അഭിമുഖം/ അഭിലാഷ് നായര്‍ (മാതൃഭൂമി ന്യൂസ്) /ഡോ. നീന പ്രസാദ് (മോഹിനിയാട്ടം കലാകാരി) 

മോഹിനിയാട്ടത്തെ വിപുലപ്പടുത്തുകയും മോഹിനിയാട്ടത്തിന്റെ പദസമ്പത്ത് സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്ന നര്‍ത്തകി. ചെറിയ ഇടവേളയ്ക്കുശേഷം പൂര്‍ണമായ അര്‍ഥത്തില്‍ വേദിയിലേയ്ക്ക് തിരിച്ചെത്തുകയാണ് ഡോ. നീന പ്രസാദ്. നീന പ്രസാദുമായി  അഭിലാഷ് നായര്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം.  

വ്യക്തിപരമായ ജീവിതാനുഭവത്തെ അതീജിവിച്ച് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പൂര്‍ണമായ അര്‍ഥത്തില്‍ ജീവിതത്തിലേയക്ക് തിരിച്ചുവരികയാണ്. എങ്ങനെയാണ് ഈ വിഷമങ്ങളെ അതിജീവിച്ചത് ? 

ഭര്‍ത്താവ് സുനിലിന്റെ വിയോഗം മാനസികമായി തരണം ചെയ്യുന്നത് അത്ര എളുപ്പമല്ല.പക്ഷേ നൃത്തം എന്നുള്ളത് എന്റെ ജീവിതത്തിന്റെ ഭാഗമാകുകയും അങ്ങനെ തന്നെ ജീവിക്കുകയുമാണ് ചെയ്തിരുന്നത്. കലയ്ക്ക് അങ്ങനെ വളരെ അത്ഭുതകരമായ ശക്തിയുണ്ട്. അത് നമ്മുടെ ദുഃഖത്തില്‍ താങ്ങാകുകയും സന്തോഷത്തില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്യും. എല്ല വൈകാരിക പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ശക്തി നല്‍കുന്നത് നൃത്തമാണ്. 

ചെറിയ ഒരു തിരിച്ചടി ഉണ്ടാകുമ്പോള്‍ ജീവിതം വേണ്ടന്നു വയ്ക്കുന്നവരും ഡിപ്രഷനിലേക്ക് പോകുന്നവരും ഇപ്പോഴും ഉണ്ട്. ഒരു പ്രതിസന്ധിയെ അതിജീവിച്ചയാളെന്ന നിലയില്‍ അവരോടൊക്കെ എന്താണ് പറയാനുള്ളത് ? 

സുനില്‍ നൃത്തത്തിന്റെ ഭയങ്കര ഒരു ആരാധകനായിരുന്നു... എല്ലാവര്‍ക്കും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായേ പറ്റു. ഇവിടെ ആരും ശാശ്വതമല്ല. പലതരം തിരിച്ചടികളും അപമാനിക്കപ്പെടലുകളും എല്ലാം നമുക്ക് ഉണ്ടായിക്കൊണ്ടേയിരിക്കും. ഞാന്‍ ഞാനായി തീരുന്നത് നൃത്തം ചെയ്യുമ്പോഴാണ്. നൃത്തമാണ് എന്റെ എല്ലാം, നൃത്തം ചെയ്യാതിരിക്കാന്‍ എനിക്കാവില്ല. എനിക്ക് പറയാനുള്ളത് ഇതു മാത്രമാണ് ഇവിടെ അനശ്വരമായി ഒന്നുമില്ല. ഈ സമയവും കടന്നുപോകും സന്തോഷമുള്ളതും സങ്കടമുള്ളതുമായ സമയങ്ങള്‍ കടന്നുപോകും. 

കഥകളിയൊക്കെ ഉണ്ടായിരുന്നു എങ്കിലും മോഹിനിയാട്ടം തിരഞ്ഞെടുക്കുകയായിരുന്നു. മുമ്പ് സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവവുമായിരുന്നു. ആ കാലം ഇപ്പോള്‍ എങ്ങനെ സഹായകമാകുന്നുണ്ട് ? 

ഭരതനാട്യം, കുച്ചിപ്പുടി, എന്നിവയില്‍ നിന്നാണ് മോഹിനിയാട്ടത്തിലേയ്ക്ക് വന്നത്. കേരളത്തിലെ ഒരു പഠനസ്വഭാവത്തില്‍ മള്‍ട്ടി ടാസ്‌ക്കിങ് നമുക്കുണ്ട്. കഥകളിയും ഭരതനാട്യവുെമാക്കെ നമ്മള്‍ ശീലിക്കുന്നത് അങ്ങനെയാണ്. മദ്രാസില്‍ അഡയാര്‍ ലക്ഷ്മണ്‍ സാറിന്റെ അടുത്ത് ഭരതനാട്യവും വെമ്പട്ടി ചിന്നസത്യന്‍ മാസ്റ്ററുടെ അടുത്ത് കുച്ചിപ്പുടിയും പഠിച്ചു.  അന്നൊന്നും എനിക്ക് മോഹിനിയാട്ടത്തെക്കുറിച്ച് ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍ കലാമണ്ഡലം സുഗന്ധി ടീച്ചറുടെ അടുത്ത് മോഹിനിയാട്ടം പഠിക്കുകയും മോഹിനിയാട്ടം എന്നുള്ളത് ഒരു പ്രത്യേകം അനുഭവമായി നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഞാന്‍ പി.എച്ച്. ഡി ചെയ്യാന്‍ തുടങ്ങുന്നത്. ആ സമയത്താണ് എന്റെ മണ്ണിന്റെ ഗന്ധമുള്ള കലാരൂപത്തിന് ഒരുപാട് സാധ്യതകളുണ്ടെന്നു മനസിലായത്. പരിമിതികള്‍ ഉണ്ട് എങ്കിലും അതിനെ ഉയര്‍ത്തികൊണ്ട് വരാന്‍ എനിക്ക് കഴിഞ്ഞെങ്കിലോ എന്നുള്ള ആഗ്രഹം കൊണ്ടാണ് മോഹിനിയാട്ടത്തിലേയ്ക്ക് വരുന്നത്. യുവജനോത്സവകാലത്ത് തന്നെ ഞാന്‍ വേദിയില്‍ വരുന്നുണ്ട്. വേദി എന്ന് പറയുന്നത് ഭയം നല്‍കുന്നതായി തോന്നിട്ടില്ല. ഞാന്‍ വേദിയില്‍ നിന്നു വളര്‍ന്നയാളാണ്. വേദി പഠിപ്പിച്ച ഒരുപാട് പാഠങ്ങള്‍ എനിക്ക് കൈമുതലായി ഉണ്ടായിരുന്നു. ഒരേസമയം അയ്യായിരം പേരെ അഭിമുഖീകരിക്കുന്നതും കോഡ് നമ്പര്‍ വിളിക്കുമ്പോള്‍ ചങ്കിടിപ്പില്ലാതെ കയറിവരാനുമുള്ള ധൈര്യം ഉണ്ടായിരുന്നു. ചെറിയ വേദികളിലെ അനുഭവങ്ങള്‍ എന്നും എനിക്ക് ഒരു മുതല്‍ കൂട്ടായിരുന്നു. 

കലോത്സവവേദികളില്‍ നിന്ന് പിന്നീട് നൃത്തത്തെ വളരെ ഗൗരവത്തോടെ കാണുന്ന നര്‍ത്തകര്‍ ഉണ്ടാകുമോ? കഴിഞ്ഞകാല അനുഭവം എങ്ങനെയാണ്? 

എന്നു ചോദിച്ചാല്‍ ഉണ്ടാകാം. എന്നാല്‍ പഴയ കലോത്സവം പോലെയല്ല, ഇന്നത്തെ കലോത്സവങ്ങള്‍ക്ക് ശരിക്കും ഒരു ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. കാരണം 15 വയസിനുള്ളില്‍ ചെയ്യേണ്ട ചിട്ടയാര്‍ന്ന കലാരൂപങ്ങളുടെ സ്വഭാവം എന്തായിരിക്കണമെന്ന് നമ്മള്‍ പുന:ചിന്തനം ചെയ്യേണ്ടി വരും. കലകള്‍ കുട്ടികള്‍ സ്‌കൂള്‍തലത്തില്‍ പഠിക്കണം. അതില്‍ നിന്ന് ഐച്ഛികമായി തിരഞ്ഞെടുക്കാനുള്ള സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ അവര്‍ അത് തിരഞ്ഞെടുക്കട്ടെ. ഇന്ന് കേരളത്തില്‍ കലകള്‍ പഠിക്കുന്ന ചിലകോളേജുകള്‍ ഉണ്ട്. അപ്പോള്‍ പ്ലസ്‌വണ്‍- പ്ലസ്ടു മുതല്‍ നമുക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. 

ഉടച്ചുവാര്‍ക്കല്‍ എന്നുപറയുമ്പോള്‍ എണ്ണം കുറയ്ക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? 

ഉടച്ചുവാര്‍ക്കല്‍ എന്നു പറഞ്ഞാല്‍ മത്സരത്തിന്റെ സ്വഭാവം ആണ്. ഇപ്പോള്‍ ഭരതനാട്യം ആണെങ്കില്‍ 20 വര്‍ണങ്ങള്‍ വളരെ പരമ്പരാഗതമായി ഉള്ളതുണ്ട്. ആ ഒരു ലിസ്റ്റില്‍ നിന്നു തന്നെ പെര്‍ഫോം ചെയ്യാം. 15-ാം വയസുള്ള കുട്ടികളാണ്, ഈ പ്രായത്തില്‍ കലയിലുള്ള ചിട്ടയാണ് ഏറ്റവും വലിയ ബലം. കാരണം ഇത്  ക്ലാസിക്കല്‍ കലയാണ് നാടോടി കലയല്ല. നാടോടി കലകളില്‍ സൃഷ്ടിയുണ്ടാകാം എന്നാല്‍ ക്ലാസിക്കല്‍ കലകളില്‍  ഇല്ലെന്നല്ല. അങ്ങനെയാകുമ്പോഴും അതില്‍ കൃത്യമായ ദൃഢത ഉണ്ടാകും. ദൃഢത എന്നുള്ളത് ക്ലാസിക്കല്‍ കലകള്‍ക്ക് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് കുട്ടികള്‍ ക്ലാസിക്കല്‍ കലകളില്‍ ശോഭിക്കാതിരിക്കുന്നത്. 

ഏതു മാതാപിതാക്കളും കുട്ടികള്‍ കലകള്‍ അഭ്യസിക്കുമ്പോള്‍ ഇത് ഉപജീവനമാര്‍ഗമാക്കാന്‍ കഴിയുമോ എന്നു ചിന്തിക്കുന്നുണ്ട്. ക്ലാസിക്കല്‍ കലകള്‍ അഭ്യസിക്കുന്ന ഒരാള്‍ക്ക് അത് ഉപജീവനമാര്‍ഗമാക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലും ഇന്ത്യയിലും ഉണ്ടോ? 

കോര്‍പ്പറേറ്റ് ജോലികളുടെ സമ്മര്‍ദ്ദം ഇല്ലാതെ നമ്മളുടെ സമയത്തെ നമ്മുക്ക് നിര്‍ണയിക്കാന്‍ കഴിയുന്നരീതിയില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു വിഷയത്തില്‍ ജോലി ചെയ്യാന്‍ കഴിയുക എന്നത് അപൂര്‍വ ഭാഗ്യമാണ്. അത് തിരഞ്ഞെടുക്കുകയാണെങ്കില്‍ കലാകാരന്മാര്‍ക്ക് നിശ്ചയമായും അങ്ങനെ ഒരു ഭാഗ്യം ഉണ്ട്. സ്വഭാവികമായും പലതരം വെല്ലുവിളികള്‍ ഉണ്ടാകും. റിസ്‌ക് എടുക്കുമ്പോഴാണല്ലോ വിജയം ഉണ്ടാകുന്നത്. ഞാന്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ആണ്. എന്നാല്‍ ഒരു പി. എസ്.സി ടെസ്റ്റ്‌ പോലും എഴുതിയിട്ടില്ല. എന്റെ ലോകം നൃത്തമാണ്. ഞാന്‍ പഠിപ്പിക്കുകയും എനിക്കു കൂടുതല്‍ പഠിക്കാനുള്ളത് കണ്ടെത്തുകയും ചെയ്യുന്നു. പി.എച്ച്.ഡി കഴിഞ്ഞ് വിദേശയൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്തു. എന്റെ മെറിറ്റ് കണ്ട് അവര്‍ ഫെലോഷിപ്പ് നല്‍കിയതോടെ പോകുകയായിരുന്നു. ഇപ്പോള്‍ അത്യാവശ്യം നികുതിയടക്കുന്ന ആളാണ് ഞാന്‍. മറ്റൊന്നുമില്ല നൃത്തം മാത്രമാണ് ചെയ്യുന്നത്.  എന്നാല്‍ അതിന് പ്ലാനിങ് ഉണ്ടാകണം. കലയെന്ന മാധ്യമത്തില്‍ തന്നെ ജീവിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമായിട്ട് കരുതുന്നു. 

നൃത്തത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടി ഈ കലുഷിതമായ അന്തരീക്ഷത്തില്‍ എന്തു സപര്യയോടെയാണ് മുന്നോട്ട് പോകേണ്ടത്? 

ഇത് എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നു പറയുന്ന ഒരു കാര്യമാണ്. ഒരുവശത്ത് നമ്മള്‍ പറയും നൃത്തം പഠിക്കാന്‍ ചെലവാണെന്ന്. എന്നു പറഞ്ഞ് നൃത്തം പഠിക്കാനുള്ള  ചെലവുകുറച്ച് കാണുന്നത് ശരിയായ കാര്യമല്ല. നിങ്ങള്‍ക്ക് മെഡിസിനു പഠിക്കാന്‍ ചെലവില്ലേ. നിങ്ങള്‍ പൈസ കൊടുത്ത് അതിന് അഡ്മിഷന്‍ എടുക്കുന്നില്ലേ. ചെലവുകളെക്കുറിച്ച് പറയുമ്പോള്‍ കമിറ്റ്‌മെന്റ് എന്നത് പ്രധാനപ്പെട്ട് കാര്യമാണ്. എത്ര പേര്‍ പ്രതിബദ്ധതയോടെ വരുന്നു. ഫീസ് ഇല്ലാതെ പഠിപ്പിക്കാന്‍ നമ്മള്‍ തയാറാകുമ്പോഴും അത് ഒരു വലിയ അവസരമായി കണ്ടുകൊണ്ട് ശ്രമിക്കാനോ കഷ്ട്ടപ്പെട്ട് പഠിക്കാനോ ഉള്ള കുട്ടികള്‍ കേരളത്തില്‍ കുറവാണെന്ന് ഞാന്‍ പറയും. ഇന്നത്തെ കുട്ടികള്‍ക്ക് അഭിനിവേശം കുറഞ്ഞുവരുന്നു. പെട്ടെന്ന് കിട്ടുന്ന വിജയങ്ങള്‍ അവരെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ഇത് പെട്ടെന്ന് കിട്ടുന്ന വിഷയമല്ല. നിരന്തരമായി നിങ്ങളുടെ ഉള്ളില്‍ നില്‍ക്കേണ്ട ഒരു ചോദനയും ആഗ്രഹവുമാണ്. ആ ആഗ്രഹം എനിക്ക് ഈ പ്രായത്തിലും ഉണ്ടാകണം. മുന്നോട്ട് പോകുമ്പോഴും അതേ അഭിനിവേശം ഉണ്ടാകണം. എങ്കില്‍ മാത്രമേ കല നിങ്ങളില്‍ ശോഭിക്കുകയുള്ളു.

Content Highlights: interview with mohiniyattam dancer dr. neena prasad