നിങ്ങള്‍ക്ക് കുതിരയെ പോലെ കുതിക്കണോ, കഴുതയെ പോലെ കിതക്കണോ? ഉദാഹരണം സുജാത എന്ന ചിത്രത്തിലെ കണക്കുമാഷിന്റെ സ്ഥിരം ഡയലോഗാണ് ഇത്. കണക്കുമാഷിന്റെ റോള്‍ ഗംഭീരമാക്കിയ ജോജുവിന്റെ അവസ്ഥയെന്താ?  ജോജു മലയാള സിനിമയില്‍ കുതിരയെ പോലെ കുതിക്കുകയാണ്. ജോജു ഹാപ്പിയാണ്. കൊടുവില്ലനും, രസകരമായ  കൊച്ചുകൊച്ചു മാനറിസങ്ങളും പരീക്ഷിച്ച ശേഷം കൈയടക്കമുള്ള ക്യാരക്ടര്‍ റോളുകളിലും ജോജുവിനെ കണ്ടുതുടങ്ങി. 

ചാര്‍ളി, ഉദാഹരണം സുജാത - താങ്കള്‍ നിര്‍മിച്ച സിനിമകളിലെല്ലാം സ്ത്രീകള്‍ കസറുന്നു. 

സ്ത്രീകളില്ലാതെ നമുക്കൊന്നും മുന്നോട്ട് പോകാന്‍ പറ്റില്ലെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ സംഗതി. ശരിക്കും ഇത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. 

സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ കൂടുതല്‍ വരണമെന്നാണോ? 

അങ്ങനെയല്ല, പിന്നെ നമ്മള്‍ക്ക് പണിയില്ലാതാവൂലേ. എല്ലാതരം സിനിമകലും വരട്ടെ, ആരെങ്കിലുമൊക്കെ വേണ്ടെ പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍. 

സ്ത്രീകളുടെ പേരിലുള്ള സിനിമകള്‍ക്കുള്ള വിലക്കുകളെ കുറിച്ച് പത്മാവതി, സെക്‌സി ദുര്‍ഗ പോലെ..

ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നൊന്നുണ്ടല്ലോ. സിനിമ കണ്ട് ആരും നശിച്ച് പോകുന്നതായി ഒരു ഹിസ്റ്ററിയും ഇല്ല. പിന്നെ എന്റെ പൊട്ടത്തരത്തിന് എന്തെങ്കിലും പറഞ്ഞിട്ട് ഇത് ഞാനല്ല, എന്റെ കുതിര ഇങ്ങനെയല്ല എന്ന് പറഞ്ഞ് നടക്കേണ്ടി വരും. 

രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയിലെ ഭര്‍ത്താവിനെ പോലാണോ ജോജുവും

അല്ല, പക്ഷേ ഞാന്‍ ദേഷ്യപ്പെടുന്നത് അതുപോലെയാണെന്നാണ് അവരൊക്കെ പറയാറ്. ഭാര്യക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടു. ആ സിനിമ കണ്ടിട്ട് ഒറ്റയടി തരാന്‍ തോന്നിയെന്ന് എന്നോട് പലരും പറഞ്ഞു. അതില്‍ കള്ള് കുടിച്ചിട്ടുള്ള സീനുകള്‍, ഞാന്‍ കള്ള് കുടിച്ചാല്‍ എങ്ങനെയാണ് എന്ന് ഒബ്‌സെര്‍വ് ചെയ്തിട്ടാണ് അഭിനയിച്ചത്. 

ചാന്‍സ് ചോദിച്ച് നടക്കുന്നതിനിടയില്‍ ആയിരുന്നല്ലോ വിവാഹം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയില്ലേ ?

അതെ, 2008 ലായിരുന്നു വിവാഹം. ഞാനും അബ്ബയും സുഹൃത്തുക്കള്‍ ആയിരുന്നു. അന്ന് ആകെ 1000 രൂപയെ കയ്യില്‍ ഉള്ളൂ. സാമാന്യ ബുദ്ധിയുള്ള ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നുമല്ല ഞാന്‍ ചെയ്തത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഔട്ട് ഓഫ് ദി ബോക്‌സ് ആയിരുന്നു. മൊത്തതില്‍ ഒരു ഞാണിന്മേല്‍ കളി. പക്ഷേ എന്റെ ലൈഫില്‍ ഒരു ചിട്ട വന്നത് എന്നെ മോള്‍ഡ് ചെയ്തത് ഒക്കെ അവളാണ്. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്ന്.