അവൾ കർത്താവിന്റെ തിരുമണവാട്ടി. സേവനത്തിന്റെ സഹനപാത സ്വയം തിരഞ്ഞെടുത്തവൾ. സമൂഹവേദികളിൽ  പ്രത്യക്ഷപ്പെടാൻ ഒട്ടും താത്‌പര്യമില്ലാത്ത സാധുവായ സന്ന്യാസിനി. കൊടിയ സംഘർഷത്തിന്റെ  നടുവിലാണവർ ഇന്ന്. ഈശ്വരോന്മുഖമാവേണ്ട ജീവിതം ഒരു  മെത്രാന്റെ ശാരീരിക പീഡനങ്ങൾ നരകതുല്യമാക്കിയഅവസ്ഥ. സഹായത്തിന്  ആരുമില്ലാത്ത സ്ഥിതി. കൂടെയുള്ള പലരും അവഗണിച്ച് ഒറ്റപ്പെടുത്തുന്നു. കരുണയില്ലാത്തഅനുതാപമില്ലാത്ത പെരുമാറ്റങ്ങൾ.  മെത്രാന്റെ പീഡനം പലതവണ സഹിച്ചും  ക്ഷമിച്ചും നിവൃത്തികെട്ട്  മേലധികാരികൾ മുതൽ മാർപാപ്പയ്ക്കുവരെ പരാതികൾ നൽകിയിട്ടും മറുപടിയുണ്ടായില്ല, നടപടിയും.തിരുവസ്ത്രമണിഞ്ഞ അവരുടെ പൊള്ളുന്ന അനുഭവങ്ങളിലൂടെ

ആറ് കന്യാസ്ത്രീകൾ. തായ്‌ലാൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെപ്പോലെ ഒറ്റപ്പെട്ട്, സഭാസമൂഹവുമായി യാതൊരുവിധ ബന്ധവുമില്ലാതെ, പൊതുജനങ്ങളുമായി അകലംപാലിച്ച്, പ്രാർഥനകളിൽ മാത്രം മുഴുകി കഴിയുന്നവർ. അവരെച്ചൊല്ലി പുറത്തുനടക്കുന്ന ഭൂകമ്പം പലതും അറിയുന്നേയില്ല. അറിയാനവർക്ക് താത്‌പര്യവുമില്ല....

നീതിനിഷേധത്തിലകപ്പെട്ടതിെന്റ മാനസികസമ്മർദം, ജീവനുനേരെയുള്ള ഭീഷണി... നിലനില്പിനായുള്ള പോരാട്ടം...
കോട്ടയം കുറവിലങ്ങാട്ടെ നാടുകുന്ന് മഠത്തിലെ ആറ് കന്യാസ്ത്രീകളുടെ ജീവിതം ഇതാണിപ്പോൾ. കുറവിലങ്ങാട് ടൗണിലൂടെ മഠത്തിലേക്ക് പോകുമ്പോൾ, മതിലിലെല്ലാം ഒട്ടിച്ചിരിക്കുന്ന നൂറുകണക്കിന് നോട്ടീസുകൾ. എല്ലാത്തിന്റെയും ഉള്ളടക്കം ഒന്നുതന്നെ.  ‘സത്യത്തിനും നീതിക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി വിശ്വാസിസമൂഹം പ്രാർഥിക്കുന്നു’.
 
ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡനത്തിനിരയാക്കിയെന്ന് പോലീസിന് മൊഴിനൽകിയ നാൽപ്പത്തിമൂന്നുകാരിയായ കന്യാസ്ത്രീ ഇപ്പോൾ ഇവിടെയാണ് പാർക്കുന്നത്. സിസ്റ്റർ ആരെയും കാണാനും സംസാരിക്കാനുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എങ്കിലും ചില കാര്യങ്ങൾ വ്യക്തമായി നേരിൽ കേൾക്കാനായി.
 
കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കഥകൾ ഓരോരുത്തരും തോന്നിയതുപോലെ വ്യാഖ്യാനിച്ച് രസിച്ചു. ജനപ്രതിനിധികളിൽ ചിലർ അറയ്ക്കുന്ന കമന്റുകൾ വിളിച്ചുകൂവി. പക്ഷേ, സത്യമെന്താണ്?നീതി തേടി അവർ രണ്ടു വർഷമായി കത്തോലിക്കാ സഭയുടെ ഒട്ടേറെ കേന്ദ്രങ്ങളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അടക്കിപ്പിടിച്ച മാനസികസമ്മർദങ്ങൾ ആരോഗ്യത്തെപ്പോലും വേട്ടയാടിത്തുടങ്ങിയപ്പോഴും പാവം കന്യാസ്ത്രീ സഭയ്ക്കെതിരേ വാതുറന്നില്ല. 
 • അതെന്തുകൊണ്ടായിരുന്നു
‘‘കരഞ്ഞു, രാപകൽ ഒറ്റയ്ക്ക് കരഞ്ഞു. ഉറങ്ങാൻപോലും കഴിയാത്തവിധം മനസ്സ് തകർന്നു. സഭയ്ക്ക് പുറത്താരോടെങ്കിലും ഞാനനുഭവിച്ച പീഡനങ്ങൾ പറയുന്നതെങ്ങനെ. സഭയിലെ നീതി നടപ്പാക്കേണ്ടവരോടെല്ലാം തുറന്നുപറയുകയും പരാതി നൽകുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, മൗനം പാലിക്കുകയും ചെയ്തു. അങ്ങനെയാണ് നാലു വർഷം നീണ്ടുപോയത്.’’ 
 • തന്റെയും സഭാപിതാക്കന്മാരുടെയും സഭയുടെയും മാനം പൊതുസമൂഹത്തിൽ നശിപ്പിക്കരുതെന്ന ചിന്തയിൽ പലതും പൊതിഞ്ഞുെവച്ചു. ഓരോ തവണയും ബലാൽക്കാരം ചെയ്ത്‌ മെത്രാൻ മടങ്ങുമ്പോഴും നെഞ്ചുതകർന്ന് കർത്താവിന്റെ മണവാട്ടി കരഞ്ഞു. ഇനിയും മൗനം പാലിച്ചാൽ തന്റെ ജന്മം മുഴുവൻ ബിഷപ്പ്‌ വേട്ടയാടിക്കൊണ്ടിരിക്കും എന്നുറപ്പായതോടെ പുരോഹിതനായ പിതൃസഹോദരപുത്രനോടും കന്യാസ്ത്രീയായ അനുജത്തിയോടും കാര്യങ്ങൾ സൂചിപ്പിച്ചു.
‘‘മനസ്സും ശരീരവും കർത്താവിനു മാത്രം കാണിക്കയർപ്പിച്ച, ഈശോയുടെ മണവാട്ടിയാണ് ഞാൻ. ആ പരിശുദ്ധിയുടെ മേലാണ് ബിഷപ്പ് ഫ്രാങ്കോ ചെളി വാരിയെറിഞ്ഞത്. സർവശക്തനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. നീതി അവിടെനിന്ന് നടപ്പാക്കട്ടെ.’’
 
15-ാം വയസ്സിൽ തിരുസഭയുടെ സന്ന്യാസിനിയാകാനുള്ള ആഗ്രഹവുമായി വീടുവിട്ടതാണീ സാധു. കോടനാട്ടെ പരമ്പരാഗത ക്രിസ്ത്യൻ തറവാട്ടിലെ അഞ്ച് മക്കളിൽ രണ്ടാമത്തവൾ. നാലു പെൺകുട്ടികളും ഒരു മകനും. അതിൽ രണ്ടു പെൺകുഞ്ഞുങ്ങളെയും ഈ വീട്ടുകാർ കന്യാസ്ത്രീകളാകാൻ അയച്ചു. അമ്മയുടെ മരണം സിസ്റ്ററുടെ 15-ാം വയസ്സിലായിരുന്നു. കാൻസർ രോഗത്തോട് നാളുകളായി പടപൊരുതി  രോഗക്കിടക്കയിലായ അമ്മയ്ക്കു വേണ്ടി പ്രാർഥനയിൽ നാളുകളോളം. മരണമേല്പിച്ച ആഘാതം പ്രാർഥനയാൽ അതിജീവിച്ചു. അങ്ങനെയാണ് 
 
15-ാം വയസ്സിൽ സന്ന്യാസജീവിതത്തെപ്പറ്റി ചിന്തിച്ചത്. പട്ടാളക്കാരനായ പിതാവിന്റെ അനുമതി വാങ്ങി, പിതൃസഹോദരപുത്രൻ വികാരിയായി സേവനമനുഷ്ഠിക്കുന്ന പഞ്ചാബിലേക്ക് പുറപ്പെട്ടു. കുട്ടികളെ പഠിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ’94-ൽ മിഷനറീസ് ഓഫ് ജീസസ് സഭ തുടങ്ങിയപ്പോൾ അതിൽ അംഗമായി ചേർന്നു. ’99-ലാണ് തിരുവസ്ത്രം ധരിച്ചത്. വ്രതവാഗ്ദാനം ചെയ്ത് സഹനത്തിനായുള്ള സമർപ്പണം. 2004-ൽ നിത്യവ്രതം സ്വീകരിച്ചു. ആ വർഷംതന്നെ ജനറാളായി സിസ്റ്ററെ സ്ഥാപക ബിഷപ്പ് സിംഫോറിയൻ കീപ്രത്ത് നിയമിക്കുകയായിരുന്നു.
‘‘സാധാരണയായി ജനറാളെ തിരഞ്ഞെടുക്കുക വോട്ടിനിട്ടാണ്. രണ്ടാം ബാച്ചുകാരിയായിരുന്നിട്ടും സിസ്റ്ററെ ജനറാളായി നിയമിച്ചതിനു കാരണം സഹപ്രവർത്തകരോടുള്ള പെരുമാറ്റവും ഇടപെടലും കഴിവും നോക്കി
യായിരുന്നു.’’ -ഒപ്പമുള്ള സിസ്റ്റർ അനുപമ പറഞ്ഞു.
 
അതിൽ അസൂയാലുക്കളായ അംഗങ്ങളുമുണ്ടായിരുന്നു. ആ പദവി പ്രതീക്ഷിക്കുന്നവരായിരുന്നു പലരും. മൂന്നു വർഷം ടേം കഴിഞ്ഞപ്പോൾ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ഒമ്പത് വർഷം മദർ ജനറാളായി തുടർന്നു. 2013-ൽ സിസ്റ്ററെ കുറവിലങ്ങാട്ടേക്ക് സുപ്പീരിയറായി നിയമിച്ചു. ‘മിഷനറീസ് ഓഫ് ജീസസ്’ തുടങ്ങിയത് 1993-ലാണ്. ആകെ 81 പേർ മാത്രമാണ് ഈ കോൺഗ്രിഗേഷനിൽ അംഗങ്ങൾ. ഇപ്പോഴത്തെ പുതിയ ജനറാൾ  ചുമതലയേറ്റശേഷം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബത്തിലേക്ക് മടങ്ങിയത് 18 പേർ. ഇവരിൽ ചിലർ വിവാഹിതരായി.
 
കേരളത്തിൽ മൂന്നു കോൺവെന്റുകൾ ഇതിനു കീഴിലുണ്ട്. കുറവിലങ്ങാട് മഠത്തിന്റെ സുപ്പീരിയറും കേരള ഇൻചാർജും പീഡനത്തിനിരയായ സിസ്റ്ററായിരുന്നു. എന്നാൽ, 2017 ഫെബ്രുവരിയിൽ സിസ്റ്ററെ എല്ലാ പദവികളിൽനിന്നും മാറ്റി സാദാ കന്യാസ്ത്രീയാക്കി തരംതാഴ്ത്തി. മദറായിരുന്ന വ്യക്തി അതേ മഠത്തിൽ സാധാരണ പദവിയിലേക്ക്. 
 • ബിഷപ്പ് ഫ്രാങ്കോയും സിസ്റ്ററും തമ്മിൽ ജലന്ധറിൽ െവച്ച് മുൻപരിചയമുണ്ടായിരുന്നെന്ന് കേട്ടല്ലോ
‘അത് ശരിയല്ല. 2013-ലാണ് ഇപ്പോഴത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലയേൽക്കുന്നത്. അതിനുമുമ്പ് ഡൽഹിയിൽ ഒാക്സിലറി ബിഷപ്പായിരുന്നു. 2013-ൽ ഒമ്പത്‌വർഷത്തെ സേവനം കഴിഞ്ഞ് സിസ്റ്റർ കുറവിലങ്ങാട്ട് മഠത്തിലേക്ക് മടങ്ങിയിരുന്നു. ഇവർ തമ്മിൽ ജലന്ധറിൽ െവച്ച് ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. വൃദ്ധസദനം, ലേഡീസ് ഹോസ്റ്റൽ എന്നിവയും കുറവിലങ്ങാട്ടെ മഠത്തിനോടനുബന്ധിച്ചുണ്ട്. അടുക്കളയുടെ പുനർനിർമാണം തുടങ്ങിയശേഷം  പുതിയ ജനറാൾ നിർത്തിെവപ്പിച്ചു. ഈ വിവരങ്ങളെല്ലാം അറിഞ്ഞിട്ടാണ് ഫ്രാങ്കോ ബിഷപ്പ് ആദ്യം എത്തുന്നത്. ആദ്യ രണ്ടു സന്ദർശനത്തിലും മാന്യതയോടെ ബിഷപ്പ് വന്നുപോയി.
 
ഗസ്റ്റ്‌റൂം മഠത്തിനുള്ളിൽതന്നെയാണ്. ബിഷപ്പുമാർക്ക് അവിടെ താമസിക്കാനുള്ള അനുമതിയും ഉണ്ട്. മാന്യതയോടെ വന്ന് താമസിച്ചു മടങ്ങുന്ന ബിഷപ്പുമാരുമുണ്ട്. മഠത്തിന്റെ ഒരു ഭാഗത്തുതന്നെയാണ് ലേഡീസ് ഹോസ്റ്റൽ. താഴത്തെ നിലയിൽ വൃദ്ധസദനം.’
 • 13 തവണ പീഡനം നേരിട്ടിട്ടും സിസ്റ്റർ എന്തിനത് മറച്ചുവച്ചു
മറുപടി പറഞ്ഞത്‌  പീഡനമേറ്റ കന്യാസ്ത്രീയുടെ സഹോദരിയായ സിസ്റ്ററാണ്‌. 
''എന്റെ സഹോദരി അത് പുറത്തുപറയുമെന്ന് ബിഷപ്പിനു സംശയം തോന്നിയിരുന്നെങ്കിൽ മറ്റൊരു അഭയ ഉണ്ടായേനെ. കൊന്നുകളയുമായിരുന്നു. പുറത്തുപറഞ്ഞാൽ വച്ചേക്കില്ലെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ചേച്ചിക്ക് വലിയ ധൈര്യമില്ലാത്ത കൂട്ടത്തിലാണ്. ഭീഷണിയെ അതിജീവിക്കാനുള്ള ധൈര്യമില്ലായിരുന്നു.’’
 • മദർ ജനറാളിനോട് പറയാമായിരുന്നല്ലോ. 
സ്ത്രീയും സഹപ്രവർത്തകയുമെന്ന നിലയിൽ 13 തവണ പീഡനം നടന്നതറിഞ്ഞിട്ട് വിളിച്ചുചോദിക്കുകപോലും ചെയ്തില്ല. പിന്നല്ലേ ഒന്നോ രണ്ടോ തവണ പീഡനം കഴിഞ്ഞ് പറഞ്ഞാൽ നടപടി സ്വീകരിക്കുക. ഒക്കെ സിസ്റ്ററുടെ തോന്നലായിരിക്കും എന്നാവും മറുപടി. 2017 ജൂലായിൽ അവർ ഇവിടെ വന്നു. ഇതിനുമുമ്പുതന്നെ ഫോണിൽ പീഡനവിവരം പറഞ്ഞറിഞ്ഞതാണ്. കത്തും അയച്ചിരുന്നു. ‘ബിഷപ്പ് ഫ്രാങ്കോ ഇങ്ങോട്ട് വരരുതെന്ന് എന്തുകൊണ്ടാണ് പറഞ്ഞതെന്ന് ജനറാളിനോട് പറഞ്ഞതല്ലേ, എല്ലാം തുറന്നു ഞാൻ അറിയിച്ചതല്ലേ...’ എന്ന് ആ കത്തിൽ സിസ്റ്റർ എഴുതിയിരുന്നു. അതിനൊന്നും അവർ മറുപടി തന്നുമില്ല. മദർ ജനറാളിനെ പീഡനവിവരം അറിയിച്ചില്ല എന്നാണിപ്പോൾ പറയുന്നത്. സഹോദരി നേരിട്ടുപോയി മദർ ജനറാളിനെ വിവരം അറിയിച്ചിരുന്നു. ‘‘ഞാനെങ്ങനെയാണ് ബിഷപ്പിനെതിരേ നീങ്ങുക’’ എന്നാണ്  മറുപടി നൽകിയത്.
 
സഹനമാണ് കന്യാസ്ത്രീകളുടെ ജീവിതം. എന്തും ഈശോയ്ക്കായി സഹിക്കും. അവർ ഈശോയുടെ മണവാട്ടിമാരാകാൻ സ്വയം വ്രതമനുഷ്ഠിച്ചവരാണല്ലോ. ഈശോയുടെ മണവാട്ടിയെ ഈശോയുടെ 12 ശിഷ്യന്മാരുടെ പിൻഗാമിയെന്ന് സഭ വിശ്വസിക്കുന്ന മെത്രാന് ലൈംഗികചൂഷണം ചെയ്യുന്നതിന് ആര് അനുമതി നൽകി. എന്തുകൊണ്ട് സഭ ബിഷപ്പിനെ പിന്തുണച്ച് നോട്ടീസിറക്കുന്നു, പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇതിനൊന്നും ഉത്തരമില്ല.
 
പാവപ്പെട്ട ഇവരുടെ സഹനജീവിതം പുറത്തുള്ളവരറിയുന്നില്ല. അധ്യാപകരായും നഴ്‌സായും പള്ളിവക സ്ഥാപനങ്ങളിൽ പണിയെടുത്ത് തുച്ഛമായ തുക സ്വന്തം ആവശ്യത്തിനെടുക്കുന്നു. ബാക്കി പുതിയ സ്ഥാപനങ്ങൾ തുടങ്ങാനും മറ്റും കോൺഗ്രിഗേഷനെ ഏല്പിക്കുന്നു.
 
2015 മുതൽ 17 വരെ ഈ സിസ്റ്ററിനൊപ്പം കുറവിലങ്ങാട് നിന്നതാണ് കന്യാസ്ത്രീകളായ അനുപമയും നീന റോസ്,  ആൻസിറ്റ എന്നിവരും. സി. ജോസഫിനും കന്യാസ്ത്രീയുടെ അനുജത്തിയായ സിസ്റ്ററും ബിഹാറിൽനിന്ന് ഈ പ്രശ്നത്തെതുടർന്ന് ഇവിടെ എത്തിയതാണ്. ഈ കണ്ണീരിനൊപ്പം ധൈര്യം പകർന്ന് ഒപ്പം നിന്നതിന് ഇവരെയും ക്രൂശിക്കുകയാണിപ്പോൾ.
   ‘‘ഫ്രാങ്കോ പിതാവ് ഇവിടെ ഇനി വന്നാൽ ഞാൻ വീട്ടിൽ പോകും. കൂടെ കിടക്കണമെന്നാണ് പറയുന്നത്.’’ സഹിച്ചുമടുത്ത ഒരു ദിവസം സിസ്റ്റർ എന്നോട് പറഞ്ഞു. ഞങ്ങളാണ് പറഞ്ഞത്, അമ്മ വിഷമിക്കേണ്ട ഒപ്പം ഞങ്ങളുമുണ്ട്. പിതാവ് ഇനിയും വന്നാൽ കോടനാട്ടെ വീട്ടിലേക്ക് അമ്മ പൊയ്ക്കോ, ബാക്കി ഞങ്ങൾ നോക്കിക്കോളാമെന്ന് സിസ്റ്റർ അനുപമ 
പറഞ്ഞു.
 
ബിഷപ്പ് വന്നുപോയാൽ തലവേദനയാണെന്നു പറഞ്ഞ് സിസ്റ്റർ ഒരേ കിടപ്പാണ്. കരഞ്ഞുവീർത്ത മുഖം. ഒന്നും പുറത്തുപറയാറില്ല. ഇളയ കന്യാസ്ത്രീകളോട് താനനുഭവിക്കുന്ന ക്രൂരമായ ശാരീരികപീഡനത്തെപ്പറ്റി പറയാനുള്ള നാണക്കേടും’’. -സിസ്റ്റർ ആൻസിറ്റ ആ ദിവസങ്ങളോർമിക്കുന്നു.
 
ഒപ്പമുള്ള കന്യാസ്ത്രീകൾക്ക്‌ ചില സംശയങ്ങൾ തോന്നിയിരുന്നു. പക്ഷേ,  മദർ സുപ്പീരിയറോട് തുറന്നുചോദിക്കാനും വയ്യ. തകർച്ചയുടെ വക്കിലാണ് താനെന്ന് ബോധ്യം വന്നപ്പോഴാണ് സഹോദരങ്ങളെ വിവരമറിയിച്ചത്.
 • പരാതി നൽകേണ്ടിടത്ത് യഥാസമയം നല്കിയില്ല എന്നാണല്ലോ ആരോപണം
    പച്ചക്കള്ളം. കൊടുക്കേണ്ടിടത്തെല്ലാം തുടക്കത്തിലേ പരാതി നല്കിയിരുന്നു. ആദ്യം ആലഞ്ചേരി പിതാവിന് പരാതി നൽകി. സിസ്റ്റർ നേരിട്ട് വ്യക്തമായി കാര്യങ്ങൾ അറിയിച്ചിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല. പിന്നെ മെത്രാനു മീതെയുള്ള ഡൽഹി അപ്പോസ്തലിക് ന്യൂൺഷോയ്ക്ക് ലൈംഗികപീഡനത്തിനിരയാക്കുന്നു എന്നറിയിച്ച് ഇ- മെയിലിൽ പരാതി നൽകി. ഇപ്പോൾ മറുപടി വരും നടപടിയുണ്ടാവും എന്നു കാത്തിരുന്നു.
 
വൈകിയപ്പോൾ റോമിലേക്ക് മൂന്ന് കത്തയച്ചു. മാർപ്പാപ്പയ്ക്കുവരെയും പരാതി നൽകി. കൊറിയർ വഴി. ഒപ്പിട്ടു വാങ്ങിയതായി ഇന്റർനെറ്റിലൂടെ മനസ്സിലായി. പക്ഷേ, ആ കത്ത് പോപ്പിന്റെ ൈകയിലെത്തിയോ എന്നറിയില്ല. അങ്ങനെ നീതി കാത്തിരുന്ന് നഷ്ടമായത് നാലു വർഷം.
 
ഇതിനുമുമ്പ് വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. അച്ചൻമാർപോലും ഈ മെത്രാനിൽനിന്ന് നേരിടുന്ന മാനസികപീഡനങ്ങളെപ്പറ്റി അപ്പോസ്തലിക് ന്യൂൺഷോയെ അറിയിച്ചിരുന്നു. ജലന്ധർ രൂപതയിൽ നടക്കുന്ന വൃത്തികേടുകൾ അറിഞ്ഞിട്ടും ആരും നടപടിയെടുത്തില്ല. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം മറ്റു ചില കന്യാസ്ത്രീകളും നേരിട്ടിട്ടുണ്ട്. അതും പുറത്തുവരില്ല. ഒരു കന്യാസ്ത്രീയും അതു പറയാൻ ധൈര്യപ്പെടില്ല. സഭയുടെ ചട്ടക്കൂട് അങ്ങനെയാണ്. ഇനി മരണം മാത്രം മുന്നിൽ എന്ന സാഹചര്യത്തിലാണ് ഈ തുറന്നുപറച്ചിലിന് മുതിർന്നത്.
 • എല്ലാവരിൽനിന്നുമുള്ള ഒറ്റപ്പെടൽ എങ്ങനെ നേരിടുന്നു
     ഞങ്ങൾ ആറുപേർ ഒരുമിച്ചുനില്കുന്നതുകൊണ്ട് ഒറ്റപ്പെടൽ തോന്നുന്നില്ല. ഒറ്റയ്ക്ക് ഒരു കന്യാസ്ത്രീ തുറന്നുപറഞ്ഞാൽ ഒന്നുകിൽ മഠത്തിനുള്ളിൽ കൊലപാതകം അല്ലെങ്കിൽ സഭ പുറത്താക്കും. ഇതാണ് സംഭവിക്കുക. ഞങ്ങളുടെ വീട്ടുകാർ പൂർണ പിന്തുണ നൽകുന്നു. അനുഭാവമുള്ള കൂട്ടുകാരായ കന്യാസ്ത്രീകൾ ഇടയ്ക്ക് വിളിക്കും. തുറന്ന വേദിയിലെത്താൻ പക്ഷേ, അവർക്കും ധൈര്യമില്ല.
സിസ്റ്റർ സന്ന്യാസിനീസമൂഹം വിട്ടുപോകാൻ കത്ത്‌ നൽകാൻ ഒരിക്കൽ ഉറപ്പിച്ചതാണ്. ഞങ്ങളാണ് അതു തടഞ്ഞത്. അമ്മ പോയാൽ 16 കന്യാസ്ത്രീകൾ പുറത്തുപോകാൻ തയ്യാറായിരുന്നു. അങ്ങനെ മദർ ജനറാളിനു നല്കിയ കത്ത്‌ മൂന്നുദിവസം കഴിഞ്ഞ് മറ്റുള്ള സിസ്റ്റർമാരുടെ നിർബന്ധത്താൽ ക്യാൻസൽ ചെയ്യുകയായിരുന്നു.
 •  പുറത്തുപോയാൽ നിങ്ങളുടെ ഭാവി
സാധാരണക്കാരെപ്പോലെ ജീവിക്കാം. വിവാഹം വേണ്ടവർക്ക് അതിനും സഭ അനുവാദം നൽകിയിട്ടുണ്ട്. നിങ്ങൾ പുറത്തുകാണുന്നതല്ല മഠത്തിനുള്ളിലെ ജീവിതം. വിശുദ്ധജീവിതവും പ്രാർഥനയും മാത്രമെന്ന് പുറംലോകം ധരിക്കുന്ന ഇതിനകത്താണ് അസൂയയും കുശുമ്പും പകയും പിണക്കവും ഏറ്റവും കൂടുതൽ.’’ -സിസ്റ്റർമാർ ഒരുമിച്ചു പറഞ്ഞു. 
 • സിസ്റ്ററുടെ സഹോദരൻ ആരെയോ ഈ സംഭവത്തിൽ ഭീഷണിപ്പെടുത്തി എന്നു കേട്ടല്ലോ
 അത് നിർബന്ധിച്ച് മെത്രാൻ എഴുതി വാങ്ങിയതാണ്.
 • തന്റെ ഭർത്താവുമായി ഈ സിസ്റ്റർക്ക് അവിഹിതബന്ധം ആരോപിച്ച് ഒരു സ്ത്രീ പരാതി നല്കിയെന്ന ആരോപണമുണ്ടല്ലോ
‘‘ഒരു സ്ത്രീയല്ല, എന്റെ അമ്മയുടെ ആങ്ങളയുടെ മകളാണവൾ. പ്രണയവിവാഹം ചെയ്ത കുട്ടി. അവളുടെ ചേച്ചി അമേരിക്കയിൽ കന്യാസ്ത്രീയാണ്. ഞങ്ങളുടെ സ്വന്തം കുട്ടി. അവൾ ഇവിടെയും വന്നു താമസിക്കാറുണ്ട്. ഡൽഹിയിലാണവർ. പഞ്ചാബിനു പോകുന്നവഴി ഞങ്ങളൊക്കെ ഡൽഹിയിലിറങ്ങി അവളെ കാണാറുമുണ്ട്.’’
 
ഒരു ദിവസം അവളുടെ ഭർത്താവ് സിസ്റ്റർക്ക് ഫോണിൽ ഒരു ചീത്ത മെസേജ് അയച്ചു. അവൻ ആത്മഹത്യ ചെയ്യും  എന്നൊക്കെപ്പറഞ്ഞ്. സിസ്റ്റർ അവനിൽനിന്ന് അത് പ്രതീക്ഷിച്ചില്ല. സിസ്റ്റർ അത് അവൾക്ക് ഫോർവേഡ് ചെയ്തു. ‘ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് എനിക്ക് നിന്റെ ഭർത്താവ് മെസേജ് ചെയ്തു’ എന്നും ചേർത്തു. അവൾ ഭർത്താവിനെ ചോദ്യംചെയ്തപ്പോൾ അയാൾ കുറെ കഥകൾ അവതരിപ്പിച്ചു തടിതപ്പി. ഇപ്പോഴും അവർ ഒരുമിച്ചുകഴിയുന്നു. സിസ്റ്റർ കുറ്റക്കാരിയാണെങ്കിൽ ആ മെസേജ് അനുജത്തിക്ക് അയച്ചുകൊടുക്കുമോ. അവളെക്കൊണ്ട് പരാതി നല്കിക്കുകയും ചെയ്തു. ഇതിന്റെ പിന്നിലും ആരൊക്കെ ഉണ്ടെന്നറിയില്ല. എല്ലാം കാലം തെളിയിക്കട്ടെ, സത്യം പുറത്തുവരാ
തിരിക്കില്ല’’-സിസ്റ്ററുടെ സഹോദരി പറഞ്ഞു.
 • വധഭീഷണി, പ്രതികാര നടപടികൾ ബിഷപ്പിൽ നിന്ന് നേരിടുന്നുണ്ടോ
മറുപടി പറഞ്ഞത് സിസ്റ്റർ അനുപമയാണ്.
‘‘പഞ്ചാബിലേക്ക് എന്നെ സ്ഥലംമാറ്റിയത് സുപ്പീരിയർ പദവിയോടെയാണ്. അവിടെ ചെന്നപ്പോഴേക്കും സാധാരണ കന്യാസ്ത്രീയാക്കി പദവി എടുത്തുകളഞ്ഞു. എനിക്ക് പരാതിയില്ലെങ്കിലും കാര്യമറിയണമെന്നുണ്ടായിരുന്നു. അതേപ്പറ്റി ഞാൻ മദർ ജനറാളിനോട് ചോദിച്ചു. മറുപടിക്കു പകരം ഒരു  സിസ്റ്റർ എന്നെ ബിഷപ്പ് ഫ്രാങ്കോയുടെ അരികിലേക്ക് കൊണ്ടുപോയി. അദ്ദേഹം എന്നെ ശക്തമായി താക്കീത് ചെയ്തു.
‘‘ഇനിമേലാൽ പീഡനത്തിനിരയായ സിസ്റ്ററെ വിളിക്കുകയോ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാൻ പാടില്ല. വിളിച്ചാൽ ഭവിഷ്യത്ത് വലുതായിരിക്കും.’’ -അപകടം മണത്ത ഞാൻ വീട്ടിലേക്ക് വിവരം അറിയിച്ചു.
 
ചേർത്തല സ്വദേശിയായ സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസ്, ബിഷപ്പിന്റെ ഭീഷണിയെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പീഡനമേറ്റ കന്യാസ്ത്രീക്കൊപ്പം നിലകൊണ്ട അഞ്ചുപേർക്കും ഇപ്പോഴത്തെ മദർ സുപ്പീരിയർ കത്തയച്ചതു കൂട്ടിവായിക്കേണ്ടതുണ്ട്‌.
 
‘ബിഷപ്പിനെതിരായ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണം. ബിഷപ്പ് പീഡിപ്പിച്ചെന്നു പറഞ്ഞ കന്യാസ്ത്രീക്കൊപ്പം നിൽക്കുന്നവർ വിമതപക്ഷത്താണ്. ബിഷപ്പിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കോൺഗ്രിഗേഷന് നാണക്കേടുണ്ടാക്കുന്ന സമീപനമാണിത്. അതിനാൽ വിമതരോട് സഹകരിക്കരുത്. സഹകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദിയെന്നും’ കത്തിൽ മുന്നറിയിപ്പ് നൽകുന്നു.