മിഴ്നാട് സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ കലൈമാമണി പട്ടം ഇത്തവണ ലഭിച്ചിരിക്കുന്നത് ഒരു മലയാളിക്കാണ്; ഡോ. ശ്രീലത വിനോദ് എന്ന ഭരതനാട്യം നർത്തകിക്ക്. വെറും നർത്തകി എന്നതിലുപരി ഈ മേഖലയിൽ ആഴത്തിലുള്ള ഗവേഷണം നടത്തുകയും നടനപാരമ്പര്യത്തിന്റെ തുടർച്ചയെ തേടുകയുംചെയ്യുന്നയാളാണ് ഡോ. ശ്രീലത. ഈ മുഖാമുഖം അത് വെളിവാക്കുന്നു.

തമിഴ്നാട് സാംസ്കാരികലോകത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ കലൈമാമണി പട്ടം മലയാളിയായ താങ്കൾക്ക് ലഭിച്ചിരിക്കയാണ്. എങ്ങനെ കാണുന്നു ഇത്രയും കാലത്തെ നൃത്തസപര്യയെ?

നൃത്തകലയിൽ, ഭരതനാട്യമെന്ന മാസ്മരികതയിൽ ഇത്രയും കാലം കഴിയാൻ എന്നെ പ്രാപ്തരാക്കിയ മാതാപിതാക്കളോടും ഭർത്താവിനോടുമാണ് ആദ്യം കടപ്പാട്. തഞ്ചൈ അരുണാചലം പിള്ളൈയുടെ ശിക്ഷണത്തിലാണ് ഞാൻ അടവുകൾ പഠിച്ചുതുടങ്ങിയത്. എട്ടാംവയസ്സിൽ അരങ്ങേറ്റംചെയ്യുന്നതും അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. അരുണാചലംപിള്ളൈ പെട്ടെന്ന് മരിച്ചതോടെ എന്റെ നൃത്തപഠനം അനിശ്ചിതാവസ്ഥയിലായി. മാതാപിതാക്കൾക്കായിരുന്നു കൂടുതൽ വിഷമം. അങ്ങനെയാണ് ധനഞ്ജയൻ സാറിന്റെ അടുക്കലെത്തുന്നത്. ശാന്ത-ധനഞ്ജയൻ ദമ്പതിമാരുടെ ചിട്ടയും കലാക്ഷേത്രമോഡൽ ശിക്ഷണവും എനിക്ക് പുതിയ ലോകമായിരുന്നു തുറന്നുതന്നത്. ധനഞ്ജയൻശൈലിയിലേക്ക് വരുമ്പോൾ അതുവരെ ഞാൻ പഠിച്ചതിൽനിന്നെല്ലാം തികച്ചും വിഭിന്നമായിരുന്നു അടവുകളെല്ലാംതന്നെ. പന്ത്രണ്ടാം വയസ്സിലാണ് ഭരതകലാഞ്ജലിയെത്തുന്നത്. അരങ്ങേറ്റം കഴിഞ്ഞതാണെന്ന പരിഗണനയൊന്നുമില്ലാതെ ആദ്യംമുതലേ പഠിച്ചുതുടങ്ങി. റിസർച്ച് ഫെലോയാവുന്നതും സ്കോളർഷിപ് ലഭിക്കുന്നതുമെല്ലാം ധനഞ്ജയൻ സാറിന്റെ ശിഷ്യയായിരിക്കെയാണ്. ഇന്നും ഞാനവിടത്തെ ശിഷ്യയാണ്.

ഭരതനാട്യത്തിൽ പിഎച്ച്.ഡി. എടുത്തപ്പോൾ ഗവേഷണവിഷയം ഏതായിരുന്നു?

മദ്രാസ് വിമൻ ക്രിസ്ത്യൻ കോളേജിൽ ബി.എ. ഹിസ്റ്ററി കഴിഞ്ഞ് എം.എ.യും ചെയ്തതിനുശേഷമാണ് മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് എം.എ. ഭരതനാട്യംചെയ്തത്. തമിഴ് യൂണിവേഴ്സിറ്റിയിൽനിന്നാണ് പിഎച്ച്.ഡി എടുത്തത്. പഴയ ടെക്സ്റ്റുകളിൽ അടവുകൾ തിരിച്ചിരിക്കുന്നത് എങ്ങനെയൊക്കെയാണ്, ഇന്ന് ഭരതനാട്യത്തിൽ ആ അടവുകൾ ഏതുരീതിയിൽ തിരികെക്കൊണ്ടുവരാം എന്നതായിരുന്നു ഗവേഷണവിഷയം. ഇന്നുനമ്മൾ ചെയ്യുന്ന അടവുകളും പഴയ ടെക്സ്റ്റുകൾ നിർദേശിക്കുന്ന അടവുകളുംതമ്മിൽ എത്ര സാമ്യമുണ്ട്, എന്തെല്ലാം വ്യത്യാസങ്ങളുണ്ട്, എന്തുകൊണ്ടാണ് അടവുകൾ മാറിയത്, ആ വ്യത്യാസങ്ങൾ പ്രകടമായിത്തുടങ്ങിയത് ഏതെല്ലാം കൃതികളിലൂടെയാണ്, ഏത് കാലഘട്ടത്തിലാണ്, അപ്പോൾ ഭരതനാട്യത്തിൽ മേൽക്കോയ്മയുണ്ടായിരുന്നത് ഏതുകലാലയത്തിനാണ്, അവിടെയുള്ള ഗുരുക്കൾ ആരൊക്കെ, അതിൽ പ്രധാനപ്പെട്ടതും എന്നാൽ ഇപ്പോൾ പ്രയോഗത്തിലില്ലാത്തതുമായ അടവുകളെ എങ്ങനെ തിരികെ അവതരിപ്പിക്കാം, അതിന് യോജ്യമായ പദങ്ങളേതൊക്കെ, സന്ദർഭമേത് തുടങ്ങിയ വിവരങ്ങൾ ഗവേഷണഫലമായി ലഭിച്ചു. സംഗീതസാരാമൃതമൊക്കെ ടെക്സ്റ്റായി അഭ്യസിച്ചിരുന്ന തലമുറ ഉപയോഗിച്ചിരുന്ന അടവുകൾ പിന്നീട് എങ്ങനെയാണ് ഭരതനാട്യത്തിൽനിന്ന് അകന്നുപോയതെന്നും ദക്ഷിണഭാരതത്തിൽ ഭരണമാറ്റങ്ങളുണ്ടായപ്പോഴും രാജവംശങ്ങൾ മാറിമാറി വന്നപ്പോഴും ഭരതനാട്യത്തിന് സംഭവിച്ച വലിയ നഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ പറ്റി. നർത്തകർ നാടുവിടേണ്ടിവന്ന കാലമുണ്ടായിരുന്നു. അങ്ങനെ നർത്തകർപോയതോടെ അവരോടൊപ്പം അടവുകളും വരുംതലമുറയ്ക്ക് അന്യമായി. നടനപാരമ്പര്യത്തിന്റെ തുടർച്ച അവിടെ മുറിഞ്ഞുപോയതായി കാണാം. പഴയകാല നൃത്തചിത്രങ്ങളും ടെക്സ്റ്റുകളും പഠിക്കുകയും കാണുകയും ചെയ്തപ്പോൾ അടവുകൾ വളരെയധികം മാറിമറിഞ്ഞതായി കാണാൻ കഴിഞ്ഞു. അത് വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു പിന്നെ. ഇന്ന് നമുക്കുള്ള വീഡിയോ ഹാർഡ് ഡിസ്ക് സൗകര്യങ്ങളോ സൂക്ഷിച്ചുവെക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങളോ ഇല്ലാത്ത കാലത്തെ വിവരണങ്ങളെ; അതും താളിയോലകളിൽ രചിക്കപ്പെട്ടതുമാത്രം ആശ്രയിച്ചുകൊണ്ട് അടവുകൾ വീണ്ടെടുക്കുമ്പോൾ ശരിയോ തെറ്റോ എന്ന് പറഞ്ഞുതരാൻ ഒരു തലമുറപോലും അവശേഷിക്കുന്നില്ല എന്നതായിരുന്നു വെല്ലുവിളി. അതുതന്നെയായിരുന്നു പ്രചോദനവും. അടവുകൾ എത്രത്തോളം രേഖപ്പെടുത്തിവെക്കപ്പെട്ടോ, അത്രത്തോളം അടവുകളെ നമുക്ക് വീണ്ടെടുക്കാൻ കഴിയും. അടവുകളുടെ പുനഃപ്രതിഷ്ഠ അവിടെ നടക്കുകയാണ്.

പെർഫോമിങ് ആർട്സുകൾ അനുദിനം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ, മാക്ബത്തും കിങ്ലിയറും വരെ ഭരതനാട്യമായിമാറുന്ന കാലത്തിലിരുന്നുകൊണ്ട് പൂർവികരുടെ അടവുകൾ തേടിപ്പോകുമ്പോൾ രണ്ടുംകൂടി പൊരുത്തക്കേട് അനുഭവപ്പെട്ടില്ലേ?

മോഹിനിയാട്ടം, കുച്ചിപ്പുഡി, ഭരതനാട്യം, കഥകളി എന്നിവ എടുത്തുനോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന പൊതുസ്വഭാവമുണ്ട്. മോഹിനിയാട്ടം പദങ്ങളെയും പ്രമേയത്തെയും ആശ്രയിച്ചിരിക്കുന്നത് കഥകളിയെയാണ്. അതേസമയും ഭരതനാട്യവും കുച്ചിപ്പുഡിയും തമ്മിൽ ഇതേസാമ്യം കാണാം. എല്ലാം നാട്യകലയുടെ ഭാഗമാണ്. നാട്യമെന്നാൽ തിയേറ്റർ. അങ്ങനെ നോക്കുമ്പോൾ എല്ലാം ഒരുകാലത്ത് നൃത്തനാടകങ്ങളാണ്. യക്ഷഗാനവും കൂടിയാട്ടവും ഭാഗവതമേളയുമെല്ലാം തിയേറ്റർ പെർഫോമൻസായി വരും. ആത്യന്തിമായി എല്ലാറ്റിനുംകൂടി ഒരു പൊതുസ്വഭാവമുണ്ട്. വ്യത്യസ്തശാഖകളായി നമ്മൾ പഠിക്കുന്നു, അവതരിപ്പിക്കുന്നു എന്നുമാത്രം. അപ്പോൾ നാട്യകലകളുടെ അടിവേര് സ്വായത്തമാക്കുക എന്നതാണ് മുഖ്യം. അത് പഠിക്കാതെ പുതുകാല നൃത്തസംവിധാനങ്ങളിലേക്ക് ശ്രദ്ധകൊടുത്താൽ ശരിയാവില്ല. ആ ബേസിക് റൂട്ടിനെയാണ് നമ്മൾ പൂർവികശൈലി എന്നുപറയുന്നത്. അത് ഗൗരവത്തോടെ പഠിച്ചെടുക്കേണ്ടതുണ്ട്. പിന്നെയുള്ളത് സമകാലിക സംസ്കാരവുമായി ഇഴുകിച്ചേരുക എന്നതാണ്. നൃത്തത്തിൽ അടവാണ് അടിസ്ഥാനതത്ത്വം. പ്രമേയമേതുമായിക്കൊള്ളട്ടെ, ഭരതനാട്യത്തിലെ അടവ് കുച്ചിപ്പുഡിയിലെ അടവുമായി എവിടെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്, എങ്ങനെ അത് വ്യത്യാസപ്പെട്ടു, എന്ന തിരിച്ചറിവിലേക്കാണ് ഒരു നൃത്തവിദ്യാർഥി എത്തിച്ചേരേണ്ടത്. പ്രമേയം മാക്ബത്താണോ ഹാംലെറ്റാണോ എന്നതല്ല പ്രധാനം, അത് അവതരിപ്പിക്കുന്ന രീതിയും ശൈലിയുമാണ്.

നൃത്തത്തിലെ സാധ്യതകൾ വളരെ വിശാലമാണെന്നിരിക്കേ ഗൗരവമായ നൃത്തപഠനത്തിലേക്ക് വളരെ ചുരുക്കംപേർമാത്രമാണ് തിരിയുന്നത്. നൃത്തത്തിൽ ഡോക്ടറേറ്റ് നേടിയയാൾ എന്നനിലയിൽ താങ്കൾ ഇതിന്റെ പ്രൊഫഷണൽ സാധ്യതയെ എങ്ങനെ നിരീക്ഷിക്കുന്നു?

എല്ലാ മേഖലയിലുമുള്ളതുപോലെ രണ്ട് സാധ്യതകൾ നൃത്തത്തിനുമുണ്ട്-മികച്ചതാവാനും മോശമാകാനുമുള്ള സാധ്യതകൾ. അവസരങ്ങളാണ് ഈ രണ്ടുസാധ്യതകളും നിർണയിക്കുന്നത്. അവസരങ്ങൾ വരുമ്പോൾ അത് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. എക്കാലവും ഒരേപോലെ വന്നുചേരാത്ത ഒന്നാണ് അവസരം. വളരെ വിഷമംപിടിച്ച, ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് അവസരങ്ങൾ വരുക. അപ്പോൾ കണ്ണടച്ച് അതിനെ ഏറ്റെടുക്കുക. അത്രനാളും നിങ്ങൾ സഹിച്ച ബുദ്ധിമുട്ടുകളുടെ ഇരട്ടി കഷ്ടപ്പാട് വേണ്ടിവരും ആ അവസരം നേരാംവണ്ണം ഉപയോഗിക്കാൻ. ഇനി അത്രയും കഷ്ടപ്പാടുകൾ സഹിച്ച് നിങ്ങൾ ആ അവസരത്തെ ഉപയോഗപ്പെടുത്തി എന്നിരിക്കട്ടെ ഒരുഫലവും തിരിച്ചുകിട്ടിക്കൊള്ളണമെന്നില്ല. ആരാലും അംഗീകരിക്കപ്പെട്ടെന്നും വരില്ല. എന്റെ വ്യക്തിപരമായ അനുഭവത്തിൽ ധാരാളം പൊളിറ്റിക്സുകൾ കണ്ടിട്ടുണ്ട്; അതേപോലെ നല്ല ഗുരുക്കന്മാരെയും നല്ല വേദികളും കിട്ടിയിട്ടുണ്ട്. അതൊക്കെ ഏതുജോലിയുടെയും ഭാഗമാണ്. ഒരേസമയം വിദ്യാർഥിയും അധ്യാപികയുമായിരിക്കുന്ന ഞാൻ ഇത്രയും കാലം വന്നുചേർന്ന അവസരങ്ങളെല്ലാംതന്നെ വിടാതെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുന്നിൽ ഒരേയൊരു വേദിയേ ഉണ്ടാവൂ. അപ്പോൾ എത്രകണ്ട് വ്യത്യസ്തമായി അവതരിപ്പിക്കുന്നുവോ അത്രകണ്ട് സദസ്സ് നിങ്ങളെ അംഗീകരിക്കും. നിരന്തരമായ പഠനവും ഗവേഷങ്ങളും പ്രാക്ടീസും ഒന്നുകൊണ്ടുമാത്രം സാധ്യമാവുന്നതാണ് ഇത്. കിട്ടിയ അവസരം മറ്റുള്ളവർക്ക് പുതുമനൽകുന്ന തരത്തിൽ ഉപയോഗപ്പെടുത്തുന്നവർക്ക് പ്രൊഫഷൻ എന്നനിലയിൽ നൃത്തംമാത്രംമതി. അല്ലാതെ ഒട്ടേറെ ഡിഗ്രികൾക്കിടയിൽ ആചാരംപോലെ നൃത്തമഭ്യസിച്ചാൽ തിരിച്ചാകും ഫലം.

എത്രശതമാനം വിദ്യാർഥികൾ അവരുടെ നൃത്തപഠനത്തെ ഗവേഷണതലംവരെ എത്തിക്കുന്നുണ്ട്? അക്കാദമികമായി എന്തുസംഭാവനയാണ് ഇവർ നൽകുന്നത് ?

ഞാൻ പഠിച്ചിരുന്നകാലത്ത്, അതായത് പഠിപ്പിക്കാൻ തുടങ്ങുന്നതിനുമുമ്പ് എന്റെ സമപ്രായക്കാരിൽ എഴുപത് ശതമാനം പേരും നൃത്തം ഉപജീവനമാർഗമാക്കിയവരായിരുന്നു. അവർ ഉന്നതപഠനങ്ങൾ നേടുകയും സ്വന്തമായി നൃത്തവിദ്യാലയങ്ങൾ തുടങ്ങുകയും ചെയ്തു. കുറെപേർ യൂണിവേഴ്സിറ്റിതലങ്ങളിൽ നൃത്താധ്യാപകരായി. പന്ത്രണ്ടുവർഷത്തോളം നൃത്തപഠനത്തിനായിമാത്രം നീക്കിവെച്ചവരാണവർ. പാർട്ട്ടൈം അധ്യാപകരല്ലായിരുന്നു ആരും. നൃത്തംമാത്രമായിരുന്നു അവരുടെ ഉപാസന. ഇന്നത്തെ തലമുറ ഞങ്ങളെക്കണ്ട് പഠിച്ചത് മറ്റൊരു തരത്തിലാണ്. ഈ മേഖല എത്രമാത്രം ബുദ്ധിമുട്ടുകളും വിഷമതകളും നിറഞ്ഞതാണെന്ന് അവർ മനസ്സിലാക്കി. അതുകൊണ്ടുതന്നെ എല്ലാവർക്കും സമാന്തരമായ മറ്റൊരു ജോലിയുണ്ട്. പ്രോഗ്രാം ചെലവുകൾ അവർ വഹിക്കുന്നത് ആ ജോലിയിൽനിന്നാണ്. സ്വന്തമായി വരുമാനമാർഗമുള്ളതുകൊണ്ട് തങ്ങളുടെ നൃത്തച്ചെലവുകൾക്ക് മാതാപിതാക്കളെ ആശ്രയിക്കേണ്ട എന്നൊരു നല്ലവശം അതിനുണ്ട്. പക്ഷേ, അതത്ര നല്ല പ്രവണതയല്ല. നൃത്തം വെറുമൊരു ചോയ്സ് മാത്രമായി മാറുകയാണ് അവിടെ. അത് ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലാത്ത മനഃസ്ഥിതി വന്നുചേരുന്നു. അപ്പോൾ നിങ്ങൾപറഞ്ഞ അക്കാദമികസംഭാവനകൾ ഇല്ലാതെയാവുന്നു, ഗവേഷണമൊക്കെ വിദൂരസ്വപ്നംമാത്രമാകുന്നു.

മണിമേഖല, കുണ്ഡലകേശി, വളയാപതി, ജീവകചിന്താമണി, ചിലപ്പതികാരം... ഈ അഞ്ച് തമിഴ് ഇതിഹാസങ്ങൾ നീണുവാഴുന്ന മേഖലയാണ് ഭരതനാട്യം. അതിൽ താങ്കൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് 'ചിലപ്പതികാര'ത്തിനാണ്.

കണ്ണകി, കോവലൻ, മാധവി ത്രികോണ പ്രണയബന്ധങ്ങളും പ്രതികാരങ്ങളും എനിക്ക് പഠിക്കാനുള്ള അവസരം ലഭിച്ചത് ചെന്നൈയിലെ നാട്യരംഗം എന്നുപേരായ ഒരു സംഘടനയുടെ മുൻകൈയാലാണ്. എല്ലാവർഷവും ഒരു തീമാറ്റിക് നൃത്താവിഷ്കാരം അവർ സംഘടിപ്പിക്കാറുണ്ട്. ആർട്ടിസ്റ്റുകളെ ആദ്യം തിരഞ്ഞെടുത്ത് അവർക്ക് പ്രമേയം കൈമാറും. അത് ഏതുരീതിയിൽ അവതരിപ്പിക്കാമെന്നത് ആർട്ടിസ്റ്റിന്റെ ചോയ്സ് ആണ്. അപ്രകാരം എനിക്കുലഭിച്ചത് ചിലപ്പതികാരമായിരുന്നു. സത്യത്തിൽ ചിലപ്പതികാരം ആഴത്തിൽ പഠിക്കാനുള്ള അവസരംകൂടിയായിരുന്നു അത്. തമിഴ് പണ്ഡിതൻ ഡോ. എസ്. രഘുരാമനാണ് ചിലപ്പതികാരത്തിന്റെ സത്ത മനസ്സിലാക്കിത്തരാൻ എന്നെ സഹായിച്ചത്. ഇളങ്കോ അടികൾ രചിച്ച് മൂന്ന് അധ്യായങ്ങളായി 5700 വരികളുള്ള ചിലപ്പതികാരത്തിൽനിന്ന് നൃത്തശില്പത്തിനുവേണ്ടതുമാത്രം ചികഞ്ഞെടുക്കാനും ഏതെല്ലാം ഭാഗങ്ങൾ നിർബന്ധമായും അവതരിപ്പിക്കേണ്ടതുണ്ട് എന്നെല്ലാം അദ്ദേഹം മാർഗനിർദേശം തന്നു. അദ്ദേഹത്തിന്റെ നിർദേശത്തിലാണ് അവതരിപ്പിക്കേണ്ട വരികൾ ഒഴുക്കിന് ഭംഗംവരാതെ കോർത്തിണക്കാൻ സാധിച്ചത്. വരികൾതമ്മിൽ ബന്ധം നിലനിർത്താൻവേണ്ടി രഘുരാമൻസാർതന്നെ വരികളെഴുതി കൂട്ടിച്ചേർത്തുതന്നു. ഒന്നരമണിക്കൂർ നീണ്ടുനിന്ന നൃത്തനാടകമായിരുന്നു അത്. ചിലപ്പതികാരംപോലുള്ള വലിയൊരു ക്ലാസിക് കൃതിയുടെ സത്ത ചോർന്നുപോകാതെ ഒതുക്കിയെടുത്ത് നൃത്തരൂപത്തിലാക്കി രണ്ട് നർത്തകരിലൂടെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറിയപ്പോൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

'ചിലപ്പതികാരം'പോലുള്ള അവതരണങ്ങൾ പിന്നീട് ഉണ്ടായിട്ടുണ്ടോ?

ജഗന്നാഥദർശനം എന്ന നൃത്താവിഷ്കാരം ഒഡിഷയിലെ ജഗന്നാഥ പുരിയുടെ ചരിത്രമാണ് അവതരിപ്പിച്ചത്. വിശുദ്ധനഗരങ്ങളുടെയും രാജാക്കന്മാരുടെയുംമറ്റും ചരിത്രങ്ങൾ ഒഡീസിയിൽ അവതരിപ്പിച്ചുകാണും. പക്ഷേ, ചരിത്രത്തെ ഭരതനാട്യത്തിലേക്ക് കൊണ്ടുവന്നത് സ്വീകരിക്കപ്പെട്ടു. ജയദേവന്റെ അഷ്ടപദിമാത്രമല്ല, അവിടത്തെ പ്രാദേശികകവികളുടെ പദ്യങ്ങൾകൂടി എടുത്തിട്ടാണ് ക്ഷേത്രഭരതം എന്നപേരിൽ അവതരിപ്പിച്ചത്. മാണിക്യവാസകരുടെ 'തിരുവാസകം', ഈശനടിപോട്രി എന്ന പേരിൽ അവതരിപ്പിക്കാനും അവസരമുണ്ടായിട്ടുണ്ട്. തമിഴ് മാസങ്ങളെ ആധാരമാക്കിക്കൊണ്ട് അവതരിപ്പിച്ച കാലം എന്ന നൃത്താവിഷ്കാരംകൂടി എടുത്തുപറയേണ്ടതുണ്ട്. ആവണിമാസത്തിലെ വിനായകചതുർഥി, ആടിമാസത്തിലെ ഗോകുലാഷ്ടമി തുടങ്ങിയ വിശേഷദിവസങ്ങളെ ഒരു പെൺകുഞ്ഞിന്റെ ശൈശവംമുതൽ വാർധക്യംവരെയുള്ള വളർച്ചാഘട്ടങ്ങളുമായി കോർത്തിണക്കിക്കൊണ്ട് ജീവന്റെ കാലചക്രവും വർഷത്തിന്റെ കാലചക്രവുംകൂടി അവതരിപ്പിച്ചതാണ് 'കാലം'. ഒരു മാസത്തിന് ക്ലാസിക് രൂപം കൊടുത്തപ്പോൾ അടുത്തമാസത്തിന് നാടോടിനൃത്തരൂപമാണ് കൊടുത്തത്. അവതരണസാധ്യതയുള്ള മിക്ക നൃത്തരൂപങ്ങളെയും കൊണ്ടുവരാനും പറ്റി.

Content Highlights: Interview with Dr. Sreelatha Vinod, kalaimamani award