''An inborn defect can never stop one from flying along the colദurs of hope''- കുറവുകളെയോര്‍ത്ത് ദുഖിക്കുന്ന ഓരോരുത്തരോടും ധന്യ രവി എന്ന പെണ്‍കുട്ടിക്കു പറയാനുള്ള വാക്കുകളാണിത്. ഒരു മുറിക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ജീവിതത്തെ എഴുത്തിലൂടെയും സൗഹൃദത്തിലൂടെയും സംഗീതത്തിലൂടെയുമൊക്കെ കീഴടക്കിയവള്‍. ശരീരം ചെറുതായൊന്ന് അനങ്ങുമ്പോള്‍ പോലുമുണ്ടാകുന്ന എല്ലുകള്‍ നുറുങ്ങുന്ന വേദനയെ അവഗണിച്ച്, വിധിയെ പഴിച്ച് കിടക്കയില്‍ കൂടാതെ വിധിയെ തന്നെ തിരുത്തിയെഴുതാന്‍ ശ്രമിച്ചാണ് ധന്യ രവി എന്ന പെണ്‍കുട്ടി വ്യത്യസ്തയാകുന്നത്. 

ഒരു മുറിക്കപ്പുറം കാണാതിരുന്ന ജീവിതം

പാലക്കാട് നിന്നും ബെംഗളൂരുവിലേക്കു ചേക്കേറിയവരാണ് ധന്യയുടെ കുടുംബം. ബ്രിട്ടില്‍ ബോണ്‍ ഡിസീസ് എന്ന ജനിതക രോഗത്തിന് അടിമയായ ധന്യ സംഗീതത്തെയും എഴുത്തിനെയും സമൂഹമാധ്യമത്തെയുമൊക്കെ കൂട്ടുപിടിച്ചാണ് വേദനകളെ മറന്നു തുടങ്ങിയത്. ഇരുപത്തിയേഴു വയസ്സിനുള്ളില്‍ ധന്യ കയ്യെത്തിപ്പിടിക്കാത്ത മേഖലകളില്ല, തന്റെ പ്രായക്കാരെപ്പോലെ അല്ലെങ്കില്‍ അവരെ അത്ഭുതപ്പെടുത്തും വിധം സംരംഭകത്വത്തിലേക്കും കാലെടുത്തുവെച്ചിരിക്കുകയാണ് ധന്യ. ബ്ലോഗിങ്ങ്, കണ്ടന്റ് റൈറ്റിങ്, വിഡിയോ സ്‌ക്രിപ്റ്റ്, കോളം, കവിത, ഡേറ്റാ എന്‍ട്രി എന്നു തുടങ്ങി തന്നെക്കൊണ്ടു കഴിയുന്ന രീതിയിലെല്ലാം സമ്പാദിച്ചുകൊണ്ടിരിക്കുകയാണ് ധന്യ.

''പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും ജീവിതത്തില്‍ ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ഓരോ പ്രതിബന്ധങ്ങളും പുതിയ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുകയാണ്. ജീവിതത്തെ ഒട്ടും പരാതികളില്ലാതെ സമീപിക്കുന്നതുകൊണ്ടായിരിക്കും ഇതുവരെയും നിരാശപ്പെടേണ്ടിയും വന്നിട്ടില്ല.'- ധന്യ പറയുന്നു.

ജനിച്ച നാള്‍ തൊട്ടു തുടങ്ങിയതാണ് വേദനകളിലൂടെയുള്ള യാത്ര. ഒരു മുറിക്കപ്പുറം കാണാത്ത ജീവിതം. പത്തു പന്ത്രണ്ടു വയസ്സു വരെയൊന്നും ഇങ്ങനെയൊരു അസുഖമാണെന്ന ചിന്തയേ അലട്ടിയിട്ടില്ല. അമ്മയും അച്ഛനും എടുത്താണ് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയിരുന്നത്. അന്നതെല്ലാം സന്തോഷമായിരുന്നു. പഠനമൊക്കെ വീട്ടില്‍ തന്നെയായിരുന്നു. അയല്‍പക്കക്കാരിയായ വിക്ടോറിയ ആന്റിയാണ് പത്തുവരെയും പഠിപ്പിച്ചത്. ഒരു സാമ്പത്തിക നേട്ടവും ലക്ഷ്യം വെക്കാതെയാണ് പത്തുവര്‍ഷവും അവര്‍ പഠിപ്പിച്ചത്. പിന്നീട് ഇഗ്നോയിലൂടെ പ്ലസ് ടു പാസായി.

ടീനേജ് ഒക്കെയായപ്പോഴാണ് സ്വന്തം അവസ്ഥയെക്കുറിച്ച് ആലോചിക്കുന്നതും വിഷമം തോന്നുന്നതുെമാക്കെ. ബ്രിട്ടില്‍ ബോണ്‍ ഡിസീസ് ബാധിച്ചവര്‍ അംഗങ്ങളായ അമൃത വര്‍ഷിണി എന്ന എന്‍ജിഒക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ വിശാലമായി എഴുത്തും വായനയും യാത്രകളുമൊക്കെ. തന്നെപ്പോലെയുള്ളവര്‍ക്കൊപ്പം കൂടുതല്‍ സമയം പങ്കിടാനും മോട്ടിവേഷണല്‍ സ്പീക്കുകള്‍ ചെയ്യാനും തുടങ്ങിയതും അതിനുശേഷമാണ്. ഇപ്പോള്‍ അമൃത വര്‍ഷിണിയിലെ അംഗമല്ലെങ്കിലും അവിടുത്തെ ലതാ ആന്റിയും ഓരോ അംഗങ്ങളും എന്റെ ജീവിതത്തെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. '' 

എഴുത്ത് ദൈവാനുഗ്രഹം

എങ്ങനെയാണ് എനിക്കിങ്ങനെ എഴുതാന്‍ കഴിയുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്, സ്‌കൂളില്‍ പോയുള്ള വിദ്യാഭ്യാസമോ മറ്റു കുട്ടികള്‍ക്കു ലഭിക്കുന്ന സാധ്യതകളോ ഇല്ലാതെ ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ. അര്‍ജുന്‍, രാഹുല്‍, സബിത, അനിത,  എന്നീ സുഹൃത്തുക്കളൊക്കെയാണ് എഴുത്തില്‍ ഏറ്റവുമധികം സഹായിക്കുന്നത്. ജീവിതത്തില്‍ ഒന്നിനും കഴിയില്ലെന്നു വിചാരിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി കണ്ടന്റ് റൈറ്റിങ്ങില്‍ സജീവമാണ്. എല്ലാവരിലും ഓരോ രീതിയിലു കഴിവുകളുണ്ട്, അതിനായി പരിശ്രമിച്ചാല്‍ വാതിലുകള്‍ താനെ തുറന്നുവരുമെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. 

പാട്ടാണ് എനിക്കെല്ലാം. ഒരു ദിവസം തുടങ്ങുന്നതു തന്നെ ദാസങ്കിളിന്റെ ഗാനങ്ങള്‍ കേട്ടാണ്. പാട്ടിനോടുള്ള ഇഷ്ടം കൊണ്ടു സമൂഹമാധ്യമത്തിലെ പല മ്യൂസിക് ഗ്രൂപ്പുകളിലും ചേര്‍ന്നിരുന്നു. അതിലൊരു ഗ്രൂപ്പിന്റെ ഫൗണ്ടറായ അജു തോമസ് വഴിയാണ് ബ്ലോഗെഴുത്തിലേക്കു നീങ്ങുന്നത്. പിന്നീട് അഭിജിത് പണിക്കര്‍ എന്ന സുഹൃത്ത് വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിക്കു വേണ്ടി ജോലി ചെയ്യാന്‍ തുടങ്ങി. കവിതകള്‍ എഴുതിത്തുടങ്ങുന്നതും പതിയെ കോളങ്ങളും എഴുതിത്തുടങ്ങുന്നതുെമാക്കെ അതിനുശേഷമാണ്.

ഇന്റര്‍നെറ്റ് ആണ് എന്റെ ലോകം, എനിക്കു വന്ന സൗഹൃദങ്ങളും അവസരങ്ങളുമൊക്കെ നീട്ടിയത് ഇ-ലോകമാണ്. ആറേഴു മാസം വെറും ഡാറ്റാ എന്‍ട്രി മാത്രം ചെയ്തിരുന്ന എനിക്കു മുന്നില്‍ എഴുത്തിന്റെ വലിയ ലോകം തുറന്നിട്ടത് സുഹൃത്തുക്കളാണ്. അവനവന്റെ ടാലന്റ് എന്താണെന്നു തിരിച്ചറിഞ്ഞ് അതിനെ കൂടുതല്‍ ഷാര്‍പ് ആക്കുക, അവസരങ്ങള്‍ തനിയെ വരും.

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

പണത്തേക്കാള്‍ മുന്‍ഗണന പാഷന്

ഇരുപത്തിയഞ്ചു വയസ്സൊക്കെ കഴിയുമ്പോഴാണ് ധന്യയുടെ ഉള്ളില്‍ സ്വന്തം കാലില്‍ നില്‍ക്കണം എന്ന ചിന്ത ഉയരുന്നത്. തന്റെ ശാരീരിക അവസ്ഥ ഒരു കുറവായി കാണാതെ അവള്‍ അതിനായി നിരന്തരം പരിശ്രമിച്ചു. ''ഓരോരുത്തരും തങ്ങളുടേതായ നിലയില്‍ ചെറിയ രീതിയിലെങ്കിലും സമ്പാദിച്ചു തുടങ്ങണം, അതു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. പണം എന്ന ചിന്തയ്ക്കപ്പുറം പാഷനാണ് മുന്‍ഗണന നല്‍കേണ്ടത്. അപ്പോള്‍ ചെയ്യുന്ന കാര്യത്തോടു മടുപ്പൊട്ടും തോന്നില്ല. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും വരെ സമ്പാദിക്കാനുള്ള വഴികള്‍ ഇന്നേറെയുണ്ട്. യൂട്യൂബിലും ധാരാളം ആശയങ്ങള്‍ കണ്ടെത്താം.''- ധന്യ പറയുന്നു. 

എന്തു ജോലിയിലും കുറ്റം കണ്ടുപിടിക്കുന്ന ചിലരുണ്ട്. ഇന്ന ജോലി തന്നെ വേണമെന്നു വാശിപിടിക്കുന്നവരും. പക്ഷേ ചില കാര്യങ്ങളെങ്കിലും പൂര്‍ണമനസ്സോടെ സ്വീകരിക്കാന്‍ പഠിക്കണമെന്നു പറയുകയാണ് ധന്യ. ''പണ്ടൊരിക്കല്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ അഭിമുഖത്തിനിടെ പറഞ്ഞ കാര്യം എന്നും ഓര്‍ക്കാറുണ്ട്. പാടാനായിരുന്നു ഇഷ്ടം, പക്ഷേ തിളങ്ങിയത് സംഗീത സംവിധാനത്തില്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. സംഗീത സംവിധാനം ചെയ്യാനില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലോ? ഇതാണ് എന്റെ വഴി എന്നു മനസ്സിലാകാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്.''

ഭാവിപരിപാടികള്‍

'ഈ അസുഖത്തെക്കുറിച്ച് സമൂഹത്തിന് കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നുണ്ട്. മോട്ടിവേഷണല്‍ ക്ലാസുകളിലൂടെയും എഴുത്തുകളിലൂടെയും അത്തരം ആശയങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിക്കണം. കൂടുതല്‍ കാര്യങ്ങളൊന്നും പ്ലാന്‍ ചെയ്യുന്നില്ല. എല്ലാം പ്രകൃതിയെ ഏല്‍പ്പിച്ചിരിക്കുകയാണ്, വരാനുള്ളത് സ്വാഭാവികമായി എന്നില്‍ത്തന്നെ വന്നുചേരുമെന്നാണ് വിശ്വസിക്കുന്നത്. പറ്റാവുന്നത്ര ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്.'

ഇക്കഴിഞ്ഞ ലോക ഭിന്നശേഷി ദിനത്തില്‍ മാതൃകാ വ്യക്തിത്വത്തിനുള്ള ദേശീയ പുരസ്‌കാരവും ധന്യ സ്വന്തമാക്കിയിരുന്നു.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: interview with brittle bone disease patient Dhanya Ravi