കോളേജിലെ ഫീസ് അടയ്ക്കാന്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. അതിന് തന്റെ പ്രിയപ്പെട്ട ഹോബി കുട്ടുപിടച്ചതാണ് സഫ. നന്നായി വരയ്ക്കാനാറിയാം അതിലും നന്നായി ക്രാഫ്റ്റുകളും ചെയ്യും എന്നാല്‍ ഈ ഹോബി കൊണ്ട് വരുമാനം ഉണ്ടാക്കിയാല്‍ നന്നാവില്ലേ എന്ന ചിന്തയാണ് ''സഫ വിത്ത് പെന്‍'' എന്ന യുട്യൂബ് ചാനലിന്റെ ആദ്യ നിക്ഷേപം. കാലിഗ്രാഫി, ബുക്ക് ബൈന്റിങ്ങ് തുടങ്ങി സൂര്യന് കീഴിലുള്ളതെന്നും കലയാക്കി മാറ്റുകയാണ് മലപ്പുറം സ്വദേശിനി സഫ

ചെറുപ്പം മുതലേ വരയ്ക്കാന്‍ ഇഷ്ടമായിരുന്നു.

ചെറുപ്പം മുതലേ വരയ്ക്കാന്‍ ഇഷ്ടമായിരുന്നു ക്രാഫ്റ്റ് വര്‍ക്കുകളും ചെയ്യുമായിരുന്നു. യൂട്യൂബ് കണ്ടിട്ടാണ് പലതും പഠിച്ചത്. എന്തെങ്കിലും വരുമാനം തയ്യാറാക്കണമെന്ന് ആഗ്രഹിച്ചാണ് ഈ രംഗത്തെ ഗൗരവമായി സമീപിച്ചത്. വളരെ മുന്‍പ് തന്നെ യുട്യൂബ് ചാനല്‍ തുടങ്ങിയെങ്കിലും സീരിയസ്സായി കണ്ട് തുടങ്ങിയത് ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 

ക്രാഫ്റ്റുകളും കാലിഗ്രാഫിയുമെല്ലാം മോശമല്ലാത്ത രീതിയില്‍ ഞാന്‍ ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എങ്കില്‍ ആ വിഷയത്തില്‍ തന്നെ യുട്യൂബ് ചാനല്‍ തുടങ്ങാമെന്ന് വിചാരിച്ചു. കോളേജ് ഫീസ് ഒറ്റയക്ക് അടയ്ക്കാന്‍ പറ്റണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം അതിന് പറ്റുന്നുണ്ട് അതേ രീതിയില്‍ മുന്നോട്ട് പോവണം എന്നാണ് പ്രതീക്ഷ

വിന്റേജ് ബുക്ക് വൈറലായി

ലോക്ഡൗണ്‍ സമയത്ത് ചെയ്ത വീഡിയോകള്‍ക്ക് വ്യൂവ്‌സ് കൂടാന്‍ തുടങ്ങി. കോഫി ഡൈ ചെയ്ത വിന്റേജ് ബുക്കിന്റെ വീഡിയോ ചെയ്തിരുന്നു അതായിരുന്നു ആദ്യമായി വൈറലായത്. പിന്നീട് ബാക്കി വീഡിയോയും ശ്രദ്ധ നേടുകയായിരുന്നു. അതിന് മുന്‍പ് എന്റെ കൂട്ടുകാരും കുടുംബവും മാത്രമായിരുന്നു എന്റെ കാഴ്ച്ചക്കാര്‍. ഇപ്പോള്‍ തരക്കേടിലാത്ത കാഴ്ച്ചകാരുണ്ട്. ശരിക്കും അതെനിക്കൊരു ഊജം തന്ന നിമിഷമായിരുന്നു. ഈ രംഗത്ത് ഉറച്ച് നില്‍ക്കാനായൊരു പ്രചോദനമായിരുന്നു.

ആദ്യമായി യുട്യൂബില്‍ നിന്ന് പൈസ കിട്ടിയപ്പോള്‍ വല്ലാത്തൊരു സന്തോഷമായിരുന്നു. സ്വന്തം കോളേജ് ഫീസിന് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ. വളരെയധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു

വെഡ്ഡിങ്ങ് കാര്‍ഡുകള്‍

കസിന്റെ കല്ല്യാണത്തിന് ഒരു രസത്തിനാണ് വെഡ്ഡിങ്ങ് കാര്‍ഡ് ചെയ്തത്. പിന്നീട് ഇത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. അത് കണ്ട് നിരവധി പേര്‍ ഓര്‍ഡറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതില്‍ അല്‍പ്പം കൂടി ശ്രദ്ധ ചെലുത്തണമെന്നുണ്ട്.

വീട്ടുകാരും കൂട്ടുകാരും തന്ന പിന്തുണ

വീട്ടുകാരും കൂട്ടുകാരുമാണ് എന്റെ ഊര്‍ജം. ചാനല്‍ മുന്നോട്ട് കൊണ്ട് പോവാന്‍ അവര്‍ തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. കൂട്ടുകാരാണ് എന്റെ ചാനലിന് മൗത്ത് പബ്ലിസിറ്റി നല്‍കിയത്. എല്ലാവരോടും എന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് പറഞ്ഞ് നടന്നതും അവരാണ്. ഞാന്‍ വീഡിയോ ഇടാന്‍ വൈകിയാല്‍ വീട്ടുകാര്‍ ചോദിക്കും എന്താണ് വീഡിയോ ഇടാത്തത് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാനുണ്ടോയെന്ന് അന്വേഷിക്കും. പഠിക്കാനും ബാക്കി പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ തരുന്ന പിന്തുണ വളരെ വലുതാണ്. എന്റെ വളര്‍ച്ചയില്‍ എനിക്കുള്ള ഉര്‍ജ്ജം എന്റെ വീട്ടുകാരാണ്. അച്ഛന് പ്രവാസിയായിരുന്നു.

ഞാന്‍ തുടങ്ങുന്ന സമയത്ത് ക്രാഫ്റ്റ് വീഡിയോസ് കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനലുകള്‍ വളരെ കുറവായിരുന്നു. ഫോണില്‍ തന്നെയായിരുന്നു എന്റെ ഷൂട്ടിങ്ങ്. പിന്നിടാണ് ട്രൈപോഡ് വാങ്ങിയത്. 

പാളിപ്പോയത് നിരവധി 

എന്നോട് എല്ലാവരും ചോദിക്കും എങ്ങനെയാണ് എല്ലാം ഇങ്ങനെ പെര്‍ഫെക്റ്റായി ചെയ്യുന്നതെന്ന് ചോദിക്കും . എന്റെ എല്ലാതൊന്നും ശരിയാവാറില്ല. ഒരുപാട് പാളിപോവാറുണ്ട്. ഞാന്‍ അതെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 

സാധ്യതകളുടെ ലോകം

നമുക്ക് കഴിവുണ്ടെങ്കില്‍ അത് എക്‌സ്‌പ്ലോര്‍ ചെയ്യാനായി മനസുണ്ടെങ്കില്‍ നിങ്ങള്‍ മുന്നോട്ട് പോണം. വളരെ വലിയ സാധ്യതകളാണ് ഈ ലോകത്തുള്ളത്. നമ്മളത് മനസിലാക്കി ഉപയോഗിക്കുന്നതിലാണ് കാര്യം. 

സ്വന്തമായൊരു ബ്രാന്‍ഡ്

സ്വന്തമായി ക്രാഫ്റ്റ് പ്രോഡക്റ്റുകള്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കണമെന്നാണ് ആഗ്രഹം. കുറ്റിപ്പുറം കെ.എംസിടിയില്‍ എല്‍എല്‍ബിക്ക് പഠിക്കുകയാണ്. പ്രാഫഷനോടൊപ്പം  പാഷനെയും മുറുകെ പിടിക്കണം.

Content Highlights: Interview with artist safa safa with pen youtube channel