പ്രില്‍ 30. വൈകീട്ട് അഞ്ചുമണി. ഗൃഹലക്ഷ്മിയുടെ കവര്‍ഷൂട്ടിന് മോഡലാവാനുള്ള തയ്യാറെടുപ്പിലാണ് നടി മംമ്ത മോഹന്‍ദാസ്. കൊച്ചി ബണ്ട് റോഡിലുള്ള അവരുടെ ഫ്‌ളാറ്റ് അല്‍പസമയത്തിനുള്ളില്‍ ഒരു സ്റ്റുഡിയോ ഫ്‌ളോറായി പരിണമിക്കും. ഇവിടെ നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെ കൊച്ചുകടവന്ത്രയിലെ വീട്ടിലിരുന്നാണ് ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി ഷൂട്ടിന് ക്യാമറ ചലിപ്പിക്കുന്നത്. മലയാള മാഗസിനുകളിലെ ആദ്യത്തെ വെര്‍ച്വല്‍ ഫോട്ടോഷൂട്ട്. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തുന്ന ഫോട്ടോഷൂട്ടിന്റെ അണിയറയില്‍ രണ്ടുപേരേയുള്ളൂ,മോഡലും ഫോട്ടോഗ്രാഫറും മാത്രം. ഷൂട്ടിനുള്ള തയ്യാറെടുപ്പുകള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്.
 
വെര്‍ച്വല്‍ ഷൂട്ടെന്നും ഓണ്‍ലൈന്‍ ഷൂട്ടെന്നുമൊക്കെ വിളിക്കുന്ന ഈ പുതിയ പരീക്ഷണത്തിന്റെ ആവേശത്തിലായിരുന്നു മംമ്ത. 'ഈ ലോക് ഡൗണ്‍ കാലത്ത് ഇങ്ങനെയൊരു ക്രിയേറ്റീവ് ഷൂട്ട് ചെയ്യാന്‍ പറ്റിയതില്‍ നല്ല സന്തോഷവുമുണ്ട്. ഇപ്പോ എല്ലാം വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുമെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഈയൊരു സമയം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടെയാണ്.'

മംമ്തയുടെ ഐഫോണ്‍ 10ലാണ് ഫോട്ടോ എടുക്കുന്നത്. ട്രൈപോഡില്‍ ഫോണ്‍ വെച്ച് അതിന്റെ ക്യാമറയുടെ ആങ്കിള്‍ ശരിയാക്കി. ലൈറ്റും എക്‌സ്‌പോഷറും തുടങ്ങിയ സാങ്കേതിത കാര്യങ്ങളെല്ലാം ഫോട്ടോഗ്രാഫര്‍ വീഡിയോകോളിലൂടെ തല്‍സമയം വിലയിരുത്തി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി മംമ്ത ക്യാമറയ്ക്ക് മുന്നിലേക്ക്. മംമ്തയുടെ അച്ഛന്‍ മോഹന്‍ദാസ് ഫോണില്‍ വിരല്‍ അമര്‍ത്തി. 

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

മംമ്തയുടെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ വലിയൊരു അസുഖത്തിനോട് പോരാടിയ അനുഭവങ്ങളുണ്ട്. എല്ലാ അര്‍ത്ഥത്തിലും അതിജീവിക്കാനുള്ള പോരാട്ടം. ഇപ്പോള്‍ ലോകം മുഴുവന്‍ ഇത്തരമൊരു അതിജീവന ശ്രമത്തിലുമാണ്...

ഞാനിത്തരം അനുഭവങ്ങളിലൂടെയൊക്കെ കടന്നുപോയതുകൊണ്ട് ഇപ്പോഴത്തെ ലോക് ഡൗണ്‍ എന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. പണ്ടും എനിക്കീ അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ചില ദിവസങ്ങളിലേ എനിക്കൊരു ഉത്കണ്ഠ തോന്നിയിട്ടുള്ളൂ. എന്നാലും നമ്മള്‍ മനുഷ്യരാണ്. നാല്‍പത്‌നാല്പത്തഞ്ച് ദിവസമൊക്കെ വീട്ടിനകത്ത് അടച്ചുപൂട്ടിയിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത വരാം. ആ ദിവസങ്ങളില്‍ അച്ഛനും അമ്മയുമായിട്ട് ഞാന്‍ എന്നും വഴക്ക് കൂടുമായിരുന്നു. ഞാന്‍ ദേഷ്യപ്പെടും. അതുകഴിഞ്ഞാല്‍ പിന്നെ എല്ലാവരും അവരവരുടെ മുറിയില്‍ പോയി മിണ്ടാതിരിക്കും. അല്ലാത്ത ദിവസങ്ങളൊക്കെ വലിയ ഉത്കണ്ഠയില്ലാതെ കടന്നുപോവാറുണ്ട്. ഇതിനൊക്കെ ഞാന്‍ ഏറ്റവും വലിയ നന്ദി പറയേണ്ടത് കാന്‍സര്‍ എന്ന അനുഭവത്തിനാണ്. ആറുവര്‍ഷത്തോളം അതിനൊപ്പമായിരുന്നു ജീവിതം. ഇപ്പോള്‍ ലോസാഞ്ചലസിലാണ്. അവിടെ ഇടയ്ക്ക് റൈഡ്‌സിന് പോവുന്നതൊഴികെ ഞാന്‍ അധികം പുറത്തോട്ട്  ഇറങ്ങാറില്ല. എന്റെ ജീവിതം കുറെക്കാലമായി സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന് അനുസരിച്ചാണ്. ലോക്ഡൗണ്‍ കാലത്തെ പോലെതന്നെ. ഞാന്‍ ആളുകളോട് ഇടപഴകാറില്ല. അതുകൊണ്ടുതന്നെ ഏകാന്തത കാരണം വരുന്ന ഉത്കണ്ഠ എന്താണെന്ന് എനിക്കറിയില്ല. കാരണം കാന്‍സറിനൊപ്പമുള്ള എന്റെ യാത്ര എല്ലാത്തിനും എന്നെ പാകപ്പെടുത്തിയിരിക്കുന്നു. ഇത് എത്ര പറഞ്ഞാലും മറ്റൊരാള്‍ക്ക് മനസ്സിലാവില്ല. അവര്‍ ഈയൊരു അനുഭവത്തിലൂടെ കടന്നുപോവാത്തിടത്തോളം.

ഏകാന്തത ജീവിതത്തില്‍ എപ്പോഴും കൂട്ടിന് ഉണ്ടായിരുന്നെന്നാണോ

ഞാന്‍ പലതരത്തില്‍ ഏകാന്തത അനുഭവിച്ച് വളര്‍ന്നതാണ്. ഒറ്റ മോളായിരുന്നു. വളരെ ശാന്തമായ സാഹചര്യത്തിലാണ് വളര്‍ന്നുവന്നത്. എനിക്ക് സംസാരിക്കാന്‍ ഡാഡിയും മമ്മിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നെ പണ്ടത്തെ മിഡില്‍ ഈസ്റ്റിലായിരുന്നല്ലോ കുട്ടിക്കാലം. അന്നൊന്നും അവിടെ ആരും വീടിന് പുറത്തുപോവാറുണ്ടായിരുന്നില്ല.  പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. 12ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാനൊന്ന് പുറത്തൊക്കെ പോയത്. ഇന്നത്തെ കാര്യം ആലോചിച്ച് നോക്കു. എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ ഒറ്റയ്ക്ക് പുറത്തുപോവുന്നു. സുഹൃത്തുക്കളുടെ വീട്ടില്‍ താമസിക്കുന്നു. അന്ന് അതൊന്നും ആലോചിക്കാനെ പറ്റുമായിരുന്നില്ല.

നടി മംമ്ത മോഹന്‍ദാസുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Interview with Actress Mamtha Mohandas