'ആസിഡ്' ഉള്‍പ്പെടെയുള്ള രചനകളിലൂടെ മലയാളികള്‍ക്ക് പ്രിയംകരിയായ എഴുത്തുകാരിയാണ് സാറാജോസഫിന്റെ മകള്‍ സംഗീത ശ്രീനിവാസന്. നോവലും ബാലസാഹിത്യകൃതികളും ഇംഗ്ലീഷില്‍ ചെറുകഥകളും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്ന ബുധിനി എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിക്കൊണ്ടിരിക്കുകയാണ് സംഗീത. ഏഴ് അധ്യായങ്ങള്‍ പൂര്‍ത്തിയായി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കെത്തിയ സാറാജോസഫും സംഗീതയും സംസാരിക്കുന്നു...
അനീതികള്‍ക്കും അക്രമങ്ങള്‍ക്കും നേരേ എഴുത്തുകാര്‍ മൗനികളായിട്ടുണ്ടോ?
സാറാ ജോസഫ്: പ്രതികരിച്ചാല്‍ പലതും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി 'സെയ്ഫ്സോണില്' നില്‍ക്കുന്നവരാണ് ഇപ്പോഴത്തെ എഴുത്തുകാര്‍. നവോത്ഥാനകാലഘട്ടത്തില്‍ സമൂഹനവീകരണത്തിന് എഴുത്തുകാര്‍ ശബ്ദിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ആ ശബ്ദം കുറഞ്ഞുവന്നു.
ഫാസിസം, വയലന്‍സ് ഒക്കെ ആരുടെ ഭാഗത്തുനിന്നായാലും ഒരുപോലെയാണ്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റികോളേജിലെ അക്രമം ഫാസിസമല്ലേ? ഇടതുപക്ഷമാണ് യഥാര്ഥപക്ഷം എന്ന് കരുതിയവരാണ് ഞങ്ങളൊക്കെ. എന്നാല്‍ വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനങ്ങള്‍ തന്നെ വഞ്ചിക്കുന്നത് സങ്കടകരമാണ്.
തന്റെ സൃഷ്ടിയെ സമൂഹം എങ്ങനെ വിലയിരുത്തും എന്ന ശങ്ക മുമ്പൊക്കെ എഴുത്തുകാര്‍ക്കുണ്ടായിരുന്നു. മഹത്വത്തിന്റെ ലക്ഷണമാണത്. എന്നാല്‍ വിറ്റുപോകേണ്ട ചരക്കാണ് തന്റെ സൃഷ്ടി എന്ന ധാരണയോടെയാണ് ഇന്നത്തെ എഴുത്തുകാരില്‍പ്പലരും പെരുമാറുന്നത്. ട്രെന്‍ഡുകളും സാധ്യതകളും നോക്കിയാണ് എഴുത്ത്.
സംഗീത: എന്നോട് ചിലര്‍ ചോദിക്കാറുണ്ട്. സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ എന്തുകൊണ്ട് നിങ്ങള്‍ ഇടപെടുന്നില്ല, നിങ്ങളുടെ അമ്മ ഇടപെടുന്നുണ്ടല്ലോ എന്ന്. രാഷ്ട്രീയമില്ലാത്തതുകൊണ്ടല്ല സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാത്തത്. എന്റെ ഉള്ളില്‍ ഒരു 'സോഷ്യല്‍ ആക്ടിവിസ്റ്റ്' ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ ഇടപെടേണ്ട തുള്ളൂ. എന്തുകൊണ്ട് ഞാനും ഇടപെടുന്നില്ല എന്ന് ചോദിക്കുന്നത് ഫാസിറ്റ് രീതിയാണ്. അമ്മ സമരം ചെയ്യുന്നതുകൊണ്ട് ഞാനും അങ്ങനെ ചെയ്യണമെന്നില്ല.
പ്രണയം,ബന്ധങ്ങള്‍...അന്നും ഇന്നും
സാറാജോസഫ്: മൂല്യങ്ങള്‍ മാറി, അത് സാഹിത്യത്തിലും പ്രതിഫലിക്കും. പ്രണയം, വിവാഹം, ആണ്പെണ്ബന്ധങ്ങള് തുടങ്ങിയവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ വലിയമാറ്റം വന്നു. സംഗീതയുടെ ആസിഡ് വായിക്കുമ്പോള്‍ ആ മാറ്റമറിയാം. ഞങ്ങളുടെ കാലത്ത് പ്രണയത്തകര്‍ച്ച ഉണ്ടാക്കിയത് വലിയ ആഘാതമാണ്. ഇന്നത്തെ 'ബ്രെയ്ക്കപ്പുകള്' അത്ര ആഴത്തിലുള്ള തകര്‍ച്ച ഉണ്ടാക്കുന്നില്ല.
സമൂഹമാധ്യമങ്ങളുടെ കാലത്തെ വായന
സംഗീത: എങ്ങനെ ട്രോളുണ്ടാക്കാം എന്നാണ് നമ്മുടെ കുട്ടികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ട്രോളുകളുടെ നിലവാരം സമൂഹത്തിന്റെ ആസ്വാദനത്തെയും ബാധിക്കും. താഴ്ന്ന നിലവാരത്തിലുള്ള തമാശകളാണ് അവര്ക്കുവലുത്. ഞങ്ങളുടെ ബാല്യത്തില്‍ നല്ല റഷ്യന്‍കഥകള്‍ വായിക്കാന്‍ കിട്ടിയിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലത്ത് നല്ലൊരു വായനാസംസ്കാരം ഉണ്ടാവുന്നത് വിഷമമാണ്. സിനിമയിലെ സന്ദര്‍ഭങ്ങളെ ഉപജീവിച്ചുള്ള കഥകളാണ് ബാലപ്രസിദ്ധീകരണങ്ങളില്‍ വരുന്നത്. തരംതാണ തമാശകളാണ് അവയില്‍ ഏറെയും.
സാറാജോസഫ്: അതെ, സമൂഹത്തിന്റെ സാംസ്കാരികൗന്നത്യം അതില്‍ പ്രതിഫലിക്കുന്നില്ല.
അടുക്കള തിരിച്ചുപിടിക്കല്‍ ഇനി സാധ്യമോ?
സാറാ ജോസഫ്: ആഗോളവത്കരണം അടുക്കളയിലൂടെ നമ്മുടെ ജീവിതത്തെ വിഴുങ്ങാന്‍ വരുന്നതിനെതിരേയുള്ള താക്കീതായിരുന്നു അടുക്കള തിരിച്ചുപിടിക്കുക എന്ന എന്റെ ലേഖനം. ഇപ്പോള്‍ വിഴുങ്ങല്‍ പൂര്‍ത്തിയായി.
സംഗീത: എങ്കിലും ആ ആശയത്തിന് പ്രസക്തിയേറിയിട്ടുണ്ട്. ഐ.ടി.മേഖലയില്‍നിന്ന് ധാരാളംപേര്‍ കൃഷിയിലേക്ക് തിരിച്ചുവരുന്നില്ലേ? എന്നാല്‍ അത് സാധ്യമാവാത്ത വിധം സാഹചര്യങ്ങള്‍ മാറി. നമുക്ക് വീട്ടിലിരുന്നാല്‍ മതിയെങ്കില്‍ കഞ്ഞിയും പുഴുക്കും കഴിച്ചിരിക്കാം. നഗരങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ എന്തുചെയ്യും? അവര്‍ക്ക് ജങ്ക്ഫുഡല്ലാതെ മറ്റൊരു സാധ്യതയില്ല. ഞാന്‍ മകളോട് ആദ്യം പറഞ്ഞു കൊക്കക്കോള കഴിക്കരുതെന്ന് പിന്നെ ലെയ്സ് കഴിക്കരുതെന്നും. കൂടുതല്‍ പറയുംമുമ്പ് അവള് തിരിച്ചുപറഞ്ഞു, 'അമ്മേ, അമ്മയിനി ഒരു പ്രോമിസ് തരണം വേറെയൊന്നും കഴിക്കരുതെന്ന് പറയില്ലെന്ന്. എന്നാല്‍ ഈ വാക്ക് പാലിക്കാം'. അത്രമേല്‍ സാത്മ്യപ്പെട്ടിട്ടുണ്ട് പുതിയ ഭക്ഷണസംസ്കാരവുമായി അവര്‍.
ഗുണപാഠങ്ങള്‍ കേട്ടുമടുത്തു
സംഗീത: മലയാളത്തില്‍ സര്‍ഗാത്മകമായ ബാലസാഹിത്യം കുറവാണ്. എല്ലാം ഒരേ പാറ്റേണിലുള്ളവ. ഗുണപാഠകഥകളുടെ തലത്തില്‍ നില്ക്കുന്നവ. കുട്ടികള്‍ നല്ലതുമാത്രം ചെയ്യുന്നവരാണെന്നാണ് അവ വായിച്ചാല്‍ തോന്നുക. കുട്ടികളിലും വന്യമായ ക്രൂരതകളുണ്ട്. മുതിര്‍ന്നവരുടെ ഒരു ചെറുരൂപമാണ് അവര്‍. നന്മയും തിന്മയും ഉള്ളവര്‍. ആ വന്യത മൂടിവെയ്ക്കുന്നതെന്തിനാണ്?
സാറാ ജോസഫ്: അതെ, വി.കെ.എന്‍ 'മോണ്‍സ്റ്റേഴ്സ്' എന്നാണ് കുട്ടികളെ വിളിച്ചത്. കുട്ടികളിലൂടെ കടന്നുപോകാന്‍ കഴിയുന്ന കേമന്മാരായ എഴുത്തുകാര്‍ ഇന്നില്ല. മുമ്പ് ഉണ്ടായിരുന്നു-മാലി, സുമംഗല, പി.നരേന്ദ്രനാഥ്...
Content Highlights: sarah joseph and daughter sangeetha speaking