ഒരേ സമയം ഒരു വിഭാഗത്തിന്റെ കൈയില്‍ മാത്രമായി സമ്പത്ത് കുന്നുകൂടി കൊണ്ടിരിക്കുകയും ഭൂരിപക്ഷ ജനത പാപ്പരാകുകയും ചെയ്യുന്ന അവസ്ഥയെ ഉദാഹരിക്കാന്‍ കൂടുതല്‍ യോഗ്യമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെയാണ് മനുഷ്യന്റെ തുല്യതക്ക് വേണ്ടി ഇവിടെ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അത്രയേറെ പ്രസക്തമാകുന്നതും. മഹാരാഷ്ട്രയിലെ ഇടതുപക്ഷ സമരമുഖങ്ങളിലെ യുവജന സാന്നിധ്യമാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി പ്രീതി ശേഖര്‍. മുംബൈയിലെ ഒരു പിടിജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് പ്രീതി ശേഖര്‍ വഹിച്ച പങ്ക് അവരെ സംഘടനയുടെ നേതൃത്വനിരയിലേക്ക് എത്തിച്ചു. മൂന്നാം തവണയാണ് ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി പ്രീതി ശേഖര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 2012ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടിരുന്നു.
ഒരേ സമയം സ്ത്രീ ശരീരത്തിന്റെ പേരില്‍ രാഷ്ട്രീയ അട്ടിമറികള്‍ സ്വപ്നം കാണുകയും അതേസമയം സ്ത്രീ സംവരണ ബില്‍ പാര്‍ലമെന്റിന്റെ വെളിച്ചം കേറാത്ത മൂലയിലേക്ക് മാറ്റാന്‍ വ്യഗ്രത പെടുകയും ചെയ്യുന്ന സ്ത്രീ വിരുദ്ധ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ അവര്‍ തുറന്ന് കാണിക്കുന്നു. സ്ത്രീ എന്ന സ്വത്വത്തിനപ്പുറത്ത് കമ്യുണിസ്റ്റ് എന്ന വിശാലതയിലേക്ക് മാത്രം സംവദിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു എന്നതും ഒരു വിഭാഗത്തിന്റെ ഉള്ളിലേക്ക് ചുരുങ്ങാതിരിക്കുന്നു എന്നതും പ്രീതി ശേഖറിനെ വ്യത്യസ്തയാക്കുന്നു.
കോട്ടയത്തു നിന്നും മഹാരാഷ്ട്രയിലെത്തിയ പ്രീതി ശേഖര്‍ എപ്രകാരമാണ് ഡി.വൈ.എഫ്.ഐയുടെ അമരത്തെത്തിയത്?
വിവാഹത്തിന് ശേഷമാണ് ഞാന്‍ ബോംബെയില്‍ എത്തുന്നത്. ഇടത് സഹയാത്രികയായിട്ട് തന്നെയാണ് അതിന് മുന്‍പും പ്രവര്‍ത്തിച്ചുപോന്നത്. നിലനിന്ന് പോകാന്‍ വലിയ സമരങ്ങള്‍ നടത്തേണ്ടി വരുന്ന സാഹചര്യമായിരുന്നു മഹാരാഷ്ട്രയില്‍. ഫാസിസ്റ്റ് സംഘടനകളുടെ ഒരു ലബോറട്ടറി തന്നെയായിരുന്നു മഹാരാഷ്ട്ര.1992ന് നടന്ന കലാപങ്ങളുടെ മുറിവുകള്‍ ഉണങ്ങാത്ത നഗരത്തിലേക്കാണ് ഞാന്‍ വരുന്നത്. പിന്നീട് ഓരോ ദിവസവും സമരമുഖരിതമായിരുന്നു. അതില്‍ പ്രധാനമായും അന്ന് നടന്ന ഒരു സമരം, വിരാറില്‍ നിന്നും ബോംബെയിലേക്ക് കണക്റ്റ് ചെയ്യുന്ന ലോക്കല്‍ ട്രെയിനിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നാലുവര്‍ഷം തുടര്‍ച്ചയായി നടത്തിയ സമരമായിരുന്നു. അതൊരു വലിയ വിജയമായി മാറുകയായിരുന്നു. അതില്‍ പ്രധാനപെട്ട ഒരു പങ്ക് വഹിക്കാന്‍ മറ്റു സഖാക്കളെ പോലെ എനിക്കും സാധ്യമായിരുന്നു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഭാഷയും ജെന്‍ഡറും ഒന്നും ഒരു തടസ്സമല്ല. വിഷയങ്ങളില്‍ ഇടപെടാനുള്ള കാര്യക്ഷമത മാത്രമേ പരിഗണിക്കപ്പെടു. 2012-ലാണ് സംസ്ഥാന സെക്രട്ടറിയായി വരുന്നത്. ആറ് വര്‍ഷത്തോളം ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ മൂന്നാം തവണയാണ് സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപെട്ടത്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൂത്തരങ്ങായ മഹാരാഷ്ട്രയില്‍ ഡി.വൈ.എഫ്.ഐ യുടെ പ്രവര്‍ത്തനരീതി എപ്രകാരമാണ്?
കടുത്ത അന്ധവിശ്വാസങ്ങളും,പലതരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അതിഭീകരമായുള്ള ഒരു സ്ഥലമാണ് മഹാരാഷ്ട്ര. ഇതിനെല്ലാം എതിരെ ഉള്ള ക്യാമ്പയിന് ഒരു വശത്ത് നടത്തുമ്പോള്‍ തന്നെ മറ്റൊരു വശത്ത് കഴിഞ്ഞ അഞ്ച് കൊല്ലമായി ഞങ്ങള്‍ വളരെ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്നത് തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെയും വിഷയങ്ങള്‍ ഉന്നയിച്ചാണ്. രണ്ട് തരത്തിലാണ് ഇവിടെ ഹിന്ദു സംഘടനകള്‍ ഉള്ളത്. ഒന്ന് ബി ജെ പി യുടെയും ആര് എസ്സ് എസ്സിന്റെയും ഹിന്ദുത്വവാദം, രണ്ട് ശിവസേനയും ശിവസേനയില്‍ നിന്ന് പൊട്ടിപ്പോയ എം എന്‍ എസ്സും ഉയര്‍ത്തുന്ന ഹിന്ദുത്വ വാദം.അതില്‍ ശിവസേന ആര് എസ്സ് എസ്സിനോട് കടുത്ത വിയോജിപ്പ് ഉള്ള സംഘടന ആണെങ്കില്‍ കൂടി ഞങ്ങളാണ് കൂടുതല്‍ ഹിന്ദുത്വവാദികള്‍ എന്ന ലേബലിന് വേണ്ടി മത്സരിക്കുന്നവര്‍ കൂടിയാണ്. ഇത്തരത്തില്‍ ഉള്ള ഒരു സാഹചര്യത്തിലൂടെയാണ് മഹാരാഷ്ട്ര കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഘടനകള്‍ എല്ലാം കൂടെ മഹാരാഷ്ട്രയുടെ മതേതര മുഖമാണ് അനുദിനം ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേ സമയം മഹാരാഷ്ട്രയിലെ ആദിവാസി മേഖലയില്‍ എല്ലാം തന്നെ ഇടത് പക്ഷത്തിന് ശക്തമായ വേരോട്ടമാണ് ഉള്ളത്. ആദിവാസി മേഖലയില്‍ നിന്ന് യുവാക്കളുടെ വലിയ പിന്തുണതന്നെ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. പലരും ഡി.വൈ.എഫ്.ഐ യുടെ സംഘടന ചുമതലയിലും ഇന്നുണ്ട്. ശക്തമായ മുഖ്യധാര ആണെന്നുള്ള അവകാശ വാദമൊന്നും ഞങ്ങള്‍ക്കില്ല. എങ്കില്‍ തന്നെയും ശ്രദ്ധേയമായാ രീതിയില്‍ ജാഥകളും പ്രതിഷേധങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. തീവ്ര വലതുപക്ഷത്തിനെതിരെ കടുത്ത ചെറുത്തുനില്‍പ്പാണ് ഇവിടെ ഞങ്ങള്‍ നിരന്തരം ചെയ്യുന്നത്.
കര്‍ഷക സമരങ്ങള്‍ ഏത് രീതിയിലായിരിക്കും ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക?
കര്‍ഷകരുടെ പ്രശ്നങ്ങള്‍ മുഴുവന്‍ രാജ്യത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് സമരങ്ങളിലൂടെ മഹാരാഷ്ട്രയില്‍ സംഭവിച്ച ഒന്ന്. നൂറ് കണക്കിന് കര്‍ഷകര്‍ ആണ് ജീവിക്കാന്‍ സാധിക്കാതെ ഈ അടുത്ത കാലങ്ങളിലായി ആത്മഹത്യ ചെയ്തത്. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിപിടിച്ച് ഒരു രാഷ്ട്രീയ മുന്നേറ്റം ഇത് വരെ ഉണ്ടായിട്ടില്ല. അവിടെയാണ് കിസ്സാന്‍ സഭ വളരെ കാര്യക്ഷമമായ രീതിയില്‍ ഇടപെടുന്നത്. രാജ്യത്താകമാനം തന്നെ വലിയ മാറ്റങ്ങള്‍ ആണല്ലോ കര്‍ഷക സമരങ്ങളിലൂടെ സാധ്യമായത്. ജനങ്ങളും മാധ്യമങ്ങളും അതൊരു തീവ്രമായ വിഷയമാണെന്ന് തിരിച്ചറിയാന്‍ തുടങ്ങി എന്നുള്ളതും ലോങ്ങ്മാര്‍ച്ച് സാധ്യമാക്കിയ പരിവര്‍ത്തനമാണ്. ഈ അടുത്തിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടിയല്ലേ ബി ജെ പിക്ക് കിട്ടിയത്. ഇതിനെല്ലാം പ്രധാന കാരണം കര്‍ഷക സമരങ്ങളില്‍ നിന്ന് ഉണ്ടായ ഊര്‍ജ്ജം തന്നെയാണ്.
സ്ത്രീയുടെ ശരീരത്തെ കേന്ദ്രീകരിച്ചാണല്ലോ ഇന്ന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം. എങ്ങിനെ ആണ് ഇതിനെ നോക്കി കാണുന്നത്?
കേരളത്തിലെ നവോത്ഥാന ആശയങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ട് ഒരു പുതിയ തലമുറ മുന്നോട്ട് വരികയാണ് ചെയ്തത്. ആരാണ് പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത് എന്നും ആര്‍ക്കാണ് അതിന് സാധ്യമാകാത്തത് എന്നും പൊതുസമൂഹത്തിന് മനസിലാക്കാനും ചര്‍ച്ചചെയ്യാനും ഇതിലൂടെ സാധിച്ചു. ഭരണഘടനയെ കുറിച്ച് ഇത്ര ആഴത്തില്‍ ചര്‍ച്ച നടത്തിയ ഒരു പൊതുസമൂഹവും ഇതിലൂടെ സാധ്യമായി. മറ്റൊന്ന് തുറന്നതും ആഴത്തിലുള്ളതുമായ വായനയിലേക്ക് ചെറുപ്പക്കാരെ ഉള്‍പ്പെടെ തള്ളിയിടുന്നതിനും ഇത് വഴിവച്ചു. തൊട്ടുകൂടാന്‍ പാടില്ലാത്ത, കണ്ടുകൂടാന്‍ പാടില്ലാത്ത ഒരു ജനതയാണെന്ന് പറഞ്ഞ് സവര്‍ണ്ണ സമൂഹം അകറ്റി നിര്‍ത്തിയ ഒരു ജനത ഇന്ന് മറ്റേതൊരു പുരോഗമന ജനതക്കും ഒപ്പം എത്തിയിട്ടുണ്ടെങ്കില്‍ അത് ഈ നാട് നവോത്ഥാനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത കരുത്തുകൊണ്ടും, ശരീരം സമരമാക്കിയ സ്ത്രീകള്‍ കാണിച്ച ചങ്കൂറ്റം കൊണ്ടുമാണ്.
സുപ്രീം കോടതിവിധിയെ തുടര്‍ന്ന് ശബരിമല സന്ദര്‍ശനത്തിനെത്തിയ സ്ത്രീകളോട് സര്‍ക്കാരും പോലീസും പൂര്‍ണ്ണമായും നീതി പുലര്‍ത്തിയെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. മല കയറാന്‍ വന്ന ഒരൊറ്റ സ്ത്രീ പോലും പോലീസ് അതിന് സമ്മതിച്ചില്ല എന്ന് പറഞ്ഞ് പരാതിയുമായി വന്നിട്ടില്ല. കാടത്തം കാണിച്ച് നില്ക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്ക് കയറിപ്പോവാന്‍ സ്വയം എന്ന് സ്വയം തീരുമാനിച്ചപ്പോള്‍ മാത്രമാണ് കയറിയവരെ പോലീസ് തിരിച്ചിറക്കേണ്ട സാഹചര്യം വന്നത്. എന്ത് തന്നെ വന്നാലും ഞങ്ങള്‍ പിന്മാറില്ല എന്ന് പറയുന്നവരെ പോലീസ് അവിടെ എത്തിച്ചിട്ടുമുണ്ടല്ലോ. കോടതി വിധി വരുമ്പോഴേക്കും അവിടെ സ്ത്രീകളെ കയറ്റേണ്ട ഉത്തരവാദിത്തം ഒന്നും സര്‍ക്കാരിനില്ല. മറിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
വനിതാ മതില് സ്ത്രീ സമൂഹത്തെ ഏത് രീതിയിലാണ് സ്പര്‍ശിച്ചത്?
കേരളത്തില്‍ നിന്ന് വന്ന വാര്‍ത്തകളും ചിത്രങ്ങളും വെച്ച് നോക്കുമ്പോള്‍ അത് വലിയൊരു പ്രവര്‍ത്തനമായിട്ടാണ് തോന്നുന്നത്. എടുത്തു പറയേണ്ട കാര്യം പ്രചാരണം മുതല്‍ സ്ത്രീകള്‍ പൂര്‍ണ്ണമായും കൊണ്ടുപോയ പരിപാടിയായിരുന്നു വനിതാ മതില്. സാധാരണ പാര്‍ട്ടി സമ്മേളങ്ങളില്‍ വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടാക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണെങ്കില്‍ വനിതാ മതിലിനായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒക്കെ ആയിട്ടുള്ള ചെറുപ്പക്കാരികള്‍ വളരെ വലിയ പ്രതീക്ഷയോടെ മുന്നിട്ട് ഇറങ്ങുന്ന കാഴ്ചയാണ് ഓരോ ഗ്രാമങ്ങളിലും കാണാന്‍ സാധിച്ചത്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള പെണ് കുട്ടികള്‍ക്ക് വനിതാ മതില് പകര്‍ന്ന് കൊടുത്ത ആത്മവിശ്വാസവും ചെറുതല്ല. സ്ത്രീകളെ മാത്രം അണിനിരത്തി ഇത്തരത്തില്‍ വിജയകരമായി ഒരു മതില് നിര്‍മ്മിക്കാന്‍ സാധിച്ചതിനെ ഒരു നല്ല നാളെയുടെ തുടക്കവും പ്രതീക്ഷയുമായി കാണാവുന്ന ഒന്ന് തന്നെയാണ്. മുംബൈയിലും സ്ത്രീകളുടെ ഐക്യദാര്‍ഢ്യ മതില് വന്‍വിജയമായിരുന്നു. ഒട്ടേറെ പുതിയ വനിതാപ്രവര്‍ത്തകര്‍ മുന്നിട്ടിങ്ങിയാണ് അതു വിജയിപ്പിച്ചത്
കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്ര സ്ത്രീകളെ ഉള്‍കൊള്ളുന്നത് എപ്രകാരമാണ്?
ബോംബെ നഗരത്തില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാവുന്ന സാഹചര്യം ഉണ്ട്. എന്നുവച്ചാല്‍ ഒരു പ്രശ്നവും സിറ്റിക്കകത്ത് ഇല്ല എന്നല്ല. ബോംബെക്ക് പുറത്ത് ഉത്തര്‍ മഹാരാഷ്ട്രയിലും,വിദര്‍ഭയിലും ഒക്കെ പോയാല്‍ കാണാന്‍ കഴിയാവുന്ന കാഴ്ച ഏഴ് മണിക്ക് ശേഷം ആളുകളെത്തന്നെ കാണാന്‍ കഴിയില്ല എന്നതാണ്. തലയില്‍ സാരി ഇട്ട് മൂടിക്കൊണ്ടല്ലാതെ പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ത്രീകളാണ് മറാത്തവാട മുഴുവന്‍. അതി ഭീകരമായ രീതിയില്‍ ഭ്രൂണഹത്യകള്‍ നടക്കുന്ന ഒരു സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ഏതാണ്ട് നാലുമാസം മുന്‍പ് സത്താറ, സാംഗ്ലി ജില്ലകളില്‍ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ ഉപേക്ഷിച്ച കെട്ട് കണക്കിന് വരുന്ന ഭ്രൂണങ്ങളാണ്. തുടര്‍ന്ന് വലിയ അന്വേഷണങ്ങള്‍ നടക്കുകയും അതിന്റെ ഭാഗമായി മുന്‍പ് ഇതേ കാര്യത്തിന് അറസ്റ്റിലായ ഡോക്ടറെ തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ഇത്തരത്തില്‍ പോലീസും കേസും ഒക്കെ ഇവിടെ ഒരു തമാശയാണ്. ജയിലില്‍ പോകുന്നതിനേക്കാള്‍ വേഗത്തില്‍ തിരികെ വരാന്‍ ഇവര്‍ക്ക് സാധിക്കും. ഇന്ത്യയില്‍ തന്നെ പോഷകാഹാര കുറവ് മൂലം മരിക്കുന്ന കുട്ടികളില്‍ വലിയൊരു ശതമാനം ഉള്ളതും മഹാരാഷ്ട്രയില്‍ ആണ്. ഇത്തരം സാഹചര്യങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയാത്തതാണല്ലോ. ജീവിത സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് മഹാരാഷ്ട്രയെ അപേക്ഷിച്ച് കേരളം എന്ന് പറയാം.
മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി തിരിച്ചപ്പോള്‍ സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ഇടതുപക്ഷത്തെ സംബന്ധിച്ച് ഈ സംഘടന കൊണ്ട് നടക്കാന്‍ കെല്‍പ്പുള്ളവര്‍ ആരാണോ അവരെ അത് ഏല്‍പ്പിക്കുക എന്നുള്ളതാണ്. അത്തരത്തില്‍ ഒരു അംഗീകാരം കിട്ടി, അതിന്റെ ഭാഗമായി ഞാന്‍ നേതൃത്വത്തില്‍ വന്നു. സ്ത്രീകളെ രണ്ടാം തരമായി കാണുക എന്നൊന്നും ഉള്ള രീതി ഇടത് പക്ഷത്തില്ല. അതുകൊണ്ട് തന്നെ അത്തരം വെല്ലുവിളികളോ പ്രശനങ്ങളോ എനിക്ക് ഉണ്ടായിട്ടുമില്ല. സ്ത്രീയായതിന്റെ പേരില്‍ സംഘടനക്കുള്ളില്‍ അത്തരത്തില്‍ ഒന്നുമുണ്ടായിട്ടില്ല. സ്ത്രീ ആണ് എന്നൊന്നും കരുതിയില്ല ഒരു പ്രശ്നത്തെയും അഭിമുഖീകരിക്കുന്നതും ഇടപെടുന്നതും. ഒരു ഇടത് പക്ഷ പ്രവര്‍ത്തക എന്ന നിലക്കാണ് ഞാന്‍ ഇത് ചെയ്യുന്നത്. രാഷ്ട്രീയമായ വെല്ലുവിളികള്‍ തീര്‍ച്ചയായും ഉണ്ട് അതിനെ നേരിടുക എന്നത് തന്നെയാണല്ലോ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനവും.
സ്ത്രീകളെ ഉള്‍കൊള്ളാവുന്ന തരത്തില്‍ വിപുലമാണ് ഇന്ത്യന്‍ രാഷ്ട്രീയം എന്ന അഭിപ്രായം ഉണ്ടോ?
അങ്ങിനെ അല്ല എന്നുള്ളത് യാതൊരു സംശയവും ഇല്ലാത്ത കാര്യമല്ലേ. അതുകൊണ്ടാണല്ലോ 33% സംവരണം പോലും ഇത് വരെ പാസ്സാക്കാന്‍ പറ്റാതെ പോകുന്നതും. എല്ലാവരും തട്ടിക്കളിക്കുകയാണല്ലോ അതിപ്പോള്‍. സ്ത്രീകള്‍ അധികാരത്തില്‍ വരുന്നതിനെ മാനസികമായി പോലും ഉള്‍കൊള്ളാന്‍ ഇപ്പോഴും പറ്റാത്ത എത്ര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ട് ഇവിടെ. പെണ്ണുങ്ങള് എങ്ങിനെയാണ് നമ്മളെ ഭരിക്കുക, ഇതിന് ആളുകളെ കിട്ടുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങളാണ് ഇത്തരക്കാര്‍ പടച്ചു വിടുന്നത്. 50% സ്ത്രീകള്‍ ഉള്ള രാജ്യത്താണ് ഇത്തരം ചോദ്യങ്ങളുമായി വരുന്നത് എന്നതാണ് അതിശയം. ദളിതുകളെയും,സ്ത്രീയേകളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വിപുലമാകണം ഇന്ത്യന്‍ രാഷ്ട്രീയം എന്ന അഭിപ്രായമുള്ള ആളാണ് ഞാന്‍. ഇന്നത്തെ നിലക്ക് അത് വിപുലമല്ല. അത്തരമൊരു അവസ്ഥ മാറ്റി എല്ലാവരെയും ഉള്‍കൊള്ളുന്ന നിലയിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷം ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ അത്തരത്തില്‍ ഉള്ള ഒരു ശാക്തീകരണം കേരളത്തില്‍ നടക്കുന്നുണ്ട്.
പ്രീതി ശേഖര്‍ ഒരു ഫെമിനിസ്റ്റാണോ?
അങ്ങിനെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്ന് കരുതി ആന്റി ഫെമിനിസ്റ്റും അല്ല. ഞാന്‍ ഒരു കമ്യുണിസ്റ്റാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെയും ദളിതുകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടതുപക്ഷ പ്രവര്‍ത്തകയാണ്. അതിനകത്ത് എല്ലാവരും ഉണ്ട് എല്ലാവരുടെയും താല്‍പ്പര്യങ്ങളും ഉണ്ട്.
Content Highlights: interview with d y f i leader preethi sekhar