ജനിച്ചത് സംഗീത കുടുബത്തിലാണെങ്കിലും സംഗീതത്തിന്റെ വഴി തിരഞ്ഞെടുക്കുമെന്ന് നഫ്‌ല കരുതിയിരുന്നില്ല. സംഗീതം, തന്നെ തിരഞ്ഞെടുത്തുവെന്നാണ് ഈ ഗായിക പറയുന്നത്. ഗസല്‍ വേദികളില്‍ ഒരു മഴ പോലെ ആരാധകരിലേക്ക് ആഴ്ന്നിറങ്ങുകയാണ് നഫ്‌ല സാജിദിന്റെ സംഗീതം. 

സംഗീതത്തിലേക്ക്

സംഗീതത്തില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന കുടുംബമായിരുന്നു. മുത്തച്ഛന്‍ സംഗീതഞ്ജനായിരുന്നു. ഗായകന്‍ അഫ്‌സല്‍ പിതൃസഹോദരനാണ്. സംഗീത കുടുംബത്തില്‍ വളര്‍ന്നത് കൊണ്ട് തന്നെ സംഗീതം കൂടെപിറപ്പ് പോലെയായി. ചെറുപ്പത്തില്‍ പാട്ട് പഠിക്കാന്‍ വീട്ടുകാര്‍ വിട്ടിരുന്നു. എന്നാല്‍ ആ പ്രായത്തില്‍ അതിനെ വലിയ ഗൗരവത്തോടെ എടുത്തിരുന്നില്ല. കര്‍ണാട്ടിക്ക് സംഗീതമാണ് പഠിക്കാന്‍ പോയിരുന്നത്. എന്നാല്‍ ചുറ്റുപാടും നിന്ന് പാട്ട് പഠിക്കാനായി വലിയ പിന്തുണ ലഭിച്ചിരുന്നില്ല.

പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ വിവാഹം കഴിഞ്ഞിരുന്നു. ഭര്‍ത്താവാണ് പിന്നീട് സംഗീതം പഠിക്കാനായി  പ്രോത്സാഹിപ്പിച്ചത്. അതിന് മുന്‍പ് യുവജനോത്സങ്ങളില്‍ പങ്കെടുത്തിരുന്നു സ്‌കൂളില്‍ നിന്ന് നല്ല സപ്പോര്‍ട്ടായിരുന്നു. 

പാട്ടില്‍ ആദ്യം നല്ലൊരു ഗൈഡന്‍സ് തന്നത് അച്ഛനാണ്. എന്റെ ചെറുപ്പക്കാലത്ത് സാധ്യകള്‍ കുറവായിരുന്നു. സോഷ്യല്‍ മീഡിയയും ഇല്ല. അത് കൊണ്ട് തന്നെ ഇന്നത്തെ പോലെ എക്‌പോഷര്‍ ഇല്ലെന്ന് വേണം പറയാന്‍


 
1
 

ഉമ്പായിക്ക എന്റെ ഗുരു

അച്ഛന്റെ സുഹൃത്താണ് ഉമ്പായി. യുവജനോത്സങ്ങളില്‍ അവതരിപ്പിക്കാന്‍ ഉറുദു പദ്യം വേണമായിരുന്നു. ഇന്നത്തെ പോലെ യുട്യൂബ് നോക്കി പഠിക്കാനുള്ള സാധ്യതയൊന്നും അന്നുണ്ടായിരുന്നില്ല. ആരുടെയങ്കിലും അടുത്ത് പോയി തന്നെ പഠിക്കണം. അങ്ങനെ വാപ്പയാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിക്കുന്നത്. ആ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തില്‍  ഒരുപാട് അറിവുകള്‍ ഉമ്പായിക്ക എനിക്ക് പകര്‍ന്നു തന്നു. എന്റെ ആദ്യ ഗുരുവെന്ന് ഉമ്പായി ഇക്കയെ വിളിക്കാം. വളരെ സീനിയറായത് കൊണ്ട് തന്നെ ആ ബഹുമാനവും പേടിയും നിലനിര്‍ത്തി കൊണ്ടായിരുന്നു ആ ബന്ധം. 

എല്ലാത്തരം സംഗീതവും ഇഷ്ടം

എല്ലാത്തരം സംഗീതവും എനിക്ക് ഇഷ്ടമാണ്. എല്ലാം ഞാന്‍ ട്രൈ ചെയ്തിട്ടുണ്ട്. എന്റെ ഗസല്‍ സംഗീതത്തിനാണ് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നത്. ഗസല്‍ പരിപാടികള്‍ അവതരിപ്പിക്കാനാണ് ആളുകള്‍ എത്തുന്നത്. എല്ലാം രംഗത്തും ശോഭിക്കണമെന്നാണ് ആഗ്രഹം.

Nafla
 

വിമര്‍ശനങ്ങള്‍

ആദ്യം എനിക്കൊരു ജോലിയുണ്ടായിരുന്നു പിന്നീട് അത് പൂര്‍ണമായി ഉപേക്ഷിച്ചാണ് ഈ രംഗത്തേക്ക് എത്തിയത്. ഭര്‍ത്താവാണ് സംഗീതം തിരഞ്ഞെടുക്കാന്‍ പിന്തുണ നല്‍കിയത്. ആദ്യമെല്ലാം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ജോലി വിട്ട് ഇതിലേക്ക് പൂര്‍ണമായും ഇറങ്ങുമ്പോള്‍ പ്രതീക്ഷ ഫലങ്ങള്‍ ലഭിച്ചില്ല. പതിയെയാണ് പ്രോഗ്രാമുകള്‍ ലഭിച്ച് തുടങ്ങിയത്. അത് പോലെ പാട്ട് പഠിക്കാനായി കുട്ടികള്‍ എത്തിയതും പതുക്കെയായിരുന്നു. ഫാമിലി സപ്പോര്‍ട്ട്  ഉള്ളതു കൊണ്ട് വലിയ സഹായമായി. മുസ്ലീം സമുദായത്തിൽ നിന്ന് സ്ത്രീകള്‍ ഇങ്ങനെ പുറത്തിറങ്ങി പാടുന്നത് ശരിയല്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആദ്യ കാലത്ത് സജീവമായിരുന്നു. അതെല്ലാം ഇപ്പോള്‍ മാറിത്തുടങ്ങുന്നുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ അത്തരം കമന്റുകള്‍ സാധാരണയാണ്. തട്ടമിട്ട് ഒരു സ്ത്രീ പാടുമ്പോള്‍ അത് സ്വാഭാവികമാണല്ലോ. പബ്ലിക്കായി അത്തരം കമന്റുകളായി ഇട്ടാല്‍ അതിനെതിരെ പ്രതികരിക്കാന്‍ മറ്റുള്ളവര്‍ വരും. ഇത്തരം വിമര്‍ശനങ്ങളെ വളരെ മാന്യമായി തന്നെയാണ് ഞാന്‍ നേരിടുന്നത്. ആദ്യകാലത്ത് ഇത്തരം വിമര്‍ശനങ്ങള്‍ എന്നെ വല്ലാതെ തളര്‍ത്തി. അത് കൊണ്ട് തന്നെ ഒരു നാല് കൊല്ലത്തോളം ഞാന്‍ ബ്രേക്കെടുത്തു. പിന്നീട് ഈ രംഗത്ത് സജീവമാവണമെന്ന് വിചാരിച്ചിരുന്നില്ല. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയാണ് തിരിച്ചുവരവിന് ശക്തി നല്‍കിയത്. ഇപ്പോള്‍ ഇതൊന്നും കാര്യമാക്കാറില്ല.

സംഗീത സംവിധാനം

ആലാപനത്തേക്കാളും സംഗീത സംവിധാനമാണ് എനിക്ക് പ്രിയപ്പെട്ടത്. വളരെയധികം ക്രിയേറ്റിവിറ്റി ആവശ്യമായ മേഖലയാണ്. സ്വന്തമായി പാട്ടിന് ഈണം നല്‍കുമ്പോള്‍ വളരെയധികം സംതൃപ്തിയാണ് ലഭിക്കുന്നത്.  ഇതൊരു പുരുഷകേന്ദ്രീകൃത രംഗമാണെന്ന് തോന്നിയിട്ടുണ്ട്. ഭര്‍ത്താവും  സഹോദരന്‍ യാസിര്‍ അഫറഫുമാണ് എല്ലാ സഹായവുമായി കൂടെ നില്‍ക്കുന്നത്. അദ്ദേഹവും സംഗീത രംഗത്ത് സജീവമാണ്.  അദ്ദേഹത്തിന്റെ പിന്തുണയും ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. 

സംഗീതത്തില്‍ ലയിച്ച് ജീവിക്കണം

ഈ മേഖലയെ കരിയര്‍ അല്ലെങ്കില്‍ പ്രശസ്തി കണ്ടിട്ട് നില്‍ക്കുന്ന വ്യക്തിയല്ല. സംഗീതം വളരെയധികം സംതൃപ്തി നല്‍കുന്നു. അത് കൊണ്ടാണ് ഈ രംഗത്ത് നില്‍ക്കുന്നത്. ആത്മാവിനോട് അടുത്ത് കിടക്കുന്ന ഒരു ഫീലാണ് എനിക്ക് സംഗീതം. സത്യം പറഞ്ഞാല്‍ വലിയ പ്ലാനുകളൊന്നുമില്ല. ഇത് വരെയുള്ള ജീവിതം ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല മൂന്നോട്ട് പോയത്. പാട്ടില്‍ നന്നായി ശ്രദ്ധിക്കണം. അതില്‍ ലയിച്ച് ജീവിക്കണം അത്രമാത്രം. 

ഭര്‍ത്താവ് സാജിദ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മൂത്ത മകനാന്‍ അദനാന്‍ 11 വയസ്സുണ്ട് ഇളയ മകന്‍ അഹിയാന് നാല് വയസാണ്. മൂത്ത മകന് സംഗീതത്തില്‍ താത്പര്യമുണ്ട്. 

 
 
 
Content Highlights: Interview with Gazal singer Nafla Sajid