ബോളിവുഡില്‍ നിന്ന് ഇതിനുമുന്‍പും ഓഫറുകള്‍ വന്നിരുന്നു. പക്ഷേ, അഭിനയിക്കണമെന്ന് തോന്നിയ ചിത്രങ്ങള്‍ ആ ഗണത്തില്‍ കുറവായിരുന്നു. സയ്ഫ് അലിഖാന്‍ നായകനായ പുതിയ ചിത്രത്തിലേക്കാണ് ഇപ്പോള്‍ അവസരം വന്നിരിക്കുന്നത്. എന്റെ കാത്തിരിപ്പും പ്രാര്‍ഥനയും സഫലമായെന്നു തോന്നുന്നു. 

എങ്ങനെയായിരുന്നു ആ എന്‍ട്രി... ആരെങ്കിലും ഇടനിലക്കാര്‍...റെക്കമന്‍ഡേഷന്‍.

ഹേയ് ആ രീതിയിലൊന്നുമല്ല ആ എന്‍ട്രി. അവര്‍ ആ ചിത്രത്തിലേക്ക് ഓഡിഷന്‍ നടത്തി, ഞാനും അപേക്ഷിച്ചു. നമ്മുടെ കഴിവ് അളക്കാന്‍ പല പരീക്ഷണങ്ങളും നടത്തി. അതില്‍ ഞാന്‍ വിജയിച്ചു. അതോടെയാണ് ആ ചിത്രത്തിന്റെ ഭാഗമാകുന്നത്. അല്ലാതെ ബോളിവുഡിലേക്ക് ഞാന്‍ കുറുക്കുവഴികള്‍ തേടിയിട്ടില്ല. ചിത്രത്തിന്റെ 10 ദിവസത്തെ ചിത്രീകരണം കഴിഞ്ഞു.

Star And style

പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ ഇഷയുമായുളള ഇന്റര്‍വ്യൂ പൂര്‍ണമായി വായിക്കാം. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബോളിവുഡില്‍ കയറി..ഇനി സൗത്ത് ഇന്ത്യന്‍ സിനിമയോട് ബൈ ബൈ പറയുമോ? 

ഒരിക്കലുമില്ല. എന്നെ സിനിമാതാരമാക്കിയ ഭാഷയാണ് മലയാളം. ബോളിവുഡില്‍ എത്ര തിരക്കായാലും എനിക്ക് വ്യത്യസ്തമായ കഥാപാത്രം  സമ്മാനിച്ച മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങേളാട് ഞാന്‍ വിടപറയില്ല. അവിടെ നല്ല അവസരം വന്നേപ്പാള്‍ ഒന്നു പരീക്ഷിക്കാം എന്നുവിചാരിച്ചു. അത്രമാത്രം.

സൂപ്പര്‍ഹിറ്റായ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നായികാതാരമാണ് ഇഷ. ഒരു നടിയെന്ന നിലയില്‍ മലയാളസിനിമയിലെ അവസരങ്ങള്‍ സംതൃപ്തയാണോ?

തട്ടത്തിന്‍ മറയത്തിനുശേഷം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടിയിരുന്നു. എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ പലതും ആ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നില്ല എന്ന സങ്കടമുണ്ട്. ഞാന്‍ ഇവിടെയെത്തിയിട്ട് 5 വര്‍ഷമായി. എണ്ണത്തില്‍ കുറഞ്ഞ ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അഭിനയിച്ച ചിത്രങ്ങള്‍ കഥാപാത്രത്തിന്റെ കരുത്തുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്നും നിലനില്‍ക്കുന്നത്. ഇവിടെ ശ്രദ്ധേയമായ പല ചിത്രങ്ങളുടേയും ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. അതുതന്നെ ധാരാളം.

അതിനിടയില്‍ രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചില്ലേ? 

അതേ, പുതുമ തേടിയുള്ള യാത്രയുടെ ഭാഗമാണത്. ബദ്രി സംവിധാനം ചെയ്ത തില്ലുമുല്ലു ആയിരുന്നു ആദ്യ തമിഴ് ചിത്രം. ഭാഷ പഠിച്ചെടുക്കാന്‍ ആദ്യം കുറച്ച് പാടുപെട്ടു. അതിനുശേഷമാണ് തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പായ 'മീണ്ടും ഒരു കാതല്‍ കഥൈ' എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തട്ടത്തിന്‍ മറയത്തിന്റെ തനിപ്പകര്‍പ്പായതിനാല്‍ അതെനിക്ക് ഏറെ എളുപ്പമായി. 

ഇതിനകം മലയാളം, തമിഴ്,തെലുങ്ക് ചിത്രങ്ങള്‍ ഇഷ അഭിനയിച്ചു. ആ ഗണത്തില്‍ ഏറെ കംഫര്‍ട്ട് ഏത് ഭാഷയിെല അഭിനയത്തിനാണ്?

ഫസ്റ്റ് ഈസ് ദ ബെസ്റ്റ് എന്ന് പറഞ്ഞതുപോലെ മലയാളമാണ് എനിക്കേറെ ഇഷ്ടപ്പെട്ട ഫിലിം ഇന്‍ഡസ്ട്രി. ഞാന്‍ കൂടുതല്‍ അഭിനയിച്ചതും ഇവിടെയാണ്. ഇവിടുെത്ത കംഫര്‍ട്ടും സ്‌നേഹവും പരിഗണനയും മറ്റെവിടെ നിന്നും എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ ഇവിടെ അഭിനയിക്കുകയായിരുന്നില്ല, ആസ്വദിക്കുകയായിരുന്നു. 

ഇഷയുടെ'ലക്കി കോസ്റ്റാറാണ് നിവിന്‍ പോളി. നിങ്ങള്‍ ഒന്നിച്ച തട്ടത്തിന്‍മറയത്തും, ബാംഗ്ലൂര്‍ ഡെയ്‌സും സൂപ്പര്‍ ഹിറ്റാണ്. നിങ്ങളുടെ സൗഹൃദത്തെ കുറിച്ച്? 

ഭാഗ്യ താരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. നിവിന്റെ വളര്‍ച്ച നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്. ഒരു നടനില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള മോഹിപ്പിക്കുന്ന വളര്‍ച്ചയാണത്. കഠിനാധ്വാനം ചെയ്താല്‍ വളര്‍ച്ച നമുക്ക് പുറകില്‍ തന്നെയുണ്ടെന്ന് നിവിന്‍ നമ്മളെ പഠിപ്പിച്ചു. ഇന്ന് നിവിന്‍ സുരക്ഷിതനാണ്. അവന്റെ അനായാസമായ അഭിനയം നോക്കി നിന്നുപോകും. അന്നും ഇന്നും അത് ഞാന്‍ ആസ്വദിക്കാറുണ്ട്.