്‍ മനസ്സ് മരവിച്ച് പോയിരുന്നു. സുഹൃത്തുക്കളും കൂട്ടുകാരുമാണ് പണയം വെച്ച പോലിരുന്ന എന്നെ ഇങ്ങനെ ടോക്കറ്റീവാക്കിയത്.  മിനുവിന്റെ എല്ലാ ആഗ്രഹങ്ങളും എനിക്ക് ചെയ്തുകൊടുക്കണം മിനുവിന് വേണ്ടി. സിനിമയിലായാലും ജീവിതത്തിലായാലും. നല്ല കുട്ടിയായി എനിക്ക് ഇരിക്കണം ചീത്ത സ്വഭാവങ്ങളൊന്നുമില്ലാതെ നേര്‍വഴിയില്‍ തന്നെ പോകണം.' ശ്രീസംങ്ഖ്യ പറയുന്നു.