രാണ് താര ജോര്‍ജ്ജ് എന്നു ചോദിച്ചാല്‍ ഏതു മലയാളിക്കും സ്നേഹം തോന്നുന്ന ഉത്തരം പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന്റെ മകളാണ് എന്നതായിരിക്കും. എന്നാല്‍ ആ സമ്പന്നമായ പൈതൃകത്തിനപ്പുറം താര, മലയാളി പെണ്‍കുട്ടികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ ഭരണാധികാരിയായ സുല്‍ത്താന്റെ (അമീറിന്റെ) സ്വകാര്യ വിമാനത്തില്‍ ജോലി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് താര. റോയല്‍ ഫ്‌ലൈറ്റിലെ ജോലിയാണ് താരയ്ക്ക് 100 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്. അതിനും മുന്‍പ് ലോകത്തിലെ ഒന്നാം നിര വിമാന കമ്പനിയായ എമിറേറ്റ്സിലെ ക്യാബിന്‍ ക്രൂ ആയിരുന്നു, താര. ഏഴു വര്‍ഷം നീണ്ട എമിറേറ്റ്സിലെ ജോലിക്കിടയില്‍ത്തന്നെ എല്ലാ ഭൂഖണ്ഡങ്ങളുടെയും മേലേ കൂടി പറക്കുക മാത്രമല്ല വിശദമായി രാജ്യങ്ങള്‍ കാണുകയും ചെയ്തു, താര.

ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല എന്ന് താര പറയുന്നു. 'എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പഠനത്തിനു  ശേഷം പൈലറ്റാകണം എന്ന ആഗ്രഹമായിരുന്നു എനിക്ക്.  ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അപേക്ഷിച്ചു. പക്ഷെ ആപ്റ്റിട്യുഡ്  ടെസ്റ്റ് മാത്രം പാസാകാനായില്ല. എനിക്ക് അത് വലിയ വിഷമമായി. ഇനിയെന്ത് എന്നുള്ള ചോദ്യവുമായി ജീവിക്കുമ്പോഴാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കാണാന്‍ പോയത്. പപ്പയുടെ സുഹൃത്ത് ഡേവിഡ്  ദുബായ് എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് എയറിന്റെ മേധാവിയാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ എയര്‍ഫോഴ്സില്‍ കിട്ടാതെ പോയ കഥ ഞാന്‍ പറഞ്ഞു. എന്തുകൊണ്ട് എമിറേറ്റ്സില്‍ ക്യാബിന്‍ക്രൂ ആകാന്‍ ശ്രമിച്ചുകൂടാ എന്നായിരുന്നു ഡേവിഡങ്കിളിന്റെ  മറുചോദ്യം. താരയുടെ പേഴ്സണാലിറ്റി ക്യാബിന്‍ ക്രൂവിനു ചേരുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആ ഡേവിഡങ്കിളിനു  വേണ്ടിയാണ് ഞാന്‍ ക്യാബിന്‍ക്രൂ തസ്തികയിലേക്ക് അപേക്ഷിച്ചത്. ജോലി കിട്ടുകയും ചെയ്തു.'-താര പറയുന്നു.
 
ജോലിയുമായി ഇണങ്ങാന്‍ മൂന്നുമാസം കഠിന പരിശീലനം. 'സത്യം പറഞ്ഞാല്‍ ഒന്നു ശ്രമിച്ചു നോക്കാം എന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളു. വര്‍ഷങ്ങളോളം ആ ജോലിയില്‍ തുടരണമെന്നൊന്നും ഞാന്‍ തുടക്കത്തില്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ക്യാബിന്‍ക്രൂ ജോലി വളരെ എക്സൈറ്റിങ് ആയിരുന്നു. ഏഴ് വര്‍ഷം തികച്ചശേഷമാണ് ഞാന്‍ എമിറേറ്റ്സിന്റെ പടിയിറങ്ങിയത്. പിരിയുമ്പോള്‍ പൈലറ്റ് കഴിഞ്ഞാല്‍ ഫ്ളൈറ്റിലെ ഉയര്‍ന്ന പൊസിഷനായ 'പേഴ്സര്‍' എന്ന തസ്തികയിലായിരുന്നു ഞാന്‍'.
 
അനുഭവങ്ങളേറെ

ഏഴുവര്‍ഷത്തെ എമിറേറ്റ്സ് ജീവിതം ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട് താരയ്ക്ക്. എമിറേറ്റ്സ് വിമാനങ്ങളുടെ ഉള്‍വശം എപ്പോഴും ലോകത്തിന്റെ 'ഷോക്കേസ്' ആയിരിക്കും. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തരായ യാത്രക്കാര്‍. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍ ഒരുമിച്ച് വിമാനത്തിന്റെ ചെറിയൊരു ഇടത്തിനുള്ളില്‍ മണിക്കൂറുകളോളം ഒരുമിച്ചു കഴിയുകയാണ്. ആ അനുഭവങ്ങളെക്കുറിച്ച് താര പറയുന്നു- 'ക്യാബിന്‍ക്രൂ ജോലിക്ക് പ്രാഥമികമായും വേണ്ടത് നല്ല പേഴ്സണാലിറ്റിയാണ്. പിന്നെ, ആളുകളോട് ഇടപെടാനുള്ള കഴിവും ഭാഷാ പരിജ്ഞാനവും. വിവിധ സ്വഭാവക്കാരായ ആളുകളെ ക്ഷമയോടെ, ചിരിയോടെ കൈകാര്യം ചെയ്യണം. യാത്രക്കാരുടെ സുരക്ഷയ്ക്കാണ്  ഏറ്റവും പ്രധാന്യം കൊടുക്കേണ്ടത് എന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതിനായി വേണ്ടതെല്ലാം ചെയ്യണം. 

ഒരിക്കല്‍ ഫ്ളൈറ്റിനുള്ളില്‍ വെച്ച് യാത്രക്കാരന്‍ മരിച്ചു. ദുബായ്-ന്യൂയോര്‍ക്ക് ഫ്ളൈറ്റായിരുന്നു. 14 മണിക്കൂര്‍ മൃതദേഹവുമായി  പറക്കേണ്ടി വന്നു. ഞങ്ങള്‍ക്കറിയാവുന്ന ഫസ്റ്റ് എയ്ഡൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാനായില്ല എന്നത് ഇപ്പോഴും ഒരു ദുഃഖമായി അവശേഷിക്കുന്നു. ആ യാത്രയുടെ ഒടുവില്‍ ന്യൂയോര്‍ക്കില്‍ എത്തിയിട്ടും ഞങ്ങള്‍, ക്യാബിന്‍ ക്രൂ ഒന്നാകെ മൂഡ്ഓഫായിരുന്നു.'

ലോകം കണ്ടകാലം

womenഓരോ ദിവസവും ലോകത്തിലെ വന്‍ നഗരങ്ങളിലേക്ക് പറക്കാം.  ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാം. അടിച്ചു പൊളിക്കാന്‍ പോക്കറ്റ് മണി വേറെയും കിട്ടും. അങ്ങനെ ലോകത്തിന്റെ പകുതിയും എമിറേറ്റ്സ് കാലഘട്ടത്തില്‍ കണ്ടുതീര്‍ത്തു. എല്ലാ രാജ്യത്തെയും  മ്യൂസിയങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയാണ് ഞാന്‍ പ്രധാനമായും കണ്ടത്. കൂടാതെ നൈറ്റ് ലൈഫും നന്നായി ആസ്വദിച്ചു'- താര പറയുന്നു.

എമിറേറ്റ്സിലെ ഏഴു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേക്ക് വളരെ കുറച്ചേ പറന്നിട്ടുള്ളു. എന്നാല്‍ ഇന്ത്യയിലേക്ക് പറക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണെന്നും താര കൂട്ടിച്ചേര്‍ക്കുന്നു. 'ഇന്ത്യക്കാര്‍ പാവങ്ങളാണ്. മര്യാദയോടെയേ പെരുമാറാറുള്ളൂ. രണ്ടോ മൂന്നോ പെഗ് മദ്യം ചോദിച്ചു വാങ്ങി കുടിച്ചിട്ട് മിണ്ടാതിരിക്കും'- ഇതാണ് ഇന്ത്യക്കാരായ യാത്രക്കാരെക്കുറിച്ചുള്ള താരയുടെ അഭിപ്രായം
മലയാളിയായതില്‍ അഭിമാനിക്കുന്നുണ്ട് താര. തന്നെയുമല്ല ഫ്ളൈറ്റിനുള്ളില്‍ മലയാളി യാത്രക്കാരുണ്ടെന്നു ശ്രദ്ധയില്‍പെട്ടാല്‍ അവരോട് മലയാളത്തില്‍ സംസാരിക്കാനും ശ്രദ്ധിക്കാറുണ്ട്. 

മറ്റൊരു ലോകം

എമിറേറ്റ്സില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം താരയ്ക്ക് ഒരു ഇ- മെയില്‍. ഒരു ഏജന്‍സിയില്‍ നിന്ന് അയച്ച മെയിലിന്റെ സാരാംശം ഇതായിരുന്നു- 'ഖത്തര്‍ സുല്‍ത്താന്റെ റോയല്‍ ഫ്ളൈറ്റില്‍ ക്യാബിന്‍ക്രൂ ആകാന്‍ താല്‍പര്യമുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം..'എമിറേറ്റ്സിലെ സുഖകരമായ ജീവിതം വിട്ട് കുടുംബവാഴ്ചയുടെ ഭാഗമായിട്ടുള്ള ഒരു കമ്പനിയിലേക്ക് കൂടുമാറണോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തന്നെ താര തീരുമാനിച്ചു. ഖത്തറിലായിരുന്നു അഭിമുഖം. 'അവിടെയും ദൈവാനുഗ്രഹമുണ്ടായി. ഞാന്‍ അഭിമുഖത്തില്‍ ജയിച്ചു. അങ്ങനെ തികച്ചും അപരിചിതമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചു.  ജോലി കുറവും, ശമ്പളം കൂടുതലും- അതാണ് എല്ലാവരേയും പ്രൈവറ്റ് ജെറ്റുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. എങ്കിലും ഞാന്‍ ആ ഇ-മെയില്‍ വരുന്നതുവരെ അതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ദൈവം എല്ലാം എന്റെ കൈകകളില്‍ കൊണ്ടുവന്നു തരുന്നതു പോലെ തോന്നി, എനിക്ക്'.

ഖത്തര്‍ അമീറിന് 14 എയര്‍ക്രാഫ്റ്റുകളാണുള്ളത്. അതില്‍ ബോയിങ് 747 മുതല്‍ ചെറിയ ബിസിനസ് ജെറ്റ് വരെയുണ്ട്. ഈ വിമാനങ്ങളില്‍ അമീര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിമാര്‍, അതിഥികള്‍, കുടുംബാംഗങ്ങള്‍ എന്നിവരും സഞ്ചരിക്കും. അവരുടെ അഭിരുചികള്‍ക്കനുസരിച്ച് പെരുമാറുക എന്നതാണ് പ്രധാന കാര്യം. ഏഴുവര്‍ഷത്തെ എമിറേറ്റ്സ് ജീവിതം മൂലം അത് താരയ്ക്കൊരു പ്രശ്നമായില്ല. 'ഗള്‍ഫിലെ ഷെയ്ക്കുമാര്‍ സ്നേഹസമ്പന്നരാണെങ്കിലും ക്ഷിപ്രകോപികളാണ് എന്നൊക്കെ കേട്ടിരുന്നു. അവര്‍ക്ക് അപ്രിയം തോന്നിയാല്‍ എന്തിനും മടിക്കില്ല എന്ന് പലരും പറഞ്ഞ് ഭയപ്പെടുത്തി. എന്നാല്‍ എനിക്ക് അങ്ങേയറ്റം സുന്ദരമായ അനുഭവങ്ങളേ അവരുടെയും കുടുംബാംഗങ്ങളഉടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളു. ഏഴു വര്‍ഷമാണ് ഞാന്‍ റോയല്‍ ഫ്ളൈറ്റില്‍ ജോലി ചെയ്തത്. ഏഴുവര്‍ഷവും വളരെ സ്നേഹത്തോടെയേ എല്ലാവരും എന്നോട് പെരുമാറിയിട്ടുള്ളു. കുട്ടികളും സ്ത്രീകളുമെല്ലാം അവരുടെ കുടുംബാംഗത്തെ പോലെയാണ് എന്നെ കണ്ടത്. കൊച്ചുകുട്ടികളൊക്കെ എന്റെ കണ്‍മുന്നിലാണ് വളര്‍ന്നത്. അവരൊക്കെ ഇപ്പോഴും വിളിക്കാറുണ്ട്. ഒരു റമദാന്‍ കാലം കേരളത്തില്‍ ചെലവഴിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്'- താര പറഞ്ഞു.

ആ യാത്ര

റോയല്‍ ഫ്ളൈറ്റില്‍ സുല്‍ത്താന്‍ പറക്കുമ്പോള്‍ തെരഞ്ഞെടുത്ത ക്യാബിന്‍ ക്രൂ അംഗങ്ങളേ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാറുള്ളു. അതിനു മുമ്പ് മന്ത്രിസഭാംഗങ്ങളോടൊപ്പമോ ഉദ്യോഗസ്ഥരോടൊപ്പമോ ജോലി ചെയ്ത് 'പാസ് മാര്‍ക്ക്' കിട്ടിയാലേ സുല്‍ത്താനോടൊപ്പം പറക്കാനാവൂ. റോയല്‍ ഫ്ളൈറ്റിലെ താരയുടെ ആദ്യയാത്ര ഖത്തറിന്റെ മുന്‍ പ്രധാനമന്ത്രിയോടൊപ്പമായിരുന്നു. പക്ഷേ ഒരു മാസത്തിന് ശേഷം കാത്തിരുന്ന ആ ദിവസമെത്തി- സുല്‍ത്താനോടൊപ്പമുള്ള ആദ്യത്തെ വിമാനയാത്ര.

'വലിയ ആശങ്കകളുണ്ടായിരുന്നു. കാരണം, സുല്‍ത്താന്റെ എല്ലാ അഭിരുചികളും കണ്ടറിഞ്ഞ് പെരുമാറണം. ഇഷ്ടക്കേട് തോന്നരുതല്ലോ. അതുകൊണ്ട് വലിയ ടെന്‍ഷനിലായിരുന്നു ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങേയറ്റം ലളിതമായിരുന്നു. വളരെ വിദ്യാസമ്പന്നരാണ് അമീറും കുടുംബാംഗങ്ങളും എല്ലാവരും തന്നെ. അത് അവരുടെ പെരുമാറ്റത്തിലുമുണ്ട്. ഏതാനും യാത്രകള്‍ കഴിഞ്ഞപ്പോള്‍ സുല്‍ത്താന്‍ എന്നെ പേരെടുത്തു വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഖത്തര്‍ രാജകുടുംബം എന്റെ സ്വന്തം കുടുംബം പോലെ തന്നെയായി. എന്റെ ജീവിതത്തിന്റെ ഏറ്റവും ധന്യമായ ഏഴുവര്‍ഷങ്ങളാണ് അവിടെ ചെലവഴിച്ചത്. അതിന് ഞാനെപ്പോഴും ദൈവത്തോട് നന്ദി പറയാറുണ്ട്'- താരയുടെ വാക്കുകള്‍.

അമീറിനൊപ്പം

രഹസ്യസ്വഭാവമുള്ള ജോലിയാണ് റോയല്‍ ഫ്ളൈറ്റിലേത്. എവിടെയാണ് ജോലി എന്നു പോലും പുറത്ത് പറയാന്‍ പാടില്ല, എവിടേക്കാണ് യാത്ര എന്നും ആരോടും പറയാന്‍ പാടില്ല, യാത്രയ്ക്കിടയിലെ ചിത്രങ്ങളോ യൂണിഫോമിലുള്ള ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല-ഇങ്ങനെ പോകുന്നു, നിബന്ധനകള്‍. ഇതെല്ലാം പാലിക്കുമെന്ന് കരാറില്‍ ഒപ്പിട്ടലേ ജോലി ലഭിക്കൂ. അതനെപ്പറ്റി താര പറയുന്നു- 'ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊന്നാണ് ഖത്തര്‍ അമീറിന്റേത്. എപ്പോഴും സുരക്ഷാവലയത്തില്‍ കഴിയുന്ന ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ യാത്രകളും രഹസ്യസ്വഭാവമുള്ളവയാണ്. രാജ്യത്തലവന്‍ എന്ന നിലയില്‍ മറ്റു രാജ്യങ്ങളുടെ ക്ഷണപ്രകാരമുള്ള സന്ദര്‍ശനങ്ങള്‍ക്കായാണ് സുല്‍ത്താന്‍ അധികവും സഞ്ചരിക്കാറ്. വല്ലപ്പോഴുമൊരിക്കല്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാനും പോകാറുണ്ട്. 

റോയല്‍ ഫ്ളൈറ്റിലെ ജോലിക്കിടെയാണ് താര നൂറിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഭൂപടത്തിലില്ലാത്ത ദ്വീപുകളിലും പട്ടാളക്കാരുടെ അധീനതയിലുള്ള എയര്‍ ബേസുകളിലുമെല്ലാം റോയല്‍ഫ്ളൈറ്റ് പറന്നിറങ്ങി. ഒരു രാഷ്ട്രത്തലവനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ മാത്രം ലഭിക്കുന്ന സൗഭാഗ്യങ്ങള്‍. '

അത്ഭുത യാത്രകള്‍

എവിടേക്കാണ് യാത്ര എന്ന് പുറപ്പെടുന്നതിനു  തൊട്ടു മുമ്പേ നമ്മള്‍ അറിയൂ. എന്ന് തിരിച്ചെത്തുമെന്നോ എവിടെയൊക്കെ പോകുമെന്നോ ഒന്നും മുന്‍കൂട്ടി അറിയില്ല. അതുകൊണ്ട് നമ്മള്‍ തണുപ്പുകാലത്തും ചൂടുകാലത്തുമൊക്കെ ധരിക്കാനുള്ള വസ്ത്രങ്ങള്‍ പാക്ക് ചെയ്താണ് യാത്രയ്ക്കൊരുങ്ങുന്നത്. ഒരിക്കല്‍ സുല്‍ത്താന്റെ കുടുംബാംഗങ്ങങ്ങളോടൊപ്പം യാത്ര പോയി. ആസ്ട്രേലിയയില്‍ തുടങ്ങി, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി ഒക്കെ ചുറ്റി മാലിദ്വീപ് വഴി തിരികെ ഖത്തറിലെത്തിയത് 35-ാം ദിവസം! അതായിരുന്നു അവരുടെ യാത്രകളുടെ രീതി...'

ഏഴുവര്‍ഷം റോയല്‍ ഫ്ളൈറ്റില്‍ ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ താരയ്ക്ക് ഗൃഹാതുരത്വം കലശലായി. 14 വര്‍ഷത്തെ വിദേശ വാസവും ആകാശയാത്രകളും അവസാനിപ്പിക്കാന്‍ സമയമായി എന്ന തോന്നല്‍ ശക്തമായി. 'ആരോഗ്യപരമായ കോംപ്ലിക്കേഷനുകളൊക്കെ വരുന്നതിനു മുമ്പെ വിശ്രമജീവിതം തുടങ്ങാമെന്നു ഞാന്‍ കരുതി' -പൊട്ടിച്ചിരിച്ചുകൊണ്ട് താര വിശദമാക്കുന്നു. 'പിന്നെ എപ്പോഴുമുള്ള വിമാനയാത്ര ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. അമേരിക്കയിലേക്ക് പോകുമ്പോള്‍ ഉത്തരധ്രൂവം കടക്കുമ്പോള്‍ നിരന്തരമായി ശരീരത്തില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നുണ്ട്. തന്നെയുമല്ല, ജീവിതത്തില്‍ എന്‍ജോയ് ചെയ്യാനുള്ളതൊക്കെ എന്‍ജോയ് ചെയ്തു. എന്നാല്‍ പിന്നെ നാട്ടിലെത്തി വിശ്രമിക്കാമെന്നു കരുതി'...

വിശ്രമമെന്ന് പറഞ്ഞെങ്കിലും വിശ്രമിക്കുന്നില്ല, ഈ ആകാശതാരകം. പുലര്‍ച്ചെ മുതല്‍ യോഗം പഠനം, കളരിപ്പയറ്റ്, വെയ്റ്റ്ലിഫ്റ്റിങ്, ധ്യാനം എന്നിവ അഭ്യസിക്കുന്നു. ഇനി ലൈസന്‍സ് എടുത്ത ശേഷം യോഗ പഠിപ്പിക്കാനും പരിപാടിയുണ്ട്.

സ്വാതന്ത്ര്യമാണ് ജീവിതം. 

 ഞാന്‍ വിവാഹം വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഇന്ത്യ മുഴുവന്‍ വാഹനമോടിച്ച് യാത്ര ചെയ്യണം. കുറേ ദിവസങ്ങള്‍ തിരുവണ്ണാമലയില്‍ രമണമഹര്‍ഷിയുടെ ആശ്രമത്തിലായിരുന്നു. പിന്നെ, കോയമ്പത്തൂര്‍ 'ഇഷ'യില്‍. ഇനി വരണാസിയിലേക്ക്'- ഇപ്പോള്‍ അമ്മയ്ക്കും ( 'ശരദിന്ദുമലര്‍ ദീപനാളം നീട്ടി' എന്ന ഗാനത്തോടെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത സല്‍മാ ജോര്‍ജ്ജ്) സഹോദരന്‍ വരുണിനും കുടുംബത്തിനുമൊപ്പം കൊച്ചിയിലാണ് താരയുടെ ജീവിതം.

ചോദിക്കാതിരിക്കാനായില്ല. നമ്മുടെ പ്രിയപ്പെട്ട സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിനെക്കുറിച്ച്, വാര്‍ദ്ധക്യത്തില്‍ അദ്ദേഹത്തെ വൃദ്ധസദനത്തില്‍ തള്ളി എന്ന് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആരോപണങ്ങളെക്കുറിച്ച്... 

വ്യക്തതയും കൃത്യതയുമുണ്ടായിരുന്നു, താരയുടെ മറുപടിക്ക്. 'മലയാളികള്‍ക്ക് ഏജ്ഡ് കെയര്‍ സെന്റര്‍ എന്ന പേരിന് ഒരു തര്‍ജിമയെയുള്ളു - വൃദ്ധസദനം. എന്നാല്‍ വിദേശത്ത് ഏജ്ഡ് ഹോം എന്നു പറഞ്ഞാല്‍ പ്രായമായവരെ പരിചരിക്കുന്ന കേന്ദ്രമാണ്. എന്റെ ഡാഡി കാക്കനാട്ട് താമസിക്കുന്നത് ഒരു ലക്ഷ്വറി ഏജ്ഡ് കെയര്‍ സെന്ററിലാണ്. അസുഖം വന്നപ്പോള്‍ ഡാഡിയാണ് പറഞ്ഞത്, കൂടുതല്‍ കെയര്‍ കിട്ടാനായി അങ്ങനെയൊരു സെന്ററില്‍ ആക്കണം എന്ന്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഹെല്‍ത്ത്കെയര്‍- എല്ലാത്തിനും അവിടെ ആളുകളുണ്ട്. ഇതൊന്നും ഒരു പരിധിയിലധികം നമുക്ക് വീട്ടില്‍ ചെയ്യാനാവില്ലല്ലോ. ഡാഡിക്ക് അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. വളരെ ഹാപ്പിയാണ് അവിടെ അദ്ദേഹം. വീട്ടില്‍ നിന്ന് 10 മിനുട്ട് ദൂരമേയുള്ളു ആ സെന്ററിലേക്ക്. ഞങ്ങള്‍ എപ്പോഴും പോയി കാണാറുണ്ട് . ആഴ്ചയില്‍ രണ്ടുദിവസം ഡാഡിക്ക് ഇഷ്ടപ്പെട്ട ആഹാരം പോലും വീട്ടില്‍ നിന്ന് കൊണ്ടുപോയി കൊടുക്കാറുണ്ട്. പിന്നെ, നെഗറ്റീവ് ന്യൂസ് വിറ്റു ജീവിക്കുന്നവര്‍ക്ക് എന്തും എഴുതാമല്ലോ....'

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: K.G George daughter Tara George open up about her career and dreams