രു പരമ്പരാഗത കുടുംബത്തില്‍ ജനിച്ച ഹാനിയക്ക് സംഗീതം ചെറുപ്പം മുതലേ പ്രിയപ്പെട്ടതായിരുന്നു. പാട്ട് പഠിക്കാത്തിനാല്‍ സംഗീതം കരിയറാക്കാന്‍ പറ്റില്ലെന്ന് കരുതിയ ഈ മിടുക്കി മുന്‍നിര സംഗീത സംവിധായകരോടൊപ്പം സിനിമയില്‍ പിന്നണി പാടി. ഇന്‍സ്റ്റാഗ്രാമില്‍ കവര്‍ സോംഗ്‌സ് പാടി ശ്രദ്ധ നേടിയ നഫീസ ഹാനിയ  തന്റെ സംഗീത സ്വപ്‌നങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ്

സംഗീതത്തിലേക്ക്

വളരെ ചെറുപ്പം മുതല്‍ തന്നെ സംഗീതത്തോട് താത്പര്യമായിരുന്നു. സംഗീതത്തെ സ്‌നേഹിക്കുന്ന കുടുംബവുമായിരുന്നു. ചടങ്ങുകള്‍ക്കും മറ്റും പാടുന്നതും പാട്ട് കേള്‍ക്കാനും ഇഷ്ടമായിരുന്നു. അങ്ങനെ പാട്ടിനോട് ഇഷ്ടം വരികയായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണില്‍ പാട്ടുകള്‍ പാടി എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും അവരുടെ ഹോബിയില്‍ പുറത്തെടുത്ത സമയമായിരുന്നല്ലോ കഴിഞ്ഞ് ലോക്ക്ഡൗണ്‍. എന്റെ പാട്ടുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാവുമെന്ന് കരുതിയിരുന്നില്ല.  ആയിരും ഫോള്ളോവേഴ്‌സ് ആയതിന് ശേഷമാണ് ഇങ്ങനെ കവര്‍ സോങ്ങ്‌സ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന കാര്യം വീട്ടുകാരോട് പറഞ്ഞത്.

പാട്ട് പഠിക്കണം

പാട്ടുകള്‍ ഇത് വരെ പഠിച്ചിട്ടില്ല. ലോക്ക്ഡൗണിന് ശേഷം പാട്ട് സീരിയസ്സായി പഠിക്കണമെന്നാണ് ആഗ്രഹം.
പാട്ട് പഠിച്ചാല്‍ മാത്രമേ നന്നായി പാടാന്‍ സാധിക്കുകയുള്ളു. ഇത് പ്രൊഫഷനാക്കണമെങ്കില്‍ നിര്‍ബന്ധമായി പാട്ട് പഠിക്കണം എന്ന ചിന്തയായിരുന്നു. എന്തായാലും പാട്ട് പഠിക്കണം പക്ഷേ പ്രാക്ടീസാണ് പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്. പഠനവും ഒപ്പം പ്രാക്ടീസും കൊണ്ട് പോവണം

2 കൊല്ലം മുന്‍പാണ് ഉക്കലേല വാങ്ങിയത്. ഇപ്പോള്‍ അതാണ് പാട്ടിന് കൂട്ട്. ഇത്രയും സ്വീകാര്യത പാട്ടിന് ലഭിക്കുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ വളരെയധികം തിരക്കിലാണ്, റെക്കോഡിങ്ങ്, അടുത്ത് വര്‍ക്കിനെ കുറിച്ചുള്ള ആലോചന അങ്ങനെ പാട്ടിന്റെ ലോകത്താണ് ഞാന്‍ ഇപ്പോഴുള്ളത്.

ഇന്‍ഡിപെന്റഡ് മ്യൂസിക്ക്

സ്വതന്ത്രമായി പാട്ടുകള്‍ എഴുതി കംപോസ് ചെയ്തിറക്കണമെന്നാണ് ആഗ്രഹം. അത് നല്‍കുന്നൊരു സര്‍ഗാത്മക സ്വാതന്ത്ര്യം വേറെ തന്നെയാണ്. പ്ലേ ബാക്ക് സിംഗറാവാന്‍ ഇഷ്ടമാണെങ്കിലും സ്വന്തമായി മ്യുസിക്ക് പ്രൊഡക്ഷനില്‍ സജിവമാവണം എന്നാണ് ആഗ്രഹം. കവര്‍ സോംഗ്‌സ് ചെയ്യാന്‍ വളരെയധികം ഇഷ്ടമാണ്. രണ്ട് കൊല്ലമായി ഒരു പാട്ട്  എഴുതി കംപോസ് ചെയ്ത് വെച്ചിട്ടുണ്ട് എന്നാല്‍ ലോക്ക്ഡൗണ്‍ എല്ലാം വന്നത് കൊണ്ട് അതിന്റെ പ്രൊഡക്ഷനിലോട്ട് കടക്കാന്‍ പറ്റിയിട്ടില്ല.

സംഗീതത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വര്‍ക്കിങ്ങായിട്ടുള്ള ഒരുപാട് പേര്‍ എന്റെ പ്രചോദനമാണ്. കാരണം ഒരു പാട്ട് എഴുതി കംപോസ് ചെയത് ഇറക്കുക എന്നത് തന്നെ വലിയ കാര്യമാണ്. അങ്ങനെ കഴിവുള്ള ഒരുപാട് പേര്‍ എന്നെ സ്വാധിനിച്ചിട്ടുണ്ട്.

കഴിവുണ്ടെങ്കില്‍ ഒരുപാട് സാധ്യതകളുള്ള മേഖലയാണിത്. കഠിനാധ്വാനം ചെയതാല്‍ നിരവധി അവസരങ്ങള്‍ തേടി വരും.

ഹേറ്റ് കമന്റ്‌സ്

തട്ടമിടാതെ പാട്ട് പാടുന്നത് കാണുമ്പോള്‍ നെഗറ്റീവ് കമന്റ് ചെയ്യുന്നവരുണ്ട്. പിന്നെ പാട്ട് ഹറാമാണെന്നുള്ള കമന്റുകളും വരാറുണ്ട്. അതൊക്കെ അതിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി ഡീല്‍ ചെയ്യാറാണ് പതിവ്. 

പാട്ടിലേക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കള്‍ നല്ല പ്രഷര്‍ നേരിട്ടിരുന്നു. എന്റെ കഴിവിനെ അവര്‍ അംഗീകരിച്ചതാണ്. പക്ഷേ തീര്‍ത്തും പരമ്പരാഗത കുടുംബത്തില്‍ നിന്ന് വരുന്ന എതിര്‍പ്പുകള്‍ ഊഹിക്കാമല്ലോ. പക്ഷേ ഇപ്പോള്‍ അത്തരത്തില്‍ പ്രശ്‌നമില്ല. എന്റെ പാട്ടിനെ അതിയായി സ്‌നേഹിക്കുന്നവരാണ് രക്ഷിതാക്കള്‍

ഗോവിന്ദ് വസന്ത, ഗോപിസുന്ദര്‍

ഗോവിന്ദ് വസന്തയുടെ മലയാളം വര്‍ക്കിലാണ് ആദ്യം അവസരം ലഭിക്കുന്നത്. അടി എന്ന് പേരിട്ടുള്ള സിനിമയിലായിരുന്നു പാടാനായി പറ്റിയത്. ഗോവിന്ദേട്ടന്‍ ഒരു കൂട്ടുകാരനെ പോലെ എല്ലാം പറഞ്ഞ് തന്ന് കംഫര്‍ട്ടബിളാക്കിയിരുന്നു. അത് കൊണ്ട് തന്നെ ആദ്യത്തെ പാട്ട് പാടുന്ന അനുഭവം വളരെ മനോഹരമായിരുന്നു.

ഗോപിസുന്ദര്‍ സംഗീതം സംവിധാനം നിര്‍ഹിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുംഗ് പടത്തില്‍ പാടാന്‍ അവസരം കിട്ടിയിരുന്നു. അത് വേറെയൊരു എക്‌സപീരിയന്‍സായിരുന്നു. വേറെ ലോകം വേറെ ഭാഷ. പക്ഷേ വേഗം തന്നെ വര്‍ക്കില്‍ മുഴുകാനായി സാധിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് അതിന്റെ റെക്കോഡിങ്ങ് പൂര്‍ത്തിയാക്കാനായി സാധിച്ചു. 

ഇന്‍സ്റ്റാഗ്രാം വഴി  ഇത്തരത്തില്‍ സിനിമയില്‍ അവസരങ്ങള്‍ ലഭ്യമാവുമെന്ന് ഒരിക്കലും കരുതിയതല്ല. ഒരുപാട് പേര്‍ എന്റെ വര്‍ക്ക് കണ്ട് തിരിച്ചറിയുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്

കൊച്ചി രാജഗിരിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇതിന് ശേഷം ഫിലിം മേക്കിങ്ങ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കണമെന്നാണ് താത്പര്യം. മ്യൂസിക്ക് പ്രൊഡക്ഷന്റെ അനന്തസാധ്യതകളെ കുറിച്ച് മനസിലാക്കണം, പാട്ടില്‍ ശ്രദ്ധിക്കണം അതാണ് ഭാവി പ്ലാനുകള്‍.

Content Highlights: Interview  Nafisa Haniya