സിനിമ, ജീവിതം, അച്ഛന്‍, അമ്മ, സ്വപ്‌നങ്ങള്‍, സൗഹൃദങ്ങള്‍... കല്യാണി പ്രിയദര്‍ശന്‍ മനസ്സ് തുറക്കുന്നു.

ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തുമെന്ന് തിരിച്ചറിഞ്ഞിരുന്നോ ?

സത്യമായിട്ടും ചെറുപ്പത്തിലേ സിനിമയാണ് എന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ എന്ത് എന്ന് അറിയില്ലായിരുന്നു. വെക്കേഷന്‍ കാലത്ത് അച്ഛനെ കാണാന്‍ ഷൂട്ടിങ് സെറ്റിലേക്ക് പോകുമായിരുന്നു ഞാന്‍. അവിടെ അച്ഛന്റെ എല്ലാ കൂട്ടുകാരും ഉണ്ടാകും. ലാല്‍ അങ്കിള്‍, സുരേഷ് അങ്കിള്‍ അങ്ങനെ എല്ലാവരും. അവരെയൊക്കെ കണ്ടിട്ടാണ് സിനിമയില്‍ തന്നെ ഞാന്‍ എത്തും എന്ന ഉറച്ച തീരുമാനമെടുത്തത്.

സിനിമയിലെ ആദ്യ ഷോട്ടില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ എന്തുതോന്നി?

ഞാന്‍ വളരെ നെര്‍വസ് ആയിരുന്നു. തെലുങ്കിലായിരുന്നു ആദ്യസിനിമ. എനിക്കറിയാത്തൊരു ഭാഷ. അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ കൊണ്ട് കണ്ണൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. അതൊഴിവാക്കാന്‍ ആ നിമിഷം നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ടെന്‍ഷന്‍ കൊണ്ടുണ്ടാകുന്ന ശരീരത്തിന്റെ പ്രതികരണമല്ലേ.

അഭിനയം  വളരെ സീരിയസായ പ്രൊഫഷനായി കാണുകയും അതില്‍ തന്നെ തുടരാനും കല്യാണി തീരുമാനിച്ചു കഴിഞ്ഞു. മുന്നേറാനായി നടത്തുന്ന ഗൃഹപാഠങ്ങള്‍ എന്തൊക്കെയാണ് ?

അഭിനയം പഠിക്കാന്‍ ആക്ടിങ് സ്‌കൂളിലൊന്നും പോകാത്തൊരാളാണ് ഞാന്‍. നല്ലൊരു സംവിധായകനൊപ്പമാണ് ജോലി ചെയ്യുന്നതെങ്കില്‍ അധികം ഗൃഹപാഠത്തിന്റെ ആവശ്യമില്ല എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.  സംവിധായകനാണ് അഭിനേതാവിന്റെ ഏറ്റവും നല്ല അധ്യാപകന്‍. ഏത് സിനിമയില്‍ അഭിനയിക്കുമ്പോഴും സംവിധായകനെ വിശ്വസിക്കുക. നമ്മളില്‍ നിന്ന് ഏറ്റവും മികച്ച അഭിനയം അവര്‍ പുറത്തെടുത്തുകൊള്ളും. അച്ഛന്റെ ഈ ഉപദേശങ്ങള്‍ക്ക് തന്നെയാണ് ഞാന്‍ എപ്പോഴും പ്രഥമപരിഗണന നല്‍കുന്നത്. ഇതുതന്നെയാണ് ഏറ്റവും വലിയ ഗൃഹപാഠം.

അച്ഛന്റെ സിനിമയില്‍ കല്യാണിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് ?

ശോഭന ചേച്ചിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ അച്ഛന്‍ ചെയ്തവയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'തേന്മാവിന്‍ കൊമ്പത്താണ്.' കാര്‍ത്തുമ്പി എന്ന കഥാപാത്രമാണ് എന്റെ ഓള്‍ടൈം ഫേവറേറ്റ്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയില്‍ ശോഭന ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാന്‍ ഇപ്പോഴും. ശോഭനച്ചേച്ചി ഈ സിനിമയില്‍ എന്റെ അമ്മയാണ്. 
 
അച്ഛന്റെ സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇഷ്ടപ്പെട്ട മലയാള സിനിമകള്‍? 

മലയാളത്തില്‍ രണ്ട് കഥാപാത്രങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്. ദാസനും വിജയനും. ആ സീരീസിലെ നാടോടിക്കാറ്റ് മുതല്‍ എല്ലാ സിനിമകളും ഇഷ്ടമാണ്. എത്ര കണ്ടാലും ആ സിനിമകള്‍ എന്നെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. പുതിയ കാലത്ത് ഫഹദ് ഫാസിലിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫഹദാണ് എന്റെ ഇഷ്ട നടന്‍. 'സുഡാനി ഫ്രം നൈജീരിയ' അടുത്ത കാലത്ത് കണ്ടവയില്‍ ഹൃദയം കവര്‍ന്ന സിനിമയാണ്. ഇതിനിടെ വിനീതേട്ടന്‍ നിര്‍മിച്ച ഹെലന്‍ കണ്ടു. അതും ഇഷ്ടമായി.

അച്ഛന്റെ ലൈബ്രറിയിലെ ഹോളിവുഡ് സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ് ?

വീട്ടില്‍ നിന്ന് ഒരുപാട് ഹോളിവുഡ് സിനിമകള്‍ ഞാനും അച്ഛനും ഒരുമിച്ചിരുന്ന് കണ്ടിട്ടുണ്ട്. '1917' എന്ന സിനിമയാണ് അവസാനമായി കണ്ടത്. അത് ഓസ്‌കാര്‍ കരസ്ഥമാക്കും എന്നെനിക്ക് തോന്നി. അത്രയും മികച്ചൊരു സിനിമയാണത്.

കല്യാണി മലയാളസിനിമയിലേക്ക് ഏെതങ്കിലും പ്രത്യേക സംവിധായകന്റെ സിനിമയിലൂടെ വരണം എന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നോ ?

സത്യന്‍ അങ്കിളി (സത്യന്‍ അന്തിക്കാട്)ന്റെ സിനിമയിലൂടെ എന്നെ മലയാളത്തില്‍ അവതരിപ്പിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. കാരണം അച്ഛന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ് അദ്ദേഹം. ആ കുടുംബവുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട്. സത്യന്‍ അങ്കിളിനെ കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകനായ അനൂപേട്ടന്റെ സിനിമ മലയാളത്തില്‍ അരങ്ങേറ്റത്തിനായി  ലഭിച്ചതില്‍ അച്ഛന് വളരെ സന്തോഷമുണ്ട്. സത്യനങ്കിളിനെപ്പോലെ തന്നെ കഴിവുള്ള ഒരാളാണ് അനൂപേട്ടന്‍ എന്ന് അച്ഛന്‍ പറയും.

ഏത് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം?

അങ്ങനെയില്ല. എനിക്ക് ഏറെ പഠിക്കാനുണ്ട്. അതിനാല്‍ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ ശ്രമിച്ച് നോക്കണം എന്നാണ് തീരുമാനം.

അച്ഛന്റെ പുതിയ സിനിമയായ കുഞ്ഞാലി മരയ്ക്കാറില്‍ ലാലങ്കിളിനും അപ്പു (പ്രണവ് മോഹന്‍ലാല്‍)വിനൊപ്പവും അഭിനയിച്ചു. അപ്പുവും കല്യാണിയും കളിക്കൂട്ടുകാരാണ്. മരയ്ക്കാറിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?

ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്.

അപ്പുവിനെപ്പറ്റി കല്യാണിയുടെ വിലയിരുത്തല്‍?

അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ചശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്തധ്രുവങ്ങളില്‍ അഭിനയത്തെ സമീപിക്കുന്നവരാണെന്ന് പറയാം. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്. മരയ്ക്കാറില്‍ കഥനടക്കുന്ന പ്രദേശത്ത് സംസാരിച്ചിരുന്ന തനത് ഭാഷയാണ്. അത് പഠിക്കാന്‍ കുറച്ച് വിഷമമായിരുന്നു. എന്നാല്‍ അപ്പു അത് വളരെ എളുപ്പത്തില്‍ സംസാരിച്ചു.

അച്ഛന്റെയും അമ്മയുയും വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും രണ്ടുപേരും കല്യാണിയെയും സഹോദരന്‍ സിദ്ധാര്‍ത്ഥിനെയും പഴയതുപോലെ കെയര്‍ ചെയ്യുന്നതായി തോന്നുന്നുണ്ടോ?

പഴയത് പുതിയത് എന്നൊന്നുമില്ല. എപ്പോഴും ഒരുപോലെ അവര്‍ എന്നെയും ചന്തുവിനെയും സ്‌നേഹിക്കുന്നു. അവരുടെ മക്കളായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ വേര്‍പിരിഞ്ഞിട്ട് നാലുവര്‍ഷമായി. ആദ്യ മാസങ്ങളില്‍ വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ ചിലപ്പോഴെങ്കിലും ചിന്തിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കാറില്ല. ഞാനും ചന്തുവും ( സിദ്ധാര്‍ത്ഥ്) ഓക്കെയാണ്.

kalyani
ഫയൽ ചിത്രം

സിദ്ധാര്‍ത്ഥിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ് ?

മടിയനാണ്. എന്നാല്‍ ചിലപ്പോള്‍ എല്ലാം കൃത്യമായി ചെയ്ത് എല്ലാവരെയും അത്ഭുതപ്പെടുത്തും. ഞങ്ങള്‍ എപ്പോഴും അടികൂടുകയും എതിര്‍പ്പുകള്‍ പറയുകയും ഒരുമിക്കുകയും ചെയ്യും. സഹോദരന്‍-സഹോദരി എന്ന നിലയില്‍ ഞങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന് അതിരുകളില്ല. അവന്‍ എല്ലാ ചോദ്യങ്ങള്‍ക്കും വളരെ ചുരുക്കം വാക്കുകളില്‍ ഉത്തരം പറയുന്നയാളാണ.

പുതിയ സിനിമകളെ കുറിച്ച് ?

അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്', വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്നിവയാണ് പുതിയ സിനിമകള്‍. നമ്മള്‍ ഇതുവരെ കാണാത്ത തരം കഥയാണ് ഹൃദയത്തിന്റേത്. അപ്പുച്ചേട്ടനും ഞാനുമാണ് പ്രധാനകഥാപാത്രങ്ങള്‍. ഷൂട്ടിങ് തുടങ്ങിയിട്ടില്ല.  വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ചിമ്പുവിനൊപ്പമുള്ള മാനാക് എന്നൊരു സിനിമയാണ് അടുത്തത്. വേറൊന്നും  കമ്മിറ്റ് ചെയ്തിട്ടില്ല.

ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ഫേവറേറ്റ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയാണ്. കുറേ ദിവസം ചെന്നൈയില്‍ തന്നെയായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് എല്ലാവരെയും അടുത്ത് അറിയാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. അപ്പുച്ചേട്ടനെ എനിക്ക് കുട്ടിക്കാലത്തെ അറിയാമെങ്കിലും ദുല്‍ഖറുമായി എനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നില്ല.
 
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ പൂജാ വേളയിലാണ് ദുല്‍ഖറിനെ  പരിചയപ്പെടുന്നത്. സെറ്റിലെത്തിയപ്പോള്‍ ശോഭന ആന്റിയെ മാത്രമായിരുന്നു അടുത്ത് പരിചയം. അമ്മയുമായി അടുത്ത സൗഹൃദമുള്ളതിനാല്‍ ആന്റി ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ട്. ശോഭന മാം എന്നാണ് ഞാന്‍ വിളിക്കുന്നത്. മാമിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ നമ്മളെ വളരെ ഓക്കെയാക്കിയാണ് അവര്‍ ഓരോ ഷോട്ടും അഭിനയിച്ചത്. ഷോട്ട് കഴിഞ്ഞാല്‍ മാം കുട്ടികളെപ്പോലെയാണ്. പാട്ടൊക്കെ പാടി ചിരിച്ച് കളിച്ച് ആഘോഷമാക്കും. നമ്മള്‍ കൂടെ നിന്ന് കൊടുത്താല്‍ മതി. 

സുരേഷ് ഗോപി അങ്കിളിന്റെ  കൂടെ നാലു സീനേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍പ്പോലും എന്നോട് അമ്മയെ കുറിച്ചൊക്കെ കുറേ സംസാരിച്ചു. ലിസി ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നൊക്കെ. അങ്കിളിന് അമ്മയോട്  നല്ല സൗഹൃദവും സ്‌നേഹവുമാണ്.

ദുല്‍ഖര്‍ എങ്ങനെയുണ്ട് ?

ദുല്‍ഖറിന്റെ കൂടെ ഷോട്ട് എടുക്കുന്നതിന് മുന്നേ ഒരു പേടിയുണ്ടായിരുന്നു. അത് വേറെ ആര്‍ക്കും മനസ്സിലാകുന്നില്ല. എന്താണ് കാരണം എന്ന് എനിക്കും അറിയില്ല. പക്ഷേ ദുല്‍ഖറിന് അത് മനസ്സിലായി. ഷോട്ടിന് മുന്നേ എന്റെ അടുത്തേക്ക് വരും. നെര്‍വസ് ആകരുത്, നമ്മള്‍ നന്നായി ചെയ്യും എന്ന് പറഞ്ഞ് എന്നെ കംഫര്‍ട്ടബിളാക്കി. എട്ട് വര്‍ഷം മുമ്പ് തനിക്കും ഇത്തരം ടെന്‍ഷനും നെര്‍വസ്‌നെസും ഉണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. അത് വേഗം ശരിയാവും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

ഹോബികള്‍? 

യാത്ര, സ്‌പോര്‍ട്‌സ്. ബാഡ്മിന്റനാണ് ഏറ്റവും ഇഷ്ടം.
 
യാത്രപോകാന്‍ ഇഷ്ടസ്ഥലം? 

കൂര്‍ഗ്. ആ സ്ഥലത്തിന് എന്നെ ആകര്‍ഷിക്കുന്ന വല്ലാത്തൊരു സൗന്ദര്യമുണ്ട്. ഇടവേള കിട്ടുമ്പോഴെല്ലാം കൂര്‍ഗിലേക്ക് പോകാറുണ്ട്. ന്യൂയോര്‍ക്കിലാണ് ഞാന്‍ പഠിച്ചത്. അതാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഇഷ്ടസ്ഥലം.

ബെസ്റ്റ് ഫ്രണ്ട് ആരാണ്?

അച്ഛന്റെ സുഹൃത്തുക്കളുടെ മക്കളാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍. ഐ.വി ശശിയങ്കളിന്റെ മകന്‍ അനി, ലാലങ്കിളിന്റെ മകനായ അപ്പുച്ചേട്ടന്‍, സുരേഷങ്കിളിന്റെ മകള്‍ കീര്‍ത്തി സുരേഷ് എന്നിവരെല്ലാം ബെസ്റ്റ് ഫ്രണ്ട്‌സാണ്.

രാഷ്ട്രീയമുണ്ടോ? 

എനിക്ക് ഇടതുപക്ഷവും വലതുപക്ഷവും എന്താണെന്നുപോലുമറിയില്ല. രാഷ്ട്രീയത്തെ കുറിച്ച് കുറേ പഠിക്കാനുണ്ട്.

ഏറ്റവും വലിയ സ്വപ്‌നം?

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സിനിമയ്ക്ക് തിരക്കഥ എഴുതണം.  സംവിധാനം ചെയ്യുകയും വേണം. ഒരിക്കല്‍ മാത്രം മതി. ഇപ്പോള്‍ സാധിച്ചില്ലെങ്കിലും ഇരുപത് വര്‍ഷം കഴിഞ്ഞായാലും മതി.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Interview with Kalyani Priyadarshan